മലയാളത്തിലെ  തലമുറക്കഥകൾ എന്ന തരം തിരിവ് പ്രസാധകരൊന്നും ഇന്ന്  ഏറ്റെടുക്കുന്നില്ല. ഡി സി ബുക്സ് 1984 ലോ മറ്റോ പ്രസിദ്ധീകരിച്ച അഞ്ചാം തലമുറക്കഥകളോടെ അത് അവസാനിച്ചു എന്നു തോന്നുന്നു.  ഇന്ന് സമൂഹമാധ്യമം വായനക്കാരെയും സ്വാധീനിച്ചതോടെ പുതിയ സാങ്കേതികവിദ്യയിലൂടെ തങ്ങളുടെ ഇടം കണ്ടെത്താനായി സമകാലികരായ എഴുത്തുകാരിൽ പലരും മത്സരിക്കുകയാണു. ആ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന ചില വിശേഷങ്ങൾ പങ്കുവെയ്ക്കാനാണു ഈ കുറിപ്പ്.   

പുതുതലമുറക്കഥകൾ മലയാളത്തിലുണ്ടാക്കിയ ശക്തമായൊരു അടിയൊഴുക്ക് നിലച്ചിരിക്കുന്ന വേളയിലാണ് പുതിയ പേരുകൾ കഥാപാരായണപ്രേമികളെ തേടി എത്തുന്നത്. ഏതാണ്ട് ഒരു ദശകത്തിനു മുമ്പുവരെ മലയാളസാഹിത്യത്തിൽ ആധിപത്യമുണ്ടായിരുന്ന കഥാശാഖ ഇടയ്ക്കു കുറച്ചുകാലം അനാഥമെന്നപോലെ കിടന്നു. എഴുതിവന്നവരിൽ പലരും മൗനം പാലിക്കുകയും പുതുസമീപനങ്ങൾ അവലംബിക്കുന്ന കഥകൾ ഉണ്ടാകാതാവുകയും ചെയ്ത ഒരു ദശകമായിരുന്നു ഏതാണ്ട് 2000 മുതൽ 2010 വരെയുള്ള കാലം എന്ന് കരുതേണ്ടിവരും. പക്ഷെ ഇതിനിടയിൽ എസ് ഹരീഷിനെപ്പോലുള്ള ചിലരുടെ  പുസ്തകങ്ങൾ പുറത്തുവന്നത് വിസ്മരിക്കുന്നില്ല. ഇതിനുശേഷമുള്ള പ്രവണതയ്ക്ക് വിത്തുപാകിയത് നവമാധ്യമങ്ങൾ തന്നെയാണു എന്ന് പറഞ്ഞാൽ നിഷേധിക്കാനാവുമോ? പക്ഷെ ഒരു ഇടവേളക്കാലത്തേയ്ക്ക് അതു നിലച്ചതായി കരുതാമോ?

 

