Monday, January 24

ഹിന്ദു പാകിസ്ഥാന്‍ പോലെ വിപ്ലവഹിന്ദു കേരളവും സാധ്യമാണ്

ചരിത്രപരമായ ജീവിതത്തിന്‍റെ ചില ദശാസന്ധികളില്‍ സാമൂഹ്യ വര്‍ഗ്ഗങ്ങള്‍ അവരുടെ പരമ്പരാഗത പാര്‍ട്ടികളെ വിട്ട് പോകും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ചില പ്രത്യേക വ്യക്തികളാല്‍ നയിക്കപ്പെടുന്ന പരമ്പരാഗത പാര്‍ട്ടികളുടെ ചട്ടക്കൂടുകളും അതിന്‍റെ പ്രകടനങ്ങളും മൂലമാണത്. അത്തരം പ്രതിസന്ധികള്‍ സംഭവിക്കുമ്പോള്‍, സാഹചര്യം പെട്ടെന്ന് സമര്‍പ്പിതവും അപകടകരവുമാവും. അതായത് അറിയപ്പെടാത്ത ശക്തികളായ, തീര്‍പ്പുകളുടെ വശീകരണശക്തിയുള്ള മനുഷ്യരാല്‍ സമൂഹം അക്രമത്തിനായി തുറക്കപ്പെടും.

അന്‍റോണിയോ ഗ്രാംഷി (ജയില്‍ക്കുറിപ്പുകള്‍)

കാലം: 1984.

സന്ദര്‍ഭം: ഇന്ദിരാഗാന്ധി വധം.

അനന്തരഫലം: ഡല്‍ഹിയില്‍ 2100 പേരുള്‍പ്പെടെ 2800 സിക്കുകാര്‍ ഇന്ത്യയിലാകമാനം കൊല ചെയ്യപ്പെട്ടുവെന്ന് ഔദ്യോഗിക സര്‍ക്കാര്‍ കണക്കുകള്‍. (ഡല്‍ഹിയില്‍ മൂവായിരം ഉള്‍പ്പെടെ 8000 സിക്കുകാര്‍ മരിച്ചെന്ന് അനൗദ്യോഗിക കണക്കുകള്‍, വോട്ടേഴ്സ് ലിസ്റ്റില്‍ പെടാത്ത പോലെ കണക്കില്‍പ്പെടാത്ത ആയിരങ്ങളും). അക്രമം ഡല്‍ഹി പോലീസും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് സംഘടിപ്പിച്ചതാണെന്ന് പില്‍ക്കാല സി.ബി.ഐ. ഭാഷ്യം. അന്ന് കോണ്‍ഗ്രസ് ആണ് കേന്ദ്രം ഭരിക്കുന്നത് എന്നതിനാല്‍ സി.പി.എംനു വേണ്ടി ഇ.എം.എസ്. ഇക്കാര്യത്തില്‍ എന്ത് പ്രസ്താവനകളാണ് ഇറക്കിയിട്ടുണ്ടാവുക എന്നതിന് അക്കാലത്തെ ദേശാഭിമാനി സാക്ഷ്യമാവും.

 

കാലം: 2002

സ്ഥലം: ഗുജറാത്ത്

സന്ദര്‍ഭം: ഗോധ്ര സംഭവം

അനന്തരഫലം: 790 മുസ്ലീങ്ങള്‍ ഉള്‍പ്പെടെ മൊത്തം മരിച്ചവര്‍ 1,925 എന്നും അനൗദ്യോഗികമായി രണ്ടായിരത്തില്‍പ്പരമെന്നും കണക്കില്‍പ്പെടാത്ത നിരവധി മുസ്ലീങ്ങള്‍ കൂട്ടത്തോടെ കൊല ചെയ്യപ്പെട്ട വംശഹത്യ.

 

കാലം: 2018 (കൃത്യമായി എന്ന തോന്നലോടെ പറഞ്ഞാല്‍ കൊല്ലവര്‍ഷം 1193 കര്‍ക്കിടകം 1, കുറെക്കൂടി ഹൈന്ദവബോധ്യങ്ങള്‍ക്കു വേണ്ടി പറഞ്ഞാല്‍ രാമായണ മാസാരംഭം)

സ്ഥലം: കേരളം

സന്ദര്‍ഭം: അഭിമന്യു വധം

അനന്തരഫലം: കൊല നടന്ന് 15 ദിവസമായിട്ടും യഥാര്‍ത്ഥ പ്രതികളെ പിടിച്ചില്ല. നേതാക്കളുടെ വീടുകളില്‍ റെയ്ഡുകള്‍. കൂട്ട അറസ്റ്റുകള്‍, നിരുപാധിക വിട്ടയയ്ക്കലുകള്‍.

