Wednesday, September 23

‘ശ്രീമതി’ രമ്യ ഹരിദാസിന് കാർ വാങ്ങാൻ പിരിവ് ; ആദ്യം ജനങ്ങളുടെ ജീവിതനിലവാരമാണുയർത്തേണ്ടത് ; പി കെ സി പവിത്രൻ എഴുതുന്നു

ആലത്തൂർ എം പി രമ്യ ഹരിദാസിനു കാർ വാങ്ങാൻ വേണ്ടിയുള്ള പിരിവിനെച്ചൊല്ലി സോഷ്യൽ മീഡിയയിലും ആരോപണങ്ങൾ പൊടിപൊടിക്കുകയാണു. ഒരു കാര്യം ശരിയാണു. ദാരിദ്ര്യത്തിൽനിന്നും സാവധാനം ഉയർന്നുവന്ന നേതാവാണു രമ്യ ഹരിദാസ്. അതുകൊണ്ട് ഇനിയും അവർ ദരിദ്രയായി ജീവിക്കണമെന്ന് ശഠിക്കുന്നത് ശരിയല്ല. പക്ഷെ രമ്യയുടെ ജീവിതനിലവാരം ഉയർത്താനായി നിയമപരിരക്ഷയോടെയുള്ള നിരവധി മാർഗ്ഗങ്ങളുണ്ട്. അതെല്ലാം അവർക്ക് ലഭിക്കാനായി ഇപ്പോഴുള്ള എം പി സ്ഥാനം മാത്രം മതിയല്ലോ.

ഒരു എം പി യുടെ വാർഷിക വരുമാനം 40 ലക്ഷം രൂപയിൽ അധികമാണ്. മറ്റു നിരവധി ആനുകൂല്യങ്ങൾ വേറെയും എം പിക്ക് ലഭിക്കുന്നുണ്ട്. സൗജന്യവിമാനയാത്ര, തീവണ്ടിയിലെ ഫസ്റ്റ് ക്ളാസ് എ സി യാത്ര, വിദേശയാത്രയ്ക്കുള്ള സംവിധാനം മണ്ഡലത്തിൽ യാത്ര ചെയ്യുന്നതിനുള്ള അലവൻസ്, ഫർണീച്ചറുകൾ വാങ്ങാനുള്ള പണം, ഭൂമി വാങ്ങാനും വീടുവെയ്ക്കാനായും വാഹനങ്ങൾ വാങ്ങാനായും പലിശരഹിതവായ്പ, ഇതെല്ലാം ഒരു എം പിക്ക് ലഭ്യമാകുന്ന സൗകര്യങ്ങളിൽ ചിലതാണു

ഇത്രയും സൗകര്യങ്ങളുള്ളപ്പോഴാണു ഒരു ജനപ്രതിനിധിക്ക് യാത്രചെയ്യാനായി പിരിവെടുത്ത് കാർ വാങ്ങാൻ യൂത്ത് കോൺഗ്രസ്സുകാർ രസീതുകുറ്റിയുമടിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. ലജ്ജാവഹം അല്ലാതെന്തുപറയാൻ. കഴിഞ്ഞ ദിവസം കെ പി സി സി നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ വിലക്കിയിട്ടും രമ്യ ഹരിദാസിനുവേണ്ടി പിരിവ് തുടരുന്നു എന്നാണറിയുന്നത്. മിനിമം 1000 രൂപയുടെ കൂപ്പണാണു അച്ചടിച്ചിരിക്കുന്നത്. അതും അവിവാഹിതയായ രമ്യയെ ശ്രീമതിയാക്കിയിരിക്കുകയാണു. അതു മറ്റൊരു തമാശ. ഇങ്ങനെ എത്ര കൂപ്പണുകൾ അച്ചടിച്ചിട്ടുണ്ടെന്ന് ആർക്കറിയാം. സാധാരണയായി ഒരു പിരിവ് നടത്തുമ്പോൾ മെനക്കെട്ടിറങ്ങുന്നവർക്ക് നിശ്ചിത ശതമാനം പ്രാദേശികച്ചെലവുകൾക്കായി പിരിക്കുന്നതിൽനിന്നും നിശ്ചിത ശതമാനം എടുക്കാം എന്ന് മിക്ക രാഷ്ട്രീയപ്പാർട്ടികളിലും വ്യവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ പിരിവെടുക്കുന്നതിനു ഉത്സാഹം കൂടും. അത് മറ്റൊരു യാഥാർഥ്യം.

