Thursday, January 20

രജനിയും കമലും കാത്തിരിക്കുന്നതാരെ?

വ്യത്യസ്ത സംസ്‌ക്കാരിക സമവാക്യങ്ങളുള്ള തമിഴകം പ്രവചനാതീതമായ
ദശാസന്ധിയില്‍ എത്തിനില്‍ക്കുന്നു.

പി കെ ശ്രീനിവാസന്‍

അസഹിഷ്ണുതയുടെ വിളനിലമാണ് തമിഴകം. സിനിമയും രാഷ്ട്രീയവും കെട്ടുപിണഞ്ഞു കിടക്കുന്ന സംസ്ഥാനമായതിനാല്‍ കാവേരി ജലമില്ലെങ്കിലും അസഹിഷ്ണുത നൂറു മേനി വിളയും. തര്‍ക്കമില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴകത്തിന്റെ രാഷ്ട്രീയവും സിനിമയും കെട്ടുപിണഞ്ഞു കിടക്കുന്നത്. എന്നാല്‍ ബിപ്ലവ്കുമാറുമായി പുലബന്ധമില്ലാത്ത പുരട്ശ്ചിത്തലൈവി (വിപ്ലവനായിക) ജയലളിതയുടെ ദുരൂഹമായ അന്ത്യവും സാക്ഷാല്‍ മുത്തുവേല്‍ കരുണാനിധിയുടെ മറവിയുടെ മുങ്ങാംകുഴിയിലേക്കുള്ള ദയനീയമായ വീഴ്ചയുമാണ് സൂപ്പര്‍ താരങ്ങളായ രജനീകാന്തിനേയും കമല്‍ഹാസനേയും രാഷ്ട്രീയത്തിലേക്ക് കടന്നുവരാന്‍ പ്രേരിപ്പിച്ചത്. അഭ്രപാളികളില്‍ നിന്ന് പൊട്ടിവീണ ഈ രണ്ട് സൂപ്പര്‍ താരങ്ങളാണ് തമിഴക രാഷ്ട്രീയത്തില്‍ ഇനി ആടിത്തിമിര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങുന്നത്. അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും അന്ധകാരമാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്ന ദ്രാവിഡകക്ഷികള്‍ സൃഷ്ടിച്ച അരാജകത്വത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുക എന്നതാണ് സൂപ്പര്‍ താരങ്ങളുടെ നിലവിലുള്ള അജണ്ട. അതാണ് ഉണ്ടിരിക്കുന്ന നായകര്‍ക്ക് ഒരു ഉള്‍വിളിഉണ്ടായി എന്നു പറയുന്ന പോലെ ദ്രാവിഡമക്കള്‍ക്കിടയിലേക്ക് അവര്‍ ഇറങ്ങിവന്നത്.


രാഷ്ട്രീയത്തിന്റെ വളര്‍ച്ചക്ക് തമിഴകം, സിനിമയുടേയും നാടകത്തിന്റേയും തോളില്‍ കൈയിട്ടു നടക്കാന്‍ തുടങ്ങിയത് ദ്രാവിഡ കഴകം നേതാവ് അണ്ണാദുരെയുടെ കാലം മുതലാണ്. അറുപതിലധികം വര്‍ഷം പിന്നിട്ടപ്പോള്‍ സിനിമയും രാഷ്ട്രീയവും സയാമീസ് ഇരട്ടകളെപ്പോലെ വിഛേദിക്കാനാവാത്ത വിധം മാറിക്കഴിഞ്ഞിരുന്നു. സിനിമ വിട്ടൊരു രാഷ്ട്രീയമില്ലെന്ന ചിന്താഗതി തമിഴ്മക്കളുടെ മനസ്സില്‍ വേരുറച്ചതോടെ ക്യാമറുടെ മുന്നില്‍ നിന്ന് നിരവധി പേര്‍ അധികാരത്തിന്റെ സുഖശീതളഛായകളിലേക്ക് നീന്തിക്കയറാന്‍ മുന്നോട്ടുവന്നു. കരുണാനിധിയും എംജിആറും ജയലളിതയും വിജയകാന്തുമൊക്കെ അത്തരത്തില്‍ വന്നുപെട്ടവരായിരുന്നു. എന്നാല്‍ ജയലളിതയുടെ അന്ത്യത്തോടെ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം വിച്ഛേദിച്ചു എന്ന് തോന്നിയ വേളയിലാണ് രജനീകാന്തിന്റെ ‘രാഷ്ട്രീയപ്രവേശന വിളംബരം’ തമിഴകത്തിന്റെ അന്തരീക്ഷത്തില്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ചത്. താമസിയാതെ കമല്‍ഹാസനും ‘മക്കള്‍ നീതി മയ്യ’വുമായി രംഗത്തെത്തി. വാസ്തവത്തില്‍ ജയലളിത ഉണ്ടായിരുന്നെങ്കില്‍ ഈ സൂപ്പര്‍ സ്റ്റാറുകളൊന്നും രംഗത്തു വരില്ല എന്നത് മറ്റൊരു തമാശ. അഴിമതിയുടെ കൊടുമുടിയില്‍ ശശികലയെ കെട്ടിപ്പുണര്‍ന്നു നില്‍ക്കുമ്പോഴും ഒരു പുരുഷന്റെ ഉള്‍ക്കരുത്തോടെയാണ് അവര്‍ എതിരാളികളെ നേരിട്ടത്.