നാം മലയാളിക്ക് അഭിമാനകരമായി ആഘോഷിക്കാന്‍ മേയ് ദിനം മാറ്റി കര്‍ക്കിടകദിനമാകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നു രാവിലെ വിപ്ലവമുദ്രാവാക്യം പോലെ രാമായണവരികള്‍ കേരളത്തിലെ മൊത്തം സഖനാവുകളില്‍ നിന്നുയരുമെന്നും കേരളമാകെ രാമായണശ്ലോകങ്ങളെഴുതിയ 24,000 ചെങ്കൊടികള്‍ നിരക്കുന്നതുമൊക്കെ ഭാവനയില്‍ കാണലായിരുന്നു കുറെ നാളായി ചിന്നപ്പയലിന്‍റെ സ്വപ്നം. സ്വപ്നം ചിലര്‍ക്ക് ചില കാലമേ ഒക്കൂ എന്നറിഞ്ഞപ്പോള്‍ ചിന്നപ്പയലിനുണ്ടായ നിരാശ സോഷ്യല്‍ മീഡിയയില്‍ കൊട്ടക്കണക്കിന് ശോക ഇമോജികള്‍ ഇട്ടാലും പറഞ്ഞറിയിക്കാവതല്ല. കടകംപള്ളി കടകം മറിഞ്ഞ് കടകം അമ്പലമായി പറഞ്ഞ വാക്കുകള്‍ മൊത്തം തിളരക്തയുവത്വത്തിനും ആവേശവുമായിരുന്നു.

എന്തു ചെയ്യാം, ഇപ്പോഴാണല്ലോ ഉത്തരാധുനികത പോയ് മറഞ്ഞെന്നും അതീതാധുനികത വന്നെന്നും നാം മനസ്സിലാക്കുന്നത്. അവിടെ വീണ്ടും ഗ്രാന്‍റ് നരേറ്റീവുകള്‍ തിരികെ വരുന്നുമുണ്ട്. അതിനാല്‍ പ്രത്യയശാസ്ത്രപ്രസക്തി കൂടുന്നതൊന്നുമറിയുന്നില്ലെങ്കിലും നമ്മുടെ നേതാക്കളെ ജനം തിരുത്തുന്നുമുണ്ട്. മുതലാളിത്തത്തിന്‍റെയും ഉത്തരമുതലാളിത്തത്തിന്‍റെയും സാംസ്കാരികയുക്തികള്‍ പോയ് മറഞ്ഞല്ലോ. എങ്കിലും ഉത്താരാധുനികത ബാക്കി വെച്ചു പോയ രാഷ്ട്രീയപരിസരത്തിലാണല്ലോ മാര്‍ക്സിസത്തിന്‍റെ ബൃഹദാഖ്യാനം സ്വത്വങ്ങളിലേക്ക് തിരിഞ്ഞതും.

അവിടെ നിന്നാണ് നാം അഭിമന്യു വധവുമായി ബന്ധപ്പെട്ട സമകാലം ചികഞ്ഞു നോക്കേണ്ടത്. വളര്‍ച്ചയുടെ പല ഘട്ടങ്ങളില്‍ പല കലാലയങ്ങളിലായി കൗമാരങ്ങള്‍ ചോര ചിന്തിയത് ചിന്നപ്പയലിന് ഇന്നും മറക്കാനാവില്ല. എസ്.എഫ്.ഐ. എന്നോ എ.ബി.വി.പി. എന്നോ കെ.എസ്.യു. എന്നോ തോന്നാതെ ദാരുണമെന്ന വികാരം കൊണ്ടു വന്നിട്ടുള്ള ദിനങ്ങള്‍. അഭിമന്യുവിന്‍റെ കാര്യത്തിലും ദാരുണമെന്ന് നെഞ്ചില്‍ കത്തി കയറുകയും മാതാപിതാക്കളുടെ സ്വപ്നനഷ്ടമോര്‍ത്ത് വിഷമിക്കുകയും ചെയ്യുന്നു. അപ്പോള്‍ അതാ വരുന്നു പ്രതി ഭാഗത്ത് വില്ലനായി എസ്.ഡി.പി.ഐ.