രമ്യ ഹരിദാസിനെ ജനങ്ങൾ ആലത്തൂരിൻ്റെ പ്രതിനിധിയായി തെരഞ്ഞെടുത്തതോടെ ഇനി അവരുടെ ജീവിതനിലവാരം സ്വാഭാവികമായി ഉയരുമെന്നതിൽ സംശയമില്ല. ദില്ലിയിൽ സൗജന്യമായി എം പി ക്വാർട്ടേഴ്സ് അഞ്ചു വർഷം ഉപയോഗിക്കാം. പാർലമെൻ്റിലെ ക്യാൻ്റീനിലെ സൗജന്യനിരക്കിലെ ഭക്ഷണവും സുലഭം. നാട്ടിൽ വന്നാൽ വീടിനു സൗകര്യം കുറവെങ്കിൽ താൽക്കാലികമായി വാടകവീടിനുവേണ്ടിയുള്ള പണവും നൽകുന്നുണ്ട്. ഇതിനിടയിൽ വീട് വെയ്ക്കാം. പക്ഷെ സാധാരണയായി ഈ ജനപ്രതിനിധികളുടെയൊക്കെ ജീവിത നിലവാരം ഉയർന്നുകഴിഞ്ഞാൻ പിന്നെ താഴോട്ട് നോക്കുന്ന പതിവില്ല. മുകളിലേക്ക് തന്നെ എപ്പോഴും രണ്ടു കണ്ണുകളും നിലയുറപ്പിക്കും.

ദലിത് എം പി യായതുകൊണ്ടാണു ജനങ്ങളിൽ നിന്നും പിരിവെടുക്കുന്നതു വിമർശിക്കുന്നതെന്നാണു ഒരു വിഭാഗം ആരോപിക്കുന്നത്. ആ വാദത്തിൽ കഴമ്പില്ല. ഏത് വിഭാഗത്തിൽ നിന്നുള്ള എം പിയായാലും നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കാതെ പിരിവെടുത്ത് വാഹനം വാങ്ങുന്നതിൽ ഒരു അർഥവുമില്ല. അതുകൊണ്ടാണു മുല്ലപ്പള്ളി രംഗത്തുവന്നത്

ദാരിദ്യത്തിൻ്റെ പടുകുഴിയിൽനിന്ന് ഒറ്റയടിക്ക് ബൂർഷ്വാസിയോടൊപ്പം കയറിപ്പോയ അബ്ദുള്ളക്കുട്ടി പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. അങ്ങനെ പലരും ഇവരൊക്കെ അടിവെച്ചടിവെച്ച് കയറുന്നതിനു എന്തെങ്കിലും തടസ്സമുണ്ടായാൽ ഇടയും, ജനങ്ങളെ ഒരു പാഠം പഠിപ്പിക്കും……. എല്ലാ ജനപ്രതിനിധികളും സാധാരണക്കാരെപ്പോലെ അവർക്കൊപ്പം തന്നെ ജീവിക്കണം.. അതിനി ഏത് രാഷ്രീയപ്പാർട്ടിയുടെ പ്രതിനിധിയായാലും… ആദ്യം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണു ഇവരൊക്കെ പോരടേണ്ടത്. അല്ലാതെ സ്വന്തം സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാനല്ല നോക്കേണ്ടത്. അതോർമ്മവേണം. അല്ലാതെ ഇനിയും ഇവരൊക്കെ ജനങ്ങളെ വിഡ്ഡിയാക്കുന്നതു കണ്ടിരിക്കാനും .മലയാളികളെ കിട്ടില്ല, ജാഗ്രതൈ…..

Spread the love
Read Also  രമ്യ ഹരിദാസിനെ ലോക് സഭയിൽ കയ്യേറ്റം ചെയ്തു; രമ്യ സ്പീക്കർക്ക് പരാതി നൽകി

Leave a Reply