ഒരാൾ ഒറ്റയ്ക്കു ഒരു മുറിയിൽ ഇരിക്കുമ്പോഴാണ് അയാളെന്താണ് എന്നറിയുന്നത്. പൊതു സമൂഹത്തിൽ പലർക്കും പല മര്യാദകളും പാലിക്കേണ്ടതായുണ്ട്. പ്രത്യേകിച്ചും പൊതുരംഗത്ത് നിൽക്കുന്നവർ. അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പറയാം നമ്മുടെ പ്രതിപക്ഷനേതാവിനു നാവുളുക്കി പോയി അഥവാ മനസിലുള്ളത് അറിയാതെ പുറത്ത് ചാടി എന്നും പറയാം. എന്താണ് അദ്ദേഹം വിചാരിച്ചതു ഒരു വൃദ്ധന്റെ അറിയാതെയുള്ള ജല്പനം എന്ന് ജനം കരുതിക്കോളുമെന്നോ അതിനദ്ദേഹത്തെ വൃദ്ധനായി പരിഗണിക്കാൻ അദ്ദേഹം തന്നെ ശ്രമിക്കുന്നില്ല. മുടി നരയ്ക്കാത്ത വാർദ്ധക്യം എന്നവസ്ഥയിലാണ് കേരളത്തിലെ പല നേതാക്കളും . അത് തികച്ചും പേഴ്സണലായ കാര്യമായതുകൊണ്ടു വിട്ടുകളയാം. ഇത്രയേറെ സ്ത്രീവിരുദ്ധമായ ഒരു പരാമര്ശം സംഘപരിവാർ കേരളഘടകത്തിൽ നിന്നോ അല്ലെങ്കിൽ അവരുടെ ദേശീയ ചിന്താധാരയിൽ നിന്നോ ഉണ്ടായതാണെങ്കിൽ നമുക്ക് അറിവില്ലായ്മയുടെയോ മറ്റോ പേരിൽ മാപ്പുകൊടുക്കാം, ഇത് അടുത്ത മുഖ്യമന്ത്രി കസേരയിലേക്ക് ചാടിക്കയറാൻ എന്ത് മാർഗ്ഗവും ഉപയോഗിക്കും എന്ന് പ്രതിജ്ഞ ചെയ്തു നടക്കുന്ന സാക്ഷാൽ രമേശ് ചെന്നിത്തല എന്ന സീനിയർ നേതാവ്, ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയാൽ പോലും നായനാർ രാജിവയ്ക്കണം എന്ന് പറയുന്ന ഒരു ചൊല്ല് കെ കരുണാകരൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ ഊണിലും ഉറക്കത്തിലും എന്ത് കണ്ടാലും അതിനി ട്രംപിന്റെ അമേരിക്കയിൽ നടന്നാലും ചൈനയിൽ നടന്നാലും ഇനി യു പി യിൽ നടന്നാലും പിണറായി രാജിവയ്ക്കണം എന്ന് പറഞ്ഞു ശീലിച്ച രമേശ് ചെന്നിത്തലയിൽ നിന്നും എന്തിന്റെ പേരിലായാലും ഒരുക്കലും ഇത്തരത്തിൽ ഒരു പ്രസ്താവന പുറത്ത് വരരുതായിരുന്നു കാരണം ഇത്തരം വിലകുറഞ്ഞ തമാശകൾ പറയാനല്ല പ്രതിപക്ഷനേതാവിന്റെ കസേര എന്നദ്ദേഹം മനസിലാക്കണം. കുറച്ചു നാളുകൾക്കു മുൻപ് പ്രതിപക്ഷത്തിന്റെ ഭാഷയിൽ അപരിഷ്കൃതനെന്നു വിളിക്കുന്ന മന്ത്രികൂടിയായ എം എം മണിയിൽ നിന്നും പെമ്പിളൈ ഒരുമയ്ക്കെതിരെ സമാനമായ ഒരു സംഭവമുണ്ടായപ്പോൾ കെരളമൊന്നാകെ പ്രത്യേകിച്ചും രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. അതുകൊണ്ടുതന്നെ , ചെന്നിത്തല മാപ്പ് പറഞ്ഞിട്ട് വായ തുറന്നാൽ മതിയെന്ന് കേരളത്തിലെ ജനത ആവശ്യപ്പെട്ടാൽ ശ്രീമാൻ രമേശ് ചെന്നിത്തലയ്ക്ക് അത് ചെയേണ്ടതായിവരും.
ഇനി മറ്റൊന്ന് കൂടി രമേശ് ചെന്നിത്തലയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ തികച്ചും അസ്വസ്ഥമാണോ എന്നുകൂടി സംശയിക്കണം, ഇവിടെനിന്നും ഹിന്ദുത്വ ഫാസിസത്തിനെതിരെ പോരാടാൻ പാർലമെന്റിലേക്ക് പറഞ്ഞയച്ച മുന്ന് നാല് എം പി മാർ അതിൽ വിജയിച്ചു തിരിച്ചു ഇനി കേരളത്തിലെ ഇടതു പക്ഷത്തെ തകർക്കാനായി രംഗത്ത് വന്ന സമയമാണ് ചെന്നിത്തലയ്ക്ക് നാക്കു പിഴച്ചത്. കുഞ്ഞുഞ്ഞും കുഞ്ഞാലിക്കുട്ടിയും കൈകോർക്കാൻ തുനിയുമ്പോഴാണ് ചെന്നിത്തലയ്ക്ക് വാക്ക് പിഴച്ചത്. ജോസ് കെ മാണി നിലപാട് ശക്തമാക്കിയപ്പോഴാണ് ചെന്നിത്തലയ്ക്ക് വാക്കു കൈവിട്ടു പോയത്. മനുഷ്യനല്ലേ ഇതൊക്ക സ്വാഭാവികം എന്ന് വേണമെങ്കിൽ തിരുവഞ്ചൂരിനെ സാക്ഷിനിർത്തി പറയാം.
കേരളത്തിലെ പൊതുസമൂഹം കുറച്ചു നാളുകൾ കൊണ്ട് അസഹനീയമായ വിധം ഇവിടത്തെ രാഷ്ട്രീയ രംഗം കണ്ടു മരവിച്ചു നിൽക്കുകയായിരുന്നു ചാനലുകളും ചെന്നിത്തലാദികളും നടത്തുന്ന ഷോകൾ ഒരു വിധം നല്ല വെറുപ്പ് പിടിച്ചുപറ്റിവരുമ്പോഴാണ് ഈ സംഭവം ഉണ്ടായത്. ഈ നാക്കുളു ക്കൽ ഒരുവിധത്തിൽ താത്കാലികമായെങ്കിലും അദ്ദേഹത്തെ ഒരു വിചിന്തനത്തിനു പ്രേരിപ്പിക്കട്ടെ. മാമനോടോന്നും തോന്നല്ലേ മക്കളെ എന്നെങ്കിലും പ്ലീസ്