Thursday, January 20

പാരമ്പര്യേതര ഊർജ്ജ രംഗത്തെ വെല്ലുവിളികൾ; ആര്‍ വി ജി മേനോനുമായി അഭിമുഖം

പ്രമുഖ ഊര്‍ജ്ജവിദഗ്ദ്ധനും പരിസ്ഥിതിപ്രവർത്തകനുമായ ആര്‍ വി ജി മേനോനുമായി പ്രതിപക്ഷം.ഇന്‍ നടത്തിയ അഭിമുഖത്തിൻ്റെ രണ്ടാം ഭാഗം 

പ്രതിപക്ഷം ന്യൂസ് ബ്യൂറോ

??എന്തായാലും കേരളത്തിലെ നിലവിലുള്ള ജലവൈദ്യുതപദ്ധതികൾ കൊണ്ട് മാത്രം ആവശ്യത്തിന് വൈദ്യുതി ലഭിക്കില്ലല്ലോ. നമുക്ക് ആശ്രയിക്കാവുന്ന മറ്റു ഊർജ്ജസ്രോതസ്സുകൾ ഏതൊക്കെയാണ്.?

കേരളത്തിന്‍റെ  ആവശ്യത്തിന്‍റെ  40 %  മാത്രമേ  ഇപ്പോൾ ഇവിടെ ഉൽപ്പാദിപ്പിക്കപ്പെടുന്നുള്ളൂ. ബാക്കി നമ്മൾ പുറത്തുനിന്നും വാങ്ങിക്കുകയാണല്ലോ. ലോകത്ത് മൊത്തം നോക്കുമ്പോൾ ഉർജ്ജ നിർമ്മാണരംഗത്തുതന്നെ 50% ഉം കൽക്കരിയിൽ നിന്നുമാണ്. ഇന്ത്യയെ സംബന്ധിച്ച് കുറച്ചുകൂടി കൽക്കരിയാണ് ലഭ്യമായിട്ടുള്ളത്. എന്നാൽ നേരത്തെ പറഞ്ഞതുപോലെ ഓയിലും കൽക്കരിയും കത്തിക്കുമ്പോഴുണ്ടാകുന്ന കാർബൺ ഡൈ ഓക്സൈഡ് ആഗോളതാപനത്തിനു കാരണമാകുന്നു. ഒന്നു സപ്ലൈ സൈഡിലുള്ള ദൗർലഭ്യം. രണ്ട് ഇതു കത്തിക്കുമ്പോഴുണ്ടാകുന്ന മലിനീകരണം, അതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനം. ഈ രണ്ടു കാര്യങ്ങൾകൊണ്ടാണ് പുതുക്കപ്പെടാവുന്ന ഊർജ്ജത്തിലേക്ക് ലോകമൊട്ടാകെയുള്ള ആളുകൾ മാറുന്നത്. ട്രമ്പ് വന്നതിനു ശേഷം യു എസ് മാത്രമാണ് സ്വല്പമറച്ചുനിൽക്കുന്നത്. യൂറോപ്പിലെല്ലാം ഈ മാറ്റം പ്രകടമാണ്. അഫ്രിക്കയിൽ സഹാറപോലുള്ള പ്രദേശങ്ങളിൽ സോളാർ പവർ പ്ലാൻ്റ് സ്ഥാപിച്ചുകൊണ്ട് അവിടെനിന്നും പൈപ്പ് വഴി എനർജിയെത്തിക്കുക എന്നതും പരിഗണനയിലാണ്. ഇതൊക്കെ നാം നേരത്തെ ചർച്ച ചെയ്തതാണല്ലോ.

??നമ്മുടെ സംസ്ഥാനത്തിൽ സൗരോർജ്ജത്തിന്റെ സാധ്യതകൾ ഏതെല്ലാം രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയും?

ഊർജ്ജം ഉല്പാദിപ്പിച്ചാൽ മാത്രം പോരാ അതു നമുക്കാവശ്യമുള്ള സമയത്തു കിട്ടുകയും വേണം. സൗരോർജ്ജത്തിൻ്റെ കാര്യത്തിലുള്ള ഒരു പ്രശ്നം ഇതുതന്നെയാണ്. നമുക്കു രാത്രിയും പകലും വൈദ്യുതി ആവശ്യമാണ്.

സൌരോര്‍ജ്ജമുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം

??അപ്പോൾ ഊർജ്ജലഭ്യതയ്ക്കായി  സൌരോര്‍ജ്ജസ്വപ്നം ഉപേക്ഷിച്ചു   നാം മറ്റു മാർഗ്ഗങ്ങൾ   തേടേണ്ടിവരില്ലേ?

