Thursday, January 20

‘നവകേരളം’ അര്‍ത്ഥപൂര്‍ണമാകണമെങ്കില്‍ ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം; പരിസ്ഥിതിപ്രവര്‍ത്തകനായ ഡി. നന്ദകുമാറുമായി അഭിമുഖം

ഇന്റർ കോ ഓപ്പറേഷൻ സോഷ്യൽ   ഡെവലപ്മെൻ്റിൻ്റെ

`കാലാവസ്ഥാവ്യതിയാന’ വിഭാഗത്തിൻ്റെ സീനിയർ അഡ്വൈസറും

പരിസ്ഥിതിപ്രവർത്തകനുമായ പ്രൊഫ. ഡി നന്ദകുമാറുമായി

പ്രതിപക്ഷം ന്യൂസ് ബ്യുറോ നടത്തിയ അഭിമുഖം

 

??പ്രളയത്തിനുശേഷം ദുരന്തബാധിതപ്രദേശങ്ങൾ സന്ദർശിച്ചിട്ടുണ്ടോ? അവർ നേരിടുന്ന പ്രശ്‍നങ്ങൾ എന്തൊക്കെയാണ്? പരിഹാരമാർഗ്ഗങ്ങളും വിശദീകരിക്കാമോ?

പ്രളയാനന്തരം എല്ലാവരും പരസ്പരം കുറ്റപ്പെടുത്തുന്നതിലേക്കു കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതല്ല ഇപ്പോൾ ഇവിടെ വേണ്ടത്. ആദ്യം ചെയ്യേണ്ടത് വളരെ സജീവമായി കാര്യങ്ങളിൽ ഇടപെടുക എന്നുള്ളതാണ്. ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ അടിയന്തിരമായി ചെയ്തേ പറ്റൂ. വെള്ളപ്പൊക്കത്തിൽ സംഭവിച്ചിരിക്കുന്നത് മാലിന്യം കുന്നുകൂടിക്കിടക്കുന്നു എന്നുള്ളതാണ്. ഞാനിപ്പോൾ കുട്ടനാട്ടിലെ തകഴിയിൽ മൂന്നു ദിവസമുണ്ടായിരുന്നു. 58 വീടുകൾ ഞാൻ സർവ്വേ ചെയ്തു. കിടക്കകൾ ഉൾപ്പെടെ എല്ലാം നനഞ്ഞു നശിച്ചു. അതെല്ലാം ഉണങ്ങുന്നതനുസരിച്ചു മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയാണവിടെ. ഇതെടുത്ത് പുഴയിലോ മറ്റോ നിക്ഷേപിക്കുകയാണെങ്കിൽ അത് വലിയ ദുരന്തമാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സാമഗ്രികളായതുകൊണ്ടു അത് കത്തിക്കുക എന്നത് അതിനേക്കാൾ ഭീകരമായ ദുരന്തമാണ്. ആദ്യം ഈ മാലിന്യം നീക്കം ചെയ്യാൻ അവരെ സഹായിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്. കാരണം അവരുടെ കുടിവെള്ളസ്രോതസ്സുകൾ എല്ലാം മലിനമാണ്. ചില പഞ്ചായത്തുകളിൽ വലിയ ടാങ്കുകളിൽ നിന്നുമുള്ള ജലവിതരണമുണ്ടായിരുന്നു. പക്ഷെ അതുപോലും മലിനമായിട്ടുണ്ട്. അതിനാൽ മാലിന്യം നീക്കം ചെയ്യുകയും കുടിവെള്ളം ഉറപ്പുവരുത്തുകയുമാണ് ആദ്യം ചെയ്യേണ്ടത്.

??കൃഷികൊണ്ട് ഉപജീവനം നടത്തിയിരുന്ന കുട്ടനാട്ടുകാർ സാമ്പത്തികമായി തകർന്നിരിക്കുകയാണല്ലോ? ഇവരെ കരയ്ക്ക് കയറ്റുന്നതിനുള്ള മാസ്റ്റർ പ്ലാൻ എങ്ങനെയായിരിക്കണം?

അവർ വലിയ പ്രതിസന്ധിയിലാണ്. നാം കണ്ടുകഴിഞ്ഞു. ഇതോടൊപ്പം ഇനിയുള്ള കാലം തൊഴിലില്ലായ്മയും കൂടുതൽ ദാരിദ്ര്യമുണ്ടാക്കും. ഇതിനുള്ളിൽ തന്നെ ആശാരിമാരോ മേസ്തിരിമാരോ ഒക്കെ പോലെയുള്ള കൈത്തോഴിലിൽ പ്രാഗത്ഭ്യമുള്ളവരു മുണ്ടാകും. അവരെ കണ്ടെത്തിക്കഴിഞ്ഞാൽ അവർക്ക് ഇവിടെത്തന്നെ വേഗം പണി കിട്ടാൻ സഹായകമാകും. പക്ഷെ കർഷകത്തോഴിലാളിയുടെ അവസ്ഥയാണ് വളരെ ദയനീയം. അവരുടെയൊക്കെ വീടുകൾ ഇപ്പോഴും മുങ്ങിക്കിടക്കുകയാണ്.

