Saturday, May 30

തേക്കുപാട്ടിന്‍ തേരുരുണ്ട ഞാറ്റടിക്കരയില്‍ ; ഗിരീഷ് പുലിയൂരിന്‍റെ ‘ഒറ്റക്കിനാവ്’എന്ന കവിതയെക്കുറിച്ച്

അസീം താന്നിമൂട്   എഴുതുന്നു 

 

കണ്ടും കേട്ടും ശീലിച്ചും പോന്ന ഒരു സംസ്കാരം പകര്‍ന്നു തരുന്ന അനുഭവവും അതു പ്രദാനം  ചെയ്യുന്ന അനുഭൂതികളും പരുവപ്പെടുത്തുന്ന പരിസരവും  എക്കാലത്തും ഏതുലോകത്തും എഴുത്തുകാരനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്;പ്രത്യേകിച്ചും കവികളെ.ജൈവികമോ കാര്‍ഷികമോ ആയ പശ്ചാത്തലത്തിലുള്ളതാണ് ആ അനുഭവമെങ്കില്‍ അതിന് ആര്‍ദ്രമോ വികാരനിര്‍ഭരമോ ആയ ഒരു ലയംകൂടിയുണ്ടാകും. മണ്ണിനും വിണ്ണിനുമിടയില്‍ ഇടയ്ക്കിടെ വന്നുപോകുന്ന ഋതുക്കളുടെ ഓരോ അടരുകളിലും അതിന്‍റെ അടയാളങ്ങള്‍ കാണും.പ്രകൃതി തന്‍റെ എല്ലാ ആവര്‍ത്തനാഭിനിവേശങ്ങളിലും അതിന്‍റെയാ മിടിപ്പിന്‍റെ ഒരു വിഹിതം കരുതിവയ്ക്കും. രാപ്പകലുകള്‍ക്ക് ആയതിന്‍റെ സാന്നിധ്യവുമായല്ലാതെ തെളിഞ്ഞസ്തമിക്കാനുമാകില്ല….കാരണം ആരോ ഒരാള്‍ തന്നെ കാത്തിരിപ്പുണ്ടെന്ന പ്രതീതിയിലല്ലാതെ ഒന്നിനും അത്രമേല്‍ ആവേശത്തില്‍ വന്നു പോകാനാകില്ല എന്നതു തന്നെ.

സര്‍വതിലും ആ സാന്നിധ്യത്തിന്‍റെ ഒരു  നിഴല്‍പ്പാട് കാണാമെങ്കിലും അതതിന്‍റെ  ആസകലമായ അവസഥ മറച്ചു പിടിച്ചിരിക്കും. എന്തെന്നാല്‍  സമ്പൂര്‍ണ്ണത സൃഷ്ടിപരതയുടെ ശത്രുവാണ്.അജ്ഞാതമായ ഏതോ അഭിനിവേശത്തെ അന്വേഷിച്ചുകൊണ്ടിരിക്കുക എന്നതാണ് സര്‍ഗ്ഗാത്മകമായ ഒരു മാനസ്സിക വ്യാപാരത്തിന്‍റെ പ്രാഥമികമായ ത്വര…
അതിന്‍റെ നേരടളയാളമാണ് ഗിരീഷ് പുലിയൂരിന്‍റെ ‘ഒറ്റക്കിനാവ്’എന്ന കവിതയെന്ന് ഞാന്‍ കാണുന്നു.

അജ്ഞാതമായ ആ അവസ്ഥയെ അടുത്തറിയാനുള്ള ആഗ്രഹമാണ് ഈ കവിതയിലാകെ നിറഞ്ഞു നില്‍ക്കുന്നത്.ഈ കവിതയില്‍ ആ അസാന്നിദ്ധ്യത്തിന്‍റെ പ്രതിനിധിയെ  `നീ’ എന്നാണ് കവിതയിലെ ഞാന്‍ എന്ന ആഖ്യാതാവ് സംബോധന ചെയ്യുന്നത്.കവിതയിലെ ആത്മപരത അസഹ്യമാംവിധം അതിരു കടക്കുന്നതായും നീയും ഞാനും പ്രതിനിധാനങ്ങളായി അനേകം കവിതകളില്‍ വരുന്നതാണ് കാരണമെന്നും ആക്ഷേപങ്ങള്‍ പൊതുമണ്ഡലത്തില്‍ ഉയര്‍ന്നിരിക്കുന്ന ഘട്ടത്തിലാണ് ഈ പഠനക്കുറിപ്പു ഞാന്‍ തയ്യാറാക്കുന്നത്.എന്നാല്‍ ഈ കവിതയില്‍ ശക്തമായൊരു രൂപകമായി ആ ‘നീ’ നിറഞ്ഞു നില്‍ക്കുന്നതായി ഞാന്‍ കാണുന്നു.