ഈ എസ്.ഡി.പി.ഐ. എവിടെ നിന്നു വന്നുവെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പറയാതെ തന്നെ നാട്ടുകാര്‍ക്കറിയാം രാഷ്ട്രീയനേതൃത്വം പരിഗണിക്കാതെ വിട്ടു കളഞ്ഞ ചിന്ന സ്വത്വങ്ങളുടെ ഏകീകരണമായിരുന്നുവെന്ന്. അതായത് ദലിതനും മുസ്ലീമും പിന്നോക്കക്കാരനുമൊക്കെയായി സമാന അനുഭവമേഖലകളെ പങ്കു വെക്കുന്നവര്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കൊല ചെയ്യപ്പെട്ട അഭിമന്യു കൂടി അവസ്ഥാപരമായി ചേര്‍ന്നു നില്കേണ്ടി വരുന്നതായിരുന്നു എസ്.ഡി.പി.ഐ. എന്നാണ് ഇന്നു വരെയും നമ്മുടെ നേതൃത്വവും വിശ്വസിച്ചത്. അവര്‍ മാവോയിസത്തിലേക്കല്ലല്ലോ പോയതെന്ന് ആശ്വസിച്ച രാഷട്രീയ നേതൃത്വം തെരഞ്ഞെടുപ്പുകളില്‍ അവരോട് കൂട്ടു കൂടാന്‍ ശ്രമിക്കുകയോ അവരില്‍ നിന്നും സഹായം പ്രതീക്ഷിക്കുകയോ ഒക്കെ ചെയ്തതുമായിരുന്നു. ഇരയും വേട്ടക്കാരനും സ്വത്വപ്രതിനിധികളായതിനാല്‍ സംഭവവും പാര്‍ശ്വവല്കരണത്തിലാണ്. അതിനായി ഭരണകൂടം പ്രയോഗിക്കുന്നതോ പോലീസ് എന്ന ഉപകരണത്തെയും.

അങ്ങനെയാണ് ചിന്ത പോലീസിലേക്ക് പോയത്. ചിന്നപ്പയലിന് അറിവു വെച്ചു തുടങ്ങിയപ്പോഴായിരുന്നു അടിയന്തിരാവസ്ഥ. അതിനാല്‍ അന്ന് പോലീസിനെ പേടിയായിരുന്നു. ജീവനെടുക്കുന്ന ഭീകരരായതിനാല്‍ കാക്കി കണ്ടാല്‍ ഓടുമായിരുന്നു. പിന്നെ കൊക്കു മുളച്ച് ജാഥകളുടെ കൂട്ടത്തില്‍ ചേര്‍ന്നപ്പം കൂട്ടം കിട്ടിയ സന്തോഷത്തില്‍ പോലീസിനെ കളിയാക്കാന്‍ ‘പോലീസ് ഞങ്ങക്ക് പുല്ലാണേ, ലാത്തി ഞങ്ങക്ക് പൂമാല…’ എന്നൊക്കെ ആവേശം കൂട്ടി.  ‘ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാ, നിങ്ങക്കെന്താ കോണ്‍ഗ്രസേ…’ എന്ന് ഭരണപ്പാര്‍ട്ടിക്കാര്‍ക്ക് പോലീസ് അടി കിട്ടിയപ്പം വിളിച്ചു എന്ന് പറയുന്ന മുദ്രാവാക്യം നാണക്കേടായി തോന്നിയിരുന്നു. നാണം ഒഴിവാക്കാന്‍ ധീരസഖാക്കള്‍ അങ്ങനെ വിളിച്ചിട്ടുണ്ടാവില്ലെന്ന് വിശ്വസിച്ചു. മുദ്രാവാക്യത്തിന്‍റെ കാര്യമായതിനാല്‍ പല കാലം പലതായതിനാലും വിട്ടു കളഞ്ഞു. പിന്നെ താത്വികാചാര്യര്‍ പറഞ്ഞതനുസരിച്ച് പോലീസ്, പട്ടാളം മുതലായവയൊക്കെ ഭരണകൂട മര്‍ദ്ദന യന്ത്രങ്ങളാണെന്ന വിശ്വാസത്തിലെത്തി. അപ്പോഴാണ് ഒരു ചിന്ത വന്നത്. ചൂഷണത്തിനും മര്‍ദ്ദനത്തിനുമെതിരെ പട പൊരുതി പോലീസ് മര്‍ദ്ദനത്തിന്‍റെ തീവ്രത അറിഞ്ഞിട്ടുള്ള ആചാര്യന്‍ ഭരിക്കുമ്പോള്‍ പോലീസ് എന്തായിരിക്കണമെന്ന്. അതേ പഴയ പടയുടെയും സേനയുടെയുമൊക്കെ പരിണാമമായ പോലീസ് അകമ്പടി നന്നായുണ്ടാകണം. എങ്കിലേ നോമിന്‍റെ വരവറിയൂ. പണ്ട് അകമ്പടി കരുണാകരന്‍റെ കാര്യത്തിലായപ്പോള്‍ ചിരിയായിരുന്നു. ഇന്ന് അത് ഗൗരവമായിരിക്കുന്നു.

