Friday, May 27

ശബരിമലയില്‍ ഒലിച്ചുപോയ നവകേരള നിര്‍മ്മിതി വീണ്ടും ; മുഖ്യമന്ത്രിയോട് ചില നിര്‍ദ്ദേശങ്ങള്‍

ശബരിമലയില്‍ ഒലിച്ചുപോയ നവകേരള നിര്‍മ്മിതി വീണ്ടും മടങ്ങിവരുന്നു എന്ന സൂചന വലിയ  ആശ്വാസം നല്‍കുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷം.ഇന്‍ കേരളവികസനം സംബന്ധിച്ച  ചെറിയ ഒരിടപെടല്‍ നടത്തുകയാണിവിടെ

കേരളത്തില്‍ മാത്രമല്ല  ലോകമെമ്പാടുമുള്ള മലയാളികളില്‍നിന്നും ശേഖരിച്ചുകൊണ്ടിരിക്കുന്ന ഓരോ ചില്ലിക്കാശും ഭീമമായ അധ്വാനത്തിന്‍റെ  വിയര്‍പ്പണിഞ്ഞതാണ് എന്ന ഒരു യാഥാര്‍ഥ്യബോധം  തലപ്പത്തിരിക്കുന്നവര്‍ക്ക്  മാത്രമല്ല നവകേരള സൃഷ്ടിയുടെ കര്‍മ്മങ്ങളില്‍ പങ്കാളിയാകുന്ന ഓരോ മലയാളിക്കും ( സര്‍ക്കാര്‍-സ്വകാര്യസ്ഥാപനങ്ങളുടെ കീഴില്‍ നിന്നുകൊണ്ട് ഈ പദ്ധതിയില്‍  പ്രവര്‍ത്തിക്കുന്ന) വേണ്ടതാണ്. പ്രളയാനന്തരമുള്ള അഴിമതിയുടെ വാര്‍ത്തകള്‍ ഒറ്റപ്പെട്ടതാണെങ്കിലും  നമ്മെ ഞെട്ടിക്കുന്നതായിരുന്നു. ഇനിയും നമ്മള്‍ മലയാളികള്‍ക്ക് തിരിച്ചറിവുണ്ടായില്ലെങ്കില്‍, ഈ ദുരന്തത്തില്‍ നിന്നു പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍   വൈകാതെ തന്നെ നമ്മുടെ കേരളം വീണ്ടുമൊരു ദുരന്തത്തില്‍  ചെന്ന് വീണേയ്ക്കുമെന്നതില്‍ സംശയമില്ല.

കഴിഞ്ഞ ദിവസത്തെ  മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്‌ ക്രിയാത്മകമായി കാര്യങ്ങളെ കാണുന്നു എന്നതിന്‍റെ സൂചനകളാണ് തരുന്നത്. പക്ഷെ ഉപദേശകര്‍, വിദഗ്ധര്‍ തുടങ്ങിയ അപരനാമങ്ങളില്‍ വരുന്നവര്‍ക്ക് നിക്ഷിപ്ത താല്പര്യങ്ങള്‍ ഇല്ലായെന്നുറപ്പുവരുത്തെണ്ടത് മികച്ചൊരു ഭരണാധികാരിയുടെ കടമയാണ്. ഇതുപോലെയുള്ള  അവസരങ്ങളില്‍  തെറ്റായ മാര്‍ഗ്ഗദര്‍ശിത്വം നല്‍കിയതിന്‍റെ ഫലമാണ് നാം മലയാളികള്‍ അനുഭവിച്ചത്.

