Wednesday, January 19

Mbps കാലം അവസാനിപ്പിക്കാൻ ജിയോ ഇനി Gbps; ഗിഗാ ഫൈബറുമായി റിലയൻസ്

രാജ്യത്തെ മൊബൈൽ വിപ്ലവത്തിൽ സുപ്രധാന പങ്ക് വഹിച്ച ജിയോ അടുത്ത മാറ്റത്തിനായി രംഗത്തിറങ്ങുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള റിലയന്‍സ് ജിയോയുടെ പുതിയ ഉദ്യമമായ ജിയോ ഗിഗാ ഫൈബര്‍ (Jio Giga Fiber) ആണ് പുതിയ സംരഭം.
ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവന രംഗത്തേക്ക് ഇതോടെ റിലയൻസ് ജിയോ രംഗപ്രവേശനം ചെയ്യുകയാണ്. മുംബൈയില്‍ നടന്ന കമ്പനിയുടെ 41ാമത്ത് വാർഷിക പൊതുയോഗത്തിലാണ് രാജ്യത്തെ ബ്രോഡ് ബ്രാൻഡ് ശൃംഖലയെ ആകെ മാറ്റുന്ന തരത്തിലുള്ള പ്രഖ്യാപനം നടന്നത്.

ഒപ്റ്റിക്കല്‍ ഫൈബര്‍ വഴിയുള്ള ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് ശൃഖലയാണ് ഭാവിയെന്നും ഈ രംഗത്ത് ഇന്ത്യയെ ലോകത്തെ അഞ്ച് മുന്‍നിര രാജ്യങ്ങളില്‍ ഒന്നാക്കിമാറ്റാന്‍ ജിയോ പ്രതിജ്ഞാ ബദ്ധമാണെന്നും മുകേഷ് അംബാനി പറഞ്ഞു. 250000 കോടി രൂപ ഇതിനോടകം ബ്രോഡ്ബാന്‍ഡ് ശൃഖലയ്ക്ക് വേണ്ടി കമ്പനി നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെക്കന്‍ഡില്‍ ഒരു ജിബി വേഗത ബ്രോഡ്ബാന്റ് സേവനത്തിനുണ്ടാകുമെന്ന് ജിയോ വാഗ്ദാനം ചെയ്യുന്നു. അപ്ലോഡ് സ്പീഡ് 100 എംബിപിഎസ് ആയിരിക്കും. വീടുകള്‍, ചെറു വ്യവസായങ്ങള്‍, വന്‍കിട സ്ഥാപനങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിച്ചാണ് ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് ജിയോ ആവിഷ്‌കരിക്കുന്നത്.

ജിയോ ടിവി സെറ്റ് ടോപ് ബോക്‌സ് വഴി സ്മാര്‍ട്ട് ടിവി സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവും ജിയോ ടിവി, ജിയോ സിനിമ, ജിയോ ചാറ്റ് പോലുള്ള ജിയോ ആപ്പുകളും ഇതില്‍ ലഭ്യമാവും. റിമോട്ടില്‍ നല്‍കിയിട്ടുള്ള ബട്ടന്‍ വഴി വോയ്‌സ് കമാന്റിലൂടെ സെറ്റ് ടോപ്പ് ബോക്‌സ് നിയന്ത്രിക്കാനും സാധിക്കും. ജിയോ ടിവി കോളിങ് സൗകര്യവും സെറ്റ് ടോപ് ബോക്‌സ് വഴി സാധ്യമാണ്.

വീടുകളില്‍ അള്‍ട്രാ എച്ച്ടി ഗുണമേന്മയില്‍ ടെലിവിഷന്‍ വഴിയുള്ള വിനോദം, വീഡിയോ കോള്‍ സൗകര്യം, വോയ്‌സ് ആക്റ്റിവേറ്റഡ് വിര്‍ച്വല്‍ അസിസ്റ്റന്റ്, വിര്‍ച്വല്‍ റിയാലിറ്റി ഗെയിമുകളും ഓണ്‍ലൈന്‍ ഷോപ്പിങും അതിവേഗ ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട് ഹോം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ജിയോ ജിഗാ ഫൈബര്‍ സഹായിക്കും. ചെറുകിട വന്‍കിട സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായതും ആവശ്യമായതുമായ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായി ജിഗാ റൂട്ടറൂം ടെലിവിഷന്‍ അധിഷ്ടിത സേവനങ്ങള്‍ നല്‍കുന്നതിനായി ജിഗാ ടിവി സെറ്റ് ടോപ്പ് ബോക്‌സും ജിയോ നൽകും. കൂടാതെ പഴയ ഫോൺ മാറ്റി ജിയോ ഫോൺ എടുക്കുന്നതിനുള്ള ഓഫറും കമ്പനി അവതരിപ്പിച്ചു. ആഗസ്റ്റ് 15 മുതൽ 2999 രൂപയ്ക്ക് ജിയോ ഫോൺ 2 എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫോൺ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

Spread the love
Read Also  9 പേരുടെ പക്കലുള്ളത് രാജ്യത്തിന്റെ പകുതിയിലധികം സമ്പത്ത്; സാമ്പത്തിക അസന്തുലിതാവസ്ഥയിൽ രാജ്യം: ഓക്‌സ്ഫാം സാമ്പത്തിക റിപ്പോർട്ട്