കഥാവസന്തത്തിന്റെ കാലമാണിതെന്നു തെളിയിച്ചുകൊണ്ട് ആനുകാലികങ്ങളിൽ  സ്വത്വം അടയാളപ്പെടുത്തുന്ന കഥകൾ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ഇനി കഥാകാലമെന്ന് വിളിച്ചുപറയിക്കുന്ന കഥകൾ. കഥയുടെ നിക്ഷിപ്ത വഴികളിൽത്തന്നെ സഞ്ചരിക്കുന്നവയും വേറിട്ട വഴി തെരഞ്ഞുപോയവയുമായി ഒരുപിടി കഥകൾ പോയവാരം വായനക്കാർക്ക് ആസ്വദിക്കാനായി. മാതൃഭൂമിയിലെ  അശോകൻ ചെരുവിലിന്റെ ‘പതിനഞ്ച് വർഷങ്ങൾക്കുശേഷം’, കഥയിലെ  ശ്രീകണ്ഠൻ കരിക്കകത്തിന്റെ ‘രഹസ്യങ്ങളുടെ ഭൂപടം’, സമകാലിക മലയാളത്തിലെ  അനന്തപദ്മനാഭന്റെ ‘ബാക്കി ആകുന്നത് ‘, പ്രതിപക്ഷം ഓൺലൈനിലെ . ഷിനിലാലിന്റെ ‘പുരുഷാർത്ഥം’, തുടങ്ങിയ കഥകൾ അവതരണത്തിലും പ്രമേയത്തിലുമുള്ള വ്യത്യസ്തതയിൽ വായനസുഖം നൽകിയ കഥകളാണ്; കഥയുടെ ഭാവി സുരക്ഷിതമെന്ന് വിളിച്ചോതുന്നവ…

ചില കഥകൾ വാക്കുകളുടെ വാതായനം തുറന്ന് വിസ്മയാകാശം കാണിച്ചുതരുന്നുണ്ട്. തീരത്തിരുന്ന് ചക്രവാളത്തോളമെത്തുന്ന ഭാവനയെ ഉണർത്തിവിടുന്നുണ്ട്. വായനയുടെ ചുണ്ടുവിരലിൽ അടയാളപ്പെട്ട ചില കഥകളെപ്പറ്റി…….

പതിനഞ്ച് വർഷങ്ങൾക്കു ശേഷം

അശോകൻ ചെരുവിലിന്റെ ലളിതസുഭഗമായ കഥ. നിരവധി കഥകളുടെ പ്രമേയമായതെന്ന് കഥാകാരൻതന്നെ നേരിട്ട് ഉദാഹരണങ്ങളോടെ സമർത്ഥിക്കുന്ന കഥാതന്തുവെങ്കിലും കൃത്യമായ ഇഴപിരിക്കലുകളിലൂടെ മനോഹരമാക്കിയ ഒരു നാടപോലെ വായനക്കാരെ അനുഭവിപ്പിക്കുന്ന അവതരണമികവിലൂടെ കഥയെ വേറിട്ടതാക്കാൻ കഥാകാരൻ ശ്രമിച്ചിട്ടുണ്ട്.

ഗോപീകൃഷ്ണനും ഫാത്തിമാ സുൽത്താനയും തമ്മിലുള്ള ‘തലതിരിഞ്ഞ ലൗജിഹാദി’ൽ രൂപപ്പെട്ട കുടുംബം. രണ്ടു കുട്ടികൾ. ക്യാൻസറിനു ചികിത്സയിലൂടെ രോഗത്തെ അതിജീവിച്ച് പതിനഞ്ച് കൊല്ലമായി ജീവിക്കുന്നവൾ. വർഷംതോറുമുള്ള ചെക്കപ്പാണ് അവരെ താൻ രോഗിയായിരുന്ന കാര്യം ഓർമ്മിപ്പിക്കുക. ചെക്കപ്പ് യാത്രകൾ പോലും ഉല്ലാസയാത്രകളാക്കി മാറ്റിയ ദമ്പതികൾ . അവിടെ 
 രോഗികളുടേയും, കൂട്ടുവന്നവരുടേയും സംസാരങ്ങളിലൂടെ ഓരോ കുടുംബകഥ അനാവരണം ചെയ്യപ്പെടുന്നു. ജീവിത പ്രത്യാശകളിലേക്ക് പിടിച്ചുകയറാൻ തത്രപ്പെടുന്നവരുടെ പുറമേയുള്ള നിസ്സംഗതയും അകമേയുള്ള വിക്ഷുബ്ദ്ധതയും, കൂട്ടുവന്നവരുടെ ഭിന്നപ്രകൃതങ്ങളും ഒക്കെ തൻമയത്വത്തോടെ വായനക്കാരന് മുന്നിൽ വാർന്നു വീഴുന്നു.