ശിഹാബുദ്ദീൻ പൊയ്ത്തുംകടവിൻ്റെ കഥകൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതുപോലെയാണു ഒരുപിടി കഥാകാരന്മാർ സജീവമായ ചർച്ചയിലേക്ക് വന്നത്. അതിൻ്റെ നാന്ദി സുഭാഷ് ചന്ദ്രൻ്റെയും സന്തോഷ് ഏച്ചിക്കാനത്തിൻ്റെ കഥകളായിരുന്നു. സുഭാഷ് ചന്ദ്രൻ്റെ കഥകൾ മുഖ്യധാരയിലേക്ക് വന്നു. നവമാധ്യമങ്ങളുടെ ഇടപെടൽ ഇന്നത്തെപ്പോലെ ശക്തമല്ലാതിരുന്ന കാലം. (നോവൽ സാഹിത്യം ഇവിടെ സ്പർശിക്കുന്നില്ല) സന്തോഷിൻ്റെ കഥകൾക്കുശേഷമാണു ഉണ്ണി ആറിൻ്റെ കഥകൾ മുഖ്യധാരാവായനാമുറിയിലെക്ക് കടന്നുവന്നത്. ഹരീഷിൻ്റെ കഥകൾക്കു ഫെയ്സ് ബുക്കിലും വാട്ട്സ് ആപ്പിലും സംവാദത്തിനിടം ലഭിച്ചു. ഹരീഷിന്റെ `ആദം` എന്ന സമാഹാരത്തിലുൾപ്പെട്ട കഥകൾ പുസ്തകമാകുന്നതിനു മുമ്പ് ചർച്ച ചെയ്യപ്പെടുകയും ചെയ്തു. കഥാസാഹിത്യത്തിനു പുതുഭാഷ നൽകിയ പി വി ഷാജികുമാറിൻ്റെയും  ഇ. സന്തോഷ് കുമാറിൻ്റെയും രചനകളും വീണ്ടും ചർച്ച ചെയ്യപ്പെട്ടത് സമൂഹമാധ്യമങ്ങളിലൂടെ തന്നെയായിരുന്നു. ഈ ചർച്ചയിലെങ്ങും പരാമർശിക്കാത്ത പേരുകളുമുണ്ട്. ആദ്യകാലത്ത് വ്യാപകമായ വായനക്കാരില്ലാതെ പാർശ്വവൽക്കരിക്കപ്പെട്ട എഴുത്തുകാരാണു തോമസ് ജോസഫും അയ്മനം ജോണും. പക്ഷെ കഴിഞ്ഞ ഒരു ദശകങ്ങളിൽ സ്ഥിതി മാറി. ഈ പ്രതിഭകളെ തിരിച്ചറിയാനും പ്രമുഖരുടെ നിരയിലേക്കെത്തിക്കാനും സമൂഹമാധ്യമങ്ങൾ ശ്രദ്ധിച്ചു എന്നത് നിഷേധിക്കാൻ കഴിയില്ല. ചർച്ച ചെയ്യപ്പെടാത്ത പേരുകൾ ഭാവിയിൽ വായനക്കാർ ഇനിയും തിരിച്ചറിയുമെന്നുകൂടി സൂചിപ്പിക്കട്ടെ.

ശരിയാണ്, സമൂഹ മാധ്യമങ്ങളുടെ ശക്തമായ സാന്നിധ്യം തന്നെയാണു ഈ ദശകത്തിൽ നമ്മുടെ സാഹിത്യ ചർച്ചകളെ സജീവമാക്കി മാറ്റിയത്. സോഷ്യൽ മീഡിയ സജീവമായ കഴിഞ്ഞ ഒരു ദശകം എഴുത്തുകാർക്ക് വലിയ അവസരങ്ങളാണു വന്നുചേർന്നത്. വായനക്കാരുമായി ഇടപഴകാനുള്ള സൗഭാഗ്യങ്ങളാണു അവർക്ക് വീണുകിട്ടിയത്. ഭേദപ്പെട്ട കൃതികൾ ചർച്ച ചെയ്യപ്പെടുകയും അതുസംബന്ധിച്ച് വായനക്കാരുടെ ഭാവുകത്വത്തെ അളവുകോലാക്കി സ്വന്തം എഴുത്തുമേശയിൽ കൂടുതൽ ജാഗ്രത പാലിക്കാനുമുള്ള അവസരങ്ങളായിരുന്നു സോഷ്യൽ മീഡിയ സമ്മാനിച്ചത്. ഒരു സാഹിത്യക്യാമ്പിലെ മൂല്യനിർണയത്തിനു സമാനമായ വിലയിരുത്തലുകളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചത്. വായനക്കാർക്കും എഴുത്തുകാരുമായി നേരിട്ട് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനും കഴിഞ്ഞുവെന്നത് എഴുത്തുകാരും വായനക്കാരുമായി ആരോഗ്യകരമായ ഒരു ബന്ധം സൃഷ്ടിച്ചെടുക്കാൻ സഹായകമായി. എഴുത്തുകാർ വായനക്കാരെ അഭിമുഖീകരിക്കാതെ ദന്തഗോപുരത്തിലിരുന്ന് എഴുതുന്നവർ എന്ന പരമ്പരാഗത സങ്കല്പമല്ല സമൂഹമാധ്യമങ്ങൾ വളർത്തുന്ന സമകാലിക സാഹിത്യം എന്ന പ്രത്യേകതയും പരിഗണിക്കണം.

