Sunday, January 16

രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഓര്‍ഡിനന്‍സ് വേണം ; തെരഞ്ഞെടുപ്പുതന്ത്രവുമായി ആര്‍ എസ് എസ്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആര്‍ എസ് എസ് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സംഘടന  സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്.  വേണ്ടിവന്നാല്‍ 92 നു സമാനമായ പ്രക്ഷോഭത്തിലേയ്ക്ക് കടക്കുമെന്ന് ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി മുന്നറിയിപ്പ് നല്‍കി. 

ഇന്നുച്ചയ്ക്ക് ബി ജെ പി പ്രസിഡന്റ് അമിത് ഷായും ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭഗത്തും കൂടിക്കാഴ്ച്ച നടത്തിയതിനു തൊട്ടു പിന്നാലെയാണ് ആര്‍ എസ് എസ് വക്താവ് മാധ്യമങ്ങളെ കണ്ടത്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി  ഇനിയും അനന്തമായി കാത്തിരിക്കാനാവില്ലെന്ന് ജോഷി അറിയിച്ചു.   

അമിത് – ഭഗവത് കൂടിക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞ പ്രചാരണ തന്ത്രമാണിതെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. ബാബറി മസ്ജിദ് – രാമജന്മഭൂമി വിഷയം സംബന്ധിച്ച കേസുകള്‍  സുപ്രീംകോടതി യില്‍ നടക്കുന്നതുകൊണ്ട്  ഓര്‍ഡിനന്‍സ് പ്രായോഗികമല്ലെന്ന് അറിയാമായിരുന്നിട്ടും പ്രചാരണത്തിന്റെ ഭാഗമായിട്ടാണ്  തന്ത്രപരമായ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നത്. 

കഴിഞ്ഞ ദിവസം അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിന്നോക്കം പോയതിനെ ശിവസേന നേതാവ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അമിത് ഷാ ആര്‍ എസ് എസ് ആസ്ഥാനത്തെത്തി മോഹന്‍ ഭാഗവതിനെ കാണുകയായിരുന്നു. ഓര്‍ഡിനന്‍സിനെതിരെ ആരെങ്കിലും കോടതിയില്‍ പോവുകയാണെങ്കില്‍ അത് റദ്ദാവുമെന്നിരിക്കെ ഇലക്ഷന്‍ തന്ത്രത്തിന്‍റെ ഭാഗമായി ആര്‍ എസ് എസ് -ബി ജെ പി നേതൃത്വങ്ങള്‍ വര്‍ഗ്ഗീയ അജണ്ട ഇതിലൂടെ പുറത്തെടുക്കുകയാണ് ലക്ഷ്യമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു  

Spread the love
Read Also  'രാമക്ഷേത്രം' പ്രിയങ്കയുടെ പ്രസ്താവനയ്ക്കെതിരെ ലീഗ് പ്രമേയം പാസാക്കി

Leave a Reply