‘ഏതിരവിന്‍ നീലിമയില്‍ നീറി നിന്നു നീ..
ഏതിരുട്ടിന്‍ കൊടുമുടിയില്‍ കുടിയിരുന്നൂ നീ..’

ഈ വരികളിലൂടെയാണ് കവിത സമാരംഭിക്കുന്നത്..ഇരുട്ടിലേയ്ക്കു നോക്കി എന്തിനേയോ ആഗ്രഹിച്ചുള്ള ആഖ്യാതാവിന്‍റെ ചോദ്യഭാവമെന്നാവും  ഈ വരികള്‍ വായിക്കുന്ന ആദ്യവേളയില്‍ വായനക്കാരനു തോന്നുക.അല്ല,ഏറെ കാത്തിരുന്നശേഷം ഒടുവില്‍ സാന്നിധ്യപ്പെട്ട ഒന്നിനോടുള്ള ആശ്ചര്യമാണ് അതെന്നും ആ സാന്നിധ്യത്തെ താന്‍ മാത്രമല്ല കാത്തിരുന്നതെന്നും ആയതിന്‍റെ വരവ് എളുതായൊരു സംഗതിയല്ലെന്നും കവിത സസൂക്ഷ്മം നിരീക്ഷിച്ചാല്‍ സ്പഷ്ടമാകും.മലയാളത്തനിമയുടെ  കാര്‍ഷികാവബോധത്തില്‍ ആകാശവിശാലതയോളം പോന്ന എന്തോ നീണ്ടു നിവര്‍ന്ന്

ജീവിതത്തിനു മുകളില്‍ നിറഞ്ഞിട്ടുണ്ട്.രാത്രിയുടെ ആകാശക്കാഴ്ചകളോളം സമാനമായ എന്തോ ഒന്ന്.അവിടെ നിന്നും ഒരു കാര്‍മുകിലോ,നക്ഷത്രമോ,നിലാവോ,കിനാവോ ഇറിങ്ങി വന്നാല്‍ അന്തിയോളം ചേറില്‍ പണിയെടുത്ത് തളര്‍ന്നിരിക്കുന്ന ഒരു കര്‍ഷകനില്‍ എന്ത് ഭാവമാണോ ഉണരുക അവ്വിധമൊരുഭാവം നമുക്കിവിടെ,ഈ കവിതയിലെ `ഞാന്‍’ എന്ന ആഖ്യാതാവിലും ഭൂപ്രകൃതിയിലാ കെയുംകാണാം.ഇരവാണ്

കാവ്യാരംഭത്തിലെ പശ്ചാത്തലം.വെറും ഇരവല്ല പാതിരാവ് തന്നെ.വേങ്കുഴലില്‍ പാട്ടെരിയുന്ന(കുളിര്‍കാറ്റ് ഇടതടവില്ലാതെ വീശുന്ന)ജൈവിക സാമീപ്യങ്ങളാല്‍ സമൃദ്ധമായൊരു പാതിരാവ്…ഇവിടെ ഇരുളിമ എന്തിന്‍റെ പ്രതീകമാണെന്ന് കണ്ടെത്താന്‍  ശേഷം വരുന്ന വരികളിലെ പകലിനെയും അതിന്‍റെ അവസ്ഥകളെയും വായിച്ചറിഞ്ഞാല്‍ പോരും.അതിനെ വഴിയേ പ്രകടമാക്കാം.അന്വേഷണാത്മകമായ ഒരു മാനസികാവസ്ഥയുടെ പ്രതിനിധി എന്ന തലത്തില്‍ നിന്നും  കവിതയിലെ `ഞാന്‍’ അപ്രതീക്ഷിതമായി പ്രത്യക്ഷ്യപ്പെട്ട ഒരു ആഗ്രഹസാക്ഷാത്കാരവുമായി  ഇഴുകിച്ചേരുകയും തന്നെത്തേടിയാണ് ആയതിന്‍റെ വരവെന്ന് ധരിച്ചുവശാക്കി ആശ്ചര്യവും ആഹ്ളാദവും ഇഴചേര്‍ന്ന ഒരു മാനസികാവസ്ഥയിലേയ്ക്കു പരിണമിക്കുകയും ചെയ്യുന്നു.അപ്പോഴും  നീ എന്ന രൂപകം അതിന്‍റെ അവ്യക്തതയുടെ അഴക് തീര്‍ത്തും വെളിപ്പെടുത്താതെ കാത്തുപോരുന്നുണ്ട്.ഇത്തരം കവിതകള്‍ കരുതിവയ്ക്കേണ്ട സുപ്രധാന സംഗതികളില്‍ ഒന്നാണത്.