ഫാത്തിമ സുൽത്താന എന്ന ധനോർജ്ജസ്രോതസ്സാണ് കഥയുടെ മുഖ്യാകർഷണം. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ രോഗവുമായി മല്ലിടുന്ന ഓരോരുത്തരിലും പ്രത്യാശാകിരണങ്ങൾ നിറയ്ക്കാൻ അവൾ നിതാന്തം പരിശ്രമിക്കുന്നു. കാരുണ്യത്തോടെ അവരുടെ പ്രതിസന്ധികളിൽ വഴിവെട്ടമാകുന്നു. രോഗം തുടങ്ങിയ കാലംമുതൽ പതിനഞ്ച് വർഷങ്ങൾക്കു ശേഷവും അവളുടെ പ്രസരിപ്പിന് ഒരു കുറവും സംഭവിക്കുന്നില്ല. ആ പ്രസരിപ്പ് അവൾ മറ്റുള്ളവരിലേക്കും സംപ്രേഷണം ചെയ്യുന്നു.

പഴയ ചികിത്സാസ്ഥലത്ത് മൂന്നു മതക്കാർക്കും പ്രത്യേക ആരാധനാ സ്ഥലമുണ്ടായിരുന്നെങ്കിലും പുതിയ സ്ഥലത്ത് അതില്ലാത്തതിൽ അവൾ ദുഃഖിക്കുന്നതിന്റെ കാരണംതന്നെ രസാവഹമാണ്: “ദൈവത്തിന് വേറാരാ തൊണ?”
ദൈവത്തിനും മനുഷ്യനും ഒരുപോലെ താൻതന്നെ തുണയാകണമെന്നാഗ്രഹിക്കുന്ന ഫാത്തിമ. രോഗത്തെ ചങ്ങാതിയായിക്കണ്ട്, ഒരു കൂട്ടായല്ലോ എന്ന് ധൈര്യപ്പെടുന്ന ഫാത്തിമ. ഫാത്തിമ ഒരു പ്രകാശപുഞ്ജമായി വായനക്കാരുടെ മനസ്സിനെ തിളക്കുന്ന കരുത്തിന്റെ പ്രതീകമാകുന്നു. മനുഷ്യന്റെ ജീവിതാഭിവാഞ്ഛ വായനക്കാരിൽ സന്നിവേശിപ്പിക്കാൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. കൈയടക്കവും, തൻമയത്വവും, ലാളിത്യവുംകൊണ്ട് വായനസുഖം പകരുന്ന കഥയാണ് ‘പതിനഞ്ചു വർഷങ്ങൾക്കുശേഷം ‘.

രഹസ്യങ്ങളുടെ ഭൂപടം……………………….

 ശ്രീകണ്ഠൻ കരിക്കകത്തിന്റെ രഹസ്യങ്ങളുടെ ഭൂപടം മനുഷ്യജീവിതത്തിന്റെ അടയാളപ്പെടുത്തലുകളുടെ അന്വേഷണമാണ്. ഓരോ മനുഷ്യനും ഒരുകൂട്ടം പൈതൃകരഹസ്യങ്ങളുടെകൂടെ താക്കോലാണ്. തലമുറകളുടെ ചങ്ങലയിലെ കണ്ണികളായി തൊടുക്കപ്പെടുന്ന ജന്മങ്ങൾ.

