Wednesday, January 19

ചൂടുപിടിച്ച ഒരു മണ്ഡലകാലം പെയ്തൊഴിയുന്നു . ജയിച്ചതാര് ? അവശേഷിച്ചതെന്ത് ?

ഒരു ശബരിമല കാലം അവസാനിക്കുന്നു. മതനിരപേക്ഷതയുടെയും ജാതി നിരാസത്തിന്റെയും ചരിത്രം കേടുകൂടാതെ സൂക്ഷിച്ച ശബരിമല മറ്റൊരുതരത്തിൽ സ്വീകരിക്കപ്പെട്ടതിന്റെ ചരിത്രം ഈ മണ്ഡല കാലത്തിനുണ്ട്. ഇതിനു മുൻപ് ക്ഷേത്രം കത്തിയ സമയത്തും പിന്നെ നിലയ്ക്കലിൽ കുരിശു കണ്ടെത്തിയപ്പോഴും ശബരിമലയുടെ ജനകീയ ഭാവത്തിനു കോട്ടം അത്രതന്നെ സംഭവിച്ചിരുന്നില്ല. എന്നാൽ ഈ മണ്ഡലകാലത്ത് ശബരിമല തുറന്നു തന്നത് മറ്റൊരു ചിന്തയാണ്. അതിനെ ചില പൊളിച്ചെഴുത്തുകൾ എന്ന് വ്യാഖ്യാനിക്കുന്നതിലുപരി കേരളസമൂഹത്തിന് നൽകിയത് ചില പുനർ വായനകളാണ്.

സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതിവിധിയുടെ മുൻ വിധിയിലൂടെയായിരുന്നു ഇത്തവണത്തെ മണ്ഡലകാലം ആരംഭിക്കുന്നത്. കൃത്യം ഒരു മാസം മുൻപുള്ള മാസപൂജയ്ക്ക് നടതുറന്നപ്പോൾ മുതൽ കേരളം രണ്ടായി വേർതിരിഞ്ഞിരുന്നു. ആർത്തവകാലവും നാല്പത്തിയൊന്നു ദിവസത്തെ വ്രത ശുദ്ധിയും പരിപാവനതയും അയ്യപ്പന്റെ ബ്രാഹ്മചര്യവുമെല്ലാം സംരക്ഷിക്കുന്നതിനായി ഒരു സംഘം തെരുവിലിറങ്ങുന്നു. മറ്റൊരു സംഘം നിലവിലുള്ള കോടതി വിധിയും ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങളും മുറുകെ പിടിച്ചുകൊണ്ട് തികച്ചും ത്വാതികമായ പോരാട്ടത്തിനിറങ്ങുന്നു. പിന്നീട് കലുഷിതമായ ഒരന്തരീക്ഷം കേരളത്തിലുണ്ടാവുകയായിരുന്നു.

നമ്മൾ ഉദ്ഘോഷിച്ചുകൊണ്ടിരുന്ന മത സ്വാതന്ത്ര്യം, ജാതി നിരപേക്ഷത, വിദ്യാഭ്യാസ ഔന്നിത്യം ഇതെല്ലാം തിരിച്ചറിയപ്പെട്ട കാലമെന്നാണ് ഈ മണ്ഡലകാലത്തെ വിളിക്കേണ്ടത്. കുലസ്ത്രീകളും ചന്തപ്പെണ്ണുങ്ങളും കാറ്റഗറൈസ് ചെയ്യപ്പെടുന്നു. തീർച്ചയായും കേരളത്തിന്റെ സാന്മാർഗിക ചിന്തകളും സദാചാര ചിന്തകളും എവിടെയൊക്കെയാണ് നിലനിൽക്കുന്നതെന്ന് തിരിച്ചറിവ് നമുക്ക് ലഭിച്ചത് ഈ മണ്ഡലകാലത്താണ്. ദേശീയതലത്തിലും അന്തർദേശീയ തലത്തിലും വാർത്താമാധ്യമങ്ങൾ കേരളത്തെ വിലയിരുത്തി തുടങ്ങി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആർത്തവശുദ്ധിയുടെ പേരിൽ ഞങ്ങളെ മാറ്റിനിർത്തണമെന്നു മുറവിളികൂട്ടിയവരുടെ ചിത്രങ്ങളിലൂടെ, വാർത്തകളിലൂടെ ലോകമെമ്പാടുമുള്ള വാർത്തമാധ്യമങ്ങൾ നമ്മളെ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കി പരിഹസിച്ചു.

