Sunday, September 20

വിചിത്രകല്പനകളുടെ കണ്ണാടിവെളിച്ചങ്ങൾ

വയലിന്റെ മധുര ശ്രുതിയും പടേനിത്തപ്പിന്റെ പ്രാക്തനമുഴക്കവും കലങ്ങിമറിയുന്നൊരു അസാധാരണ നോവലാണ് ‘ ദിവ്യം’. തുടർച്ചയായി നോവലുകൾ എഴുതി മലയാള നോവൽ ശാഖയിൽ തിരയിളക്കം സൃഷ്ടിക്കുന്ന രാജീവ് ശിവശങ്കറിന്റെ പുതിയ നോവലാണ് ദിവ്യം. തമോവേദം ,കൽ പ്രമാണം, പെണ്ണരശ് തുടങ്ങി ശ്രദ്ധേയമായ നോവലുകൾ തുടരെ പ്രസിദ്ധീകരിച്ച ഈ നോവലിസ്റ്റ് ശങ്കരാചാര്യരുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ‘മറപൊരുൾ ‘ മലയാളത്തിലെ നവ നോവലുകളുടെ മുൻനിരയിൽ ഉൾപ്പെടുന്ന ഉജ്ജ്വല കൃതിയാണ്. 

തകഴിയുടെ തലമുറ തൊട്ടിങ്ങോട്ട് മലയാള നോവലിന്റെ ചരിത്രം പരിശോധിച്ചാൽ മൂന്ന് പ്രധാന ധാരകളിലൂടെയാണ് നോവൽ സാഹിത്യം പ്രവാഹം ചെയ്യുന്നത് എന്നു കാണാം. ഒന്ന് വളരെ ഗൗരവത്തോടെ, ശില്പത്തികവോടെ എഴുതപ്പെട്ട മികച്ച കൃതികൾ. വായനാസുഖമുള്ള ,അത്ര മുറുക്കമുള്ള ശില്പമോ ഭാഷയോ ഉപയോഗിക്കാത്ത തരം നോവലുകൾ ആണ് രണ്ടാമത്തെ ധാരയിൽ വരുന്നത്. അവ വായനക്കാർക്ക് പ്രിയങ്കരങ്ങളായിരുന്നു. മധ്യവർത്തി എന്നു പേരിട്ടു വിളിച്ച മലയാള സിനിമകളുമായി ഇവയെ താരതമ്യപ്പെടുത്താം . പൈങ്കിളികളായിരുന്നു മറ്റൊരു വിഭാഗം. തകഴി തൊട്ടിങ്ങോട്ട് നമ്മുടെ പല നോവലിസ്റ്റുകളും ഈ മൂന്നു വിഭാഗത്തിലും പെട്ട നോവലുകൾ എഴുതിയിട്ടുണ്ട്. കയറും ഏണിപ്പടികളും എഴുതിയ തകഴി തന്നെ ബലൂണുകളും ഔസേപ്പിന്റെ മക്കളും എഴുതി. ഉഷ്ണമേഖല എഴുതിയ കാക്കനാടൻ അടിയറവ് പോലുള്ള നോവലുകളും എഴുതി. മയ്യഴിപ്പുഴയെഴുതിയ മുകുന്ദന്റെ തൂലികയിൽ നിന്ന് കുടനോവലുകളും പിറവിയെടുത്തു. വൈക്കം, ജി.ബാലചന്ദ്രൻ, മോഹനചന്ദ്രൻ, വി .ടി .നന്ദകുമാർ , പെരുമ്പടവം, തുടങ്ങി മധ്യവർത്തി വിഭാഗത്തിൽ പെടുന്ന നോവലുകൾ എഴുതിയ നിരവധിപേർ നമുക്കുണ്ട്. ഇവരുടെയെല്ലാം നോവലുകൾ ചേർന്നപ്പോഴാണ് നമ്മുടെ നോവൽ സാഹിത്യം സജീവവും സമൃദ്ധവുമായത്.