നൂറു തികയ്ക്കാതെ മരണാസന്നയായിക്കിടക്കുന്ന അമ്മുക്കുട്ടിയമ്മയുടേയും അവരുടെ മകൾ അറുപത്തഞ്ചുകാരിയായ അംബികയുടേയും അവരുടെ കുടുംബത്തിന്റെയും ശിഖ എന്ന ഹോംനേഴ്സിന്റെയും ചലനങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അമ്മയും മകളും തമ്മിലുള്ള ദൃഢബന്ധത്തിന്റെ പശിമയും, അതിനോടു തികച്ചും വിമുഖത കാണിക്കുന്ന കുടുംബാംഗങ്ങളുടെ വൈകാരികമായ ഊഷരതയുമാണ് കഥയിലെ ദ്വന്ദ്വമുഖമായി വർത്തിക്കുന്നത്.

തൊണ്ണൂറ്റിയൊൻപതിലെത്തിയ അമ്മ ഇരുലോകങ്ങളിലൂന്നിനിന്ന് അന്നേ വരെ വെളിപ്പെടുത്താതിരുന്ന രഹസ്യങ്ങളുടെ ഭൂപടം മകൾക്കു മുമ്പിൽ നിവർത്തുന്നു. അതിലെ അടയാളപ്പെടലുകളെ വായിച്ചെടുക്കുന്ന മകൾ ജന്മാന്തരരഹസ്യായനം തന്നെയാണ് നടത്തുന്നത്. മുൻ തലമുറയിലെ പെണ്മകൾ തെളിമയോടെ അംബിക എന്ന മകൾക്കു മുമ്പിൽ അടയാളപ്പെടുന്നു.

Read Also  തമിഴ് സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ് മീരാനു ആദരാഞ്ജലി

അന്ത്യനിമിഷങ്ങളിൽ പാറുക്കുഞ്ഞമ്മേ എന്ന ഒരുവിളിയിൽ അവരുടെ മുൻജന്മബന്ധങ്ങളുടെ ആഴം വെളിപ്പെടുന്നു. ‘തകർപ്പൻ സാധനമായിരുന്ന’,  നാലു കാമുകൻമാരുടെ ഇഷ്ടക്കാരിയായിരുന്ന, അതിലൊരു കാമുകനായ പൊന്നുതമ്പുരാന്റെ ഇരട്ടക്കുഴൽത്തോക്ക് കൈക്കലാക്കിയ  പാറുക്കുഞ്ഞമ്മ എന്ന രഹസ്യങ്ങളുടെ ഭൂപടം, തന്റെ രഹസ്യങ്ങളുടെ താക്കോലായ ഇരട്ടക്കുഴൽത്തോക്ക് അമ്മുക്കുട്ടിയമ്മയുടെ കാൽപ്പെട്ടിയുടെ അടിയിലെ തുണിപ്പൊതിയിലേക്ക് കൈമാറ്റം ചെയ്യുമ്പോൾ കൂട്ടത്തിൽ ആ രഹസ്യങ്ങളുംകൂടിയാണ് അടുത്ത തലമുറയിലേക്ക് വിനിമയം ചെയ്യപ്പെടുന്നത്. ചുരുളഴിയാത്ത രഹസ്യബാക്കിയായി പാറുക്കുഞ്ഞമ്മയുടെ പരേതാത്മാവ് ഇരട്ടക്കുഴൽത്തോക്കുമായി കൊട്ടാരം സേവകന്റെ വീട്ടിൽ പോയി, അതേവേഗത്തിൽ മടങ്ങി വരുന്നതായി പലരും കണ്ടിട്ടുള്ളതായി അമ്മുക്കുട്ടിയമ്മയുടെ ഭർത്താവ് സാക്ഷ്യപ്പെടുത്തുമ്പോൾ മരണപ്പെട്ടവർ ഭയമായി പുനർജ്ജനിക്കുന്നുവെന്ന് വായനക്കാരൻ അടിവരയിടുന്നു.എന്നാൽ തന്റെ വീട്ടുവളപ്പിൽ മുൻഗാമികളുടെ പരേതാത്മാക്കൾ വളഞ്ഞിരുന്ന് കപ്പപുഴുങ്ങിത്തിന്ന് കഥകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും, കൃഷിവേല ചെയ്യുകയും ചെയ്യുന്നതായി കാണുന്ന അമ്മുക്കുട്ടിയമ്മ അവരിലൊരാളാകാൻ ത്രസിക്കുന്നിടത്ത് ജൻമാന്തരബന്ധങ്ങളുടെ നനവാർന്ന ഭൂപടം ചുരുൾ നിവർക്കുന്നുമുണ്ട്.