നല്ല കഥകൾ സമ്മാനിച്ച പി എഫ് മാത്യൂസ് വല്ലപ്പോഴും കഥയെഴുതി സമൂഹമാധ്യമങ്ങളിലൂടെ സാന്നിധ്യം രേഖപ്പെടുത്തുന്നു.  വൈകി എഴുത്തിലേക്ക് വന്ന പി ജെ ജെ ആൻ്റണിയുടെ കഥകൾ ശ്രദ്ധേയമായിരുന്നതിനാൽ വായനക്കാരുണ്ടായി. സോക്രട്ടീസ് വാലത്തിനെപ്പോലുള്ളവരുടെ രണ്ടാം വരവിൽ നല്ല കഥകൾ പിറന്നു. എം നന്ദകുമാറിൻ്റെ നീണ്ട കഥകൾ നിൽക്കട്ടെ, അദ്ദേഹം കവിതയിലേക്ക് മാറി. വി വിനയകുമാറിനെപ്പോലെയുള്ളവർ കവിതയിലേക്കും യാത്രാവിവരണങ്ങളിലേക്കും കളം മാറ്റി.   ഇവരെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലൂടെ സമകാലികരായ എഴുത്തുകാരുമായും വായനക്കാരുമായ ആരോഗ്യകരമായ ബന്ധങ്ങളിലൂടെ സംവാദങ്ങൾ തുടർന്നു . ഇവരിൽ പലരും സാമൂഹ്യപ്രശ്നങ്ങളിലും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. പ്രമുഖ ഫിക്ഷൻ എഴുത്തുകാരായ സേതു, കെ പി നിർമ്മൽ കുമാർ തുടങ്ങിയവർ ഇങ്ങനെ സമസ്തമേഖലകളെയും സ്പർശിച്ചുകൊണ്ട് തങ്ങളുടെ നിലപാടുകൾ സ്റ്റാറ്റസുകളിലൂടെ രേഖപ്പെടുത്തി. പുതുതലമുറയെ ഇക്കൂട്ടരും പ്രോത്സാഹിപ്പിച്ചു.

Read Also  പെൺരചനകളിലെ തനതുവഴികൾ ; ബൃന്ദ പുനലൂർ, ബഹിയ, സുധ തെക്കേമഠം എന്നിവരുടെ കഥകളിലൂടെ

