ഏഴു വർഷങ്ങൾക്കു മുമ്പ് സീഗൾ സ്‌കൂൾ ഓഫ് പബ്ലിഷിങ്ങിൽ പുസ്തക രൂപകൽപ്പന പഠിക്കാനായി കൊൽക്കത്തയിലേക്ക് പോകുമ്പോൾ കൊൽക്കത്തയെക്കുറിച്ച് എന്റെ മനസ്സിലുള്ള ചിത്രം ഏതാനും സിനിമകളിലും സാഹിത്യ രചനകളിലും പിന്നെ കേട്ടു കേൾവികളിലും നിന്ന് രൂപപ്പെട്ടതായിരുന്നു . അതിൽ തന്നെ മനസ്സിൽ ഏറ്റവും തെളിഞ്ഞു നിന്ന ഒരു ചിത്രം ’36 ചൌരംഗീ ലൈന്‍’ എന്ന സിനിമയും അതിലെ കടല കൊറിക്കലും ഒക്കെയാണ് . സ്‌കൂളിൽ ഉള്ള ഒരു സൗഭാഗ്യം സീഗളിന്റെ എഴുത്തുകാരായ മഹാശ്വേതാദേവിയും ഗായത്രി ചക്രവർത്തി സ്പിവാക്കും ഒക്കെ ക്‌ളാസ് എടുക്കാൻ വരും എന്നതാണ്. അങ്ങനെ വന്നപ്പോഴാണ് ഐ.അലൻ സീലിയെ ഞാൻ ആദ്യമായി കാണുന്നത് . സത്യം പറഞ്ഞാൽ അങ്ങനെയൊരു എഴുത്തുകാരനെക്കുറിച്ച് ആദ്യമായി കേൾക്കുന്നതും അപ്പോഴാണ് .

പഠനം അവസാനിപ്പിച്ച്‌ പോരാനുള്ള അവസാനത്തെ ദിവസമാണ് അലൻ സീലി ഞങ്ങളോട് സംസാരിക്കാന്‍ വന്നത്. കൊട്ടിക്കലാശം . അദ്ഭുതകരമായ ആകസ്മികത എന്ന് പറയട്ടെ, ഇപ്പോള്‍ മാർക്കറ്റിൽ എളുപ്പം കിട്ടാത്ത ‘ട്രോട്ടെര്‍നാമ’ എന്ന അദ്ദേഹത്തിന്റെ ആദ്യ കൃതിയുടെ ഒരു കോപ്പി സീലി വരുന്നതിനു ഏതാനും ദിവസം മുമ്പ് എന്റെ കയ്യില്‍ വന്നു പെടുകയുണ്ടായി. ഞാന്‍ അഭയാര്‍ഥിയായി താമസിച്ച ഷിബു ദായുടെ ( ആള് ദാദയൊന്നുമല്ല, സാക്ഷാല്‍ മലയാളി. സഹൃദയന്‍.പോരാത്തതിനു വിജയാ ബാങ്കിൽ മാനേജര്‍. ഇതൊന്നും പോരാത്തതിനു അടിപൊളി കുക്കും. ഞാന്‍ പോലും ദിലീപ് ദാ ആണ് ക്ലാസ് മേറ്റ്സിനു . അത്രയ്ക്കേ ഉള്ളൂ ‘ദാ’ യുടെ പത്രാസ് !)വീട്ടിൽ പത്തു ദിവസത്തേക്ക് അതിഥിയായി വിദ്യാര്‍ഥി ചാറ്റര്‍ജി താമസിക്കാന്‍ വന്ന സമയമാണ്. വിദ്യാര്‍ത്ഥിയും അഭയാര്‍ഥിയും! വിദ്യാര്‍ഥി ദായുടെ കയ്യിലാണെങ്കിൽ ട്രോട്ടെര്‍നാമയുടെ അപൂര്‍വത്തില്‍ അപൂര്‍വമായ ഒരു കോപ്പി. അദ്ദേഹത്തിന് ബംഗളൂരുവിൽ നിന്നും മനു ചക്രവര്‍ത്തി അയച്ചു കൊടുത്ത 1988 ലെ വിദേശ കോപ്പി. ഒരൊന്നൊന്നര കിത്താബു തന്നെ കെട്ടിലും മട്ടിലും.
വിദ്യാര്‍ഥി ദായുമായി നടത്തിയ സംഭാഷണങ്ങള്‍ ഇല്ലായിരുന്നെങ്കിൽ അലൻ സീലി എന്ന് കേട്ട വഴിക്ക് ഞാനും ഏത് സീലി എന്ന് ചോദിച്ചേനെ. സീലി ഞങ്ങളുമായി ഇടപെടാൻ ക്‌ളാസിൽ വരുന്നു എന്ന് കേട്ടപ്പോള്‍ വിദ്യാര്‍ഥി ദായ്ക്ക് വലിയ ആവേശം . സീലിയെ കാണണം. ഞാന്‍ സ്‌കൂളിൽ പോയി പ്രത്യേക അനുവാദം വാങ്ങി അദേഹത്തെയും ക്ലാസ്സില്‍ കൊണ്ട് പോയി. വിദ്യാർത്ഥി വീണ്ടും വിദ്യാർത്ഥി !
ട്രോട്ടെര്‍നാമ 1988 ല്‍ ആണ് പുറത്തു വന്നത്.. അക്ബര്‍നാമ പോലെ ട്രോട്ടെര്‍ കുടുംബത്തിലെ ഏഴു തലമുറകളെ കുറിച്ച് എഴുതിയ ഇതിഹാസം. ‘മോക്ക് എപിക്ക്’ എന്ന് നീലാന്ജന റോയ്. ട്രോട്ടെര്‍നാമയുടെ ആമുഖത്തില്‍ ഇന്ത്യയിലെ ആംഗ്ലോ ഇന്ത്യന്‍ സാന്നിധ്യം ഇങ്ങനെ വിവരിക്കപ്പെടുന്നു.