ജീവിത നിരീക്ഷണങ്ങളുടെ ജനാലകളാണ് കഥയിലെ ഓരോ വാക്കും. ശയ്യാവലംബയാകുമ്പോഴുള്ള തിരസ്കാരത്തിന്റെ കയ്പുകൾ മക്കളുടേയും, പേരക്കിടാങ്ങളുടേയും വാക്കുകളിലൂടെ വായനക്കാരനിലെത്തുമ്പോൾ കാലികമായ സ്വാഭാവികത അതിൽ വായനക്കാരൻ ദർശിക്കും. അടച്ചുമൂടി ഭദ്രമാക്കി കഴിഞ്ഞിരുന്ന അവരുടെ സ്വന്തപ്പെട്ട വസ്തുവകകളെല്ലാം പരസ്യപ്പെടുത്തും വിധം അവരുടെ അറവാതിലിന്റെ സാക്ഷ എടുത്തു കളഞ്ഞുകൊണ്ട് മക്കൾ അവരുടെ സ്വകാര്യത പൊളിക്കുന്നിടത്ത് കഥാകാരൻ ശക്തമായ ഒരു ജീവിത നിരീക്ഷണം മുന്നോട്ടു വയ്ക്കുന്നുണ്ട്: “അകത്തോട്ടും പുറത്തോട്ടും പിടിച്ചിടാൻ ഒരു സാക്ഷപോലും ഇല്ലാതാകുമ്പോഴാണ് ഈ ഭൂമിയിൽനിന്ന് ഒരാൾ ക്രമേണ പുറത്താകുന്നത്.”എത്ര തീക്ഷ്ണമായ സത്യം .

എല്ലാമുണ്ടായിട്ടു അവസാനം നിരാലംബയായി സ്വന്തം മണ്ണിൽ അലിഞ്ഞു ചേരാൻ പോലും അനുവദിക്കാതെ അവരെ ശാന്തികവാടത്തിൽ കൊണ്ടുപോകുമ്പോൾ ആ മണ്ണിലടക്കിയ പരേതാത്മാക്കൾക്കൊപ്പം വളഞ്ഞിരുന്ന് കുശലംപറയുക എന്ന അമ്മുക്കുട്ടിയമ്മയുടെ ആത്മദാഹത്തിന്റെ കടയ്ക്കൽ കത്തി വീഴുന്നു. അതിനുമുമ്പ് ഒരു ഗെയിം കളിക്കുന്ന ഉത്സാഹത്തോടെ മക്കളും പേരക്കിടാങ്ങളും അന്ത്യകർമ്മം ചെയ്യുമ്പോൾ അതുവരെ കാണാത്ത പേരക്കിടാങ്ങളിലൊരുവനോട് അമ്മുക്കുട്ടിയമ്മയെക്കൊണ്ട് കഥാകൃത്ത് ചോദിപ്പിക്കുന്നു: “നിന്റെ പേരെന്തരെടേ?”കണ്ണീർനനവോടെ വായനക്കാരനും ചിരിക്കുന്ന ഒരു നിമിഷം. ” ഒരു മനുഷ്യന്റെ ഏറ്റവും വലിയ സങ്കടങ്ങൾപോലും മറ്റു ചിലരുടെ ഔദാര്യമാണ്.” എന്ന് കഥാകൃത്ത് നിരീക്ഷിക്കുമ്പോൾ മനുഷ്യന്റെ നിസ്സാരത വായനക്കാരന്റെ ഹൃദയത്തിൽ ഖനീഭവിക്കുന്നു.

