Wednesday, January 19

ഭര്‍ത്താവിനെയും ഏഷ്യന്‍ ഗെയിംസ് പ്രവേശനവും നല്‍കിയത് ബ്രിഡ്ജ് കളി: 79കാരി റിത ചോക്‌സി പറയുന്നു

അടുത്ത മാസം ജക്കാര്‍ത്തയില്‍ ആരംഭിക്കുന്ന 18-മത് ഏഷ്യന്‍ ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രായം കൂടിയ താരമാണ് 79-കാരി റിത ചോക്‌സി. ബ്രിഡ്ജ് ഔദ്ധ്യോഗിക മത്സരവിഭാഗമായി ഏഷ്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ അംഗീകരിച്ചതോടെയാണ് 24 അംഗ ഇന്ത്യന്‍ ടീമിന് ഗെയിംസില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ടീമില്‍ നാലുപേര്‍ 70ന് മുകളില്‍ പ്രായമുള്ളവരാണെങ്കിലും റിതയാണ് ഏറ്റവും മുതിര്‍ന്ന അംഗം, 550 അംഗ ഇന്ത്യന്‍ ടീമിന് ഉത്തേജനം പകരുന്നതാണ് ഈ 79കാരിയുടെ സാന്നിധ്യം.

1982ല്‍ ഡല്‍ഹി ഏഷ്യാഡിനായി പണി കഴിപ്പിച്ച ഏഷ്യാഡ് വില്ലേജ് കോംബ്ലക്‌സില്‍ വര്‍ഷങ്ങളായി താമസിക്കുന്ന റിത, ഒരിക്കല്‍ താന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ജക്കാര്‍ത്തയില്‍ മറ്റ് കായികതാരങ്ങളോടൊപ്പം ഗെയിംസ് ഗ്രാമത്തില്‍ തന്നെയാണ് താമസിക്കുന്നതെന്ന അറിവ് അവരെ ആവേശഭരിതയാക്കുന്നു. തന്റെ പ്രായം മറക്കാന്‍ ഗെയിംസ് വില്ലേജിലെ താമസം സഹായിക്കുമെന്നാണ് റിതയുടെ പ്രതീക്ഷ.

റിത ചോക്‌സി

1970കള്‍ മുതല്‍ ദേശീയ ബ്രിഡ്ജ് ചാമ്പ്യന്‍ഷിപ്പുകളിലെ സ്ഥിര സാന്നിധ്യമാണ് റിത ചോക്‌സി. നേരത്തെ ടെന്നീസും ബാഡ്മിന്റണും കളിച്ചിരുന്ന റിത, മറ്റുള്ളവര്‍ കളിക്കുന്നത് കണ്ടാണ് ബ്രഡിജിലേക്ക് ആകൃഷ്ടയായത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും പിതാവിന്റെ നിര്‍ബന്ധം കൂടി കണക്കിലെടുത്ത് ബ്രിഡ്ജ് കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. തന്റെ ജീവിത സൗഭാഗ്യങ്ങളെല്ലാം തന്നത് ബ്രിഡ്ജാണെന്ന് റിത ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തി. തന്റെ ഭര്‍ത്താവ് ഡോ. ഹാരന്‍ ചോക്‌സിയെ സമ്മാനിച്ചതും ഇപ്പോള്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തതും ഈ കായിക ഇനമാണെന്ന് അവര്‍ നന്ദിപൂര്‍വം ഓര്‍ക്കുന്നു. ആദ്യ ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് ബ്രിഡ്ജ് കളിക്കിടയില്‍ ഡോ. ചോക്‌സിയെ റിത പരിചയപ്പെടുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും.

90കളില്‍ ചോക്‌സി മരിച്ചു. രണ്ട് ആണ്‍മക്കളും വിദേശത്തായതിനാല്‍ റിത ഒറ്റയ്ക്കാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ താമസിക്കുന്നത്. പ്രഭാത നടത്തം, ശ്വാസോച്ഛാസ വ്യാമങ്ങള്‍, യോഗ എന്നിവയിലൂടെ ഏകാഗ്രത നിലനിറുത്തുന്നതാണ് ബ്രഡ്ജിലെ തന്റെ വിജയങ്ങള്‍ക്ക് കാരണമെന്ന് അവര്‍ വിശ്വസിക്കുന്നു. മീനും ബാര്‍ക്കോളിയും സലാഡുകളും ചേര്‍ന്ന് സമീകൃത ഭക്ഷണമാണ് ഈ 79കാരിയുടെ ആരോഗ്യത്തിന്റെ മറ്റൊരു രഹസ്യം. എല്ലാ ദിവസവും മൂന്ന് മണിക്കൂര്‍ അവര്‍ ബ്രിഡ്ജ് കളിക്കായി മാറ്റിവെക്കുന്നു. ബ്രിഡ്ജ് ടീമിനെ ഇന്ത്യന്‍ ഏഷ്യന്‍ ഗെയിംസ് സംഘത്തില്‍ ചേര്‍ക്കുന്നിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അനുമതി നല്‍കാന്‍ വൈകിയതില്‍ അവര്‍ അസ്വസ്ഥയായിരുന്നു.

മാത്രമല്ല, പാകിസ്ഥാന്‍ പൊതു തിരഞ്ഞെടുപ്പും അവര്‍ ആശങ്കയോടെയാണ് ഉറ്റുനോക്കിയത്. ഒടുവില്‍ ബ്രിഡ്ജ് ടീമിന് അനുമതി ലഭിച്ചപ്പോള്‍ അവര്‍ ആശ്വാസം കൊണ്ടു. ഒപ്പം ഇമ്രാന്‍ ഖാന്‍ പാര്‍ട്ടി പാകിസ്ഥാനില്‍ വിജയിച്ചതിലും. ഒരിക്കള്‍ ഇംഗ്ലണ്ടില്‍ നടന്ന ഒരു ബ്രിഡ്ജ് ടൂര്‍ണമെന്റിനിടയില്‍ ഇമ്രാനെ റിത പരിചയപ്പെട്ടിരുന്നു. ബ്രിഡ്ജ് കളിയില്‍ അദ്ദേഹം കാണിച്ച താല്‍പര്യം അവരില്‍ ഇമ്രാനോടുള്ള മതിപ്പ് വര്‍ദ്ധിപ്പിച്ചു. അതിനാലാണ് ഇമ്രാന്‍ തിരഞ്ഞെടുപ്പില്‍ ജയിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതെന്നും റിത ചോക്‌സി പറയുന്നു.

Spread the love

Leave a Reply