ഈ വലിയ ഇടവേളയ്‌ക്കുശേഷമാണ് കഥാസാഹിത്യത്തിനു ഉണർവുണ്ടാക്കിക്കൊണ്ടു ദേവദാസ് വി എം ഉം വിനോയ് തോമസും പി എസ് റഫീക്കും ഫ്രാൻസിസ് നൊറോണയും കെ വി പ്രവീണും ലാസർ ഷൈനുമൊക്കെ മുൻ നിരയിലേക്ക് വന്നത്. പലപ്പോഴും വെറും പുകഴ്ത്തലുകളുടെ പ്രവാഹങ്ങളിൽപെട്ട് ഷോക്കേറ്റ് ചിലർക്കെങ്കിലും ആശയക്കുഴപ്പമുണ്ടായി. അത് തിരിച്ചറിയപ്പെടാനുള്ള വിവേകം എഴുത്തുകാർക്കുമുണ്ടായിരുന്നു. മുമ്പെങ്ങുമില്ലാത്ത കൊണ്ടാടലായി തിമിർത്തു അമിതാഘോഷമാക്കിയപ്പോൾ  ചില എഴുത്തുകാരെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ അന്നത്തെ   പത്രാധിപർ   മുൻ നിരയിലേക്ക് കൊണ്ടുവരാൻ മത്സരിച്ചു. അപ്രതീക്ഷിതമായ വേഗതയിൽ അവരെല്ലാം മുൻ നിരയിലെത്തി. അതിൽ അഭിരമിച്ച് ചിലരെങ്കിലും പ്രശംസയുടെ കുത്തൊഴുക്കിൽ ഒലിച്ചുപോയിരുന്നു എന്ന് വിമർശനങ്ങളുയർന്നെങ്കിലും അവരും എഴുത്തിൻ്റെ അടുത്ത ഘട്ടത്തിലേക്കുള്ള ഇടവേളയിലേക്കാണു പോയതെന്ന് നിരീക്ഷിക്കാം. ഗ്രാമ്യഭാഷയുടെ ശക്തി കഥകളുടെ കരുത്ത് വർദ്ധിപ്പിച്ചെങ്കിലും ശൈലീവത്കൃതമായ ആവർത്തനങ്ങളും ഉള്ളടക്കങ്ങളും മടുപ്പുളവാക്കുന്ന രീതിയിലേക്ക് വഴുതിവീഴുന്നതിലൂടെ കഥാസാഹിത്യത്തിനു അപചയം സംഭവിച്ചു. ഇനി ഒരിടവേളയ്ക്കുശേഷം അവരുടെയെല്ലാം മടങ്ങിവരവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

പുസ്തകങ്ങളുടെയും വായനക്കാരുടെയും എണ്ണം കൊണ്ട് ശ്രദ്ധേയമായ ഏറ്റവും ഒടുവിൽ വന്ന അമലിൻ്റെ രചനകളും സമീപകാലത്ത് വായനക്കാർ ചർച്ച ചെയ്യുകയുണ്ടായി. ഷിനിലാൽ ഇപ്പോൾ സജീവമായി കഥകളുമായി  രംഗത്തുണ്ട്. അജിജേഷ് പച്ചാട്ടും എഴുത്തിൽ കരുത്ത് തെളിയിച്ച് വായനക്കാരെ നേടിയെടുത്തു. കെ വി മണികണ്ഠൻ,  ശ്രീകണ്ഠൻ കരിക്കകം തുടങ്ങിയവരുടെ രചനകൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. ഇതിൽ കഥകൾ സമാഹരിക്കപ്പെടാതെ ചർച്ച ചെയ്യപ്പെട്ടവരുമുണ്ടായിരുന്നു. അങ്ങനെ വന്ന ചില പേരുകളാണു വിവേക് ചന്ദ്രൻ, കെ എൻ പ്രശാന്ത്, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, സുദീപ് ടി ജോർജ് തുടങ്ങിയവർ. ഈ കാലഗണനയിൽ ഏറ്റവും ഒടുവിൽ വന്ന പേരാണു മജീദ് സെയ്ത് എന്ന എഴുത്തുകാരൻ.

സമകാലികരചനകളിലെ രാഷ്ട്രീയം

നവമാധ്യമങ്ങളിലൂടെ പ്രചാരം നേടുന്ന മിക്ക കഥകളുടെയും  ഉള്ളടക്കത്തിൽ ആവിഷ്കരിക്കുന്നതോ ചർച്ച ചെയ്യുന്നതോ ആകട്ടെ, അത് രാഷ്ട്രീയമോ  അരാഷ്ട്രീയമായ ആണെന്നുള്ളതല്ല. പക്ഷെ സമൂഹത്തിൽ അരാജകത്വം പെരുകുന്ന വേളയിൽ രചന ശുദ്ധകലയിൽ തന്നെ കേന്ദ്രീകരിക്കുന്നവരോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരാണു അധികവും. പക്ഷെ സമീപകാലത്ത് പൊതുവെ വിരക്തി ബാധിച്ച ഒരു അരാഷ്ട്രീയവായനാസമൂഹം രാഷ്ട്രീയം എന്നു കേൾക്കുമ്പോൾ അസഹിഷ്ണുതയോടെ ഒഴിഞ്ഞു മാറുന്നത് കാണാമായിരുന്നു. മീശപോലെ  ഒരു രാഷ്ട്രീയ നോവൽ എത്രത്തോളം ചർച്ച ചെയ്യപ്പെട്ടു എന്നു നാം കണ്ടു. ഇന്ന് നിലനിൽക്കുന്ന രാഷ്ട്രീയാവസ്ഥക്ക്  ബദലായ ചിന്ത വളർത്തിയെടുക്കുന്നതിൽ സാംസ്കാരികലോകത്തിനു ഒരു വലിയ പങ്കു വഹിക്കാനുണ്ട് എന്നത് നിഷേധിച്ചുകൂട.