കാലികവിഷയത്തോടൊപ്പം തലമുറകളിലൂടെയുള്ള ജീവിതായനവും, പൂർവ്വികരുമായുള്ള ആന്തരിക വിനിമയവുമൊക്കെ ച്ചേർന്ന് കഥാകാരൻ വായനക്കാരെ വിഭ്രമങ്ങളുടെ ഇടനാഴിയിലൂടെ നടത്തി കഥയിലെ ഫിക്ഷൻ സാധ്യതകൾ അനാവരണം ചെയ്യുന്നു. ഒപ്പം പാറുക്കുഞ്ഞമ്മ, അമ്മുക്കുട്ടിയമ്മ, അംബിക, ശിഖ തുടങ്ങിയ പെൺ കഥാപാത്രങ്ങളുടെ ജീവിത സന്ത്രാസങ്ങളും ഒറ്റപ്പെടലും നിരാലംബതയും അതിജീവനവും കൃത്യമായി വരച്ചിടുന്നിടത്ത് കഥാകാരൻ പരഹൃദയജ്ഞാനദൃക്കായ സ്ത്രീപക്ഷഎഴുത്തുകാരനായും മാറുന്നുണ്ട്.
തിളക്കമുള്ള ഭാഷയും, ആശയ പ്രപഞ്ചത്തിലേക്കുള്ള തുറവികളായി മാറുന്ന സൂക്ഷ്മമായ വാക്കുകളും, വാങ് മയചിത്രങ്ങളും, ആഖ്യാന ശൈലിയുംകൊണ്ട് കഥാകാരൻ കഥയെ മികച്ചതാക്കി മാറ്റി. 

ബാക്കി ആകുന്നത്

ശ്രീ.അനന്തപത്മനാഭന്റെ ദീർഘമായ ഒരു കഥയാണ് ‘ബാക്കി ആകുന്നത്’.സ്ത്രീയോടുള്ള പുരുഷന്റെ വീക്ഷണത്തെ, നിഷ്പക്ഷമായി അല്ലെങ്കിൽ സ്ത്രീപക്ഷത്തുനിന്നുകൊണ്ടുതന്നെ അവതരിപ്പിച്ച കഥയാണിതെന്ന് പറയാം.
താൻ കണ്ടിട്ടില്ലാത്ത പദ്മിനി എന്ന ‘താമരപ്പൊയ്ക’യിൽ വാട്സാപ്പ് ചാറ്റിലൂടെ മാംസബദ്ധരാഗം പങ്കിടുന്ന സുധീഷ്. പരാജയമടഞ്ഞ പ്രണയത്തിലെ നായികയായിട്ടും ‘മാംസബദ്ധമല്ല രാഗം’ എന്ന് ദൃഢമായി വിശ്വസിക്കുന്ന സുദേഷ്ണ എന്നിവരെ ചുറ്റിപ്പറ്റി തുടക്കത്തിൽ വികസിക്കുന്ന കഥ പ്രധാനമായും പദ്മിനീ – സുധീഷ് സല്ലാപങ്ങൾ സുദേഷ്ണയെ വായിച്ചു കേൾപ്പിക്കുന്നതിൽ കേന്ദ്രീകരിക്കുന്നു. കാമമല്ലാ, പ്രണയമെന്ന സുദേഷ്ണയുടെ അടിവരയിടലിനെ സുധീഷ് മറികടക്കുകയും ചാറ്റിലൂടെത്തന്നെ രതിസുഖങ്ങളിൽ മുഴുകുകയും ചെയ്യുന്നു.
സുധീഷിന്റെ വീട്ടിലെ സ്ഥിര സന്ദർശകനായ ജ്യേഷ്ഠന്റെ കൂട്ടുകാരൻ സുധീഷിന്റെ പ്രായമുള്ള തന്റെ മകൻ മെജോ ആക്സിഡന്റിൽ മരണപ്പെട്ടതിന്റെ തീവ്രവേദനയിൽ മദ്യത്തിൽ അഭയം പ്രാപിച്ചു ജീവിക്കുന്നു. ഭാര്യ ബിയാട്രീസ് വിഷാദ രോഗിയാകുകയും ദീർഘകാല ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്യുന്നു. പിന്നീടവർ നിരന്തരം ഫോൺ ഉപയോഗിക്കുന്നത് ഭർത്താവിൽ സംശയം ജനിപ്പിക്കുന്നു. അവർക്കേതോ കാമുകനുണ്ടെന്നു കരുതി, അവനെ ഇല്ലാതാക്കാൻ അയാൾ കൂട്ടുകാർക്കൊപ്പം പുറപ്പെടുന്നു. പല ഘട്ടത്തിലും സുധീഷ് അയയ്ക്കുന്ന മെസ്സേജുകൾ ബിയാട്രീസിനാണ് ചെല്ലുന്നതെന്ന് വായനക്കാർക്ക് സംശയം തോന്നിക്കുന്ന ട്വിസ്റ്റുകൾ കഥാകൃത്ത് ഇടയിൽ കൊണ്ടുവരുന്നുണ്ട്.