ഇതിനു മുമ്പ് രജനി ചില രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നത് ശരിയാണ്. അതൊന്നും രാഷ്ട്രീയപ്രവേശ ലക്ഷ്യം വച്ചുകൊണ്ടായിരുന്നില്ല. നാം വസിക്കുന്ന പരസരങ്ങള്‍ മലിനപ്പെടുമ്പോള്‍ സാധാരണ പൗരനു ഉണ്ടാകുന്ന ന്യായമായ അരിശം മാത്രമായിരുന്നു അത്. അഴിമതിയില്‍ കുളിച്ച 1991- 96 കാലഘട്ടത്തെക്കുറിച്ചാണ് രജനി അന്ന് ആദ്യമായി പ്രതികരിച്ചത്. ‘ജയലളിത വീണ്ടും അധികാരത്തില്‍ വന്നാല്‍ തമിഴകത്തെ ദൈവത്തിനു പോലും രക്ഷിക്കാനാവില്ല’ എന്നായിരുന്നു രജനി അഭിപ്രായപ്പെട്ടത്. ആ അഭിപ്രായപ്രകടനത്തിനു കനത്ത വില കൊടുക്കേണ്ടിയും വന്നു. അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ രജനിവാക്യം ഫലിച്ചു. ജയലളിതയുടെ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) മത്സരിച്ച് 220 സീറ്റില്‍ നാലെണ്ണത്തില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. അഴിമതിയില്‍ കുളിച്ചു നിന്ന ജയലളിതയെ ജനം തൊഴിച്ചു പുറത്താക്കി. രജനി പിന്തുണച്ച ഡിഎംകെ-ടിഎംസി സഖ്യം വമ്പന്‍ വിജയം കൊയ്യുകയും ഡിഎംകെ അധികാരത്തിലെത്തുകയും ചെയ്തു.

Read Also  എന്റെ മാതാപിതാക്കൾ ശൂദ്രരാണ്; അവർ ദൈവത്തിൽ നിന്ന് ജനിച്ചതല്ല; കനിമൊഴി പാർലമെന്റിൽ


എന്നാല്‍ അതൊക്കെ പഴങ്കഥകള്‍. ഇന്ന് സൂപ്പര്‍ സ്റ്റാറുകളായ രജനിയും കമലും രണ്ടു കുതിരകളുടെ പുറത്താണ് സഞ്ചരിക്കുന്നത്. ഒന്ന്: രാഷ്ട്രീയം. രണ്ട്: സിനിമ. ഇവയെ എങ്ങനെ നിയന്ത്രിച്ച് മുന്നേറണം എന്നതാണ് ഇവരുടെ മുന്നിലെ പ്രശ്‌നം. തമിഴ് സിനമയിലെ സൂപ്പര്‍താരമാണ് രജനീകാന്ത്. അദ്ദേഹത്തിനു രാഷ്ട്രീയം വേണമോ വേണ്ടയോ എന്ന് സ്വയം നിശ്ചയിക്കാം. എന്നാല്‍ സങ്കുചിത രാഷ്ട്രീയ മനോഭാവങ്ങള്‍ രജനിക്കെതിരെ ചൂണ്ടുവിരല്‍ നീട്ടുമ്പോഴാണ് നാം അതിന്റെ ഭീകരത അറിയുന്നത്. 23 വര്‍ഷം കര്‍ണാടകയില്‍ ജീവിച്ചെങ്കില്‍ 44 വര്‍ഷമാണ് രജനി തമിഴകത്തിന്റെ ഭാഗമായി മാറുന്നത്. രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ അദ്ദേഹം തമിഴക വിരുദ്ധനായി, പരദേശിയായി. അങ്ങനെയാണ് സങ്കുചിത രാഷ്ട്രീയ മനോഭാവങ്ങള്‍ ഉടലെടുക്കുന്നത്. തമിഴകത്തിനു കര്‍ണാടകം വെള്ളം കൊടുക്കണമെന്ന് അഭിപ്രായപ്പെട്ടതിന്റെ പേരിലാണ് രജനിയുടെ കാലാ സിനിമ കര്‍ണാടകയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് കൈക്കൊണ്ടത്. ഒടുവില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ വേണ്ടിവന്നു ചിത്രം റിലീസ് ചെയ്യാന്‍.

