Thursday, January 20

പിന്നെയും സമ്പദ് വ്യവസ്ഥയുടെ തലയ്ക്കടി ; റിസര്‍വ് ബാങ്ക് കങ്കാണി വെറും ചരിത്രബിരുദദാരി

ഖജനാവിൻ്റെ  താക്കോല്‍പഴുത്‌ എവിടെയെന്നുപോലും തപ്പിപ്പിടിക്കാനറിയാത്ത ഒരാള്‍.  ഇനി അഥവാ അത് കണ്ടുപിടിച്ചാല്‍തന്നെ ഭണ്ഡാരപ്പെട്ടിയുടെ താക്കോല്‍ തുറക്കാനായി  വലത്തോട്ടോ ഇടത്തോട്ടോ ആണോ തിരിക്കേണ്ടതെന്നു നിശ്ചയമില്ല.  അത്തരത്തിലുള്ള  ഒരു അപ്പാവിയെയാണ് ഇന്ത്യന്‍ പൗരന്‍റെ തലയിലേയ്ക്ക് ചാവിയും കൊടുത്ത് എടുത്തിരുത്തിയിരിക്കുന്നത്. 

1494 ന്‍റെ പാഠം പഠിപ്പിക്കാനാണോ ഇങ്ങേരു വന്നിരിക്കുന്നത്.. ചരിത്രത്തില്‍ വീണ്ടും ചാള്‍സ് എട്ടാമന്‍ വരുമെന്ന് ആരേലും പ്രവചനം നടത്തീട്ടുണ്ടോ?

 

തലകുത്തി വീണുകിടക്കുന്ന ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയുടെ  തലയ്ക് ഇതാ വീണ്ടും കമ്പിപ്പാരയുടെ  വലിയൊരടി..  സാധാരണയായി സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറെറ്റോ സാമ്പത്തികമേഖലയില്‍, അനൗപചാരികമായ നിരന്തരഗവേഷണമോ ഒന്നുമില്ലാതെ ഒരാള്‍ ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയുടെ തലപ്പത്തുവന്നാല്‍ സാമ്പത്തിക മേഖലയുടെ  ഭാവിയെന്താകും? റിലയന്‍സ് എന്ന കോര്‍പ്പറെറ്റ് കമ്പനിയുടെ കണക്കപ്പിള്ളയായിരുന്നയാളെ റിസര്‍വ് ബാങ്ക് തലപ്പത്ത് കൊണ്ടുവന്നു വിവാദമുണ്ടാക്കിയ നരേന്ദ്രമോദിയുടെ പുതിയ ഖജനാവ് സൂക്ഷിപ്പുകാരന്‍റെ അവരോധിക്കലും എങ്ങും ചര്‍ച്ചാവിഷയമാകുന്നു. ചരിത്രത്തിലുള്ള ബിരുദമാണത്രേ  പുതിയ റിസര്‍വ് ബാങ്ക് കങ്കാണി ശക്തി കാന്തദാസിൻ്റെ അക്കാദമിക മികവ്.

ഓ..  ഐ എ എസ് ഓഫീസറായി സേവനമനുഷ്ടിച്ച ഇദ്ദേഹത്തിനു ആകെയുള്ള  യോഗ്യത കേന്ദ്ര ധനകാര്യ സെക്രട്ടറിയുടെ കസേരയിലിരുന്നു കുറച്ചുനാൾ എന്നതാണ്. പക്ഷെ സാധാരണഗതിയില്‍ ഏതോരു മൂത്ത ഐ എ എസ് പയ്യനെയും ഈ പദവിയില്‍ എടുത്തിരുത്താവുന്നതാണ്.  സാമ്പത്തിക മേഖലയില്‍ അനൗപചാരികമായിട്ട്  പോലും ഒറ്റയൊരു തീസീസ്  എഴുതിയിട്ടില്ലാത്ത ആളെയാണ് റിസര്‍വ് ബാങ്ക് തലപ്പത്തെയ്ക്ക് മോദി പൊക്കിക്കോണ്ടുവന്നിരിക്കുന്നത്. 

