Monday, January 24

സംസ്ഥാനമൊട്ടാകെ സംഘപരിവാറിൻ്റെ അഴിഞ്ഞാട്ടം ; തലസ്ഥാനത്തു ജലപീരങ്കിയും കണ്ണീർ വാതകവും

ശബരിമല യുവതീപ്രവേശത്തെത്തുടർന്ന് സംസ്ഥാനമൊട്ടാകെ ആർ എസ് എസ് അക്രമം അഴിച്ചുവിടുന്നു. തലസ്ഥാനത്ത് ഇപ്പോഴും തെരുവുയുദ്ധം തുടരുകയാണു. തിരുവനന്തപുരത്തും കൊട്ടാരക്കരയും തിരുവല്ലയും പാലക്കാട്ടും കോഴിക്കോട്ടും സ്ഥിതി നിയന്ത്രണാതീതമായി തുടരുകയാണു. പോലീസിൻ്റെ നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് അക്രമികൾ  സെക്രട്ടറിയേറ്റിനുമുന്നിൽ അഴിഞ്ഞാടുകയാണു. പൊലീസിനുനേരെ  കല്ലേറു രൂക്ഷമായ സാഹചര്യത്തിൽ ജലപീരങ്കിയും കണ്ണീർവാതകവും  പ്രയോഗിച്ചു.

സെക്രട്ടറിയേറ്റിനുമുന്നിൽ സി പി എം പ്രവർത്തകരും ബി ജെ പിക്കാരും തമ്മിൽ എട്ടുമുട്ടി. പോലീസിൻ്റെ നിർദ്ദേശത്തോടെ സി പി എം പ്രവർത്തകർ പിരിഞ്ഞുപോയെങ്കിലും ബി ജെ പി പ്രവർത്തകർ അക്രമം തുടർന്നു.  കണ്ണീർ വാതകത്തിനും ജലപീരങ്കിയ്ക്കും ശേഷവും അക്രമികൾ മടങ്ങിയെത്തിയതോടെ സ്ഥിതിഗതികൾ പിന്നെയും സംഘർഷത്തിലേയ്ക്ക് മടങ്ങി. ഇതിനിടെ സമരം തുടരുന്ന ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ സമരം ശക്തമാക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകി.

ഇന്നു ഹർത്താൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും  സംസ്ഥാനമൊട്ടാകെ കടകൾ അടപ്പിക്കാനായി ആർ എസ് എസ്  അക്രമികൾ ആസൂത്രിതമായി രംഗത്തിറങ്ങിയിരിക്കുകയാണു. പലയിടത്തും കടകളും വാഹനങ്ങളും അടിച്ചുതകർക്കുകയാണു. ദേശീയപാതകളിൽ റോഡ് ഉപരോധം തുടരുകയാണു. കഴക്കൂട്ടത്ത് മണിക്കൂറുകളായി ദേശീയപാത ഉപരോധം തുടരുകയാണു.

നെയ്യാറ്റിൻ കരയിലും ആർ എസു എസു അക്രമം തുടരുന്നു. കടകൾക്കുനേരെ കല്ലേറുതുടങ്ങിയതോടെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. ശബരിമല വിഷയത്തിൽ രാഷ്ട്രീയമുതലെടുപ്പിനു പറ്റിയ അവസരമായതിനാൽ മകരവിളക്കിനുമുമ്പ് കൂടുതൽ രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ എന്തുവിലകൊടുത്തും സമരം ശക്തമാക്കാനാണു നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്.

 

Spread the love
Read Also  അക്രമികൾ അഴിഞ്ഞാടിയപ്പോൾ പോലീസ് എന്തുചെയ്യുകയായിരുന്നു

Leave a Reply