എന്നാൽ ഉത്തരാധുനികം എന്നു വിളിക്കാവുന്ന ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകൾക്കു ശേഷം മലയാളത്തിൽ ഉണ്ടാകുന്ന നോവലുകളുടെ ഗണ പരവും ഗുണപരവുമായ സ്വഭാവത്തിൽ മാറ്റം വന്നു. കണക്കിലേറെ നോവലിസ്റ്റുകൾ ഇവിടെ ഉണ്ടായി. ഭൂരിപക്ഷവും ഒന്നോ രണ്ടോ നോവലുകളൊക്കെ എഴുതി പമ്മി . പൈങ്കിളി ശാഖ കുലമറ്റു പോയി. മധ്യവർത്തി നോവലുകളും കുറഞ്ഞു. നോവലിന്റെ വായനാസമൂഹത്തിലും കുറവു വന്നോ? കെ.പി.അപ്പനെപോലുള്ള നോവൽ സ്പെഷ്യലിസ്റ്റുകളായ വിമർശകരും കുറഞ്ഞു.

ഇത്തരം ഒരു വാട്ടക്കാലത്ത് പഴയ പാരമ്പര്യത്തെ പിന്തുടരുന്ന ഒരു നോവലിസ്റ്റ് എന്ന നിലയിലാണ് രാജീവ് ശിവശങ്കർ പ്രസക്തനാകുന്നത്. ഈ പതിറ്റാണ്ടിലാണ് രാജീവിന്റെ നോവലുകൾ പ്രസിദ്ധീകൃതമായത്. നേരത്തെ സൂചിപ്പിച്ച നോവലുകൾ കൂടാതെ പ്രാണസഞ്ചാരം, പുത്ര സൂക്തം, കലിപാകം, കാറൽ മാർക്സ് കൈലാസം വീട് തുടങ്ങിയ നോവലുകളും ഈ കാലത്തിനിടയിലിറങ്ങി. നല്ല പാരായണ സുഖമുള്ള ഈ കൃതികൾക്ക് ഒട്ടേറെ വായനക്കാരുണ്ടായി. നമ്മുടെ പഴയ നോവലിസ്റ്റുകളെപ്പോലെ തന്റേതായ ഒരു വായനാസമൂഹത്തെ സൃഷ്ടിക്കാൻ ഈ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. അത് ഇക്കാലത്ത് വലിയൊരു കാര്യവുമാണ്. പടപടാ നോവലുകൾ വായിക്കുന്ന ശീലമൊക്കെ ഇവിടുത്തെ പുതുതലമുറയിൽ നിന്ന് പോയിരിക്കുന്നു. സാഹിത്യ വിദ്യാർത്ഥികളെയും അധ്യാപകരെയും ഒക്കെ കാണുന്ന ആളെന്ന നിലയിൽ ആണ് ഇക്കാര്യം എഴുതുന്നത്.

Read Also  "മൂളിക്കൊണ്ടഭിരാമനായലയുമെൻ നന്മക്ഷികേ" ; ഉത്സവക്കാലത്ത് പീയുടെ കവിതകളോർക്കുമ്പോൾ

2010 നു ശേഷം ഇറങ്ങിയ പത്തു നോവലുകളെങ്കിലും വായിച്ചവർ എത്ര പേരുണ്ട്? നമ്മുടെ കവികൾ ഉൾപ്പടെ ഗംഭീര നോവലുകൾ എഴുതിയത് ഈ കാലത്താണു താനും. നോവൽ മൽസരത്തിനൊക്കെ പങ്കെടുക്കുന്ന നോവലിസ്റ്റുകളുടെ എണ്ണം അത്ഭുതപ്പെടുത്തുന്നതാണ് . വായനക്കാരെക്കാൾ കൂടുതൽ നോവലിസ്റ്റുകൾ ഈ അത്ഭുത നമ്പർ വൺ കേരളത്തിലുണ്ടോ? ഉണ്ടെങ്കിൽ നമ്പർ വണ്ണിന്റെ എണ്ണം ഒന്നു കൂടെ കൂടി!