അത്ര വലിയ വിദഗ്ദ്ധനെയൊക്കെ കൊണ്ടുവന്നാല്‍ മോദി- ഷാ അച്ചുദണ്ഡിന്‍റെ  ഇംഗിതത്തിനു വഴങ്ങാതെ വരുമെന്നാണ് ബി ജെ പി കേന്ദ്രത്തിന്റെ  വിലയിരുത്തല്‍. അതുകൊണ്ട് കയ്യില്‍ നില്‍ക്കുന്നവരെ കൊണ്ടുവന്നാല്‍ അങ്ങോട്ട്‌ പറയുന്നതെല്ലാം ഏറാന്‍ മൂളിനിന്നു നടപ്പാക്കുമെന്നാണ് ജനസംസാരം. 

                        ഊര്‍ജിത് പട്ടേല്‍ 

കരുതല്‍ ശേഖരത്തില്‍നിന്നും പണമെടുക്കുന്നത് അപകടമാണെന്ന് സാമ്പത്തികവിദഗ്ധരെല്ലാം അഭിപ്രായപ്പെടുന്നു. ഇതൊരു കുഞ്ഞുവ്യവസായിക്കുപോലും അറിയാവുന്ന രഹസ്യവുമാണ്. നാം തന്നെ അത്യാസന്നനിലയില്‍ ആശുപത്രിയിലോ മറ്റൊ പോകാനായി മാറ്റി വെച്ചിരിക്കുന്ന കാശെടുത്ത് പോറോട്ടയും ചിക്കനും വാങ്ങിതിന്നുന്നതോന്നാലോചിച്ചു നോക്കിയേ. ഇതിനു വഴങ്ങാത്തതിനാണ് ഊര്‍ജ്ജിതനായ പട്ടെലിനോട് സ്ഥലം കാലിയാക്കിക്കോള്ളാന്‍ പറഞ്ഞത്. 

   ഫ്രാന്‍സില്‍  സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായ യുദ്ധം 

1980 ബാച്ചില്‍ തമിഴ് നാട്ടില്‍നിന്നും വന്ന ഐ എ എസുകാരനായ ശക്തി കാന്തദാസ് നരേന്ദ്രമോദിയുടെ നോട്ടു നിരോധനത്തെ വാനോളം പുകഴ്ത്തിയതു തന്നെയാണദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. അന്നുതന്നെ  ഇതുപോലുള്ള പദവികളെതെങ്കിലും  നോട്ടമിട്ടാണ്  മോദിയുടെ നടപടികളെല്ലാം വായും പൊളിച്ചു  കയ്യടിച്ചു പ്രോത്സാഹനം നല്‍കിയതെനാണ്  ജനത്തിന്‍റെ പിറുപിറുപ്പ്‌. തകര്‍ന്നു തരിപ്പണമായി കിടക്കുന്ന  സാമ്പത്തികരംഗം എവിടെച്ചെന്നു നില്‍ക്കുമെന്ന് ഒരു പിടിയുമില്ല എന്ന മട്ടില്‍ നില്‍ക്കുമ്പോഴാണ്  പുതിയ താക്കോല്‍ സൂക്ഷിപ്പുകാരന്‍ വന്നത്  ജനം അന്തം വിട്ടു നോക്കി നില്‍ക്കെണ്ടിവരുന്നത്.

Read Also  ചാക്കിൽ കയറുന്ന കോൺഗ്രസ്സ് പിരിച്ചുവിടണം ; ചാക്കു ജനാധിപത്യത്തെക്കുറിച്ച് പി കെ സി പവിത്രൻ്റെ സറ്റയർ

നോട്ടുനിരോധനത്തിലൂടെ ഭ്രാന്തെടുത്തുകിടക്കുന്ന സാമ്പത്തികമേഖല സാധാരണനിലയിലെയ്ക്ക്   മടക്കിക്കൊണ്ടുവരാനായി ചുരുങ്ങിയത്  രണ്ടു ദശകമെങ്കിലും വേണ്ടിവരുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ രായ്ക്കുരാമാനം. ഓതിക്കൊണ്ടിരിക്കുന്നത്‌. 

