Saturday, January 29

അക്ഷരവെളിച്ചത്തില്‍ ദളിതരെ നയിച്ച അന്നബാവു സാഥെയുടെ നൂറാം ജന്മദിന ചിന്തകള്‍

വി കെ അജിത് കുമാര്‍

ദലിത് സ്വാഭിമാനത്തിന്റെ ബിംബവല്‍ക്കരണത്തില്‍ അംബേദ്ക്കറോടും ജ്യോതിറാവു ഭൂലെയോടുമൊപ്പം ചേര്‍ത്തുവയ്ക്കുന്ന ചിത്രങ്ങളില്‍ അന്നബാവു സാഥെയേയും കാണാം. അന്‍പതു വര്‍ഷങ്ങള്‍ കഴിയുന്നു സാഥെ കടന്നുപോയിട്ട്. മറാത്ത സാഹിത്യത്തിനോ ഹിന്ദി സാഹിത്യത്തിനോ അപ്പുറം പലപ്പോഴും എത്തിച്ചേരാതെ പോയ പേരുകളിലൊന്നാണ് അന്നബാവു സാഥെയുടേത്. മഹാരാഷ്ട്രയുടെ സാമൂഹിക സാഹിത്യ രംഗത്തുനിന്നും മാറ്റിനിര്‍ത്താന്‍ സാധിക്കുന്നതല്ല സാഥെയുടെ സാന്നിധ്യം.

കറുത്ത ഹാസ്യത്തെ പറ്റിയൊക്കെ ചര്‍ച്ചചെയ്യപ്പെടുന്ന പുതിയ കാലത്ത് അക്ഷരാര്‍ത്ഥത്തില്‍ കറുപ്പിന്റെ ഹാസ്യവുമായി ജീവിക്കുന്നതാണ് മഹാരാഷ്ട്രയിലെ മാതംഗ് എന്ന ദളിത് വര്‍ഗ്ഗബോധം. ആ ഹാസ്യ പാരമ്പര്യം തന്നെയാണ് സാഥെയുടെ ജീവാവക്ഷിപ്തവും. 1920ല്‍ മറാത്തയിലെ വെത്ഗാവ് ഗ്രാമത്തിലാണ് ജനനം. അകറ്റിനിര്‍ത്തപ്പെട്ടവന്റെ രാഷ്ട്രീയം തന്നെയാണ് ചിന്തിക്കുന്ന ഏതൊരു ദളിതനേയും പോലെ സാഥേയേയും മുന്നോട്ട് കൊണ്ടുപോയത്. സാഥെ തന്നെ ഈ അവസ്ഥയെപ്പറ്റി വിവരിക്കുന്നത് ഇങ്ങനെ: ‘ഭാവനയുടെ ചിറകുമായി ഉയര്‍ന്നു പറക്കാന്‍ ഞാനൊരു പക്ഷിയല്ല.ഒരു തവളമാത്രമാണു ഞാന്‍ മണ്ണിനോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു തവള മാത്രമാണ്.’

ഒരു കാലത്തും മഹാരാഷ്ട്ര രാഷ്ടീയത്തില്‍ നിന്നും, എന്തിന്റെ പേരിലായാലും സാഥെയെ അകറ്റിനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ലായിരുന്നു. കാരണം അദ്ദേഹത്തിന്റെ ചിന്തകളും എഴുത്തും അത്രമേല്‍ ശക്തമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാംസ്‌കാരിക വിഭാഗമായ ലാല്‍ ബൗതാ കലാപതാകിലെ പ്രധാന പ്രവര്‍ത്തകനായിരുന്നു സാഥെ. മഹാരാഷ്ട്ര സംസ്ഥാന രൂപീകരണപ്രക്രിയയില്‍ ഈ പ്രസ്ഥാനം വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

സാഥെയുടെ സാഹിത്യ ഇടപെടല്‍ അത്ഭുതാവഹമായിരുന്നു. മുപ്പതു വര്‍ഷത്തെ സാഹിത്യജീവിതത്തില്‍ മുപ്പത്തിയഞ്ചു നോവലുകള്‍, പതിനാലു ചെറുകഥാസമാഹാരങ്ങള്‍ ഇരുപത്തിനാലു തെരുവു നാടകങ്ങള്‍ പന്ത്രണ്ട് തിരക്കഥകള്‍. ഇടതടവില്ലാത്ത എഴുത്തു ജീവിതമെന്നേ പറയാനുള്ളൂ. വിത്തലദേവനെ ധ്യാനിച്ച് നാട്ടിടകളില്‍ തമാശ കലര്‍ന്ന ഒരു കാലാരൂപം അവതരിപ്പിച്ചുകൊണ്ടുള്ള ഒരു അരികുജീവിത കൂട്ടത്തില്‍ നിന്നാണ് സാഥെ കടന്നു വന്നതെന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്നത്.

ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും ബോംബെയെന്ന മഹാനഗ്ഗരത്തിലേക്ക് നടന്നെത്തിയ കൗമാരം. പലതരം ജോലികള്‍ ചെയ്തു കഴിച്ചു കൂട്ടിയ കാലം. ചുമട്ടുതൊഴിലാളിയായും സെക്യൂരിറ്റി ഗാര്‍ഡായും തുണിമില്‍ തൊഴിലാളിയായുമെല്ലാം അലഞ്ഞ ചരിത്രവും സാഥെയെന്ന മനുഷ്യനുണ്ട്. അക്ഷരങ്ങളിലേക്ക് മനസടിപ്പിക്കുകയായിരുന്നു സാഥെ അപ്പോഴൊക്കെ. സൈന്‍ ബോര്‍ഡുകള്‍ വായിച്ചെടുത്തും തെരുവിലെ അക്ഷരം നിറയുന്ന എന്തും നോക്കി നിന്നും സാഥെ പഠിക്കുകയായിരുന്നു. ഒടുവില്‍ ആ യാത്ര ചെന്ന് അവസാനിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലായിരുന്നു. ഒരേ സമയം മര്‍ക്‌സിയന്‍ ആശയങ്ങളിലും അംബേദ്ക്കര്‍ ആശയങ്ങളിലും ആകൃഷ്ടനായിരുന്നു സാഥെ എന്നൊരു വാദവും നിലവിലുണ്ട്.

ജനങ്ങളൊടൊപ്പമാണ് ഒരു കലാകാരന്‍ ജീവിക്കേണ്ടത്. അവര്‍ക്കൊപ്പമാണ് എപ്പോഴും നില്‍ക്കേണ്ടതും. ആയിരത്തിതൊള്ളായിരത്തി അന്‍പത്തിയെട്ടില്‍ കലാകാരന്മാരുടെ ഒത്തുചേരലില്‍ തന്റെ നിലപാടുകള്‍ അദ്ദേഹം വളരെ വ്യക്തമായി വിളിച്ചു പറഞ്ഞു. കലയെന്നത് മൂന്നാം കണ്ണാണെന്നും അത് സൃഷ്ടിയുടെ പഴമകളെ ചുട്ടു ചാമ്പലാക്കാന്‍ ഉള്ളതാണെന്നും ജനങ്ങള്‍ക്കു നേരെ മാത്രം തുറന്നിരീക്കുന്നതാകണമെന്നും അന്നബാവു സാഥെ പറയുന്നത് സ്വന്തം ജീവിതം നല്‍കിയ അകാല്പനികതയില്‍ നിന്നാണെന്നും മനസിലാക്കേണ്ടതാണ്. .  അവിടെയാണ് സാഥെയെപ്പോലുള്ള എഴുത്തുകാര്‍ ശ്രദ്ധേയരാകുന്നത.് ഓം പ്രകാശ് വാല്മികിയും ശരണ്‍കുമാര്‍ ലിംബാളയുമെല്ലാം എത്തിച്ചേരുന്നതും ഈ വഴിയില്‍ തന്നെയാണ്. ഇന്ത്യന്‍ ദളിത് എഴുത്ത് മറാത്തയില്‍ ശക്തമായതിനു കാരണവും ഇതൊക്കെത്തന്നെ. മറ്റൊരു തരത്തില്‍ കൂടി ഇതിനെ വ്യാഖ്യാനിക്കാം. ഒരു വശത്ത് ബോംബെയെന്ന മഹാനഗരം പേറുന്ന ജാതീയമായ അടിച്ചമര്‍ത്തലിന്റെ ദുരന്തങ്ങള്‍, എവിടെയൊക്കെയോ തെളിഞ്ഞു വരുന്ന അക്ഷരങ്ങളുടെ വെളിച്ചത്തിലെത്തിയാല്‍ ആ ദുരന്തത്തില്‍ നിന്നും രക്ഷനേടാനാകുമെന്ന ദളിത് തിരിച്ചറിവുകള്‍, .ജ്യോതിബായും ഭീംജിയും തുറന്നിട്ട വാതിലുകള്‍. ഇതൊക്കെ വളരെ ശക്തമായ എഴുത്തിടപെടലുകള്‍ നടത്താന്‍ പിന്നീടുവന്നവര്‍ക്ക് വഴികാട്ടികളായി.

Read Also  ഗൂഗിളിനു യൂറോപ്യന്‍ യൂണിയന്‍ 504 കോടി ഡോളര്‍ പിഴ  ചുമത്തി

ഇന്ന്, അതായത് ഓഗസ്റ്റ് ഒന്നിന് സാഥെയുടെ നൂറാം ജന്മദിനത്തില്‍ ഗൂഗിള്‍ ഡ്യൂഡില്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചില്ല. ഇന്നു മീനാകുമാരിയാണവരുടെ താരം. അതു നടക്കട്ടേ. അക്ഷരം ഒരു തരത്തില്‍ തീയാണെന്നു തിരിച്ചറിഞ്ഞ ഒരു തലമുറയെപ്പോഴും അനുബാവു സാഥെയെപ്പോലുള്ളവരെ ഓര്‍മ്മിക്കും അതു മതി.

Spread the love