എം ജി രാമചന്ദ്രനും ജയലളിതയും തമിഴ്‌നാട്ടുകാരല്ലെന്നും അവര്‍ വരുത്തരാണെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് അന്ന് ശത്രുക്കള്‍ അവരെ നേരിട്ടത്. അതൊക്കെ തങ്ങളുടെ വ്യക്തിപ്രഭാവത്തില്‍ അവര്‍ തകര്‍ത്തെറിഞ്ഞു. അത്തരത്തിലുള്ള ശത്രുപക്ഷ നീക്കം രജനിക്കെതിരെയും നടന്നു. എന്നാല്‍ അതിനെ തന്ത്രപൂര്‍വം നേരിടാനാണ് രജനി ആദ്യം ശ്രമിച്ചത്. കര്‍ണാടകയിലെ മറാഠി കുടുംബത്തില്‍ ജനിച്ച ശിവാജി റാവു ഗെയ്ക് വാദയാണ് സിനിമയിലെത്തിയപ്പോള്‍ രജനികാന്തായി മാറിയത്. എന്തും തനിക്ക് നല്‍കിയത് തമിഴ്മക്കളാണെന്ന് രജനി പറയുമ്പോള്‍ അധികാരത്തിന്റെ അപ്പക്കഷണത്തിനായി കാത്തിരിക്കുന്ന രാഷ്ട്രീയപ്പരിഷകള്‍ ആക്രമണത്തിനു പുതിയ തലങ്ങള്‍ തേടുകയായിരുന്നു. ‘ലേറ്റാ വന്നാലും ലേറ്റസ്റ്റാ വരുവേന്‍’ എന്ന പഞ്ച് ഡയലോഗ് തന്നെയാണ് രജനിയുടെ ആയുധം.’സംസ്ഥാനത്ത് നല്ല നേതാക്കളുണ്ട്. പക്ഷേ നമ്മുടെ സംവിധാനങ്ങളെല്ലാം ചീഞ്ഞളിഞ്ഞിരിക്കുന്നു. നമുക്ക് മാറിയേ പറ്റൂ.’ രജനിയുടെ വാക്കുകള്‍ സന്ദര്‍ഭോചിതമായിരുന്നു എന്ന് വ്യക്തം.


എന്നാല്‍ കമലിനാണ് സ്വന്തം ജന്മനാടില്‍ നിന്ന് ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നത്. അതും രാഷ്ട്രീയ പ്രവേശത്തിനു മുമ്പ്. 2004 ല്‍ വിരുമാണ്ടിയും 2013 ല്‍ വിശ്വരൂപവും റിലീസ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ എത്രയൊക്കെ തടസ്സങ്ങളാണ് ഉണ്ടായത്. വിശ്വരൂപം സംസ്‌കൃത പേരാണെന്നും അതു മാറ്റണമെന്നുമാണ് ഹിന്ദു മക്കള്‍ കക്ഷി ആവശ്യപ്പെട്ടത്. മുസ്ലിം ഗ്രൂപ്പുകളും ചിത്രം നിരോധിക്കണമെന്ന് ആവശ്യവുമായി രംഗത്തുവന്നു. രണ്ടു വാരത്തേക്ക് ചിത്രം നിരോധിക്കാന്‍ ജയലളിത സര്‍ക്കാരും മുന്നോട്ടു വന്നതോടെ കമല്‍ ആകെ വിഷമവൃത്തത്തിലായി.ഈ വൃത്തികെട്ട രാഷ്ട്രീയം മടുത്തതിനാല്‍ രാജ്യം വിട്ടുപോകാന്‍പോലും താന്‍ ആഗ്രഹിക്കുന്നതായും കമല്‍ പത്രക്കാരുടെ മുന്നില്‍ വിതുമ്പി.
ചുരുങ്ങിയ രാഷ്ട്രീയാനുഭവത്തിന്റെ വെളിച്ചത്തില്‍ ഇരുവര്‍ക്കും ലഭിച്ച അനുഭവങ്ങള്‍ തള്ളിക്കളയാനാവില്ല. എഴുപതുളില്‍ മുത്തുവേല്‍ കരുണാനിധിയെ വെല്ലുവിളിച്ചുകൊണ്ട് എംജിആര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ ‘നടന്റെ പാര്‍ട്ടി’യെന്നാണ് കളിയാക്കിയത്. ഉലകം ചുറ്റും വാലിബന്‍ റിലീസ് ചെയ്യാതിരിക്കാന്‍ കരുണാനിധി കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ എംജിആര്‍ തന്ത്രപൂര്‍വം കരുക്കള്‍ നീക്കി. സിനിമ വിജയിച്ചു ജനമനസ്സ് മാറി. താന്‍ അധികാരത്തില്‍ വന്നാല്‍ എംജിആര്‍ ഭരണം കൊണ്ടുവരുമെന്ന്‌രജനി പ്രഖ്യാപിച്ചതിന്റെ പൊരുളും മറ്റൊന്നല്ല. കമലാകട്ടെ കുറച്ചുകൂടി തന്ത്രം മെനഞ്ഞാണ് രാഷ്ട്രീയം കളിക്കുന്നത്. അഴിമതിയില്ലാത്ത ഭരണമാണ് തന്റെ ആദര്‍ശവാക്യം.