‘ ഇന്ത്യന്‍ ജനസംഖ്യയുടെ രണ്ടു ശതമാനമാണ്
സിഖുകാര്‍. ഞങ്ങള്‍ അതിന്റെയും രണ്ടു ശതമാനമാണ്. ‘

Read Also  മാധ്യമത്തിനും മീഡിയ വണ്ണിനും ഐ.എസ്. റിക്രൂട്മെന്റിൽ പങ്ക്; ഗുരുതര ആരോപണവുമായി മന്ത്രി കെ. ടി. ജലീൽ

അതെ, മൃഗീയ ന്യൂനപക്ഷം. ക്‌ളാസിൽ വെച്ച് സംസാരിക്കുമ്പോൾ ആംഗ്ലോ ഇന്ത്യന്‍ സമുദായത്തെ സംബന്ധിക്കുന്ന പ്രതിനിധാനങ്ങള്‍ ഉളവാക്കിയ അമര്‍ഷവും നിരാശയും ആണ് തന്നെ ട്രോട്ടെര്‍നാമ എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് സീലി പറഞ്ഞു . അതിനു ഒരു നിദര്‍ശനമായി എടുത്തു പറഞ്ഞതോ , എന്റെ (വിദ്യാര്‍ഥി ദായുടെയും) പ്രിയപ്പെട്ട ’36 ചൌരംഗീ ലൈന്‍’ സിനിമയിലെ കഥാ പാത്രത്തെയും . ആ സിനിമയെക്കുറിച്ച് സൂചിപ്പിച്ച ശേഷം അമർഷവും ധർമരോഷവും കൊണ്ട് തലയ്ക്കു കയ്യും കൊടുത്തു ഒരിരിപ്പായിരുന്നു അദ്ദേഹം! സീലിയുടെ ആ തലയ്ക്കു കൈ കൊടുക്കല്‍ എനിക്ക് തലയ്ക്ക് അടിയേറ്റ പോലെ ആയിരുന്നു !