‘ഏങ്ങലടിച്ചലറിയ പൂങ്കാവുകളും പറവകളും
ഏലേലം പാടിയ നീരരുവികളുടെ നാവുകളും
ഉച്ചവെയില്‍ തീയുരുകിയ പച്ചനെല്ലിന്‍ പാട്ടുകളും
കണ്ണുനട്ടു കാത്തിരുന്നതാരുടെ വരവോ
വിണ്ണോളം പൂത്തുലഞ്ഞതാരുടെ നിറവോ’

Read Also  മഹാരാജാസ് കോളേജിനെക്കുറിച്ച് ഒരു ചിത്രകവിത

കവിതയിലെ ഈ തുടര്‍ച്ച  അതുവരെയുള്ള പ്രകൃതിയുടെ അവസ്ഥകളെ അടയാളപ്പെടുത്തുന്ന തരത്തിലാണ്.കൊടിയൊരു വെറിക്കാലം വിളവിടങ്ങളില്‍ ഏല്പിക്കുന്ന എല്ലാ ആഘാതങ്ങളേയും കവി ഈ വരികളിലൂടെ കവിതയ്ക്ക് അനുയോജ്യമാംവിധം വളരെ കാവ്യാത്മകമായിത്തന്നെ വരഞ്ഞു വയ്ക്കുന്നു.ഈ വരികളിലും പ്രതീക്ഷാനിര്‍ഭരമായൊരു കാത്തിരിപ്പുണ്ട്.ഏറെ എരിഞ്ഞ് ഏങ്ങലടിച്ചുള്ള കാത്തിരിപ്പ്…ആ കാത്തിരിപ്പ് ആര്‍ക്കു വേണ്ടിയായിരുന്നു  എന്ന സന്ദേഹമാണ് കവിതയിലെ ആഖ്യാതാവ് ഇവിടെ പ്രകടിപ്പിക്കുന്നത്.ആഖ്യാതാവിന്‍റെ കാത്തിരിപ്പും എത്രമേല്‍ തീക്ഷ്ണമായ അവസ്ഥയിലായിരുന്നു എന്നതുകൂടി ഇതില്‍ നിന്നും തെളിഞ്ഞുകിട്ടും.പ്രകൃതിയും ആഖ്യാതാവും തമ്മിലുള്ള ആ ഐക്യപ്പെടല്‍ കര്‍ഷകനും കൃഷിഭൂമിയും തമ്മിലുള്ള ഇഴയടുപ്പത്തിന്‍റെ നേരടയാളമാണെന്നു തന്നെ ഞാന്‍ കാണുന്നു.

‘നീലമുളങ്കാടുലഞ്ഞേ നീ നിറന്നല്ലോ
കൈതോലക്കൈകുടഞ്ഞേ നീ ചിരിച്ചല്ലോ
കരിനാഗക്കണ്ണെറിഞ്ഞേ നീ വിളിച്ചല്ലോ
കുളക്കോഴിക്കുരവകേട്ടേ നീ രമിച്ചല്ലോ
ഓര്‍മ്മകളില്‍ നീറിനില്പതാരുടെ മണമോ..’