Read Also  പോയകാലം പുത്തൻ സങ്കേതങ്ങളിലൂടെ കഥകളാകുമ്പോൾ ; എം ടി രാജലക്ഷ്മി എഴുതുന്നു

സുധീഷ് നടത്തിയ ഫോൺ പരിശോധനയിൽ അത് മരിച്ച മെജോയുടെ നമ്പർ ആണെന്ന് മനസ്സിലാക്കുകയും, ബിയാട്രിസ്സിന് അവൻ മരിച്ചു പോയ മകനായിരുന്നെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. അവനയച്ച ഉമ്മകൾ പരിശുദ്ധമായിരുന്നു എന്നും ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ പ്രണയം അമ്മയോടുള്ളതാണെന്നുമുള്ള അറിവ് രതിസുഖം തന്ന സിം ഉപേക്ഷിക്കാനും പകരം മെജോയുടെ സിം ഫോണിലിടാനും സുധീഷിനെ പ്രേരിപ്പിക്കുന്നു. ചില അതിജീവനങ്ങൾക്ക് ചില ബാക്കിയാകലുകൾ അനിവാര്യമാണ് എന്ന് സുധീഷ് തിരിച്ചറിയുന്നു.

ഒരു കഥയ്ക്കും അപ്പുറത്തേക്ക് വളർന്ന ബൃഹത്തായ പ്രമേയം കവിത തുളുമ്പുന്ന പ്രൗഢഭാഷയിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ വൃഥാസ്ഥൂലത കഥയെ ബാധിക്കുകയും ,ആദ്യഭാഗത്ത് ഇഴച്ചിൽ ഉണ്ടാക്കുകയും ചെയ്തു. കഥാകൃത്തിന് കൈയടക്കവും, അവധാനതയും അല്പംകൂടി വേണ്ടിയിരുന്നു എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.