മുഖ്യമന്ത്രി ഫെയ്സ് ബുക്ക് പോസ്റ്റില്‍ നദീതട സംരക്ഷണത്തിനു അതോറിറ്റി രൂപീകരിക്കുമെന്ന് പറയുന്നു. അത് സ്വാഗതം ചെയ്യുന്നു.  വീടുകളുടെ പൊതുനിര്‍മ്മാണമാതൃക നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നാണു. ഇത് അപകടകരമായ നിര്‍ദ്ദേശമാണ്. ഓരോ മേഖലയിലെയും ഭൂമിശാസ്ത്രം പഠിച്ചതിനുശേഷം മാത്രമേ ഭവനങ്ങള്‍ നിര്‍മ്മിക്കാവൂ എന്നാണു ഈ മേഖലയിലെ എല്ലാ  വിദഗ്ദ്ധരും പറയുന്നത്.  കുട്ടനാടിലെ നിര്‍മ്മാണരീതി ഒരു രീതിയിലാണെങ്കില്‍ ഇടുക്കിപോലുള്ള മലയോരങ്ങളിലെ കെട്ടിടരീതി മറ്റൊരു തരത്തില്‍ സമീപിക്കെണ്ടിവരും . ഇത് സംബന്ധിച്ച് പ്രതിപക്ഷം.ഇന്‍ ചില പാരിസ്ഥിതി-സാമൂഹ്യ പ്രവര്‍ത്തകരുമായി അഭിമുഖങ്ങള്‍ നടത്തിയിരുന്നു. അതില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളിലെ  പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു

  

 

പരിസ്ഥിതി-സ്ത്രീ വികസന കാഴ്ചപ്പാടുകളുള്ള  പ്രമുഖ ആക്ടിവിസ്റ്റ്  നളിനി നായക് പറയുന്നത് കേള്‍ക്കൂ 

നവകേരള നിര്‍മ്മിതിയില്‍ എല്ലാ മേഖലയിലും വികസനം വേണം. പുരോഗതി വേണം. പക്ഷേ, നമ്മുടെ പരിസ്ഥിതി സന്തുലിതാവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ വികസനചിന്തയുടെ അടിത്തറതന്നെ വളരെ സങ്കീർണമാണ്. അല്ലെങ്കിൽ ഈ ഇക്കളോജിക്കൽ ബാലൻസ് നമ്മൾ എങ്ങനെ നിലനിർത്താൻ പോകുന്നു എന്നതായിരിക്കണം നമ്മുടെ വികസനകാഴ്ചപ്പാടിന്റെ ലക്‌ഷ്യം.

പരിപാലനം എന്നു വിശാലമായ അർത്ഥത്തിൽ പറയുമ്പോൾ നമ്മൾ എങ്ങനെയാണ് പ്രകൃതിയെ പരിപാലിക്കുന്നത്? നാം അവലംബിക്കുന്ന മാർഗ്ഗങ്ങൾ പലതും വിരുദ്ധങ്ങളാണ്. നമ്മൾ പ്രകൃതിയിൽനിന്നും ജലം ചൂഷണം ചെയ്യുന്നു. ജീവിക്കാൻവേണ്ടി മത്സ്യങ്ങളും ജലവും നമ്മൾ സ്വീകരിക്കുന്നു. പക്ഷേ പ്രകൃതിയ്ക്കായി നാം എന്തെങ്കിലും തിരികെ കൊടുക്കുന്നുണ്ടോ? സംരക്ഷിക്കുന്നുണ്ടോ? അത്തരം ചോദ്യങ്ങളിൽനിന്നു വേണം പുതിയ തൊഴിൽസങ്കൽപ്പത്തെപ്പറ്റി ചിന്തിക്കുവാൻ. അവിടെ നമുക്കാവശ്യത്തിനനുസരിച്ചു തൊഴിൽസാധ്യത സൃഷ്ടിക്കാൻ കഴിയും. പക്ഷേ അതിനു നമുക്കൊരു തുക മാറ്റിവയ്ക്കേണ്ടതായിവരും. അതിവിടെ ചെയ്യുന്നുണ്ടോ? ആ രീതി നമുക്കുണ്ടായിരുന്നെങ്കിൽ ജോലിയും കാണും. പ്രകൃതിയും കാണും. ആ പരസ്പര പരിപാലനശൈലിയിലൂടെ നമുക്ക് നമ്മുടെ ജീവൻ നിലനിർത്താം. ഇപ്പഴത്തെ ചെലവുനോക്കു അതിൻ്റെ കാൽഭാഗം പ്രകൃതിപരിപാലനത്തിനുവേണ്ടി മുമ്പ് നീക്കിവച്ചിട്ടുണ്ടായിരുന്നെങ്കിൽ ഇപ്പോൾ സംഭവിച്ചമാതിരിയുള്ള ദുരന്തങ്ങൾ ഒന്നുംതന്നെ സംഭവിക്കില്ലായിരുന്നു.