പെൺ നിരീക്ഷണങ്ങളിലൂടെ മലയാളിയുടെ വ്യാജസദാചാരത്തെ തലകീഴായി മാറ്റിമറിച്ച കമലാസുറയ്യ എന്ന മാധവിക്കുട്ടിയുടെ രചനകൾ തന്നെയാണു കരുത്തുറ്റ പെൺരാഷ്ട്രീയ വീക്ഷണത്തിനു തുടക്കമിട്ടത്. ഇതിനുമുമ്പ് ഇതേ ആശയത്തിനു വിത്തെറിഞ്ഞ കെ സരസ്വതിയമ്മയെയും രാജലക്ഷ്മിയെയും മാറ്റിനിർത്താനാവില്ല. അവരെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോഴും പുതുവായന തേടുന്നുണ്ട്. പെൺ വീക്ഷണത്തിൻ്റെ പുതിയ പാത വെട്ടിത്തെളിച്ച് വന്ന സാറാ ജോസഫ്, സ്ത്രീയെത്തന്നെ പിൻ പറ്റിവരുന്ന ഗ്രേസിയും പ്രിയ എ എസും കെ രേഖയും സിതാരയും, ഇവരുടെയെല്ലാം രചനകളെ രാഷ്ട്രീയമായി തന്നെ തരം തിരിക്കേണ്ടതുതന്നെയാണു. ഇവരും  വായനക്കാരോടൊപ്പമുണ്ട്.

അങ്ങേയറ്റം അരാജകമായ ഒരു ജനാധിപത്യസമൂഹത്തിൽ ജീവിക്കുന്ന നമുക്ക് ഭരണകൂടത്തിൻ്റെ ദൈനം ദിനപ്രവർത്തനങ്ങളിലുള്ള മൂല്യരാഹിത്യവും രാഷ്രീയ അപചയനാടകങ്ങളും കണ്ട് മനം നൊന്ത് മൗനം പാലിച്ച ശേഷം എഴുത്തുകാരൻ ഏതെങ്കിലും രൂപത്തിൽ ഭരണകൂടത്തോട് എതിരിടണമെന്നത് ഒരു കലാകാരനു/കലാകാരിക്ക്  ബോധ്യമുണ്ടായിരിക്കണമെന്ന ചിന്ത അനിവാര്യമായ ഒരു കാലമാണിതെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. മുമ്പെങ്ങുമില്ലാത്തവിധം ധ്രുവീകരണങ്ങളുടെ വൈറസ് സമസ്തമേഖലകളെയും ഗ്രസിച്ചുകഴിഞ്ഞു. ഇനിയും മൗനം തുടരുന്നത് ചെകുത്താനു ഭൂഷണം എന്നു പറയേണ്ടിവരും. അത്തരം സാഹിത്യത്തെ ബോധപൂർവ്വം തടഞ്ഞുനിർത്തുന്നുണ്ട്. പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന ആശയത്തോട് യോജിച്ചും വിയോജിച്ചുമൊക്കെ ചർച്ചകൾ കാണാറുണ്ട്.  പ്രൊപഗണ്ടയല്ല സാഹിത്യമെന്ന് തിരിച്ചറിവുള്ള എഴുത്തുകാരാണു ഇന്ന് നമുക്കുള്ളത്. പക്ഷെ അതിനപ്പുറം സമകാലികരാഷ്ട്രീയാവസ്ഥയുടെ പരിച്ഛേദം കൃതികളിൽ ഒളിഞ്ഞുകിടന്നാൽ അത് കുറ്റകൃത്യമാണു എന്നു വ്യാഖ്യാനിക്കുന്നവരുടെ എണ്ണം കൂടിവരുന്നതിനാൽ ചിലർ മുഖ്യധാരയിൽ നിന്നു മാത്രം ചിന്തിക്കുന്നു എന്നു പറയേണ്ടി വരും.