?? അവർ ക്യാമ്പിൽനിന്നും മടങ്ങുമ്പോൾ പലർക്കും വീടുകളില്ല. അല്ലെങ്കിൽ വാസയോഗ്യമായ വീടുകളില്ല. ഇതൊക്കെ എങ്ങനെ നേരിടും

കുട്ടനാട്ടിൽ പല ഭാഗവും ഇപ്പോഴും മുങ്ങിക്കിടക്കുകയാണ്. ക്യാമ്പിൽ നിന്നും മടങ്ങുമ്പോൾ എന്തുചെയ്യണമെന്നറിയാതെ അവർ വിഷമിക്കുകയാണ്. ഇവർക്കെല്ലാം കുടിവെള്ളം എത്തിക്കുകയെന്നത് അടിയന്തിരമായി ചെയ്യേണ്ട കാര്യമാണ്. അതുപോലെതന്നെ പാർപ്പിടസംബന്ധമായ അന്വേഷണങ്ങളും മറ്റും ഇപ്പോഴേ നടത്തണം. പ്രളയം എന്നുപറയുമ്പോൾ രണ്ടുതരത്തിലുള്ളതുണ്ടാകും. സ്വാഭാവികമായി വെള്ളം പൊങ്ങുന്നവയും അത് കൂടാതെ ഒറ്റയടിക്ക് ഒരു പ്രവാഹമായി വന്നു വെള്ളപ്പൊക്കമുണ്ടാക്കുന്നവയും. അപ്പോൾ ഇത് മുൻകൂട്ടി കണ്ടുവേണം പാർപ്പിടഘടനയുടെ ഡിസൈനുകളും മറ്റും തയ്യാറാക്കാൻ. എല്ലായിടത്തും ഒരേ ഘടനയിൽ കെട്ടിടം കെട്ടാൻ പാടില്ല. അത് അപകടമാണ്. നാം വീണ്ടും തെറ്റുകളിലേക്ക് പോകരുത്. ഇപ്പോൾ ഉണ്ടായിവന്ന മറ്റൊരു പ്രതിഭാസം വലിയ അളവിൽ ഒലിച്ചുവന്ന മണ്ണിന്റെ ശേഖരമാണ്. പമ്പയിലെ ചില ഭാഗങ്ങളിൽ ഇപ്പോൾ മണ്ണ് വന്നടിഞ്ഞിട്ടു പമ്പാനദിയുടെ ആഴം വല്ലാതെ കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി ഒരു പ്രളയമുണ്ടാകാൻ ഇത്രയധികം മഴ വേണ്ടിവരില്ല. 

Read Also  'ചീഫ് സെക്രട്ടറി ടോം ജോസ് നിയമലംഘനം നടത്തി, മുഖ്യമന്ത്രി നടപടിയെടുക്കണം ' ; മുരളി കണ്ണമ്പിള്ളി പ്രതിപക്ഷത്തോട് സംസാരിക്കുന്നു

??മണ്ണ് നീക്കം ചെയ്യാനായി സർക്കാരിൻ്റെ ഭാഗത്തുനിന്നും എന്തെങ്കിലും ശ്രമങ്ങളുണ്ടാകുമോ?

അതുണ്ടാകണം. പുതിയ കേരളമുണ്ടാക്കുമ്പോൾ കൃത്യമായ ആസൂത്രണങ്ങളുണ്ടാകണം. അല്ലാതെ മുന്നോട്ടുപോയാൽ വീണ്ടും ദുരന്തങ്ങൾ ആവർത്തിക്കും. അതിൻ്റെ സർവ്വേ നടത്തണം, അതിനൊക്കെ ശാസ്ത്രീയമായ മാർഗ്ഗങ്ങളുണ്ട്. ഇന്ന് നവകേരളം എന്നത് സർക്കാരിൻ്റെ ആശയമാണെങ്കിൽ ഇതൊക്കെ പ്രാവർത്തികമാക്കണം. അല്ലെങ്കിൽ നവകേരളത്തിനു അർത്ഥമില്ലാതെ പോകും. ഈ മണ്ണെല്ലാം ശാസ്ത്രീയമായി നീക്കം ചെയ്യണം. പക്ഷെ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് മണൽലോബിയാണ്. ഇവർക്ക് അവസരം നൽകിയാൽ ഇതിനേക്കാൾ വലിയ ദുരന്തമുണ്ടാകും. അതൊക്കെ തടയാനുള്ള ശ്രമമുണ്ടാകണം. ഇപ്പോൾ പുതിയ പ്രോജക്റ്റുകളുമായി ധാരാളം കഴുകന്മാർ കറങ്ങിനടക്കുന്നുണ്ട്. ഇവരെയൊക്കെ മാറ്റിനിർത്തിയിട്ടു സ്വാർത്ഥതാല്പര്യമില്ലാത്ത തികച്ചും കലർപ്പില്ലാത്ത വിദഗ്ദ്ധരെ ഉൾപ്പെടുത്തി പദ്ധതികൾ ആവിഷ്കരിക്കണം

