Monday, January 17

ആർ എസ് എസ് കാര്യാലയത്തിൽ സ്ഫോടകവസ്തു പിടിച്ചു

തിരുവനന്തപുരത്തിനടുത്ത് നെടുമങ്ങാട് ആർ എസ് എസ് ജില്ലാ കാര്യാലയത്തിൽ നിന്നുമാണു പോലീസ് ഇന്ന് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. കണ്ണൂരിനടുത്ത് പാനൂരും കോഴിക്കോടും സംഘപരിവാർ ആസ്ഥാനങ്ങളിൽ ബോംബ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും പിടിച്ചെടുത്തത് പുറമേ ദേശസ്നേഹം പ്രകടിപ്പിക്കുകയും രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്യണമെന്ന് വീരവാദം മുഴക്കുകയും ചെയ്യുന്ന സംഘപരിവാറിൻ്റെ തീവ്രവാദത്തിനുള്ള തെളിവ് വെളിപ്പെടുന്നു. 

സ്ഫോടനത്തിനു ഉപയോഗിക്കുന്ന ഹൈഡ്രജൻ ഫെറോക്സൈഡ്, കഠാരകൾ, വാളുകൾ, കുറുവടികൾ മുതലായവയാണു നെടുമങ്ങാടുനിന്നും കണ്ടെടുത്തത്. ഹർത്താൽ ദിനത്തിൽ നെടുമങ്ങാട് പോലീസ് സ്റ്റേഷനുനേരെ ബോംബെറിഞ്ഞതിൻ്റെ പശ്ചാത്തലത്തിലാണു പോലീസ് റെയ്ഡ് നടത്തിയത്. ബോംബേറു കേസിൽ പ്രതിയായ ആർ എസ് എസ് ജില്ലാ പ്രചാരകനായ പ്രവീണിനെ പിടിക്കാനായാണു പോലീസ് പരിശോധന നടത്തിയത്. ഇതിനിടെയാണു സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്.

സാധാരണയായി ന്യൂനപക്ഷ രാഷ്ട്രീയസംഘടനകളുടെ ഓഫീസുകളിൽ നടത്തുന്ന റെയ്ഡുകളിൽ നിന്നും സമാനമായ സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുമ്പോൾ സംഘപരിവാറിൽനിന്നും  ഉടൻ പ്രതികരണം ഉണ്ടാകാറുണ്ട്. ഇത്തരം സംഘങ്ങളെല്ലാം  തീവ്രവാദസംഘടനയെന്ന് ആരോപിച്ച് ഇവയെല്ലാം നിരോധിക്കണമെന്ന പോർ വിളികളുമായി ഹിന്ദുത്വസംഘടനകൾ രംഗത്തു വരിക പതിവാണ്‌. ഇപ്പോൾ ആർ എസ് എസ് കാര്യാലയത്തിൽ നിന്നും സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതിനെതിരെ രാഷ്ട്രീയ എതിരാളികൾ ശക്തമായി രംഗത്തുവന്നുകഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും മറ്റും ആർ എസ് എസ് തീവ്രവാദത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്‌.

ബോംബ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ കേരളത്തിലാകമാനം ശേഖരിച്ചുവെച്ചിരിക്കുന്ന സംഘപരിവാർ തീവ്രവാദപ്രവർത്തനങ്ങൾ ശക്തമാക്കാനാണു കച്ച കെട്ടിയിറങ്ങിയിരിക്കുന്നതെന്നാണു ആക്ഷേപം. ആർ എസ് എസ് ഓഫീസിൽ നിന്നും ബോംബ് നിർമ്മാണ വസ്തുക്കൾ കണ്ടുപിടിച്ചത് ദേശീയതലത്തിൽ വാർത്തയായിരിക്കുകയാണ്‌.

Spread the love

Leave a Reply