Saturday, January 29

സാഹിത്യകുടുംബത്തില്‍ പിറക്കാത്തവരുടെ എഴുത്ത് മാതൃഭൂമിക്ക് വേണ്ട ; വിനോയ് തോമസ്‌ എഴുതുന്നു

വളരെ സ്വതന്ത്രമായി എഴുതാനുള്ള ഇടങ്ങളായിരിക്കണം മാധ്യമങ്ങൾ. അതിനുള്ള സ്വാതന്ത്ര്യം തന്ന പത്രാധിപരായിരുന്നു കമൽ റാം സജീവ്. അതുകൊണ്ട് അദ്ദേഹം പോകുമ്പോൾ അതിനോടൊരു ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് ഒരെഴുത്തുകാരൻ്റെ ആവശ്യമാണ്. പ്രത്യേകിച്ചും മീശപോലുള്ള ഒരു നോവൽ പ്രസിദ്ധീകരിച്ചതിൻ്റെ പേരിലാണ്  അദ്ദേഹം പുറത്താകുന്നത്.  കുറേക്കൂടി വ്യക്തമായി പറയുകയാണെങ്കിൽ മലയാളകഥയില്‍  പുതിയ ഭാവുകത്വം ഉണ്ടാക്കിയ ആളാണ് എസ് ഹരീഷ്. അതുപോലെ തന്നെ അത്തരം സാഹിത്യത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നിലപാടെടുത്ത  വ്യക്തിയാണ് കമൽ റാം സജീവ്.

എന്നേപ്പോലുള്ള ഒരു സാധാരണക്കാരനായ മലയോരത്ത് നിന്നും വന്ന ഒരു  എഴുത്തുകാരനെയൊക്കെ ഉയര്‍ത്തിക്കൊണ്ടുവന്നയാളാണ് അദ്ദേഹം. നമ്മൾ എഴുതുന്നത് പ്രത്യേകിച്ചും വരേണ്യ സാഹിത്യമല്ല. നമ്മളൊക്കെ  എഴുതുന്നത് സാധാരണ മനുഷ്യരുടെ ജീവിത കഥയാണ്. അത് എഴുതാനുള്ള സ്വാതന്ത്ര്യം, ഇടമാണ് എനിക്കാവശ്യം. എഴുത്തിൻ്റെ പിന്നാമ്പുറത്ത് ജീവിക്കുന്നവരുടെ എഴുത്തിനിനി അവിടെ സ്ഥാനമുണ്ടാകുമോയെന്നു ആശങ്കപ്പെടുന്നു.

അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തിനിനി അവിടെ  സ്ഥാനം കുറയും. കാരണവന്മാരോ സാഹിത്യ തറവാട്ടുകാരോ ഒന്നും നമ്മുടെ ഇടയിലില്ല. എൻ്റെ സാഹിത്യം മലയോരജീവിതവും മറ്റും പറയുന്നതാണ്. അവിടെ കുലീനത്വത്തിൻ്റെ സാഹിത്യമില്ല. സാധാരണ മനുഷ്യൻ്റെ ജീവിതമാകുമ്പോൾ ചിലപ്പോള്‍ അതിനുള്ളിൽ തെറിവരും.  മനുഷ്യൻ്റെ ജീവിതത്തിലുള്ള സമാനമായ  പലതും എന്‍റെ എഴുത്തില്‍ പ്രത്യക്ഷമാകാം. ഇതൊരു ഐക്യദാർഢ്യമാണ്. കമൽ റാമിനോടും ഹരീഷിനോടുമൊക്കെയുള്ള ഐക്യദാർഢ്യം.

നമ്മളെപ്പോലെ സാഹിത്യകുടുംബത്തിൽ പിറക്കാത്തവരുടെ രചനകള്‍ക്ക് ഇടം തരുന്ന പ്രസിദ്ധീകരണങ്ങളിലെ ഇനി എഴുതൂ എന്നുള്ള നിലപാട് കൊണ്ടാണ്   ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്. മാതൃഭൂമിയുടെ നിലപാടു മാറ്റത്തിനു കാരണം പൊതുവായി കേരളത്തിൻ്റെ പൊതു ഭാവുകത്വത്തിലുള്ള മാറ്റമാണ്. രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിലുള്ള മാറ്റം തന്നെയാണെന്ന് വളരെ വ്യക്തം. 

അരികുവല്‍ക്കരിക്കപ്പെട്ടവരുടെ  ജീവിതത്തെക്കുറിച്ചുതന്നെ ഇനിയും എഴുതിയേക്കാം എന്നതുകൊണ്ട് തന്നെയാണ് മാതൃഭൂമിയെ ഞാനും ഉപേക്ഷിക്കുന്നത്. 

Spread the love
Read Also  കമൽറാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്നും നീക്കി ; സുഭാഷ് ചന്ദ്രന് പകരം ചുമതല

Leave a Reply