ഈ വരികളിലൂടെയാണ് കവി നീ എന്ന രൂപകത്തിന്‍റെ ഹൃദ്യമായ  പ്രത്യക്ഷപ്പെടലിനെ പ്രകൃതിയുമായി ഇണക്കി,രമിപ്പിച്ചെടുക്കുന്നത്.അത്രമേല്‍ മതിമറന്നുള്ളൊരു ഇണചേരലിന്‍റെ പ്രതീതിയും രതിമൂര്‍ച്ഛയുടെ നിര്‍വൃതിയും ഈ വരികളില്‍ നിന്നും വായിച്ചെടുക്കാം.

‘തേക്കുപാട്ടിന്‍ തേരുരുണ്ട ഞാറ്റടിക്കരയില്‍
കാറ്റുവന്നു കൂട്ടുകൂടാന്‍ കറുത്ത കണ്ണാളേ
ഒറ്റതിരിഞ്ഞേതുകോണില്‍ നീ മറഞ്ഞേപോയ്
മടവ വക്കില്‍ കൊറ്റിപോലെ കാത്തിരിപ്പൂ ഞാന്‍’

വന്നെത്തി, സര്‍വതും പകര്‍ന്ന്,രമിച്ച്,അടക്കിവച്ചിരുന്ന ആനന്ദങ്ങളെല്ലാം പങ്കുവച്ച് അത്രമേല്‍ തൃപ്തമായൊരു അവസ്ഥ പുനഃസൃഷ്ടിക്കുകയും ചെയ്തശേഷം കാറ്റിനോടു കൂട്ടുകൂടി മറ്റൊരു കോണിലേയ്ക്ക് ആ രൂപകം മറയുന്നതും ആയതിലെ വിശുദ്ധ നൊമ്പരവും,വിരഹ ദുഃഖവുമാണ് ഈ വരികളില്‍.ഒപ്പം ഒരു സ്ത്രൈണസാന്നിധ്യമായിരുന്നു ആ രൂപകമെന്ന ബോധ്യപ്പെടുത്തലുമുണ്ട്.കറുത്ത കണ്ണാളേ എന്ന പ്രണയഭരിതമായ നീട്ടിവിളിയില്‍ നിന്നും പ്രകൃതിക്കും കവിതയിലെ ആഖ്യാതാവിനും അവളോടുള്ള അടുപ്പത്തിന്‍റെ ആഴം അളന്നെടുക്കാനാകും…തേക്കുപാട്ടിന്‍ തേരുരുണ്ട ഞാറ്റടിക്കകരയായിരുന്നു ആ ഇണചേരലിന്‍റെ ഇടമെന്നതും പ്രത്യേകം പരാമര്‍ശിക്കേണ്ട സംഗതിയാണ്.പ്രതിഭാധനനായ ഒരു കവിയുടെ കൈയടക്കം അസലായിത്തന്നെ ഈ ഭാഗത്തു കാണാം.കാരണം തേക്കുപാട്ട് കൃഷിപ്പാട്ടിന്‍റെ ഗണത്തില്‍ വരുന്ന പാട്ടുകളിലൊന്നാണ്.ഞാറ്റുപാട്ട്,വിത്തിടീല്‍ പാട്ട്,ചക്രപ്പാട്ട്,കിളിയാട്ടു പാട്ട്,കളപറിക്കല്‍ പാട്ടുകള്‍

തെക്കൻപാട്ട്,വടക്കൻപാട്ട്,പുള്ളോൻപാട്ട്, പൂപ്പാട്ട്… ഉള്‍പ്പടെ അനവധി കര്‍ഷകപ്പാട്ടുകളാല്‍ സമ്പന്നമാണ് മലയാളക്കര.

…പ്രകൃതിയും മഴയും കൃഷിയും അതിന്മേലുള്ള അതിജീവനവും ആനന്ദവുമൊക്കെ  പ്രമേയമായി വരുന്ന ഒരു കവിതയില്‍ ആ പാട്ടുകള്‍ക്കുള്ള സ്ഥാനം ഒഴിച്ചുകൂടാനാവാത്തതാണ്.ആ ബോധ്യം ഭംഗിയായിത്തന്നെ കവി ഈ കവിതയില്‍ നിര്‍വഹിക്കുന്നു.വേനല്‍ കൊടുമ്പിരിക്കൊണ്ടു നില്‍ക്കുന്ന വേളകളില്‍ പെയ്യാന്‍ മറന്നുപോയ മഴയെയോര്‍ത്ത് കര്‍ഷകര്‍ പാടുന്ന ഒരു പാട്ട് വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ട്.