പന്തളത്തെ സ്ത്രീകൾ പൊതു നിരത്തിലിറങ്ങി നാമജപ ഘോഷയാത്ര നടത്തുന്നു. ഓർക്കുക- കൃത്യം രണ്ട് മാസങ്ങൾക്കു മുൻപ് പ്രളയം വിഴുങ്ങിയ പന്തളത്തെ സ്ത്രീകളാണ് ജാതി മത കോയ്മയും പൗരാണികതയും ആചാരവും നിലനിർത്തണമെന്ന ആവശ്യം വിളിച്ചു പറഞ്ഞുകൊണ്ട് നിരത്തിലിറങ്ങിയത്. കേരളത്തിന്റെ ജാതി മനസും മേലാള കീഴാള ചിന്തയും ഉണരുകയായിരുന്നു. ശബരിമല ആരുടേത് എന്ന ചിന്തയിൽ അതെത്തിച്ചേർന്നു.


ഇവിടെ സംഭവിച്ചത് ഗോത്രജനതയുടെ ഉയർത്തെഴുന്നേൽപ്പാണ്‌, 
ഒരു പക്ഷെ, ഈ കാലയളവിലുണ്ടായ ഏറ്റവും വലിയ മുന്നേറ്റം ഗോത്രജനതയുടെ മുന്നേറ്റം തന്നെയാണ്. അവർ മുൻപോട്ടു വന്നു തന്ത്രികളും ‘പന്തളത്തെ രാജാവും’അടങ്ങുന്ന നിലവിലുള്ള ശബരിമലയുടെ ബ്രാഹ്മണിക്കൽ മേൽക്കോയ്മയുടെ ചരിത്രം വിളിച്ചുപറയാൻ അവർക്കായി. പതിനെട്ടു മലകൾക്കധിപനായ അവരുടെ ദൈവത്തെ എങ്ങനെ അവരിൽ നിന്നകറ്റിയെന്നു വിളിച്ചു പറയുവാനും ഒന്നിച്ച് ചേരുവാനും അവർക്കായി. ഇത് തന്നെയാണ് നവോത്ഥാനം അടിമകളാക്കപ്പെട്ട ഒരു വിഭാഗത്തിനുണ്ടായ നവോത്ഥാനം. പൂജാദി കർമ്മങ്ങളിൽ നിന്നും അവരെ എങ്ങനെയകറ്റിയതെന്നും മകരജ്യോതിയുടെ രഹസ്യമെന്തെന്നും വളരെ പരസ്യമായ ചർച്ചയ്ക് വിധേയമാക്കാൻ അവർക്കു കഴിഞ്ഞു. അവരുടെ ദൈവത്താന്മാരെ എങ്ങനെ ആര്യവത്കരിച്ചുവെന്നവർ പുറം ലോകത്തേക്ക് നോക്കി പറഞ്ഞു – അതാണ് നവോത്ഥാനം. ഒരു പക്ഷെ ഈ കാലയളവിൽ ഏറ്റവും കൂടുതല്‍
നിർവചിക്കപ്പെടുകയോ വ്യാഖ്യാനിക്കപ്പെടുകയോ ചെയ്ത വാക്കാണിത്.

Read Also  സർക്കാരും നിരീക്ഷണ സമിതിയും തമ്മിൽ മനിതി സംഘത്തിന്റെ പേരിൽ അഭിപ്രായ ഭിന്നത