ഇന്ന് നമ്മൾ വളരെ സജീവമായി ജൈവകൃഷി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. നെല്ലുകളൊക്കെ പുനർജനിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അതെങ്ങനെ ഒരു മാസ് പ്ലാനായിട്ട് മാറാൻ സാധിക്കും എന്നാണ് ചിന്തിക്കേണ്ടത്. കേരളവികസനത്തിൽ പല വൈരുധ്യങ്ങളും നിലനിൽക്കുന്നു. സമ്പന്നവിഭാഗത്തിന്റെ സ്വാധീനശക്തി പലതരത്തിൽ കേരളസമൂഹത്തിൽ നിലനിൽക്കുന്നു. പ്രത്യക്ഷമായും പരോക്ഷമായും അതു വികസന കാഴ്ചപ്പാടിനെ ബാധിക്കുന്നു. ഇവിടെ ദരിദ്രയായ ഒരു സ്ത്രീ ദാരിദ്ര്യം മറച്ചുവെച്ച് ധനികയെപ്പോലെ ജീവിക്കാൻ ശ്രമിക്കുന്നു. ഈ വൈരുദ്ധ്യമെങ്ങനെ പരിഹരിക്കാൻ സാധിക്കുമെന്നെനിക്കറിയില്ല .അതൊരു വലിയ വെല്ലുവിളിയാണ്. ഇനി മറ്റൊന്ന് നമ്മൾ ഐ ടി പാർക്കുകൾ കെട്ടിപ്പൊക്കുന്നു. ധാരാളം തൊഴിലവസരങ്ങൾ നമ്മൾ അവിടെ സൃഷ്ടിച്ചിട്ടുണ്ടെന്നവകാശപ്പെടുന്നു. ഇതു മറ്റൊരു തരത്തിലുള്ള വൈരുദ്ധ്യമാണ്. യഥാർത്ഥത്തിൽ കേരളത്തിൻ്റെ തൊഴിൽ മേഖല ഐടിയല്ല. എല്ലാം വിദേശത്തുനിന്നും വരുന്നതാണവിടെ. പക്ഷേ നമ്മുടെ ഊർജ്ജം അവിടെയാണ് നിക്ഷേപിച്ചിരിക്കുന്നത്. നമ്മൾ മരങ്ങളൊക്കെ വെട്ടിയിട്ട് വലിയ കെട്ടിടങ്ങൾ പണിയുന്നു. അതാണിവിടെ വികസനം. അതുപോലെ പരിസ്ഥിതിയ്ക്കിണങ്ങാത്ത കടൽഭിത്തിയുടെ കാര്യംതന്നെ നോക്കൂ . ഇതെല്ലാം വികസനവിരുദ്ധവും തൊഴിലിനു ഭീഷണി നേരിടുന്നതുമാണ്.

ഞങ്ങൾ കുട്ടനാട്ടിൽ പോയപ്പോൾ തികച്ചും വ്യത്യസ്തമായ കാഴ്ചകളായിരുന്നു കാണേണ്ടിവന്നത്. സാധാരണക്കാർ എല്ലാവരും വീടുകെട്ടിയിട്ടുണ്ട്. സർക്കാരിൽനിന്നും ധനസഹായം സ്വീകരിച്ചാണ് പലരും വീട് പണിഞ്ഞിരിക്കുന്നത്. എന്താണ് സംഭവിച്ചത്? ആ വീടുകൾ മുഴുവൻ പ്രളയത്തിൽ നശിച്ചുപോയി. പലവീടുകളും പൂർത്തിയായിട്ടുപോലുമില്ല. വീടു വയ്ക്കാനായി അവർക്ക് ധനസഹായമായി കിട്ടിയത് നാലോ അഞ്ചോ ലക്ഷം രൂപയാണ്. പക്ഷേ പണിയുന്നത് പത്തുലക്ഷത്തിൻ്റേതാണ്. അതായത് അവരെല്ലാം കടത്തിലാണ്. ഇവിടെയാണ് ശരിയായ ആസൂത്രണത്തിന്റെ അപര്യാപ്തത നാം കാണുന്നത്. സർക്കാർ ആ ധനസഹായം നൽകുമ്പോൾ നിർമ്മാണസംബന്ധമായ ഉപദേശങ്ങൾ കൂടി നൽകിയിരുന്നെങ്കിൽ അവർ വെയ്ക്കുന്ന വീടിന്റെ ഈട് മികവുറ്റതാകുമായിരുന്നു. ആസൂത്രണത്തോടെ ആ പണം ചെലവാക്കിയിരുന്നെങ്കിൽ, അതായത് കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത മനസ്സിലാക്കി വീട് നിർമ്മിക്കാനൊരു പ്ലാൻ നൽകിയിരുന്നെങ്കിൽ ഇത്രയും ഭീമമായ നഷ്ടം നമുക്ക് നേരിടേണ്ടി വരുമായിരുന്നില്ല.