സൗരോർജ്ജവും കാറ്റിൽനിന്നുള്ള ഊർജ്ജവും പ്രാവർത്തികമാകുന്നതോടെ നമുക്ക് റിസർവോയറുകളൊന്നും വേണ്ട താപനിലയങ്ങൾ വേണ്ട എന്ന് പലരും പറയാറുണ്ട്. പക്ഷെ അതിന്റെ പ്രശ്നം എന്നുപറയുമ്പോൾ പുനരുത്പാദനഊർജ്ജസ്രോതസ്സുകൾ ആവശ്യമുള്ള സമയത്ത് ലഭിക്കാറില്ല.  സൗരോർജ്ജമാണെങ്കിൽ പകൽ മാത്രമേ ഉത്പാദിപ്പിക്കാന്‍ കഴിയുകയുള്ളൂ . അത് അസ്ഥിരമായ ഊര്ജ്ജമാണ്. മാത്രമല്ല അത് എല്ലായിടത്തും ഉണ്ടാവണമെന്നില്ല. അതായത്, രാത്രിയാണ് കൂടുതൽ ഉപയോഗമുള്ളത്. അപ്പോൾ ഊർജ്ജം സ്റ്റോർ ചെയ്യാതെ പറ്റില്ല. സൗരോർജ്ജത്തിൽ സ്റ്റോറേജ് സൗകര്യത്തിനു ബാറ്ററി ഉപയോഗിക്കണമെന്നാണ് പലരും പറയുന്നത്. പക്ഷെ ബാറ്ററി വളരെ ചെലവേറിയ സംഗതിയാണ്. അതിനു പുതിയ സാങ്കേതികവിദ്യ വന്നിട്ടുണ്ട്. അതിലൊന്ന് ലിഥിയം അയോൺ ബാറ്ററിയാണ്. അത് മെറ്റൽ ഓക്‌സൈഡ് ബാറ്ററിയേക്കാൾ ആയുസ്സ് കൂടുതലുണ്ട്. പക്ഷെ വില അല്പം കൂടുതലാണ്. ഇപ്പോൾ ഇതിന്റെ വില കുറയുന്നുണ്ട്, ഇനിയും കുറയും എന്നൊക്കെ കേൾക്കുന്നു. പക്ഷെ ഇതിനോട് വ്യക്തിപരമായി വിയോജിപ്പുണ്ട്. കാരണം ഇത് പരിസ്ഥിതിക്ക് ഇണങ്ങുന്നതല്ല. ധാരാളം കെമിക്കൽസ് അടങ്ങിയിട്ടുള്ള ബാറ്ററിയാണിത്. ഇതിന്റെ കാലാവധി കഴിയുമ്പോൾ ഇത് കളയണം. അപ്പോൾ സൗരോർജ്ജം പ്രായോഗികമാണെന്നു എനിക്ക് തോന്നുന്നില്ല

Read Also  കെ സുരേന്ദ്രൻ്റെ പത്രിക തള്ളിപ്പോകാൻ സാധ്യത ; 243 കേസുകളിൽ പ്രതിയാണെന്ന് സർക്കാർ

?? അപ്പോൾ സൗരോർജ്ജത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ കൂടുതൽ പണം നല്കേണ്ടിവരുന്നു. അതല്ലേ പ്രശ്നം  ?

സോളാർ സെല്ലിൽ നിന്നും ഒരു വാട്ട് വൈദ്യുതിയുണ്ടാക്കണമെങ്കിൽ സെല്ലിൻ്റെ വില അഞ്ചു ഡോളറായിരുന്നു, അതായത് ഒരു വാട്ടിനു അഞ്ചു ഡോളർ. അപ്പോൾ ഒരു കിലോവാട്ടിന്        അയ്യായിരം ഡോളർ അത്രയും മുടക്കി ഒരു സിസ്റ്റം വച്ചാൽ മാസത്തിൽ ഒരു നൂറു നൂറ്റമ്പത് വാട്ട് കറൻ്റ് കിട്ടും. ആണ്ടിൽ ആയിരത്തിയഞ്ഞൂറെന്നു വയ്കാം ഇത് ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും എടുക്കുകയാണെങ്കിൽ രണ്ടര മൂന്നു രൂപാവച്ച് കൊടുത്താൽ മതിയാകും. ചെലവിൽ അല്പം മാറ്റം വന്നത് ഞാൻ മുൻപ് സൂചിപ്പിച്ചതുപോലെ ചൈനാക്കരുടെ ഇടപെടൽ കൊണ്ടാണ്. അവർ വലിയതോതിൽ സോളാർ എന്ര്ജിയ്കു വേണ്ടി ഇലക്ട്രോണിക്സിൽ മുതൽ മുടക്കി.സോളാർ സെൽ ഉണ്ടാക്കനുപയോഗിക്കുന്ന അതി ശുദ്ധമായ സിലിക്ക ഹൈ പ്യൂരിറ്റിയെന്നുപറഞ്ഞാൽ 99.99 ആണ്.   അതിൻ്റെ വില വളരെ കൂടുതലായിരിക്കും. അതുകൊണ്ടാണ് സോളാർ സെല്ലിൻ്റെ വില കൂടിയിരുന്നത് ചൈനാക്കാർ ഈ ഹൈ പ്യൂരിറ്റി സിലിക്കൺ വലിയ തോതിൽ ഉൽപ്പദിപ്പിച്ച് ഈ സോളാർ സെല്ലിൻ്റെ വില അഞ്ചു ഡോളറിൽ നിന്നും ഒരു ഡോളറിലും താഴേക്ക് കൊണ്ടുവന്നു. അതാണ് സോളാർ സെല്ലിൻ്റെ വില കുറയാൻ കാരണമായത്. ഇപ്പോഴത്തെ ഇൻ്റർനാഷണൽ വില ഏകദേശം 40 സെൻ്റ്സ് /വാട്ടാണ്.(ഏതാണ്ട് മുപ്പത് രൂപയ്ക്ക് തുല്യം)ഒരു കിലോവാട്ടിനു മുപ്പതിനായിരം രൂപ. മുപ്പതിനായിരം രൂപയ്കു ഒരു കിലോ വാട്ടിനുള്ള പാനൽ കിട്ടും. പിന്നെ അതിനായിട്ട് അത്രയും തന്നെ വിലയോളമുള്ള ഇലക്ട്രോണിക്ക് സാമഗ്രികൾ വേണം. ഈ വിലക്കുറവ് വന്നതുകൊണ്ടാണ് സോളാർ എനർജി അവിടെയൊക്കെ പോപ്പുലറാകുന്നത്.

??കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ കേരളത്തിൽ ആരംഭിച്ചുകൂടെ?

വിൻ്റ് മില്ലുകളുടെ ചെലവ് കുറഞ്ഞിട്ടുണ്ട് എന്നത് വസ്തുതയാണ്. ഒരു പവർ പർച്ചേസ് എഗ്രിമെൻ്റ് ചെയ്താൽ പ്രൈവറ്റ് പാർട്ടികളിലൂടെ ഗവണ്മെൻ്റിനോ ഇലക്ട്രിസിറ്റിബോർഡിനോ ഇതു നടത്താവുന്നതാണ്. കേരളത്തിലെ അവസ്ഥയിൽ വലിയ സോളാർ പാനലിനു സ്ഥലം കിട്ടാത്തതിനാൽ റൂഫ്ടോപ്പ് പാനലുകളായിരിക്കും കൂടുതൽ സൗകര്യം. അതിനുള്ള സാധ്യതയുണ്ടോ, സ്ഥലം  തികയുമോ എന്നുള്ള ചോദ്യങ്ങളൊക്കെയുണ്ട്. ഇതിനെസംബന്ധിച്ച് കുറേ പഠനങ്ങൾ നടന്നിട്ടുണ്ട്. അതിൽ നിന്നും നമ്മുടേ ആവശ്യത്തിനു തികയും എന്നാണ് കണക്കുകൂട്ടൽ. അങ്ങനെയൊരു മാറ്റം ഇപ്പോൾ വരുന്നതിനുകാരണം മാർക്കറ്റിൻ്റെ സമ്മർദ്ദം തന്നെയാണ്. മാർക്കറ്റിൽ ഇതു ലാഭകരമല്ലെങ്കിൽ ഇത് സംഭവിക്കുകില്ല. അതുപയോഗിക്കാനുള്ള മനസ്ഥിതിയും ഇച്ഛാശക്തിയും ഇലക്ട്രിസിറ്റി ബോർഡിനുണ്ടാകണം അതാത്യന്തികമായി രാഷ്ട്രീയമായ തീരുമാനത്തിലാണ് ചെന്നെത്തുന്നത്. അതായത് ഗവണ്മെൻ്റിൻ്റെ നയപരമായ തീരുമാനമാണുണ്ടാകേണ്ടത് .

?? കേരളത്തിൽ തിരമാലയിൽനിന്നുള്ള ഊർജ്ജോൽപ്പാദനത്തിനുള്ള സാധ്യതകൾ??

തിരമാലയിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള സാധ്യതകളുണ്ട്. അതിനുള്ള ശ്രമങ്ങൾ അത്രയേറെ ഇവിടെ നടക്കുന്നില്ല. അതേക്കുറിച്ചു ആലോചിക്കേണ്ടിയിരിക്കുന്നു

അഭിമുഖത്തിൻ്റെ ഒന്നാം ഭാഗം ഇവിടെ വായിക്കാം

ഇനി വലിയ അണക്കെട്ടുകൾ നമുക്കുവേണ്ട; ‘പമ്പ് ടു സ്റ്റോറേജ് പദ്ധതി’ യാണ് ബദലെന്നു ആർ വി ജി മേനോൻ… 

Read Also  പുതിയ കേരള നേതൃത്വവുമായി മാവോയിസ്റ്റുകൾ പ്രവർത്തനം ശക്തമാക്കുന്നതായി റിപ്പോർട്ട്

അഭിമുഖം ഇവിടെ അവസാനിക്കുന്നില്ല

അടുത്ത ഭാഗം

മലയാളിയുടെ പാർപ്പിട സങ്കല്പം.
Spread the love