രാഷ്ട്രീയ മുതലെടുപ്പിന്റെ വിലകുറഞ്ഞ നാടകവും അഭിപ്രായ സ്ഥിരതയില്ലായ്മയും ബി ജെ പി എന്ന രാഷ്ട്രീയ കക്ഷിയെ കേരളത്തിന്റെ പരിഹാസമാക്കിയ കാലമായിരുന്നു കഴിഞ്ഞുപോയത്.  ദേശീയ നേതൃത്വവും സംസ്ഥാനനേതൃത്വവും ഭിന്ന അഭിപ്രായങ്ങൾ പറയുന്നു, കേരളത്തിലെ നേതാക്കൾ തന്നെ അടിക്കടി നിലപാടുകൾ മാറ്റുന്നു, ഇതൊക്കെയായിരുന്നു ഈ കാലത്തെ ബി ജെപി.  സ്ത്രീപ്രവേശത്തെ ആക്ഷേപിക്കുകയും ശബരിമലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യാൻ ആവുംവിധം ശ്രമിക്കുന്ന ബി ജെ പി- ആർ എസ് എസ് നേതൃത്വം അവരുടെ അജണ്ടയെന്തായാലും അതിലെത്രമാത്രം എത്തിച്ചേർന്നുവെന്ന് ആത്മ പരിശോധന നടത്തേണ്ടതാണ്. ഒരു രാഷ്ട്രീയ കക്ഷിയെന്ന നിലയിൽ നിന്നും ഹിന്ദു മേൽത്തട്ടുകാരുടെ കൂട്ടായ്മയായി ബി ജെപിയെ വായിച്ചെടുക്കാൻ ഈ കാലം കൊണ്ട് സാധിച്ചു.
മലകയറാനെത്തിയ പെണ്ണുങ്ങൾ
തൃപ്തി ദേശായിയും മനീതി സംഘവും ദേശീയ തലത്തിൽ ശ്രദ്ധേയമായവരാണ്. ഈ മണ്ഡല കാലത്തിൽ പടിചവുട്ടാൻ എത്തിയ തൃപ്തിയുടെ സംഘത്തെ നെടുമ്പാശേരിയിൽ വച്ച് തന്നെ കൈകൊട്ടിപാടി ഓടിച്ചുവിടുന്ന സ്വാമി ഭക്തന്മാരെന്നവകാശപ്പെടുന്നവർ. പിന്നീടെത്തിയ മഞ്ജുവിനെ തടഞ്ഞുകൊണ്ട് സ്ത്രീ പ്രവേശത്തെ കൈയൂക്ക് കൊണ്ട് തടഞ്ഞതും. അവരുടെ വീടാക്രമിച്ചതും ആർ എസ് എസ് ശക്തികളുടെ സ്ത്രീ വിരുദ്ധ മനോഭാവവും ദളിത് വിരുദ്ധ മനോഭാവവുമാണ്.

ശശികലയും കെ. സുരേന്ദ്രനും പുതിയ താരമായ പ്ലാനുകളും അവതാരകൻ രാഹുൽ ഈശ്വർ ഉൾപ്പടെയുള്ളവരെപ്പോലും കസ്റ്റഡിയിലെടുക്കാനും വേണ്ടിവന്നാൽ കേന്ദ്ര മന്ത്രിയായാലും നിയമലംഘനം പറ്റില്ലെന്നും ഉറക്കെ പറയാൻ നമ്മുടെ പോലീസ് സേനയ്ക്കായി എന്നാൽ അതിനു  പിന്നാലെയാണ് മനീതി സംഘം എത്തുന്നത്. ശരിക്കും നമ്മുടെ പോലീസിന്റെ കാര്യശേഷിയില്ലായ്മയും സംഘ പരിവാർ അധിനിവേശവും കൂടി അവരെ ഭയപ്പാടിന്റെ ഒരന്തരീക്ഷത്തിലേക്കു കൊണ്ടുപോകുകയായിരുന്നു പെട്ടെന്ന്. പിണറായി സർക്കാരിന്റെ സ്ത്രീ പ്രവേശത്തിലെ ഇരട്ടത്താപ്പായി ഇതിനെ പലരും കാണുകയും ചെയ്തു.

ബലിദാനികളെ സൃഷ്ടിക്കാനൊരു ശ്രമം ഇതിനിടെ പന്തളത്തുനിന്നും മലയ്ക്ക് പോയ അയ്യപ്പ ഭക്തന്റെ മൃതദേഹം നിലയ്ക്കലിനിപ്പുറമുള്ള സ്ഥലത്തുനിന്നു കിട്ടുകയും അത് പോലീസ് ആക്രമണത്തിന്റെ ഫലമാണെന്ന് വരുത്തിത്തീർക്കുകയും അതിനു പിന്നാലെ ഹർത്താലാഹ്വാനം നടത്തുകയും ചെയ്യുകയായിരുന്നു ബി ജെ പി നയിച്ച നാമജപം സംഘം . ഹർത്താലുകൾ ഒരു തുടർച്ചയായി മാറി 