മലിനീകരണ പ്രശ്നങ്ങളിൽപോലും ചില സാമൂഹികനിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഉദാഹരണമായി വീടുവയ്ക്കുമ്പോൾ മഴവെള്ളസംഭരണി ഉണ്ടാകണം. എങ്കിലേ അതിനുള്ള ലൈസൻസ് കൊടുക്കുവാൻ പാടുള്ളൂ. തമിഴ്നാട്ടിൽ ജയലളിത അതു ചെയ്തു. അവിടെ ജലനിരപ്പ് ഉയരുകയും ചെയ്തു. മനസിൽ എന്തെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ അതു ചെയ്യുന്നയാളാണ് ജയലളിത. അവർ ഒറ്റയാൾക്കും മഴവെള്ളസംഭരണിയില്ലാത്ത ആർക്കും കെട്ടിടനിർമ്മാണത്തിനു
ള്ള അനുമതി നൽകരുതെന്ന് ഉത്തരവിട്ടു.

വകുപ്പുകൾ തമ്മിൽ പരസ്പരധാരണവേണം. പ്രവർത്തനത്തിലെ ഏകീകരണം വേണം. പരസ്പരധാരണ എന്നത് ഒരു സ്ത്രീപക്ഷ കാഴ്ചപ്പാടാണ്. നോക്കൂ, ഒരു സ്ത്രീക്ക് പത്തു ജോലികൾ ഒരേ സമയത്ത് ചെയ്യാൻ കഴിയും. അതാണ് ഏകീകരണം. അവിടെ മനസാണ് ഏകീകരിക്കുന്നത്. പക്ഷേ നമ്മുടെ സർക്കാർ സംവിധാനം, അതായത് വിവിധ വകുപ്പുകൾ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ നോക്കൂ, ഏറ്റവും വലിയ പ്രതിസന്ധി അവിടെയാണ്.. വൈദ്യുതി വകുപ്പ്, ജലവിഭവവകുപ്പ്, കൃഷിവകുപ്പ് ഇതെല്ലാം പരസ്പരം ബന്ധമുണ്ടെന്ന് ചിന്തിക്കുന്നുണ്ടോ? ജലവകുപ്പിനെയും വൈദ്യുതിവകുപ്പിനെയും പൊതുവായി ബന്ധിപ്പിച്ചില്ലെങ്കിൽ പ്രശ്നങ്ങൾ ഗുരതരമാകും. ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്. പണം എവിടെയാണു എങ്ങനെയാണ് ഉപയോഗിക്കാൻ പോകുന്നതെന്നറിയില്ല.