‘ഊശിപോലെ മിന്നലുമിന്നി
ഊരെങ്ങും പെയ്യൂ മഴൈ…’

എന്ന ഈരടികളോടെ ആരംഭിക്കുന്ന ആ പാട്ട് ഈ കവിതയുടെ വായനയ്ക്കിടെ ഓര്‍മ്മയിലെത്തുകയാണ്.കുപ്പിയോളം എന്ന അനുഷ്ഠാന നൃത്തരൂപത്തിനു പാടുന്ന പാട്ടാണത്.ഒപ്പം അനേകം കര്‍ഷകപ്പാട്ടുകളും കൃഷിഗീതങ്ങളും കര്‍ഷക സംബന്ധമായ കവിതകളും ഓര്‍മ്മകളില്‍ തെളിഞ്ഞു വരുന്നു.അവയില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ ആഖ്യാനമാണ് ഒറ്റക്കിനാവ് മുന്നോട്ടു വയ്ക്കുന്നത്.കാര്‍ഷിക സംസ്കാരത്തിന്‍റെ പൊരുളടരുകളെ ഈ കവിത ഉപരിപ്ലവമായ പരിധിയില്‍ കൊണ്ടുവരുന്നതേയില്ല.പകരം  സൂക്ഷ്മമായൊരു ലിങ്കായി അതിനെ കരുതിയിട്ടുണ്ടു താനും.കവിത മുന്നോട്ടു  വയ്ക്കുന്ന പാരിസ്ഥിതികാവബോധത്തെ കൂടി ഇവിടെ എടുത്തു പറയേണ്ടതുണ്ട്.സ്ഥായിയായ കര്‍ഷക സംസ്കാരങ്ങളുടെയെല്ലാം നിലനില്പ് അവയുടെ പാരിസ്ഥിതികമായ സന്തുലനത്തിലാണ്.കൃഷിയും പരിസ്ഥിതിയും അതുമായി ബന്ധപ്പെട്ടുള്ള നാടോടി, നാട്ടുമൊഴി പാട്ടുകളും കഥകളുമെല്ലാം ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുകയാണല്ലോ.പ്രകൃതി സമ്പത്തിനാല്‍ അനുഗ്രഹീതമാണ് കേരളക്കര.കിഴക്ക് പശ്ചിമ ഘട്ടവും തെക്കുഭാഗത്ത് കന്യാകുമാരി കടലോരവും പടിഞ്ഞാറ് അറബിക്കടലും  ആ പൊരുത്തത്തെയാണ് കാണിക്കുന്നത്.അതു പകര്‍ന്നു തരുന്ന നിയതവും താളബദ്ധവുമായ കാലാവസ്ഥയും പ്രധാമാണ്.കൃത്യമായ മഴയും അനുയോജ്യമായ ചൂടും ഇളം മഞ്ഞു കാലവും ആ ഭൂമിശാസ്ത്രം കൃഷിക്ക് അനുയോജ്യമായി ചൊരിയുന്ന അനുഗ്രഹങ്ങളാണ്.

Read Also  പുസ്തകം* ഷിബു ഷൺമുഖം എഴുതിയ കവിത

ഇവിടെ അധിവസിക്കുന്ന(ച്ചിരുന്ന) ഗോത്രസമൂഹങ്ങള്‍ കാലാവസ്ഥയുടെ ഈ പൊരുത്തത്തെ മുതലാക്കി മണ്ണിനേയും അതിന്‍റെ മനസ്സിനേയും ചുറ്റുപാടുകളേയും ആഴത്തിലറിഞ്ഞും അവയെ പരിപാലിച്ചും അനേകം കൃഷിരീതികള്‍ അവലംബിച്ചു.അത് തനതായൊരു കാര്‍ഷിക സംസ്കാരത്തെ കേരളക്കരയ്ക്കു സംഭാവന ചെയ്തു.ആ സംസ്കൃതിയുടെ തണലില്‍ വളര്‍ന്നു വന്ന ഒരാളില്‍ ഏറിയും കുറഞ്ഞും അതിന്‍റെ ലാഞ്ഛനയുണ്ടാകും.ഗിരീഷ് പുലിയൂരിലും അത്തരം മൂല്യവത്തായ ഘടകങ്ങള്‍ അന്തര്‍ലീനമാണ്.കാരണം പശ്ചിമഘട്ടത്തിന്‍റെ ഓരത്താണല്ലോ നെടുമങ്ങാട് ദേശം,അവിടെ ജനിച്ചു വളര്‍ന്നതിന്‍റെ പച്ചപ്പ് കവിയുടെ വാക്കിലും നോക്കിലും പ്രകടമാകാതെ തരമില്ല.ഈ കവിതയിലാകെയും ആ സംസ്കാരത്തനിമയുടെ നനവുണ്ട്.കവി കവിത അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്

