Monday, January 17

രാജ്യത്ത് വിവരാവകാശത്തിനെന്തു സംഭവിക്കുന്നു!

2014ൽ ഭാരതീയ ജനതാപാർട്ടി ഗവണ്മെൻ്റ് അധികാരത്തിൽ വന്നപ്പോൾ  സാധാരണ പൗരനു നൽകിയ ഒരു ഉറപ്പുണ്ട്, അത് പൊതു പ്രവർത്തനത്തിലെ സുതാര്യതയായിരുന്നു. ബി ജെ പിയുടെ കടുത്ത വിമർശകർപോലും ഇതിൽ അല്പം പ്രതീക്ഷ വച്ചിരുന്നു. എന്നാൽ അഞ്ചു വർഷമെത്തുമ്പോഴുള്ള  സംഭവ ഗതികൾ പരിശോധിക്കുമ്പോൾ ഇതെത്രമാത്രം എന്ന് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

1923ലെ കൊളോണിയൽ അവക്ഷിപ്തമായ  ഔദ്യോഗിക രേഖകളുടെ രഹസ്യസ്വഭാവം സംബന്ധിച്ച നിയമമാണ് 2005ൽ മന്‍മോഹൻ സർക്കാർ വിവരാവകാശപദവി നൽകി പരിഷ്കരിച്ചത്.

ഇതനുസരിച്ച് രാജ്യത്തെ ഏതൊരു പൗരനും ഗവണ്മെൻ്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളെപ്പറ്റിയും അറിയുവാനുള്ള അവകാശമാണു ലഭിച്ചത്.

എന്നാൽ, നിലവിലെ അവസ്ഥയിൽ വിവരാവകാശനിയമത്തെ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഭരണാധികാരികൾ തന്നെയാണ്. അവർ ഏതു രീതിയിലും അതടിച്ചമർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. അതായത് നികുതി നൽകികൊണ്ടിരിക്കുന്ന സാധാരണ പൗരന്മാരുടെ അവകാശത്തെ നിഷ്കരുണം നിരസിക്കുന്നു.

ഇതിനേറ്റവും വലിയ തെളിവാണ് നോട്ടു നിരോധനത്തെപ്പറ്റിയുള്ള വിവരാവകാശപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകാതിരിക്കുന്ന ഗവണ്മെൻ്റ് നടപടി. കള്ളനോട്ടിൻ്റെ ഇടപാടുകൾ ഇല്ലാതാക്കാനെന്ന പേരിൽ മോദി സർക്കാർ നടപ്പാക്കിയ നോട്ടു നിരോധനത്തെപ്പറ്റിയുള്ള പല വിവരാവകാശ ചോദ്യങ്ങളും ഇപ്പോഴും മറുപടി ലഭിക്കാതെ കിടക്കുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നോട്ടു നിരോധനത്തെ സംബന്ധിച്ച് വിവരാവകാശചോദ്യത്തിനുള്ള മറുപടി മറ്റു ചില അതോറിറ്റികളെ സമീപിക്കുവാനുള്ളതാണ്. ഇത്തരം മറുപടികൾ  ഈ നിയമത്തെ വളരെ കൃത്യമായി ചിലർ ഭയക്കുന്നതിൻ്റെ സൂചനയാണ് നൽകുന്നത്.

ഇതേപോലെ വിവരാവകാശം നിഷേധിക്കപ്പെട്ട ഒരു കേസാണ് ആർ ബി ഐയിൽ സമർപ്പിക്കപ്പെട്ട വായ്പ്പാകുടിശിക വരുത്തിയവരെ സംബന്ധിച്ചുള്ളത്. ഇതിൻ്റെ അവസ്ഥ കുറേക്കുടി പൗരാവകാശത്തെ കളിയാക്കും വിധമുള്ളതുമായിരുന്നു. ഈ രേഖകൾ പുറത്തുവിടാതിരിക്കാനായി കോടതിയിൽനിന്നും സ്റ്റേ ഉത്തരവുകൂടി സംഘടിപ്പിക്കാൻ ബാങ്കുകൾ ശ്രമിച്ചിരുന്നു.

സുപ്രീം കോടതിയുടെ നിർദ്ദേശമുണ്ടായിട്ടുപോലും ഒടുവിൽ സെൻട്രൽ ബാങ്ക് അതോറിറ്റി ബാങ്ക് വായ്പയെ സംബന്ധിച്ച വിവരാവകാശ രേഖകൾ കൊടുക്കാൻ മടിച്ചതും ഈ രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയായി കാണേണ്ടതാണ്.

അതുപോലെതന്നെ 2015ൽ സമർപ്പിക്കപ്പെട്ട  ഇന്ത്യയും ഫ്രാൻസും തമ്മിൽ നടത്തിയ റഫേൽ വിമാന ഇടപാടിനെ സംബന്ധിച്ച് വിവരാവകാശരേഖകളും സർക്കാർ വകുപ്പുകൾ നിരസിച്ചിരുന്നു.