വിദേശത്തുനിന്നും വിദഗ്ദ്ധരെ സ്വീകരിക്കുന്നു. അതാണിപ്പോൾ മുഖ്യമന്ത്രിയും ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മുടെ ജൈവവ്യവസ്ഥയെ തിരിച്ചറിയുന്ന വിദഗ്ദ്ധരാവണം വികസന പ്രവർത്തനങ്ങളുടെ നേതൃത്വങ്ങളിൽ വരേണ്ടത്. വികസന പദ്ധതികളുടെ പ്രവർത്തനങ്ങളിൽ പലപ്പോഴും പങ്കെടുത്തിട്ടുണ്ടെങ്കിലും അവിടെയെല്ലാം പുരുഷൻമാർക്കാണ് മുൻഗണന. സ്ത്രീകൾക്ക് പ്രാധാന്യമില്ല, ചിന്തിക്കാനും പ്രവർത്തിക്കാനുമൊന്നും അവകാശവുമില്ല. പലപ്പോഴും ഇതിൽ ഒരു ജൻഡർ പാർട്ടുണ്ട്. എങ്ങനെ എന്ത് ചെയ്യണമെന്ന് ആണുങ്ങൾ തീരുമാനിക്കും. അവർക്ക് അവരുടേതായ കുറേ ആശയങ്ങളുണ്ട്. നമ്മളെ അതിലേക്ക് കോണ്ടുപോകും.

ജനകീയാസൂത്രണത്തെ  തോമസ് ഐസക് കുറച്ചൊക്കെ  ആധുനികവൽക്കരിച്ചിട്ടുണ്ട്. പക്ഷേ, ഒരു കാര്യം മനസിലാക്കണം. ഒരു തൊഴിലും ഇങ്ങനെ ഒരു വർഷം മുഴുവനും ചെയ്തുകൊണ്ട് ജീവിക്കാൻ പറ്റില്ല. അവിടെയും ഏകീകരണം വേണം. ആദ്യം ചില മാസങ്ങളിൽ കൃഷിപ്പണികൾ, ശേഷമുള്ള മാസങ്ങളിൽ കയർനിർമ്മാണതൊഴിൽ. ഇങ്ങനെ പോയാൽ മാത്രമേ ഒരു വർഷത്തിൽ മൊത്തമായും വരുമാനം കിട്ടൂ. ഒരിക്കലും എല്ലായ്‌പ്പോഴും ഒരു കയർ തൊഴിലാളിയായിരിക്കുക എത്ര ലളിതമാണ്. തൊഴിൽ ഏകീകരണത്തിലൂടെ കൃഷി, മത്സ്യബന്ധനം ഇങ്ങനെ പലതൊഴിൽ ചെയ്ത് ആൾക്കാർ പലേടത്തും ജീവിക്കുന്നുണ്ട്. തൊഴിലുകളെ ഏകീകരിക്കാതെ ആധുനികവൽക്കരണം നടത്തി ഉൽപ്പാദനം കൂട്ടി. അഞ്ചുപേർക്ക് കുറച്ചു പണം കൂടുതൽ കിട്ടി. ബാക്കി അഞ്ഞൂറുപേരും ദാരിദ്ര്യത്തിൽ. അതാണ് ഐസക്ക് ചെയ്തിരിക്കുന്നത്. മണ്ഡലത്തിൽ എന്തെങ്കിലും ചെയ്യണമെന്നുണ്ട് അദ്ദേഹത്തിന്. പക്ഷേ തൊഴിലിലെ ഇത്തരത്തിലുള്ള ഏകീകരണം എന്തുകൊണ്ട് കൊണ്ടുവന്നുകൂടാ. നൂറുശതമാനവും ഒരേ ജോലിയിലുള്ള സാധ്യത ഒരു മേഖലയിലും ഇല്ല. ജോലി പ്രകൃതിയെ ആശ്രയിച്ചിരിക്കുന്നു. നാം ആ രീതിയിൽ ജീവിക്കുകയാണെങ്കിൽ. കൃഷി മത്സ്യബന്ധനം കയർ ഇവയൊക്കെ ഏകോപിപ്പിച്ചു കൊണ്ടുപോകാവുന്നതേയുള്ളൂ. അങ്ങനെയാണെങ്കിൽ സുഖമായും ഒരു വർഷം മുഴുവൻ വരുമാനം കിട്ടും.