Image result for allan sealy trotter nama
വിദ്യാര്‍ത്ഥിയും അഭയാര്‍ഥിയും കൂടി പിറ്റേന്ന് ഒരഭിമുഖം കൂടി തരപ്പെടുത്തി സീലിയുമായി. സീഗൾ ബുക് സ്റ്റാളിൽ വെച്ച് ഒന്നര മണിക്കൂര്‍ സംഭാഷണം. അതിനിടെ ഞാൻ വീണ്ടും ചോദിച്ചു, ‘സത്യത്തില്‍ എന്താ ചൌരംഗിയുടെ പ്രശ്നം?’ ‘മോശം മൂവി.സത്യസന്ധമല്ല. അതിന്റെ അടിസ്ഥാന സംകല്‍പ്പം തന്നെ തെറ്റാണ്. ദുര്‍ബലമായ പടം..വിശദമായ വിമര്‍ശനം സമയം കിട്ടിയാല്‍ എഴുതണം.’ സിനിമാ വിമർശകൻ എന്ന നിലയ്ക്ക് സീലിയുമായി നമ്മൾ യോജിച്ചു കൊള്ളണമെന്നില്ല . എന്നാൽ ഏറ്റവും ഭ്രഷ്ടരായ സ്വത്വ വിഭാഗങ്ങളെ സംബന്ധിക്കുന്ന വാർപ്പു മാതൃകകൾ നമ്മുടെയെല്ലാം അബോധത്തിൽ എത്ര ആഴത്തിലും ആത്മാർത്ഥമായും ആണ് ആരേഖനം ചെയ്യപ്പെട്ടിട്ടുള്ളത് എന്നത് പുനരാലോചിക്കാൻ അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനവും എഴുത്തും പ്രേരിപ്പിക്കും എന്നത് നിസ്തർക്കമാണ് .
ആംഗ്ലോ ഇന്ത്യക്കാരുടെ ചരിത്രം കുഴിച്ചു മൂടപ്പെട്ട ചരിത്രമാണ് .സീലിയുടെ ഒരു കഥാപാത്രം പറയും പോലെ ‘ ചരിത്രത്തിനു വശങ്ങളില്ല. മുന്നും പിന്നുമുണ്ട്. വഷളന്‍മാരതിനെ ഭൂതം, ഭാവി എന്ന് വിളിക്കുന്നു. വശങ്ങളോ ? ഇല്ലേയില്ല. ‘
ആംഗ്ലോ ഇന്ത്യൻ എന്ന് പറയുന്നത് തന്നെ പല സ്വത്വ വിഭാഗങ്ങളെ കൂട്ടിച്ചേർത്ത് രൂപപ്പെടുത്തിയ ഒരു പ്രയോഗമാണ് . അതിനെ സംബന്ധിച്ചുള്ള മുൻധാരണകൾ അഴിച്ചു പരിശോധിക്കേണ്ടതുണ്ട് . കേരളത്തിലെ പറങ്കികളുടെ കാര്യം നല്ല ഉദാഹരണമാണ് . പ്രഭവം നോക്കിപ്പോയാൽ പോർത്തുഗീസു ബന്ധം കണ്ടെത്താം . ഡച്ച് , പോർത്തുഗീസ് കോളനികളായ മലേഷ്യയിൽ നിന്നും മലാക്കയിൽ നിന്നും തൊഴിലാളികളായി വന്നവരാണ് പറങ്കി എന്ന സങ്കര സ്വത്വത്തിനു പിന്നിൽ .1911 ൽ ഗവണ്മെന്റ് ആംഗ്ലോ ഇന്ത്യൻ എന്നതിന് ഒരു നിർവചനം കൊണ്ടു വന്നപ്പോൾ ഒരു ചെറു വിഭാഗം പറങ്കികൾ ആ നിർവചനത്തിനുള്ളിൽ കയറിപ്പറ്റി . അപ്പോഴും ഭൂരിപക്ഷം വരുന്ന ദരിദ്രർ അതിനു പുറത്തായിരുന്നു .

ജോണി മിറാൻഡയുടെ “ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയുള്ള ഒപ്പീസ് ” എന്ന നോവലിനെ മുൻ നിർത്തി ജെ.ദേവിക എഴുതിയ ഒരു പഠനലേഖനമാണ് കേരളത്തിലെ ഈ മൃഗീയ ന്യൂനപക്ഷത്തിലേക്ക് എന്റെ ശ്രദ്ധ തിരിച്ചത് . നാണക്കേട് എന്ന് പറയട്ടെ , ദേവിക തന്നെയാണ് ജോണി മിറാൻഡ എന്ന അനുഗ്രഹീത നോവലിസ്റ്റിലേക്ക് എന്റെ ശ്രദ്ധ ആകർഷിച്ചതും .

