സുഗന്ധി സുബ്രഹ്മണ്യൻ
തമിഴ് (മരണം – 2009)
പരിഭാഷ: പി.രാമൻ

 

എന്റെ കുഞ്ഞിന്റെ
പൊക്കിൾക്കൊടി
മുറിച്ചതാര്?
മുത്തശ്ശിയോ? നഴ്സോ?
ഓർമ്മയില്ല.

എന്റെ വയറ്റിൽ
വിശേഷമുണ്ടെന്ന്
ആരോടാണ് ഞാൻ
ആദ്യം പറഞ്ഞത്?
ഓർക്കുന്നില്ല

പള്ളിക്കൂടത്തിൽ
അ ആ ഇ ഈ ചൊല്ലിപ്പഠിപ്പിച്ച
മാഷാര്?
മറന്നു പോയി.

സ്കൂൾ മുറ്റത്തു കളിക്കുന്നതിനിടെ
തിരണ്ട നേരത്ത്
എന്റെ കൈ പിടിച്ചു സന്തോഷം കൊണ്ട മുഖമേത്?
ഓർമ്മയില്ല.

പെട്ടെന്നു മരിച്ചു പോയ അപ്പൻ
എനിക്കായ് വിട്ടു പോയ വാക്കുകളേതെല്ലാം?
ഏതെല്ലാം?
ഓർമ്മയില്ല.

ആദ്യത്തെ പ്രസവത്തെക്കുറിച്ച്
ഭയപ്പെടുത്തിപ്പറഞ്ഞതാരാണ്?
മറന്നു പോയി.

ഭാഷയറിയാത്ത നാട്ടിൽ
പുതു ഭാഷയിൽ
ആദ്യമായെന്നോടു മറുപടി പറഞ്ഞ പെണ്ണ്?
നീളുന്നൂ ഓർമ്മയില്ലായ്മകൾ
ഏതോ തരത്തിൽ
എല്ലാത്തിലും പ്രധാനം
അവയായിരുന്നിട്ടും.

Read Also  കടുംപിടി ; മുസ്തഫ സ്റ്റിറ്റൗയുടെ കവിത , പരിഭാഷ: പി.രാമൻ

LEAVE A REPLY

Please enter your comment!
Please enter your name here