പുരുഷാർത്ഥം

ശ്രീ. ഷിനിലാലിന്റെ പുരുഷാർത്ഥം, പുരുഷൻ സ്വയം വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത നഗ്നസത്യത്തെ ധൈര്യപൂർവ്വം ചർച്ച ചെയ്യുന്നു.ഉദ്ധരിച്ച ലിംഗം പുരുഷത്വത്തിന്റെ അഹങ്കാരമായിത്തന്നെ കൊണ്ടു നടക്കുന്ന സാധാരണ പുരുഷലോകത്തിന് ലിംഗം, ശുക്ലം, സ്വയംഭോഗം എന്നിവയൊക്കെ ദൈനംദിനനിരന്തരതയിൽ പെടുന്ന കാര്യമാണെങ്കിലും ഉള്ളിലും പുറത്തുമുള്ള സദാചാരപ്പോലീസുകാർതന്നെ മുഖം ചുളിക്കുന്ന പൊള്ളയായ സദാചാരവഴികളെ ചോദ്യം ചെയ്യുന്നുണ്ട് ഈ കഥ.ലിംഗത്തിന്റെ ഔദ്ധത്യത്തിൽ അഹങ്കരിക്കുമ്പോഴും, അതിലൊന്നു സ്വയം ചുംബിക്കണമെന്ന നിസ്സാരആഗ്രഹം സഫലീകരിക്കാൻ ആവാതെ കുഴങ്ങുന്ന ഡേവിഡ്, എല്ലാത്തിനും ഉപരിയായി തന്റെ ലിംഗത്തെ സ്നേഹിക്കുന്ന ഡേവിഡ്,ഒടുവിൽ തന്റെ ലിംഗം ഒരപകടത്തിൽ ഛേദിച്ച് തെറിക്കുമ്പോൾ ബോധം മറയുന്ന നിമിഷത്തിൽപ്പോലും ഛേദിച്ചു പോയ ആ മാംസക്കഷണത്തെ എടുത്തുമ്മ വയ്ക്കാൻ അഭിനിവേശപ്പെടുന്ന ഡേവിഡ്.
ലിംഗത്തിലാണ് പുരുഷത്വം കുടികൊള്ളുന്നത് എന്ന ധാരണയെ കഥാകാരൻ വ്യംഗ്യമായി അധിക്ഷേപിക്കുന്നുവെന്ന് ചിന്തിച്ചാൽ വായിച്ചു പോകാവുന്ന കഥ.  കൃത്രിമത്വങ്ങൾ കൊണ്ട് വായനക്കാരുടെ ഉള്ളിലേക്കു പരക്കാൻ മടി കാണിക്കുമെന്ന് തോന്നുന്നു. അശ്ലീലമെന്ന് കരുതുന്ന ചിലത് ശ്ലീലമാക്കാനുള്ള യത്നം എന്നു വിശേഷിപ്പിക്കാം. കഥാകാരന്റെ അസാധ്യമായ ഒരു കൈയടക്കമാണ് ഈ കഥയുടെ തിളക്കം.

പുതിയകാലകഥകൾ രചനാതന്ത്രങ്ങളിലും, ആവിഷ്കാര ശൈലിയിലും, പ്രമേയങ്ങളിലും വൈവിധ്യവും, കാലി കതയുമാർന്ന സമീപനം പുലർത്തുന്നതോടൊപ്പം പുരുഷരചനകളിൽ ശക്തമായ സ്ത്രീപക്ഷചിന്തകൾകൂടി പങ്കുവയ്ക്കപ്പെട്ടിരിക്കുന്നു എന്നത് നവ്യകാലത്തിന്റെ നന്മയായി മാറും എന്ന് പ്രത്യാശിക്കാം.

* മലയാളത്തിലെ ആനുകാലികങ്ങളിൽ വരുന്ന കഥകളെ വിലയിരുത്തുന്ന പംക്തിയുടെ ഒന്നാം അധ്യായമാണിത്. മുഖ്യധാരാ മാധ്യമങ്ങളിൽ വരുന്ന കഥകൾക്ക് പുറമെ ഓൺലയിൻ, ചെറുകിടപ്രസിദ്ധീകരണങ്ങളിലൂടെ വരുന്ന കഥകളെയും ഇതിലൂടെ വിലയിരുത്തും. പലപ്പോഴും അത്തരം പ്രസിദ്ധീകരണങ്ങൾ ലഭിക്കാറില്ല. കഥയെഴുത്തുകാർ അതാതു ആഴ്ചകളിൽ പ്രസിദ്ധീകരിച്ച കഥയുടെ പി ഡി എഫ് അയച്ചുതന്നാൽ കോളമിസ്റ്റിൻ്റെ ശ്രദ്ധയിൽ പെടുത്തുന്നതായിരിക്കും. ഇതിൽ എഴുതുന്ന അഭിപ്രായങ്ങൾ ലേഖികയുടേത് മാത്രമായിരിക്കും. മെയിൽ ഐ ഡി : prathipaksham2018@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here