പരിസ്ഥിതിപ്രവര്‍ത്തകനായ പ്രൊഫ. ഡി നന്ദകുമാര്‍ 

എല്ലായിടത്തും ഒരേ ഘടനയിൽ കെട്ടിടം കെട്ടാൻ പാടില്ല. അത് അപകടമാണ്. നാം വീണ്ടും തെറ്റുകളിലേക്ക് പോകരുത്. ഇപ്പോൾ ഉണ്ടായിവന്ന മറ്റൊരു പ്രതിഭാസം വലിയ അളവിൽ ഒലിച്ചുവന്ന മണ്ണിന്റെ ശേഖരമാണ്. പമ്പയിലെ ചില ഭാഗങ്ങളിൽ ഇപ്പോൾ മണ്ണ് വന്നടിഞ്ഞിട്ടു പമ്പാനദിയുടെ ആഴം വല്ലാതെ കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി ഒരു പ്രളയമുണ്ടാകാൻ ഇത്രയധികം മഴ വേണ്ടിവരില്ല. മണ്ണ് മാറ്റെണ്ടാതാവശ്യമാണ്.

നവകേരളം എന്നത് സർക്കാരിൻ്റെ ആശയമാണെങ്കിൽ ഇതൊക്കെ പ്രാവർത്തികമാക്കണം. അല്ലെങ്കിൽ നവകേരളത്തിനു അർത്ഥമില്ലാതെ പോകും. ഈ മണ്ണെല്ലാം ശാസ്ത്രീയമായി തന്നെ  നീക്കം ചെയ്യണം. പക്ഷെ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് മണൽലോബിയാണ്. ഇവർക്ക് അവസരം നൽകിയാൽ ഇതിനേക്കാൾ വലിയ ദുരന്തമുണ്ടാകും. അതൊക്കെ തടയാനുള്ള ശ്രമമുണ്ടാകണം. ഇപ്പോൾ പുതിയ പ്രോജക്റ്റുകളുമായി ധാരാളം കഴുകന്മാർ കറങ്ങിനടക്കുന്നുണ്ട്. ഇവരെയൊക്കെ മാറ്റിനിർത്തിയിട്ടു സ്വാർത്ഥതാല്പര്യമില്ലാത്ത തികച്ചും കലർപ്പില്ലാത്ത വിദഗ്ദ്ധരെ ഉൾപ്പെടുത്തി പദ്ധതികൾ ആവിഷ്കരിക്കണം

ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആർക്കിടെക്ട് എന്ന ഗ്രൂപ്പ് ഒരു ഗ്രാമം ഏറ്റെടുത്ത് മുഴുവൻ കെട്ടിടങ്ങളുൾപ്പെടെ പുനർനിർമ്മിയ്ക്കാമെന്ന ഒരു നിർദ്ദേശം മുഖ്യമന്ത്രിക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്ന് കേൾക്കുന്നു. അങ്ങനെയെങ്കിൽ അത് പഠിക്കാതെ തീരുമാനമെടുക്കാൻ പാടില്ല. മുഖ്യമന്ത്രി വളരെ കരുതലോടെയേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ. അതിനെക്കുറിച്ചു നാം ചർച്ച ചെയ്യേണ്ടതില്ല. ഇപ്പോൾ നാം തർക്കങ്ങളുന്നയിക്കുക എന്നുള്ളതല്ല ചെയ്യേണ്ടത്. ഇന്നത്തെ ആവശ്യം ഇപ്പോഴത്തെ അവസ്ഥയിൽനിന്നും ആളുകളെ എങ്ങനെ കരയ്‌ക്കെത്തിക്കാം എന്നുള്ളതാണ് ആദ്യം നോക്കേണ്ടത്. അടിയന്തിരമായി ഓരോ പ്രദേശത്തിലെയും പുനരധിവാസത്തിൻ്റെ ശാസ്ത്രീയമാർഗ്ഗങ്ങളെക്കുറിച്ചാണ് ആദ്യം ആലോചിക്കേണ്ടത്. കരുതലില്ലാതെ കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ കൂടുതൽ അപകടങ്ങളിലേക്ക് വീണ്ടും നാം പോകും. ഒരു ഇടക്കാലാവിലയിരുത്തലിനു ആദ്യം നടപടിയെടുക്കണം. പിന്നെ ദീർഘകാലപദ്ധതികളുടെ ചിന്തകളിലേക്ക് പോയാൽമതിയല്ലോ.

 

 

Spread the love

Leave a Reply