എന്തായിരിക്കണം കാര്യക്ഷമമായ പോലീസ് സംവിധാനം. പ്രതിസന്ധിഘട്ടങ്ങളില്‍ ജനത്തെ ഉപകാരപ്രദമായ സേവനം കൊണ്ട് രക്ഷിക്കല്‍. വിദേശസിനിമകളിലൊക്കെ പോലീസ് പ്രവര്‍ത്തിക്കുന്നത് കണ്ട് ഹൊ, അവിടുത്തെയൊക്കെ പോലീസിനെ കണ്ടോ എന്ന് അത്ഭുതപ്പെടുകയും അതേ സമയം തന്നെ സിനിമ അല്ലെ, യാഥാര്‍ത്ഥ്യത്തില്‍ അവിടെയും പോലീസുകാര്‍ ഇതുപോലൊക്കെത്തന്നെയായിരിക്കും എന്ന് സമാധാനിക്കുകയും ചെയ്തിട്ടുണ്ട്.

അതൊക്കെ എന്തെങ്കിലുമാകട്ടെ. നാട്ടില്‍ ഒരു കൊല നടക്കുന്നു. നിമിഷങ്ങള്‍ക്കകം യഥാര്‍ത്ഥ പ്രതിയെ പിടിക്കാന്‍ കഴിയുന്നതായിരിക്കണം കാര്യക്ഷമത. നാളുകള്‍ നീളുന്ന അന്വേഷണങ്ങളിലേക്ക് പോകേണ്ടതില്ല. അക്രമികള്‍ കൊല ചെയ്യാന്‍ തട്ടിക്കൊണ്ടു പോയി എന്ന അറിയിപ്പു കിട്ടിയിട്ടും പോലീസിന് ദൂരെ പുഴക്കരയില്‍ പിറ്റേന്ന് ജഡം കണ്ടെത്താനായി എന്നൊക്കെ അഭിമാനം കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴിതാ പട്ടാപ്പകലല്ലെങ്കിലും പട്ടണനടുവില്‍ നടന്ന കൊലപാതകത്തിലെ പ്രതികളെ പിടിക്കാന്‍ വിദേശത്തേക്ക് പോകേണ്ടി വരും എന്നൊക്കെയുള്ള ചിന്തയിലാണ്. മഹാരാജാസ് കോളേജ് കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നും വളരെയൊന്നും ദൂരെയല്ലാത്തതിനാല്‍ കത്തി കയറ്റിയ ശേഷം പ്രതി വിമാത്താവളത്തിലേക്കോടി കോളിളക്കത്തിലെ ജയന്‍ വിജയിച്ച ഫസ്റ്റ് ടേക്കുപോലെ പറന്നുയര്‍ന്ന വിമാനത്തിന്‍റെ ചിറകില്‍ തൂങ്ങി രക്ഷ പെടുകയായിരുന്നു.

ഇവിടെ പ്രശ്നം ഇപ്പോള്‍ അതല്ല. കൊല നടന്ന് പതിനഞ്ച് ദിവസമായിട്ടും പോലീസ് യഥാര്‍ത്ഥ പ്രതികളെ പിടിച്ചില്ല എന്നല്ല, സംശയത്തിന്‍റെ പേരില്‍ മുന്നൂറോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവിടേയും തീരുന്നില്ല. പാര്‍ട്ടി പ്രസിഡന്‍റിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തി. പത്രപ്രസ്താവന നടത്താന്‍ വന്ന പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തു. ഒരു ഹര്‍ത്താല്‍ ആഹ്വാനം വന്നപ്പോഴേക്കും നീര്‍ക്കോലിയെ കൈയിലെടുത്ത കുരങ്ങനെപ്പോലെ അമളി മനസ്സിലാക്കി മുഖം തിരിച്ചു നോക്കാതെ നിരുപാധികം വിട്ടയച്ചു.