Read Also  തമിഴ് സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ് മീരാനു ആദരാഞ്ജലി

ഒരു കാലത്ത് യു പി ജയരാജിൻ്റെ കഥകളിലുൾച്ചേർന്നിരിക്കുന്ന രാഷ്ട്രീയത്തിൻ്റെ തുടർച്ച  പിന്നെ ആരും ഏറ്റെടുക്കുകയുണ്ടായില്ല. പാരിസ്ഥിതികമായ രാഷ്ട്രീയം ഉന്നയിച്ച അയ്മനം ജോണും അംബികാ സുതൻ മാങ്ങാടും നമുക്ക് അരികിലുണ്ട്.  ഒറ്റപ്പെട്ട ശ്രമങ്ങളുണ്ടായിരുന്നു. അത് കാണാതെ പോകുന്നില്ല. കരുണാകരൻ്റെ ചില രചനകൾ, സമൂഹമാധ്യമത്തിൽ സജീവമായ അബിൻ ജോസഫിൻ്റെ രാഷ്ട്രീയകഥകൾ മുഖ്യധാരാരാഷ്ട്രീയത്തിൻ്റെതാണു. ബി മുരളിയുടെയും അലിഗറിക്കൽ കഥകൾ ഈയിടെ വായിക്കപ്പെട്ട വിനോദ് കൃഷ്ണയുടെ രചനകൾ എല്ലാം തന്നെ രാഷ്ട്രീയപ്രസക്തിയുള്ള കഥകളാണു.   ഇതിനിടയിലും  രചനയിലൂടെ ദേശീയതയുടെ രാഷ്ട്രീയലക്ഷ്യം വിനിമയം ചെയ്യപ്പെടാതെ പ്രാദേശികമായ ജാതിജീവിതപരിസരം കൊണ്ടുവരുന്ന ഒരു പ്രവണത ഈ ദശകത്തിലാണു വ്യാപകമായത്. പക്ഷെ അതു ഒറ്റപ്പെട്ട സമീപനമായിരുന്നു.

ഇന്ന് കാല്പനികമായി എഴുതുന്നവരിൽ അപൂർവ്വം ചിലർ വരികൾക്കിടയിൽ  തങ്ങളുടെ രാഷ്ടീയ നിലപാടുകൾ ഒളിപ്പിച്ചുവെയ്ക്കാനായി ശ്രമിക്കുന്നതു കാണാം. ആ പ്രവണത കൂടുതലും പ്രകടമാകുന്നത് കവിതയിലാണു. എന്നാൽ  ഏതൊരു രചനയിലും രാഷ്ട്രീയമായ നിലപാടുകൾ ആവിഷ്കരിക്കണമെന്ന് ചിന്തിക്കുന്ന ധാരാളം എഴുത്തുകാർ നമുക്കുമുമ്പേ കടന്നുപോയി.  കുറച്ച് കാലഗണനയ്ക്കു മുമ്പേ പോയാൽ ജോർജ് ഓർവലിനെ നമുക്ക് കാണാം. ആഫ്രിക്കയിലേയും ലാറ്റിൻ അമേരിക്കയിലെയും രാഷ്ട്രീയ രചനകൾ മിക്ക ലോകഭാഷകളിലേക്കും പരിഭാഷപ്പെട്ടു. അലൻ ഡ്രറി, റോബർട്ട് ബെൻ വാറൻ, എയിൻ റാൻഡ്, ആൽഡസ് ഹക്സിലി, റെയ്മൻഡ് കാർവർ തുടങ്ങിയ നിരകളെയും ഇങ്ങനെ പാരായണം ചെയ്യാവുന്നതാണു.  ഹുവാൻ റൂൾഫോയെയും  ഗബ്രിയേൽ ഗാർസ്യ മാർക്വസിനെയും പോലുള്ളവരുടെ രാഷ്ട്രീയനിലപാട് ചർച്ച ചെയ്യപ്പെട്ടതാണു.  ആ നിലപാട് എല്ലാവരും സ്വീകരിക്കണമെന്നല്ല അതിനർഥം. ഒ വി വിജയൻ്റെ കഥകളിൽ മുഴങ്ങിയ രാഷ്ട്രീയം പിന്നെ സമാനമായി കണ്ടെടുക്കാനായിട്ടില്ല. 