നിരസിക്കപ്പെട്ട വിവരവകാശരേഖകളിൽ ഏറ്റവും രസകരമായമായ മറ്റൊന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ചോദ്യങ്ങളാണ്. 2015ൽ നീരജ് ശർമ്മയെന്ന ഐ ടി പ്രൊഫഷണലാണ് തെരഞ്ഞെടുപ്പ് വേളയിൽ മോദി സമർപ്പിച്ച വിദ്യാഭ്യാസ യോഗ്യതസംബന്ധിച്ച വിവരങ്ങളിൽ സൂചിപ്പിച്ചിരുന്ന 1968 ലെ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബി എ ബുരുദത്തെ സംബന്ധിച്ച വിശദാംശങ്ങൾ ആവശ്യപ്പെട്ടത്. ഇതും കോടതിയുടെ ഇടപെടലിൽ കൂടി നിരസിക്കുകയായിരുന്നു.

 

 മോദി ബിരുദം നേടിയെന്ന് യൂണിവേഴ്സിറ്റി പറയുന്നുണ്ട്, എന്നാൽ അതിനെ സംബന്ധിച്ച രേഖകൾ നൽകാൻ കൂട്ടാക്കുന്നുമില്ല. ഇതിനെ സംബന്ധിച്ച അടുത്ത കോടതി ഹിയറിംഗ് വച്ചിരിക്കുന്നത് 2019ലാണ്. ഇതു കൂടാതെ ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്നുണ്ട് എന്നവകാശപ്പെട്ട എം എ ഡിഗ്രിയെപ്പറ്റിയും നിരസിക്കപ്പെട്ട ഒരു വിവരാവകാശം നിലനിൽക്കുന്നു.

ഇതിനെല്ലാം അപ്പുറം ചിലതുകൂടി വിവരാവകാശ നിയമത്തിൽ സംഭവിക്കുന്നു. അത് ഈ നിയമത്തെക്കൂടി അമൻ്റ്മെൻ്റ് നടത്താനുള്ള നീക്കമാണ്. ഇതുകൂടി നിലവിൽ വന്നാൽ ഏറെ പ്രതീക്ഷയോടെ നമ്മൾ കണ്ട് ഈ നിയമം അകാല ചരമം പ്രാപിക്കും. 2014 മുതൽ സെന്‍ട്രൽ ഇൻഫര്‍മേഷൻ കമ്മീഷൻ്റെ നിയമനം പോലും അവതാളത്തിലാക്കിയിരിക്കുകയാണ്. പതിനൊന്ന് ഒഴിവുകളിൽ എട്ടെണ്ണം നികത്താതെ കിടന്നു. ഒടുവിൽ ചില പൗരാവകാശ പ്രവർത്തകരുടെ പരാതിയിലൂടെ സുപ്രീം കോടതി ഇടപെടുകയും ഡിസംബറിൽ  മുഖ്യ വിവരാവകാശ കമ്മീഷനെയും നാലു അംഗങ്ങളെയും വളരെപ്പെട്ടെന്നു നിയമിക്കുകയും ചെയ്തു. ഇതാണ് ശരിക്കും വിവരാവകാശപ്രവർത്തകര്‍ക്ക് കുറേ നാളുകളായി ആശ്വസിക്കാൻ വകനൽകുന്ന വിജയം.

ഇപ്പോൾ, ഏതാണ്ട് 26000 വിവരാവകാശം സംബന്ധിച്ച ചോദ്യങ്ങൾ വിവിധ വകുപ്പുകളിൽ തീർപ്പാകാതെ കിടക്കുന്നു. ഇതുകൂടാതെയാണ് കോടതിയേക്കൂടി വിവരാവകാശം സംബന്ധിച്ച വസ്തുതകളിലേക്ക് വലിച്ചിഴയ്ക്കുന്നത്.

2005ൽ, വൻ ജനകീയ വിപ്ളവമെന്ന് പറഞ്ഞുകൊണ്ട് നിലവിൽ വന്ന വിവരാവകാശ രേഖയുടെ ചരമക്കോളമാണിന്നെഴുതിച്ചേർക്കുന്നത് . നോക്കു നമ്മൾ തെരെഞ്ഞെടുത്തുവിടുന്ന ഭരണാധികാരികൾ എത്രപെട്ടെന്നാണ് എത്ര ലാഘവത്തോടെയാണ് നികുതിദായകരും  വോട്ടവകാശമുള്ളവരുമായ പൗരന്മാരുടെ അവകാശത്തെ നിരാകരിക്കുന്നത്. അവർ ആരെയാണ് ഭയക്കുന്നത് അവരെന്തിനാണ് ചിലത് പൊതു വേദിയിൽ മറച്ചു വയ്ക്കുന്നത്. നമുക്കാവശ്യമാണ് കള്ളനാണയങ്ങളെ തിരിച്ചറിയാനും പൊതുസമക്ഷത്തിൽ കൊണ്ടുവരാനും ചില നിയമപരിരക്ഷകൾ. അതു ദയവായി ഇല്ലാതാക്കരുത്. ജനാധിപത്യത്തിലെ അവസാന പിടിവള്ളികളായിരിക്കാം അത്.

 

Spread the love
Read Also  'ഭക്ഷണം കഴിച്ചതിന് പണംചോദിച്ചാൽ വർഗീയകലാപമുണ്ടാക്കും' ; ഭീഷണിയുമായി ബി.ജെ.പി

1 Comment

Leave a Reply