കൊല നടത്തിയ എസ്.ഡി.പി.ഐ.യെ വെറുതെ വിടണമെന്നല്ല. മറിച്ചു ചിന്തിച്ചു പോയതാണ്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ കാര്യത്തിലും പോലീസ് നീതി ഒന്നായിരിക്കണം എന്നാണ് ജനാധിപത്യരീതി. ഇവിടെ ചില കേസുകളില്‍ മാത്രം അതുമായി ബന്ധപ്പെട്ട നേതാക്കളുടെ വീടുകളില്‍ പരതി കയറി ഇറങ്ങുക. ഒരിക്കല്‍ അത് നക്സലേറ്റുകളും ഇപ്പോള്‍ മാവോയിസ്റ്റുകളും നേരിടുന്ന പോലീസ് പ്രതിസന്ധി. എന്നാല്‍ സദാ കൊലവിളിക്കുകയും പരസ്പരം കത്തി കയറ്റുകയും ചെയ്യുന്ന വിപ്ലവപ്പാര്‍ട്ടിയുടെയോ വംശവാദിപ്പാര്‍ട്ടിയുടെയോ നേതാക്കളുടെ വീട്ടില്‍ ഇതുവരെ ഒരു പോലീസ് നായ പോലും കയറിക്കണ്ടിട്ടില്ല. അങ്ങനെയൊക്കെ സംഭവിച്ചിരുന്നുവെങ്കില്‍ ഇവരാരും പിന്നീടൊരിക്കലും ഭരണക്കസേര കേറില്ലെന്ന് അവര്‍ക്ക് നന്നായറിയാം.

ഇവിടെ വലിയ വംശഹത്യകളൊന്നും നടക്കുന്നില്ലെങ്കിലും വംശീയമായ കടന്നു കയറ്റങ്ങളില്‍ നമ്മുടെ രാഷ്ട്രീയനേതൃത്വത്തിനുള്ള താല്പര്യം പ്രകടമായിക്കൊണ്ടിരിക്കുകയാണ്. അതാണ് യഥാര്‍ത്ഥ പ്രതികളെ പിടിക്കാതെ ഇപ്പോള്‍ നടത്തുന്ന രാഷട്രീയവേട്ടയും രാമായണാസക്തിയും. ഇന്ത്യയൊട്ടാകെ 2019ലെ ഇലക്ഷനെ നേരിടാന്‍ മോദി തുറന്നെറിയുന്ന വംശീയത അടുത്ത തെരഞ്ഞെടുപ്പിലേക്ക് നമ്മുടെ നേതാക്കള്‍ ഒളിച്ചു കടത്തുകയല്ലേ എന്ന് പ്രാന്തരില്‍ ആരെങ്കിലും ചോദിച്ചാല്‍ തല്ലല്ലേ. ആദ്യം സി.പി.എമ്മും പിന്നീട് കോണ്‍ഗ്രസും കാണിച്ച രാമായണ അടവുനയം അതല്ലേ വ്യക്തമാക്കുന്നത്. ആദ്യം ഞങ്ങള്‍ ഹിന്ദുക്കള്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുക. പിന്നീട് അത് രാഷ്ട്രീയമതേതരത്വത്തിനും ജനാധിപത്യത്തിനും ചേരുന്നില്ലെന്ന് പറഞ്ഞ് പിന്തിരിയുക. ഹൊ. എന്ത് നല്ല രാഷ്ട്രീയനാടകങ്ങള്‍. നാടകാന്ത്യത്തിലാവും കരച്ചില്‍ എന്നേ തുടക്കത്തില്‍ ചിന്തിക്കേണ്ടതുള്ളൂ.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായ സ്ഥിതിക്ക് എന്തുകൊണ്ട് നമുക്ക് ഒരു പ്രാന്തീകൃതസങ്കല്പം കൊണ്ട് ഹിന്ദുത്വത്തിന് വിപ്ലവമാനം നല്കിക്കൂടാ. കേന്ദത്തില്‍ ഭരണാധികാരികള്‍ ഹിന്തുത്വ അജണ്ട പ്രചരിപ്പിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്നവര്‍ക്ക് അവരുടെ അജണ്ട പ്രചരിപ്പിക്കാന്‍ തീര്‍ച്ചയായും ബാധ്യതയുണ്ട്. അതാണല്ലോ ജനാധിപത്യ ഇന്ത്യ അവകാശപ്പെടുന്നതും. അതായത് നാനാത്വത്തിലെ ഏകത്വം.