ഇന്ന് സമൂഹമാധ്യമങ്ങളിൽ സെൽഫ് പ്രമോഷൻ്റെ അതിപ്രസരമുണ്ടെന്നുള്ളത് തർക്കമറ്റ വസ്തുതയാണു. വിപണിവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ ഇതൊരു  വൈകൃതമല്ലെന്ന് വായനക്കാർക്കും അറിയാം. പുതിയ ഒരു കഥയോ കവിതയോ വരുമ്പോൾ അത് ഒരറിയിപ്പായി ഷെയർ ചെയ്യുന്നത് തെറ്റാണെന്ന് പറയാൻ കഴിയില്ല. . പക്ഷെ അതൊന്നുമറിയേണ്ട ബാധ്യത വായനക്കാരനില്ലതന്നെ . എങ്കിലും സ്വയം അവതാരത്തിൻ്റെ അതിപ്രസരം അതിസാരമെന്നപോലെ അനുഭവപ്പെടുന്നതായി പലരും കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ അത് നിഷേധിക്കാൻ കഴിയില്ല.

പുതിയ കഥാകാരന്മാരുടെ കൂട്ടത്തിൽ ഈയിടെ ഉയർന്നുവന്ന പേരാണു മജീദ് സെയ്ദിൻ്റെത്. മജീദിൻ്റെ ഏറ്റവും പുതിയ കഥയായ  പെൺ വാതിൽ ഒരു എഴുത്തുകാരി എഴുതേണ്ട കഥയാണു. അതിൽ പെൺ പോരാട്ടങ്ങളുടെ രൂപകങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആത്മഭാഷണത്തിലൂടെ മുന്നേറുന്ന അതിൻ്റെ രചനാശൈലിയിൽ പൂരുഷവീക്ഷണമില്ലാത്തതുകൊണ്ടുതന്നെ കൂടുതൽ പാരായണക്ഷമവും ആസ്വാദനക്ഷമവുമാകുന്നുണ്ട്. കഥനത്തിൻ്റെ വഴികളിൽ ഈ ആത്മഭാഷണശൈലി  ഏറെക്കാലമായി മലയാള ഭാഷയിൽ മികച്ച കഥകൾ സമ്മാനിച്ചത് ഈയിടെയാണു. പക്ഷെ എല്ലാ കഥകളും ഇതേ ശൈലിയിൽ തുടരുമ്പോഴുള്ള ആവർത്തനങ്ങളും വായനയിലെ ഒരു തടസ്സമായി കാണുന്നവരുമുണ്ട്.