??? പുതിയ കേരളം സൃഷ്ടിക്കാനായി ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംബിക്കുന്ന, പരിസ്ഥിതിയെ ഗൗരവപൂർവ്വം പരിഗണിക്കുന്ന ഗ്രൂപ്പുകളെയല്ലേ പരിഗണിക്കേണ്ടത്.?

അങ്ങനെയുള്ളവരെത്തന്നെ പരിഗണിക്കണം. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആർക്കിടെക്ട് എന്ന ഗ്രൂപ്പ് ഒരു ഗ്രാമം ഏറ്റെടുത്ത് മുഴുവൻ കെട്ടിടങ്ങളുൾപ്പെടെ പുനർനിർമ്മിയ്ക്കാമെന്ന ഒരു നിർദ്ദേശം മുഖ്യമന്ത്രിക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്ന് കേൾക്കുന്നു. അങ്ങനെയെങ്കിൽ അത് പഠിക്കാതെ തീരുമാനമെടുക്കാൻ പാടില്ല. മുഖ്യമന്ത്രി വളരെ കരുതലോടെയേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ. അതിനെക്കുറിച്ചു നാം ചർച്ച ചെയ്യേണ്ടതില്ല. ഇപ്പോൾ നാം തർക്കങ്ങളുന്നയിക്കുക എന്നുള്ളതല്ല ചെയ്യേണ്ടത്. ഇന്നത്തെ ആവശ്യം ഇപ്പോഴത്തെ അവസ്ഥയിൽനിന്നും ആളുകളെ എങ്ങനെ കരയ്‌ക്കെത്തിക്കാം എന്നുള്ളതാണ് ആദ്യം നോക്കേണ്ടത്. അടിയന്തിരമായി ഓരോ പ്രദേശത്തിലെയും പുനരധിവാസത്തിൻ്റെ ശാസ്ത്രീയമാർഗ്ഗങ്ങളെക്കുറിച്ചാണ് ആദ്യം ആലോചിക്കേണ്ടത്. കരുതലില്ലാതെ കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ കൂടുതൽ അപകടങ്ങളിലേക്ക് വീണ്ടും നാം പോകും. ഒരു ഇടക്കാലാവിലയിരുത്തലിനു ആദ്യം നടപടിയെടുക്കണം. പിന്നെ ദീർഘകാലപദ്ധതികളുടെ ചിന്തകളിലേക്ക് പോയാൽമതിയല്ലോ.

??ഇപ്പോഴത്തെ വികസനപദ്ധതിയിൽ നമുക്ക് കുട്ടനാട്ടിലെ വീടിൻ്റെ കൺസ്ട്രക്ഷനെക്കുറിച്ചു മാസ്റ്റർ പ്ലാൻ തയ്യാറാക്കുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമല്ലേ?

തീർച്ചയായും വേണം. യൂറോപ്പിലൊക്കെ വെള്ളപ്പൊക്കത്തിനുശേഷമുള്ള വളരെ ശാസ്ത്രീയമായ പുനരുദ്ധാനപ്രവർത്തനങ്ങളൊക്കെ ശ്രദ്ധിച്ചാൽ ഇതറിയാം. വേറെയും ധാരാളം ഉദാഹരണങ്ങളുണ്ട്.  അവർ വളരെ ശാസ്ത്രീയമായാണ് പാർപ്പിടങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്ന് നമ്മൾ മനസിലാക്കണം. നമ്മളും ആ രീതി തന്നെ പിന്തുടരണം.  വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂകമ്പത്തെ ചെറുക്കാനായി പരമ്പരാഗതമായിതന്നെ മുളവെച്ചുള്ള വീടുകളാണ് നിർമ്മിക്കുന്നത്. ബാംബുവിന് ഇലാസ്റ്റിസിറ്റി കൂടുതലാണ്, അതുകൊണ്ട് അവിടെ ഭൂകമ്പമുണ്ടായാൽ കെട്ടിടങ്ങൾ പൊട്ടിപ്പോകില്ല. ഇവിടെ നമുക്ക് തന്നെ ഉദാഹരണങ്ങളുണ്ട്. ലാറി ബേക്കറൊക്കെ മുളവെച്ചു മനോഹരമായ എത്രയോ കെട്ടിടങ്ങൾ രൂപകൽപന ചെയ്തു. പൈലിങ് പോലും മുളവെച്ചു ചെയ്തു. അതൊക്കെ നാം മുൻകൂട്ടി കാണണം. അല്ലാതെ ഇപ്പോഴത്തെ കെട്ടിടനിർമ്മാണനിയമങ്ങളനുസരിച്ചു പി ഡബ്ലിയൂ ഡിയെ ഏൽപ്പിച്ചാൽ അത് ഒരിക്കലും ശാസ്ത്രീയമാവില്ല.