‘കരിക്കലപ്പക്കഴുത്തിനുള്ളില്‍ കൊരുത്തു കൗമാരം
കറുത്ത മണ്ണിന്‍ കരുത്തുകൊണ്ടേ പുതച്ചു പുന്നാരം
വിളവെടുക്കാന്‍ നീവരില്ലേ വിത്തെറിഞ്ഞോളേ’

നിറപറകള്‍ പൊലിപൊലിഞ്ഞേ പുലരണം നമ്മള്‍’…കവിതയിലെ ഞാന്‍ എന്ന ആഖ്യാതാവ് കവിയോ,കവിയുടെ ജീവിതത്തിന്‍റെ ഏതെങ്കിലുമൊരു ഘട്ടമോ അതുമല്ലെങ്കില്‍ അത്രമേല്‍ ഇടപഴകിയിട്ടുള്ള ജീവിത സാഹചര്യങ്ങളുടെ ഏതെങ്കിലുമൊരു  പ്രതിനിധിയോ ആയി രൂപാന്തരപ്പെടുന്നത് ഇവിടെ കാണാം.ശുഭപ്രതീക്ഷയല്ലാതെ മറ്റെന്താണ് അവര്‍ക്കു മുന്നോട്ടുവയ്ക്കാനുള്ളത്..കവിതയും ആ നിലയില്‍ തന്നെ കവി എഴുതി നിര്‍ത്തുന്നു.കേരളത്തില്‍ നില നില്‍ക്കുന്ന രണ്ടുതരം കൃഷി രീതികളെക്കൂടി കവിതയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തി പറയാമെന്നു തോന്നുന്നു.നിറപറയും പൊലിപൊലിയലും വരികളില്‍ വരുന്നതിനാല്‍ അതു വ്യംഗ്യപ്പെടുത്തുന്ന ഉത്സവകാല പരിസരത്തിന് ആ വിളകളുമായി ഏറെ അടുപ്പമുണ്ട്.ഒന്ന് ‘കരിച്ചാല്‍’ കൃഷിയാണ്. വിഷു കഴിഞ്ഞതിനു ശേഷമുള്ള മുഹൂര്‍ത്തത്തിലാണ് ഈ കൃഷി നടത്തുന്നത്.

ഒരു പൂജാ കര്‍മ്മത്തിലൂടെയാണ് കൃഷിയിറക്ക്. പുലരിയിലാണ് അതിന്‍റെ ചടങ്ങുകള്‍ നടക്കുക. മുറ്റത്ത് നന്നായി ചാണകം മെഴുകിയശേഷം അതില്‍ കരിയും നുകവും വരയ്ക്കും.ശേഷം കാരണവര്‍ പൂജ നടത്തും.പൂജ കഴിഞ്ഞപാടെ പശുക്കന്നിനെ പാടത്തുകൊണ്ടുപോയി പൂട്ടും.നിലങ്ങളില്‍ ചാലുകള്‍ എടുത്തശേഷം അവിടെ വിത്തു വിതറും.മറ്റൊരു കൃഷി  `കൈക്കോട്ടുച്ചാല്‍’ആണ്.ഇതും ആചാരാനുഷ്ഠാനങ്ങളാല്‍ നടക്കുന്നൊരു കൃഷിരീതിയാണ്.വിഷു ഒന്നിനാണ് ചടങ്ങ്.വിഷുക്കണി കണ്ട ശേഷം ഉച്ചയോടെ പറമ്പില്‍ ചടങ്ങുകള്‍ ആരംഭിക്കും.ചിലയിടങ്ങളില്‍ ഗണപതി പൂജയും നടത്താറുണ്ട്.തുടര്‍ന്ന് ഏതെങ്കിലും പച്ചക്കറി വിത്തോ നെല്‍ വിത്തോ പാകും.