മജീദ് സെയ്തിൻ്റെ നോമ്പുതുറ, വിത്തുകാളപ്പെണ്ണ് എന്നീ കഥകളും സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടതാണു. അതുകൊണ്ടുതന്നെ ഇനിയും ഊർജ്ജത്തോടെ എഴുതാൻ സെയ്തിനു കഴിയും. അതിൻ്റെ നാന്ദിയാണു ഈ കഥകൾ. പക്ഷെ ഇനിയും കൂടുതൽ കയ്യടക്കം കാത്തിരിക്കുന്ന കഥകളാണിത്.  വിത്ത് കാളപ്പെണ്ണ് വായിക്കുമ്പോൾ ഇടയ്ക്ക് ഫ്രാൻസിസ് നൊരോണയുടെ കഥയുടെ രചനാശൈലിയെ ഓർമ്മിപ്പിക്കുന്നുണ്ട്. പക്ഷെ സമൂഹം ചർച്ച ചെയ്യുന്ന പെൺ രാഷ്ട്രീയത്തിൻ്റെയും ഭരണകൂടത്തിൻ്റെ ശൗചാലയപ്രചാരണത്തിൻ്റെയും പാർപ്പിടത്തിൻ്റെയും  നിരർഥകതയെക്കുറിച്ച് വായനക്കാർ  ചിന്തിച്ചുപോകും. ദാരിദ്ര്യം മലയാളകഥകളിൽ ഒരിടവേളയ്ക്കുശേഷം  വീണ്ടും കടന്നുവരികയാണു. ഈ കഥകളിലൂടെ തൊട്ടപ്പനിലെ കഥാശൈലിയെ അനുസ്മരിപ്പിക്കുന്നു എന്നത് തുടർന്നുള്ള എഴുത്തുമേശയ്ക്കുമുന്നിൽ ജാഗ്രത ആവശ്യപ്പെടുന്നുണ്ട് എന്നും പറയേണ്ടിവരും.

(പ്രതിപക്ഷത്തിലൂടെ യുവനിരൂപകർ ഉടൻ എഴുതുന്ന മലയാളകഥാപഠനപരമ്പരയുടെ ആമുഖക്കുറിപ്പ് )

പടേനി, ഊരാളിപ്പടേനി , ഒരു പറയപ്പാട്ട്, ഒരു ഗ്രാമ ചരിത്രം

സുദർശന സംഗീതത്തെ അവഗണിക്കരുത്, ആഘോഷിക്കണം.

4 COMMENTS

  1. പന്ത്രണ്ട് വർഷം മുൻപാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലും മാധ്യമം ആഴ്ചപ്പതിപ്പിലും എന്റെ കഥകൾ ആദ്യമായി പ്രസിദ്ധീകരിച്ച് വരുന്നത്. ഒരു തെക്കൻ തിരുവിതാംകൂ റുകാരനായ എനിക്കന്ന് സ്വപ്നം കാണാൻ കഴിയാത്ത എൻടിയായിരുന്നു അത്. ഒന്നിടവിട്ടുള്ള വർഷങ്ങളിൽ കഥകൾ പിന്നെയും ആവർത്തിച്ചെങ്കിലും മലയാള കഥാ പഠനങ്ങളിലോ വിമർശനങ്ങളിലോ കാരണങ്ങളില്ലാതെ എന്റെ കഥകൾ തഴയപ്പെട്ടിട്ടുണ്ട്. അത്തരമൊരു മഴയിൽ പുറത്തു നിൽക്കുമ്പോഴാണ് ഇത്തരമൊരു പഠനത്തിൽ പ്രതിപക്ഷം എന്നേയും ഉൾപ്പെടുത്തി കാണുന്നത്.നന്ദിയുണ്ട്. അല്പം വെളിച്ചമെങ്കിലും തുറന്ന് തന്നതിന്..

    • പേരു വെളിപ്പെടുത്തിയില്ല. താങ്കൾ ആരാണെന്ന് അറിയാൻ താല്പര്യമുണ്ട്

  2. തെക്കുള്ള കഥാകൃത്തുക്കളെ അറിയാൻ പലരും ശ്രമിക്കാറില്ലായിരുന്നു..പക്ഷെ കാലം മാറിവരുകയാണു,

LEAVE A REPLY

Please enter your comment!
Please enter your name here