താൻ ഏറെ കഷ്ടപ്പെട്ട് ഗവേഷണമൊക്കെ നടത്തി എഴുതിയതെന്ന് നോവലിസ്റ്റ് സാക്ഷ്യപ്പെടുത്തുന്ന ‘കുഞ്ഞാലിത്തിര’ എന്ന ചരിത്ര സ്വഭാവമുള്ള നോവൽ പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുമുമ്പായാണ് ദിവ്യം പുറത്തിറങ്ങിയത്. ‘കുഞ്ഞാലിത്തിര ‘ വായിക്കാൻ പ്രേരിപ്പിക്കും വിധം ആകർഷകമാണ് ദിവ്യം.
റിയാലിറ്റിയും ഫാന്റസി യും കലർത്തി സമകാലിക ജീവിതത്തിലെ ചില സന്ദർഭങ്ങളെ വിടർത്തിയിടുകയാണ് ദിവ്യത്തിൽ. ലക്ഷ്മീപുരം എന്ന തമിഴ്നാട്ടിലെ ഗ്രാമത്തിലെ പള്ളിയിൽ സ്ഥലം മാറി എത്തിയ പാലയ്ക്കലച്ചൻ എന്ന ദൈവ പ്രസാദമുള്ള വൈദികൻ ‘തലൈക്കൂത്തൽ ‘ എന്ന അവിടുത്തെ അനാചാരം കണ്ട് ഞെട്ടിപ്പോകുകയും അതിനെ പ്രതിരോധിക്കാനായി കേരളത്തിലെ പാൽപ്പെട്ടി എന്ന ഗ്രാമത്തിൽ എത്തി ജീവൻ ജ്യോതി എന്ന പേരിൽ വൃദ്ധമന്ദിരം നടത്തുന്നതുമാണ് പ്രധാന കഥാതന്തു.

പാൽപ്പെട്ടി ഒരു പടേനി ഗ്രാമമാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ ആചാരങ്ങളിൽ വിശ്വസിച്ചു കൊണ്ട് സൗഹാർദ്ദത്തോടെ കഴിഞ്ഞു പോരുന്നു. പാൽപ്പെട്ടിയിൽ പുതിയ കാലത്തുണ്ടാകുന്ന മത പരമായ കാലുഷ്യങ്ങൾ വൃദ്ധസദനത്തെ കേന്ദ്രമാക്കി യഥാതഥമായി അവതരിപ്പിക്കുന്നതോടൊപ്പം ഭ്രമാത്മകതയുടെ ഒരു അന്തരീക്ഷവും നോവലിൽ നെയ്തു ചേർത്തിരിക്കുന്നു. അതിനു പശ്ചാത്തലമൊരുക്കുന്നത് പടേനിയാണ്. കുംഭവറുതിയിൽ മധ്യ തിരുവിതാംകൂറിലെ പടേനിക്കളങ്ങൾ കാപ്പൊലിക്കുന്ന ഈ സമയത്ത് ഈ നോവൽ വായിക്കുമ്പോൾ പടേനി നേരിൽ കാണുന്ന അനുഭവം തോന്നും. നോവലിസ്റ്റിന്റെ പ്രതിഭ പ്രസരിക്കുന്നത് ഇവിടെ ദൃശ്യമാണ്.

സമകാല മനുഷ്യന്റെ ദുരയും ആസക്തിയും ആണ് അനാഥ വൃദ്ധമന്ദിരങ്ങൾ തീർക്കുന്നതിനു പിന്നിൽ. വേദപുസ്തകത്തെ മുറുകെ പിടിച്ച് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും പാൽനിലാവ് പരത്താൻ ശ്രമിക്കുന്ന പാലയ്ക്കലച്ചനും ജീവൻ ജ്യോതിയിലെ അന്തേവാസികളും കുറേക്കാലം നമ്മുടെയൊപ്പം ഉണ്ടാകും. പൊള്ള ,ഇല്ലീല്ലിയമ്മൂമ്മ തുടങ്ങിയ കഥാപാത്രങ്ങളെ ചുറ്റി വിചിത്രകല്പനകളുടെ കണ്ണാടി വെളിച്ചങ്ങൾ സൃഷ്ടിച്ച് ദിവ്യത്തെ ഭ്രമാത്മകവുമാക്കിയിരിക്കുന്നു.

Spread the love

Leave a Reply