ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രത്യക്ഷത്തിൽ അനുകൂല നിലപാടുമായി ആർഎംപി മുന്നോട്ടുവന്നെങ്കിലും സ്ത്രീ പ്രവേശന നിലപാടിൽ കെ. കെ രമ ഉൾപ്പടെയുള്ള ആർ.എം.പി. നേതാക്കൾ മലക്കം മറിഞ്ഞിരിക്കുകയാണ്. ഇതിനെ ചൊല്ലി പാർട്ടിക്കകത്ത് രണ്ടു ചേരികൾ രൂപപ്പെട്ടിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഉയരുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. അതിനെ സാധൂകരിക്കുന്ന സംഭവവികാസങ്ങളാണ് കഴിഞ്ഞദിവസം നടന്നിരിക്കുന്നത്.

ശബരിമലയിൽ പ്രവേശിച്ച് ദർശനം നടത്തിയ ബിന്ദുവിനേയും കനക ദുർഗയ്ക്കും അഭിവാദ്യമർപ്പിച്ചുകൊണ്ട് ആർഎംപി കേന്ദ്രകമ്മിറ്റി അംഗം കെ.കെ. രമ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തെങ്കിലും പിന്നീട് പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. ഇതിനെതിരെ ആർഎംപി അനുഭാവികളിൽ നിന്ന് തന്നെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.

സാമൂഹ്യ മാധ്യമങ്ങളിൽ ഈ വിഷയം പുകയുമ്പോൾ കെ.കെ. രമയുടെ പ്രതികരണത്തിനായി അവരെ പ്രതിപക്ഷം ന്യൂസ് ബന്ധപ്പെട്ടങ്കിലും തിരക്കിലാണെന്ന് പറഞ്ഞ് ഒഴിയുകയും പിന്നീട് ബന്ധപ്പെടാമെന്ന് അറിയിക്കുകയുമായിരുന്നു. പക്ഷേ തുടർന്ന് നിരന്തരം കെ. കെ. രമയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺകോൾ സ്വീകരിക്കാനോ പ്രതികരിക്കാനോ അവർ തയ്യാറായില്ല.

സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ആർഎംപി നേതാവ് കെ. കെ. രമ രംഗത്ത് വന്നിരുന്നെകിലും തന്റെ പോസ്റ്റ് പിൻവലിക്കാൻ കാരണമായത് പാർട്ടിയിൽ തന്നെയുള്ള മറ്റ് പലരുടെയും നിർബന്ധത്തിന് വഴങ്ങിയതാണെന്ന ആക്ഷേപങ്ങളും ഇവർക്കെതിരെ ഉയരുന്നുണ്ട്. രമയെ പിന്തള്ളി ഒരു വിഭാഗം പാർട്ടിയെ കൈക്കലാക്കാൻ ശ്രമിക്കുന്നുവെന്നതുൾപ്പടെയുള്ള അഭ്യൂഹങ്ങൾ കുറച്ചു നാളുകളായി കേൾക്കുന്നതാണ്. ഈ ഒരവസരത്തിൽ മൃദു ഹിന്ദിത്വ സമീപനങ്ങളുമായി ബിജെപി ഉൾപ്പടെയുള്ള പാർട്ടികളുമായി സഹകരിക്കാനുള്ള ശ്രമം കെ. കെ. രമ നടത്തുന്നുവെന്ന ആരോപണങ്ങളും പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുന്നു.

കെ. കെ. രമയെ പരസ്യമായി തള്ളി പറയുന്ന തരത്തിലാണ് പാർട്ടിയുടെ യുവജന വിഭാഗമായ റവല്യൂഷണറി യൂത്തിന്റെ കഴിഞ്ഞ ദിവസം പുറത്ത് വന്ന സ്റ്റേറ്റ്മെന്റ്. അന്ധമായ സിപിഐഎം വിരോധം മാത്രമാണ് രമയ്ക്ക് ഉള്ളതെന്നും നിലപാടുകളിൽ വിട്ട് വീഴ്ച ചെയ്യുന്ന സമീപനമാണ് ഇവർ സമീപകാലത്ത് സ്വീകരിച്ചിരിക്കുന്നതെന്നും പാർട്ടിയുടെ യുവജന വിഭാഗം തന്നെ ആരോപിക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ കൂടതൽ ശ്രദ്ധ കൊടുക്കേണ്ടതില്ല എന്നും ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതല്ല കേരളത്തിലെ പ്രധാന സംഭവ വികാസങ്ങൾ എന്ന താരത്തിലുമാണ് യുവജന വിഭാഗത്തിന്റെ നിലപാടുകൾ. ഈ നിലപാടിന് കടകവിരുദ്ധമായ രീതിയിലാണ് രമ ഫേസ്‌ബുക്കിൽ അനുകൂലിച്ച് പോസ്റ്റ് ഇട്ടതും പിന്നീട് നീക്കം ചെയ്തതും.

കേരളം ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പട്ട സംഘപരിവാർ ഹർത്താലിനെതിരെ ഒറ്റക്കെട്ടായി നിന്നപ്പോൾ ആർഎംപിയ്ക്ക് ശക്തമായ സ്വാധീനം ഉള്ള ഓഞ്ചിയം മേഖലകളിൽ കടകൾ അടച്ച് സഹകരിക്കുകയായിരുന്നു. ആർഎംപിയുടെ മൃദു ഹിന്ദുത്വ സമീപനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്നാണ് ഉയരുന്ന ആക്ഷേപം.

കഴിഞ്ഞവർഷം കേരളത്തിൽ നടന്ന ദലിത് ഹർത്താൽ ഒഞ്ചിയം മേഖലയിൽ വിജയിക്കാതിരിക്കാൻ ആർഎംപി ശ്രമിച്ചിരുന്നതായി നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ പ്രദേശത്തെ നായർ വോട്ട് ബാങ്കാണ് ആർഎംപിയുടെ പ്രാതിനിധ്യം ഉറപ്പിച്ചു പോകുന്നതെന്നും ഇത് നിലനിർത്താൻ വേണ്ടി തന്നെയാണ് ഇത്തരം ഒരു നിലപാടിലേക്ക് ആർഎംപി മാറിയത് എന്നുമാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയരുന്ന വിമർശനങ്ങൾ.

സ്ത്രീകളെ നിങ്ങൾ ഒറ്റക്കെട്ടായി ശബരിമലയിലേക്ക് പോകുവിൻ ; നിത്യചൈതന്യയതിയുടെ കുറിപ്പ് വൈറലാകുന്നു

 

Read Also  ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രേമചന്ദ്രന്റെ സ്വകാര്യ ബിൽ; ബിജെപി പ്രതിരോധത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here