ഈയിടെയായി ചിന്നപ്പയലിന് ഒരാഗ്രഹം. മറ്റൊന്നുമല്ല വിപ്ലവപ്പാര്‍ട്ടികള്‍ക്ക് സ്വീകാര്യമാവുമോ എന്ന് ഇത് വായിച്ചു കഴിയുമ്പോള്‍ വരാന്‍ സാധ്യതയുള്ള പ്രതികരണങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. രാമായണം പോലുള്ള പൗരാണികേതിഹാസങ്ങള്‍ ഭൗതികേതിഹാസമായ മൂലധനത്തിന് ബദലാകുന്നതുപോലെ വിപ്ലവചിഹ്നങ്ങളില്‍ നിന്നും ചുറ്റികയെ നമുക്ക് എടുത്തു മാറ്റാവുന്നതാണ്. പകരം നമുക്ക് പരശുവിനെ പ്രതിഷ്ഠിക്കാം. വീട്ടു മലയാളത്തില്‍ പറഞ്ഞാല്‍ കോടാലി. വ്യവസായിവിപ്ലവഫലം പോലെ നാമൊരുക്കിയ വ്യവസായ സ്ഥാപനങ്ങളൊക്കെ പൂട്ടിപ്പോയ സ്ഥിതിക്ക് വ്യവസായികവിപ്ലവസൂചകമായ ചുറ്റിക നമ്മുടെ അരിവാളിനൊപ്പം ചേരുന്നതല്ലെന്നും നെല്ലു കൊയ്ത് അരിയാക്കിക്കഴിഞ്ഞാല്‍ വിറകുണ്ടാക്കി വേവിച്ചു തിന്നാനായാലും വെട്ടിക്കൊല്ലാനായാലും എന്തുകൊണ്ടും നമുക്ക് സ്വീകരിക്കാവുന്നത് കോടാലി തന്നെയാണ്. പരശുരാമന്‍ അതുകൊണ്ടാണ് ക്ഷത്രിയരെ അരിഞ്ഞ് വീഴ്ത്തിയത് എന്നൊന്നും പറയുകേം വേണ്ട. പകരം കേരളം ഉണ്ടാക്കിയത് അതെറിഞ്ഞാണെന്ന് അഭിമാനിക്കേം ചെയ്യാം. പിന്നെ നാടിന്‍റെ ഇപ്പോഴുള്ള പേരു മാറ്റി വംശീയമായ പൗരാണികസൂചനകളുള്ള പരശുരാമക്ഷേത്രം എന്ന പേര് നമ്മുടെ നാടിന് തിരുമനസ്സുകൊണ്ട് കല്പിച്ചു തരണം എന്നൊരു നീട്ടൂരമയച്ചാല്‍ പെട്ടെന്ന് കേന്ദ്രാനുമതി കിട്ടുകേം ചെയ്യും. ഇനീം അമാന്തിച്ചാല്‍ ഹിന്ദുത്വക്കാര്‍ ഈ പ്രവര്‍ത്തികളൊക്കെ ചെയ്ത് അച്ഛനുവേണ്ടി കാമധേനുവിനെ വീണ്ടെടുത്തു വന്ന പരശുരാമനെപ്പോലെ കേരളത്തിന്‍റെ തൊഴുത്തിലും പശുവിനെ കൊണ്ടു കെട്ടും. പിന്നാകെ പശു – പരശു എന്നാകും.

Spread the love
Read Also  രാമായണത്തെ വേണ്ടെന്ന് ഒടുവിൽ കോൺഗ്രസ്സും തീരുമാനിച്ചു; പിന്മാറ്റം നേതൃത്വത്തിൽ നിന്ന് തന്നെ എതിർപ്പുയർന്ന സാഹചര്യത്തിൽ