ശ്രദ്ധയ്ക്ക് അങ്ങനെയൊരു പ്രശ്നമുണ്ട് . ചില എഴുത്തുകാരും അനുഭവലോകവും സ്വത്വ വിഭാഗങ്ങളും അധീശഭാവനയിലും മുഖ്യധാരാ ഭാവുകത്വത്തിലും അദൃശ്യമായിരിക്കും . കൊച്ചിയുടെ കോസ്മോപോളിറ്റനിസത്തെ ചുറ്റിയുള്ള പൊങ്ങച്ചത്തിന്റെ മണ്ടയ്ക്ക് ദേവിക തന്റെ ലേഖനത്തിൽ നല്ല കിഴുക്ക് കൊടുക്കുന്നുണ്ട് . ആ കോസ്മോപോളിറ്റനിസത്തിൽ പ്രമാണി സമുദായങ്ങൾ മാത്രമേ ചേരുകയുള്ളൂ . സിറിയൻ ക്രിസ്ത്യാനികളും ജൂതന്മാരും അറബ് മുസ്ലിംകളും . അത് മലയാളിയുടെ പൊങ്ങച്ചത്തിനു വളം വെക്കുന്നു .മലയാളി ചരിത്രത്തിൽ അദൃശ്യരായ പറങ്കികൾ ഒക്കെ ഒരു കീഴാള -കോസ്മോപോളിറ്റനിസത്തിന്റെ സാന്നിധ്യമാണ് കാണിക്കുന്നത് എന്നാണ് ദേവികയുടെ വാദം . നവോത്ഥാനം എന്ന് പൊങ്ങച്ചത്തോടെ മലയാളികൾ സ്വയം അഭിനന്ദിക്കുന്ന പ്രക്രിയ പ്രബല സമുദായങ്ങൾ ശക്തിയാർജ്ജിച്ച ഒരു പ്രക്രിയയാണ് .ജയിച്ച സമുദായങ്ങളുടെ നിർമ്മിതിയാണ് ആധുനിക കേരളം . ഹൈന്ദവ ഇതരരും വൈദേശിക പ്രഭവങ്ങൾ ഉള്ളവരും അങ്ങേയറ്റം ദരിദ്രരുമായവർ ആ മലയാളി സ്വത്വത്തിൽ ഇല്ല. അത് കൊണ്ട് തന്നെയാണ് ജോണി മിറാൻഡയും അദ്ദേഹം ആവിഷ്കരിക്കുന്ന പറങ്കികളുടെ സങ്കര – സ്വത്വ യാഥാർഥ്യങ്ങളും പെട്ടെന്ന് ശ്രദ്ധയിൽ വരാത്തത് . ശുദ്ധ സമുദായ സ്വത്വം മുൻ നിർത്തുമ്പോഴേ സ്വത്വ പ്രതിസന്ധി പോലും ഇന്നാട്ടിൽ ആധികാരികത നേടുകയുള്ളൂ . കലർപ്പിനെ തേടുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന മിറാൻഡ സങ്കീർണവും സങ്കരവുമായ അസ്തിത്വ പ്രതിസന്ധികളാണ് വരച്ചിടുന്നത് . അദ്ദേഹത്തിന്റെ “നനഞ്ഞ മണ്ണടരുകൾ ” (മാധ്യമം വാര്ഷികപ്പതിപ്പ് , 2018 ) എന്ന നോവലിൽ നിന്നും രണ്ടു വർണ്ണനകൾ എടുത്തെഴുതട്ടെ :

Read Also  രണ്ട് പൂച്ചക്കഥകൾ

“റോസി വരാന്തയിൽ , പശപ്പച്ചരി കൊണ്ടുണ്ടാക്കിയ പുട്ടു കുത്തിയിട്ടതു പോലെ കുഴഞ്ഞു മറിഞ്ഞ് പൊടിഞ്ഞു വീണു കിടക്കുന്നു “

“..അച്ചായാകട്ടെ മുള പൊട്ടി പൊങ്ങു വളർന്ന തേങ്ങായുടെ പീര പോലെ നെയ്‌മയവും രുചിയും നഷ്ടപ്പെട്ട് പിശറായിപ്പോയി “

അലൻ സീലിയായാലും ജോണി മിറാൻഡയായാലും സവിശേഷ സമുദായങ്ങളുടെ ഡോക്യുമന്റേഷൻ നടത്തുന്ന എഴുത്തുകാരല്ല . ഇക്കാല രചയിതാക്കളിൽ സർഗ്ഗാത്മകത കൊണ്ടും ആവിഷ്കാര വിധം കൊണ്ടും മുന്നിൽ നിൽക്കുന്ന രണ്ട് അനുഗ്രഹീത രചയിതാക്കളാണ് . അവർ അർഹിക്കുന്ന ശ്രദ്ധയും അംഗീകാരവും അവർക്ക് ലഭിക്കുക അവർ ആവിഷ്കരിക്കുന്ന സമകാല -അനുഭവ ലോകങ്ങൾക്ക് സമര്ഥനം ലഭിക്കുന്ന ഒരു രാഷ്ട്രീയ സന്ദർഭത്തിലാവും. നമ്മുടെ വർത്തമാനം ഭ്രഷ്ടരിൽ ഭ്രഷ്ടരായവർ എല്ലാ നവോത്ഥാന വാചകമടികൾക്കുമെതിരെ സ്വയം സമർത്ഥിക്കുന്നു ഒന്നു കൂടിയാണല്ലോ . ( അല്ലേ ?)

നിങ്ങളിൽ തലയ്ക്ക് അടിയേൽക്കാത്തവർ അലൻ സീലിയിലേക്കും ജോണി മിറാൻഡയിലേക്കും തിരിയുവിൻ !

LEAVE A REPLY

Please enter your comment!
Please enter your name here