      ചാള്‍സ് എട്ടാമന്‍

1494 ലെ സാമ്പത്തികപതനമാണ്  ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയായി നാം കാണുന്നത്. ഇത് ഫ്രാന്‍സ് ചക്രവര്‍ത്തിയായ ചാള്‍സ് എട്ടാമന്‍റെ കാലത്ത്‌ സംഭവിച്ചതെന്നാണ്  ചരിത്രലിഖിതം. സ്വന്തം കഴിവുകേട് മറയ്ക്കാനായി, ജനശ്രദ്ധ തിരിക്കാനായി  അയാള്‍ ഇറ്റലിയെ ആക്രമിച്ചു.  യുദ്ധവും രാഷ്ട്രീയ മല്‍പ്പിടുത്തവും മൂലം രാജ്യത്തെ സമ്പദ് രംഗം ആകെ താറുമാറായി. ഭക്ഷ്യക്ഷാമവും  പോഷകാഹാരക്കുറവുമൂലം എത്രയോ മനുഷ്യര്‍ അന്ന് രക്തസാക്ഷികളായി..പട്ടിണിയും തൊഴിലില്ലായ്മയും മൂലം നിരനിരയായി പ്രജകള്‍ മരിച്ചുകൊണ്ടിരുന്നു. ഒരിക്കലും നൂറ്റാണ്ടുകള്‍ക്കുശേഷവും അതിന്‍റെ കെടുതികള്‍ ബാക്കിനിന്നു. സാധാരണക്കാരനെ തകര്‍ക്കുമെന്ന് വ്രതമെടുത്തിരിക്കുന്ന  വാശിയോടെ   വീണ്ടും ആ ചരിത്രം വീണ്ടെടുക്കാനാണോ ചരിത്ര ബിരുദധാരിയെ കൊണ്ടുവന്നിരിക്കുന്നത്, അങ്ങനെ സംശയം ഉന്നയിക്കുന്നതില്‍ അല്പംപോലും അതിശയോക്തി ഇല്ല ചങ്ങാതികളെ. അവസാനം തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നെങ്ങാനും തോന്നിയാല്‍ ഇങ്ങേരു അയല്‍ക്കാരെ അടിക്കാന്‍ കോപ്പ് കൂട്ടിയാലും അതിശയിക്കേണ്ടതില്ല..ജാഗ്രതൈ  

 ദാരുണമായ ഈ അവസ്ഥയില്‍ ഇനി ചരിത്രകാരനെ വെച്ചുകൊണ്ട് എന്തൊക്കെ  താന്നോത്തിത്തരമാണ് കാണിച്ചുകൂട്ടാന്‍ പോകുന്നതെന്ന് ദൈവത്തിനുമാത്രമേ അറിയൂ. അല്ലേലും പാവപ്പെട്ടവന്‍റെ തലയ്ക്ക് കമ്പിപ്പാരകൊണ്ടു ആഞ്ഞടിച്ചാണല്ലോ മോദിയെന്ന നവതമ്പ്രാന്‍ പരിഷ്കരണപരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്, സഹിക്കുകതന്നെ അല്ലാതെന്തുചെയ്യാന്‍. ഇതാ ഇങ്ങേരു ചാര്‍ജെടുത്തു എന്നാ വാര്‍ത്തയും വന്നു…ന്‍റെ പറശ്ശിനിക്കടവ് മുത്തപ്പാ കാത്തുകൊള്ളണേ!!!

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ശക്തികാന്തദാസിനെ നിയമിച്ചു

Spread the love

23 Comments

Leave a Reply