ആലത്തൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ സംസ്ഥാനത്താകെ ചർച്ച ചെയ്ത സ്ഥാനാർഥിയായി രമ്യ ഹരിദാസ് മാറുകയായിരുന്നു. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ച ചെയ്യുന്നതിന് പകരം രമ്യ ഹരിദാസ് നാട്ടുകാരെ പാട്ടുപാടി പറ്റിക്കുക ആണെന്നായിരുന്നു ഇടത് സൈബർ അണികൾ പ്രചരിപ്പിച്ചത്.

രമ്യയുടെ ബ്ലോക്ക്‌ പഞ്ചായത്ത് സംസ്ഥാനത്ത് റാങ്ക് ലിസ്റ്റിൽ താഴെയാണെന്നും ഒരു പഞ്ചായത്ത് ഭരിക്കാൻ അറിയാത്ത ഇവർ എങ്ങനെ ലോക്സഭയിൽ മണ്ഡലത്തെ പ്രതിനിധീകരിക്കും എന്ന് തുടങ്ങി തുടക്കം മുതൽ രമ്യക്കെതിരെ ആരോപണങ്ങളുടെ പെരുമഴ ഇടത്പക്ഷം തീർത്തു.

ഇടത് മുന്നണി കൺവീനർ വിജയരാഘവൻ നടത്തിയ ‘കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയ രമ്യ ഹരിദാസ്’ എന്ന് തുടങ്ങിയ അശ്ലീല പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടു.

പി. കെ. ബിജു സിപിഐഎമ്മിന്റെ നല്ലൊരു സ്ഥാനാർഥി ആയിരുന്നിട്ടും മണ്ഡലത്തിൽ ബിജു നടപ്പിലാക്കിയ പ്രവർത്തനങ്ങളോ ബിജുവിന്റെ സ്ഥാനാർഥിത്വമോ ചർച്ചകളിലേക്ക് കൊണ്ടുവരാൻ ഇടതുമുന്നണിയ്ക്ക് കഴിഞ്ഞില്ല. പകരം രമ്യ ഹരിദാസിന്റെ പാട്ടായിരുന്നു ഇടതുപക്ഷത്തിന്റെ ചർച്ച വിഷയം. രമ്യയെ സൈബർ ഇടങ്ങളിൽ അപമാനിക്കാവുന്ന വിധത്തിലെല്ലാം അവരത് തുടർന്നു. പി. കെ. ബിജുവിനെ ഭക്തി മൂത്ത സൈബർ സഖാക്കൾ തോൽപ്പിച്ചതാണ്.

ശബരിമല വിഷയത്തിൽ ‘റെഡി ടു വെയിറ്റ്’ നിലപാടാണ് തന്റേത് എന്ന് പ്രഖ്യാപിച്ച രമ്യ ഹരിദാസിനെതിരെ ശബരിമല സ്ത്രീ പ്രവേശന അനുകൂലികൾ ശക്തമായി രംഗത്ത് വന്നിരുന്നു.

28 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്ന വനിതാ എം പി ആയിരിക്കുകയാണ് രമ്യ ഹരിദാസ്. 1991ല്‍ അന്നത്തെ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച സാവിത്രി ലക്ഷ്മണനായിരുന്നു രമ്യ ഹരിദാസിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്നും ജയിച്ച വനിത എംപി. അന്ന് 12365 വോട്ടുകളാണ് സാവിത്രി ലക്ഷ്മണന്‍ സ്വന്തമാക്കിയിരുന്നത്.
ഇത്തവണ 158968 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമ്യ ഹരിദാസ് എല്‍ഡിഎഫിന്റെ പി കെ ബിജുവിനെ പരാജയപ്പെടുത്തിയത്.

പി കെ ബിജുവിനെ പോലെ ശക്തനായ ഒരു നേതാവിനെ ഇടത് മുന്നണിയുടെ ശക്തി കേന്ദ്രത്തിൽ പരാജയപ്പെടുത്തിയ കേരളത്തിലെ ഏറ്റവും മിന്നുന്ന വിജയമാണ് രമ്യ ഹരിദാസിന്റേത്. പാട്ടും പാടി ലോക്സഭയിലേക്ക് പോകാൻ തന്നെയാണ് തീരുമാനമെന്ന് രമ്യ ഹരിദാസ് ഒരു പ്രസംഗത്തിൽ പറഞ്ഞത് അങ്ങനെ യാഥാർഥ്യമായി.

Read Also  രാഹുൽ പ്രിയങ്കക്കൊപ്പം ഇന്നെത്തുമ്പോൾ ഇടതുപക്ഷം നിലപാട് കടുപ്പിക്കുമോ

LEAVE A REPLY

Please enter your comment!
Please enter your name here