മനീതി സംഘം പിന്തിരിഞ്ഞോടിയപ്പോൾ കേരളത്തിലുള്ള രണ്ട് പെണ്ണുങ്ങൾ വളരെ കൃത്യമായ ഇടപെടലിലൂടെ അയ്യപ്പ സന്നിധിയിലെത്തുന്നു. അതും കേരളം അതിന്റെ മതേതര മനസ് കൈവിട്ടിട്ടില്ലെന്നു തെളിയിച്ച വനിതാമതിലുയർന്ന ദിവസം. ബിന്ദു- കനകദുർഗ്ഗാ നിങ്ങൾ ചരിത്രം സൃഷ്ടിക്കുന്നതിനുപരി ഈ നാട്ടിലെ കോടതിയിലും ഭരണഘടനയിലുമുള്ള വിശ്വാസം കൈവിടരുതെന്ന സൂചനയാണ് നൽകിയത്. ഭക്തിയും ആചാരവും വിശ്വാസവും പുതിയ കാലത്ത് ജനാധിപത്യത്തിനും പൗരബോധത്തിനും താഴെയാണ് നിൽക്കേണ്ടതെന്നു കാണിച്ചു തരികയായിരുന്നു.


 ഹർത്താലും ആർത്തവവും പൊതു ചർച്ചയിലേക്ക്

ഈ മണ്ഡലകാലത്തിന്റെ നല്ല ശേഷിപ്പുകളാണ് ഹര്‍ത്താലിനും ആർത്തവത്തിനും കിട്ടിയ മറ്റൊരു ഭാവം. ഇടതു കക്ഷികൾ അറിഞ്ഞോ അറിയാതെയോ എങ്കിലും ഹർത്താൽ സംഘ പരിവാർ വിരുദ്ധത  ശ്രദ്ധേയമാണ്. അവർ അതിനി നിഷേധിച്ചാലും ജനങ്ങൾ മറക്കില്ല ഈ ഹർത്താൽ ദിനങ്ങളിൽ അവരനുഭവിച്ച ദുരിതങ്ങൾ, അതും പണ്ടെങ്ങോ ആരോ പറഞ്ഞു പഴകിയ ആചാര സംരക്ഷണത്തിന്റെ പേരിൽ.  ഇനിയൊരു ഹർത്തൽ പ്രഖ്യാപിക്കാനെങ്കിലും അൽപ നാളത്തേക്കെങ്കിലും ഒരു വിമുഖതയുണ്ടാകും  പലർക്കും.

Read Also  കേരളത്തിലെ കോൺഗ്രസിനെ ലിംഗസമത്വത്തെക്കുറിച്ച് ഓർമിപ്പിച്ച് സോണിയാ ഗാന്ധി


കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ആർപ്പോ ആർത്തവം കൂട്ടായ്മ നടന്നത്. വിവിധ പുരോഗമന സംഘങ്ങളുടെ കൂട്ടായ്മയിൽ നിന്നുണ്ടായ ആർപ്പോ ആർത്തവത്തിലൂടെ ഈ മണ്ഡലകാലം മലയ്ക്ക് താഴെ അവസാനിക്കുന്നു പക്ഷേ, മലയിൽ വിശ്വാസത്തിന്റെയും തന്ത്രി പെരുമയുടെയും ദേവസ്വം ബോഡിന്റെയും മകരജ്യോതിയും തിരുവാഭരണവും നടക്കുന്നു. അതെ, ഈ മണ്ഡലകാലം അവസാനിക്കുകയാണ് കേരളം ഒരു പാടുകാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ട്. മൂന്ന് സ്ത്രീകൾ ചരിത്ര മെഴുതികൊണ്ട്. പാരമ്പര്യ വാദികളെ അസ്വാരസ്യ പ്പെടുത്തിക്കൊണ്ട്.

ശബരിമലയിലെ പൂജാരി എൻ്റെ വല്യപ്പനായിരുന്നു : മലയരയ ഗോത്രത്തിലെ കല്യാണി മുത്തശ്ശിയുടെ വെളിപ്പെടുത്തലുകൾ

Spread the love

22 Comments

Leave a Reply