Sunday, January 16

കോടതിയില്‍ കേസ് നടക്കുമ്പോള്‍ ദിലീപിനെ എങ്ങനെ തിരിച്ചെടുക്കാനാവും? രേവതി

നടിയെ ആക്രമിച്ച കേസില്‍ കോടതി വിചാരണ തുടങ്ങാനിരിക്കെ എന്ത് കാരണം പറഞ്ഞാണ് ദിലീപിനെ സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ തിരിച്ചെടുക്കാനാവുക എന്ന് മുതിര്‍ന്ന നടിയും സംവിധായികയും അമ്മ അംഗവുമായി രേവതി ചോദിക്കുന്നു. ആക്രമിക്കപ്പെട്ട നടിയും അമ്മയില്‍ അംഗമാണെന്നിരിക്കെ എന്ത് തരം ബഹുമാനമാണ് ഈ നടപടിയിലൂടെ അവരോ കാണിക്കുന്നതെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ രേവതി ചോദിക്കുന്നു. ഈ നടപടിയിലൂടെ എന്തുതരം സന്ദേശമാണ് സംഘടന നല്‍കുന്നതെന്ന ചോദ്യത്തിനും ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും രേവതി പറഞ്ഞു.
കോടതിയില്‍ കേസ് നടക്കുന്ന സമയത്ത് ദിലീപിനെ സംഘടനയിലേക്ക് തിരികെ എടുത്തത് ശരിയായില്ല എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്. ആക്രമികളും ഇരയും ഒരേ സംഘടനയില്‍ തന്നെയായിരിക്കുമ്പോള്‍ എന്ത് തരം സന്ദേശമാണ് ഈ നടപടി വഴി നല്‍കുന്നതെന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഈ നടപടി ചോദ്യം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് ഞങ്ങളുടെ കൂട്ടത്തിലുള്ള നാലുപേര്‍ സംഘടനയില്‍ നിന്നും രാജിവച്ചത്. പദ്മപ്രിയയും പാര്‍വതിയും ഞാനും സംഘടനയ്ക്ക് കത്തെഴുതാനും നടപടിയെ ചോദ്യം ചെയ്യാനും തീരുമാനിച്ചു. വ്യാഴാഴ്ച രാവിലെ ഞങ്ങള്‍ കത്തെഴുതിയതിന്റെ ഫലമായാണ് സംഘടനയിലേക്ക് ഇല്ലെന്ന് അന്ന് വൈകിട്ട് ദിലീപിന് തീരുമാനിക്കേണ്ടി വന്നത്.
ഞങ്ങളുടെ കത്തിന് അമ്മ ഇതുവരെ മറുപടി തന്നിട്ടില്ല. ദിലീപിനെ സംഘടനയില്‍ തിരികെ എടുത്ത നടപടി തന്നെ ഞെട്ടിച്ചെന്നും രേവതി പറഞ്ഞു. കഴിഞ്ഞ എക്‌സിക്യൂട്ടിവ് യോഗം ഞങ്ങള്‍ ബഹിഷ്‌കരിച്ചതല്ല. യോഗത്തിന് 21 ദിവസങ്ങള്‍ക്ക് മുമ്പ് അജണ്ട അംഗങ്ങള്‍ക്ക് അയച്ചു നല്‍കിയിരുന്നു. അതില്‍ ദിലീപ് പ്രശ്‌നം ഉള്‍പ്പെടുത്തിയിരുന്നില്ല. അതുകൊണ്ടാണ് അന്നത്തെ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും രേവതി വ്യക്തമാക്കി.
അമ്മയുടെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ പുറത്താക്കിയ തിലകനെ തിരിച്ചെടുക്കാതിരിക്കുകയും ദിലീപിനെ പ്രത്യേകിച്ച് കാരണമൊന്നും കാണിക്കാതെ തിരിച്ചെടുക്കുകയും ചെയ്ത നടപടി തെറ്റാണ്. കൂടുതല്‍ താരമൂല്യമുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനുള്ള ശ്രമത്തെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. അമ്മയെ പോലെയുള്ള പ്രശസ്തരുടെ സംഘടനകളാണ് സമൂഹത്തിന് ഉദാഹരണങ്ങളായി തീരേണ്ടതെന്നും രേവതി പൂജ പിള്ളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കുടൂതല്‍ വായനയ്ക്ക്:

രാജി വെച്ചവർ തങ്ങളുടെ പ്രശ്നങ്ങൾ അമ്മയിൽ പറയണമായിരുന്നു; അലൻസിയർ

http://prathipaksham.in/alencier-responds-resignation-of-wcc-memberes-from-amma/

താര സംഘടന അമ്മ പിളർന്നു; ഡബ്‌ള്യൂസിസി അംഗങ്ങളുടെ കൂട്ടരാജി

http://prathipaksham.in/malayalam-actor-actress-organisation-amma-divided/

‘രതിക്ക് വേണ്ടി അവൻ നിന്നോട് യാചിക്കാൻ ഇട നൽകരുത്’; സ്ത്രീ വിരുദ്ധതയുമായി അമ്മയുടെ ഫേസ്ബുക്ക്

http://prathipaksham.in/amma-facebook-post-against-womens-exclusive/

Spread the love
Read Also  ദിലീപിനെ 'അമ്മ'യിലേക്ക് തിരികെ വിളിക്കാൻ തീരുമാനം