രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. കഴിഞ്ഞ 24 മണിക്കൂറിൽ 64,399 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്.
കഴിഞ്ഞ ദിവസം 861 പേർ മരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് 60,000ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 21,53,011 ആയി. 24 മണിക്കൂറിനുള്ളില്‍ 861 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43,379 ആയി വര്‍ധിച്ചു.
രോഗമുക്തി നേടുന്നവരുടെ നിരക്കിൽ രാജ്യത്ത് വർധനവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 68 ശതമാനത്തിലെത്തി. മരണനിരക്ക് രണ്ട് ശതമാനത്തിലേക്ക് താഴ്ന്നെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
കോവിഡ് ബാധിച്ച് 6,28,747 പേര് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്. 14,80,885 പേര് കോവിഡ് മുക്തരായി. തുടരെ 11ാം ദിവസമാണ് 50000ന് മുകളില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 61,537 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ ശനിയാഴ്ച രോഗികളുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. 1,47,355 പേരാണ് മഹാരാഷ്ട്രയിൽ നിലവിൽ ചികിത്സയിലുള്ളത്.