അധ്വാനത്തെ അതിന്‍റെ എല്ലാ മഹത്വത്തിലും സമീപിച്ചിരുന്ന ഒരു ജനത കൃഷിയെ ഭക്തിനിര്‍ഭരമായ പരിസരത്തു നിര്‍ത്തിയാണ് സമീപിച്ചിരുന്നത് എന്നതിന് തെളിവുകള്‍ ഇതില്‍പ്പരം വേറെന്ത്.അതിനാല്‍ ഈ കവിതയിലെ നീ എന്ന രൂപകത്തിന് ദൈവികമായൊരു പരിവേഷമുണ്ടെന്നുകൂടി ഞാന്‍ കരുതുന്നു…ഞാനും കവിതയെ പറഞ്ഞവസാനിപ്പിക്കുകയാണ്,കവിതയിലെ മട്ടിനെക്കുറിച്ചും പ്രയോഗിച്ച ഭാഷയിലെ വഴക്കത്തെക്കുറിച്ചും ഉപയോഗിച്ച പദങ്ങളിലെ മലയാളത്തനിമയെ കുറിച്ചും അതു മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തെ കുറിച്ചുമൊക്കെ ചൂണ്ടിപ്പറയാന്‍ ഇനിയും ധാരാളമുണ്ടെങ്കിലും.

 

ഒറ്റക്കിനാവ്

(പൂർണരൂപം)

ഏതിരവിന്‍ നീലിമയില്‍ നീറി നിന്നൂ നീ
ഏതിരുട്ടിന്‍ കൊടുമുടിയില്‍ കുടിയിരുന്നൂ നീ
വേങ്കുഴലില്‍ പാട്ടെരിഞ്ഞ പാതിരാവത്ത്
ഒറ്റ മുകില്‍ പോലെ നിന്നതേതു കിനാവോ
എന്നെമാത്രം തേടിവന്നതേതു നിലാവോ

ഏങ്ങലടിച്ചലറിയ പൂങ്കാവുകളും പറവകളും
ഏലേലം പാടിയ നീരരുവികളുടെ നാവുകളും
ഉച്ചവെയില്‍ തീയുരുകിയ പച്ചനെല്ലിന്‍ പാട്ടുകളും
കണ്ണുനട്ടു കാത്തിരുന്നതാരുടെ വരവോ
വിണ്ണോളം പൂത്തുലഞ്ഞതാരുടെ നിറവോ

നീലമുളങ്കാടുലഞ്ഞേ നീ നിറന്നല്ലോ
കൈതോലക്കൈകുടഞ്ഞേ നീ ചിരിച്ചല്ലോ
കരിനാഗക്കണ്ണെറിഞ്ഞേ നീ വിളിച്ചല്ലോ
കുളക്കോഴിക്കുരവകേട്ടേ നീ രമിച്ചല്ലോ
ഓര്‍മ്മകളില്‍ നീറിനില്പതാരുടെ മണമോ
നെഞ്ചെരിയും തീ കെടുത്താനേതു കണ്ണീരോ

തേക്കുപാട്ടിന്‍ തേരുരുണ്ട ഞാറ്റടിക്കരയില്‍
കാറ്റുവന്നു കൂട്ടുകൂടാന്‍ കറുത്ത കണ്ണാളേ
ഒറ്റതിരിഞ്ഞേതുകോണില്‍ നീ മറഞ്ഞേപോയ്
മടവലക്കില്‍ കൊറ്റിപോലെ കാത്തിരിപ്പൂ ഞാന്‍

കരിക്കലപ്പക്കഴുത്തിനുള്ളില്‍ കൊരുത്തു കൗമാരം
കറുത്ത മണ്ണിന്‍ കരുത്തുകൊണ്ടേ പുതച്ചു പുന്നാരം
വിളവെടുക്കാന്‍ നീവരില്ലേ വിത്തെറിഞ്ഞോളേ
നിറപറകള്‍ പൊലിപൊലിഞ്ഞേ പുലരണം നമ്മള്‍

Leave a Reply

Your email address will not be published.