??? കേരളത്തിൽ എല്ലായിടത്തും ഒരേ നിർമ്മാണരീതി അവലംബിക്കാനാണ് സാധ്യത, അത് തടയേണ്ടതാവശ്യമല്ലേ ?

അതൊരിക്കലും പാടില്ല. ഒരേ രീതിയിലുള്ള കെട്ടിടങ്ങൾ അപകടമാണ്. അതാതുപ്രദേശത്തെ ഭൂമിശാസ്ത്രമനുസരിച്ചു കെട്ടിടങ്ങൾ മാറിയേ തീരൂ. അതാത് പ്രദേശങ്ങളിൽ ശാസ്ത്രീയപഠനങ്ങൾ നടത്തി മാർഗ്ഗനിർദ്ദേശങ്ങൾ കണ്ടെത്തി അതിനനുസരിച്ചു കെട്ടിടനിര്മാണരീതിയിൽ മാറ്റം വരുത്തണം.

Read Also  ഇനി വലിയ അണക്കെട്ടുകൾ നമുക്കുവേണ്ട; 'പമ്പ് ടു സ്റ്റോറേജ് പദ്ധതി' യാണ് ബദലെന്നു ആർ വി ജി മേനോൻ

??? അണക്കെട്ടുകൾ അപകടങ്ങളുണ്ടാക്കുന്നതുമാത്രമല്ല പാരിസ്ഥിതികമായ പ്രശ്‍നങ്ങൾക്കും കാരണമാകുന്നുണ്ടല്ലോ? ഇനി അണക്കെട്ടുകൾ വേണ്ട എന്ന വാദം ഉയർന്നുകഴിഞ്ഞല്ലോ. അതേക്കുറിച്ചെന്തു പറയുന്നു.?

ഇനി അണക്കെട്ടുകളെക്കുറിച്ചു ചിന്തിക്കേണ്ടതില്ല. അതിൻ്റെ കാലം കഴിഞ്ഞു. വെറുതെ അണക്കെട്ടുകൾക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല. ഇനി ഡാമുകൾ ഉണ്ടാകാൻ സാധ്യത ഇല്ല. കാരണം ഊർജ്ജത്തിനുവേണ്ടിയുള്ള പുതിയ മാർഗ്ഗങ്ങൾ സജീവമായി നാം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

??സർക്കാരിന്റെ പുതിയ വിദഗ്ദ്ധസമിതിവരുമ്പോൾ അവരെ മോണിറ്റർ ചെയ്യാനായി ഈ സമിതിക്കുമുകളിൽ ഭൗതികതാല്പര്യങ്ങളില്ലാത്ത ഒരു കമ്മിറ്റി വരുന്നതു നല്ലതല്ലേ? അവർ തികച്ചും സാമൂഹ്യപ്രതിബദ്ധതയുള്ളവരും വോളൻ്ററി ആയി പ്രവർത്തിക്കാൻ തയ്യാറുള്ളവരുമാകണം. അങ്ങനെയൊരു നിർദ്ദേശത്തെക്കുറിച്ച് എന്തുപറയുന്നു.?

അതെ അത് സ്വാഗതാർഹമാണ്. അത് നല്ല ആശയമാണ്. അവർ നിക്ഷ്പക്ഷമായും ഭൗതിക താല്പര്യമില്ലാത്തവരായിരിക്കണം. അവർ സമൂഹത്തിൽ അത് തെളിയിക്കപ്പെട്ടവരാകണം. അങ്ങനെയുള്ളവരുടെ ഒരു സമിതി മുകളിൽ ഉണ്ടെങ്കിൽ പിഴവുകൾ ചൂണ്ടിക്കാണിക്കാൻ കഴിയും. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് അത് ഗുണം ചെയ്യും

Spread the love