2020 ജനുവരി 26 നു ദില്ലിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യം പ്രതിരോധ മന്ത്രാലയം ഒഴിവാക്കി. പൗരത്വ നിയമ ഭേദഗതിയിലുൾപ്പെടെ കേന്ദ്ര സർക്കാരിനെ നിരന്തരം എതിർക്കുന്ന സംസ്ഥാനമായതുകൊണ്ടാണ് കേരളത്തിനു അയിത്തം കല്പിച്ചിരിക്കുന്നു. പശ്ചിമ ബംഗാളിന്റെയും മഹാരാഷ്ട്രയുടെയും ഫ്ലോട്ടുകൾ നേരത്തെതന്നെ ഒഴിവാക്കിയ വാർത്ത പുറത്തുവന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേരളത്തിന്റെ ഫ്ലോട്ടുകൾ ഒഴിവാക്കിയത്. മൂന്നു സംസ്ഥാനങ്ങളെ ഒഴിവാക്കിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണമുയർന്നിട്ടുണ്ട്.

കേന്ദ്രസർക്കാർ നിയമിച്ച വിദഗ്ധസമിതി ആവശ്യപ്പെട്ടതുപ്രകാരം തിരുത്തലുകൾ നടത്തി ടാബ്ലോകൾ മൂന്നു തവണയായി അവതരിപ്പിച്ചെന്നും എന്തുകൊണ്ടാണ് തള്ളിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടില്ലെന്നും കേരളാ ഹൗസ് റെസിഡന്റ് കമ്മീഷണർ പുനീത് കുമാറും പറഞ്ഞു. 

ബംഗാളിൽ നിന്നുള്ള കലാകാരനായ ബാപ്പ ചക്രവർത്തിയാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം ഒരുക്കിയിരുന്നത്. കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സാംസ്‌കാരിക ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം പ്രതിരോധ മന്ത്രാലയത്തിലെ വിദഗ്ധ സമിതിക്കു മുന്നിൽ അവതരിപ്പിച്ചത്. വെള്ളം ലാഭിക്കുന്നതിനുള്ള മാർഗങ്ങളുൾപ്പെടുത്തിയ വികസന പ്രവർത്തനങ്ങളുടടെ നിശ്ചല ദൃശ്യം ബംഗാൾ നൽകി. പക്ഷെ ഇതെല്ലാം ഒഴിവാക്കിയതായുള്ള അറിയിപ്പ് പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

മൂന്നു സംസ്ഥാനങ്ങളുടെ കേന്ദ്രവിരുദ്ധ നിലപാടുകൾ മൂലമാണ് ഫ്ളോട്ടുകൾ ഒഴിവാക്കിയതെന്ന് പകൽ പോലെ വ്യക്തമാണ്. റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്റെ അഭിമാനമാണെന്നും അവിടെ ഏറ്റവും മികച്ചതു മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും ജൂറി അംഗവും പ്രശസ്ത നർത്തകിയുമായ ജയപ്രദാ മേനോൻ പറഞ്ഞു. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് ടാബ്ലോകൾ തിരഞ്ഞെടുക്കുന്നത്. മൂന്നാം ഘട്ടത്തിലാണ് കേരളം പുറന്തള്ളപ്പെട്ടത്. ബംഗാളാകട്ടെ രണ്ടാം ഘട്ടത്തിൽ തന്നെ പുറത്തായി.

ന്യൂഡൽഹിയിൽ ഇത്തവണ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ നിശ്ചല ദൃശ്യങ്ങൾ അവതരിപ്പിക്കുന്നതിന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 32 മാതൃകകൾ സമർപ്പിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേർന്ന് 24 മാതൃകകൾ നൽകി. ഇതിൽ 16 സംസ്ഥാനങ്ങളുടേതുൾപ്പെടെ 22 എണ്ണത്തിനാണ് കേന്ദ്രം അനുമതി നൽകിയത്.

ഇന്ത്യ റിപ്പബ്ലിക്കായതിനുശേഷം ഫ്ളോട്ടുകൾ അവതരിപ്പിച്ച കേരളം ബിജെപി സർക്കാർ അധികാരത്തിലേറുന്നതിനു തൊട്ടുമുമ്പ് 2013ൽ പ്രദർശിപ്പിച്ച പുര വഞ്ചിക്ക് റിപ്പബ്ലിക് ദിന പരേഡിൽ സ്വർണ മെഡൽ ലഭിച്ചിരുന്നു. ആദ്യമായി 1996ലാണ് കേരളം സമ്മാനം നേടിയത്. ബാപ്പ ചക്രവർത്തിയിലൂടെ നാലു തവണ ഒന്നാമതെത്തിയ കേരളത്തിന് ബിജെപി അധികാരത്തിലെത്തിയ ശേഷം 2018ൽ മാത്രമാണ് പരേഡിൽ പങ്കെടുക്കാനായത്. ഓച്ചിറ കെട്ടുകാഴ്ചയാണ് അന്ന് അവതരിപ്പിച്ചത്.

ഫ്‌ളോട്ട് നിർമ്മിച്ച ശില്പിയും കേന്ദ്രത്തിന്റെ നടപടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. കേരളത്തിന്റെ ഇത്തവണത്തെ ഫ്ളോട്ട് വളരെയധികം മികവു പുലർത്തിയിരുന്നുവെന്നും തള്ളപ്പെട്ടതിനു പിന്നിൽ രാഷ്ട്രീയമുണ്ടോ എന്നൊന്നും അറിയില്ലെന്നും ബാപ്പ ചക്രവർത്തി പറഞ്ഞു. ആര് അവതരിപ്പിക്കുന്നു എന്നതല്ല, എന്ത് അവതരിപ്പിക്കുന്നു എന്നതിനായിരിക്കണം പരിഗണനയെന്നും അല്ലെങ്കിലത് വിഡ്ഢിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also  വിവരം ചോർത്തിയ കാര്യം രണ്ടുതവണ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടും മൗനം പാലിച്ചുവെന്ന് വാട്സാപ്പ്

കേരളത്തിന്റെ ഫ്ളോട്ടുകൾ കഴിഞ്ഞ തവണ നിരാകരിച്ചത് വിവാദമായിരുന്നു. പരാതിയെത്തുടർന്നു ഒടുവിൽ ഫ്‌ളോട്ട് അംഗീകരിക്കുകയായിരുന്നു. പക്ഷെ ഇത്തവണ കേരളത്തിന്റെ ഫ്‌ളോട്ട് ഒഴിവാക്കിയത് പുനഃപരിശോധിക്കില്ല എന്നാണറിയുന്നത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here