Read Also  തമിഴ് താര മാമാങ്കം: ഉദയനിധി സ്റ്റാലിനെ മുന്‍നിറുത്തി ഡിഎംകെ പടക്കളത്തിലേക്ക്‌


ജയലളിതക്കു ശേഷമുള്ള തമിഴക രാഷ്ട്രീയം ചിന്തനീയമാണ്. രണ്ടു ദ്രാവിഡപ്പാര്‍ട്ടികളിലും അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ജയലളിതയെപ്പോലെ നിശ്ചയദാര്‍ഢ്യമുള്ള നേതാക്കള്‍ രണ്ടു ദ്രാവിഡപ്പാര്‍ട്ടികളിലും വിരളമാണ്.അഴിമതിയുടെ കാര്യത്തില്‍പ്പോലും ആ നിശ്ചയദാര്‍ഢ്യം പ്രകടമായിരുന്നു. എജിആറും ജയലളിതയും വന്ന രാഷ്ട്രീയ സാഹരച്യമല്ല ഇന്ന് തമിഴകത്തുള്ളത്. ചലച്ചിത്ര ലോകത്ത് രജനിയും കമലും അതുല്യരായിരിക്കാം. എന്നാല്‍ രാഷ്ട്രീയത്തില്‍ ജാതിയുടെ മായം ചേര്‍ത്ത് വിറ്റഴിക്കുന്ന ഇക്കാലത്ത് അവരുടെ രാഷ്ട്രീയപ്രവേശം കടുത്ത വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു.ഡിഎംകെയുടെ സമുന്നത നേതാവ് മുത്തുവേല്‍ കരുണാനിധി രാഷ്ട്രീയ പ്രവേശനത്തിന്റെ അറുപതാം വര്‍ഷം ആഘോഷിച്ചു കഴിഞ്ഞ വേളയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കെല്‍പ്പില്ലാത്ത വിധം വിസ്മൃതിയിലാണ്. അദ്ദേഹത്തിന്റെ മകന്‍ എം കെ സ്റ്റാലിനാകട്ടെ പിതാവിനെപ്പോലെ എന്തും പിടിച്ചടക്കാന്‍ പോരുന്ന ശക്തിയൊന്നും സ്വരൂപിച്ചിട്ടില്ല. ഒരു തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടാനുള്ള കെല്‍പ്പൊന്നും നേടാന്‍ സ്റ്റാലിനു കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അതുകൊണ്ടു തന്നെ രജനിയും കമലും രംഗത്തുവന്നാല്‍ അതിന്റെ കനത്ത തിരിച്ചടി സ്റ്റാലിന്റെ ഭാഗധേയത്തിനായിരിക്കും സംഭവിക്കുക. വ്യത്യസ്ത സംസ്‌ക്കാരിക സമവാക്യങ്ങളുള്ള തമിഴകം എന്തായാലും പ്രവചനാതീതമായ ദശാസന്ധിയില്‍ എത്തിനില്‍ക്കുകയാണ്.

നിരാകരണം
കോളങ്ങളിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ പ്രതിപക്ഷം ഡോട്ട് ഇന്നിന്റെതാകണമെന്നു നിർബന്ധമില്ല. എഴുതുന്ന വിഷയങ്ങളുടെ ഉത്തരവാദിത്വവും പകർപ്പവകാശവും എഴുത്തുകാർക്ക് മാത്രമായിരിക്കും.

Spread the love