Sunday, January 16

അമിത് ഷായ്ക്ക് നല്കുന്ന സുരക്ഷയുടെ ചിലവുകള്‍ വെളിപ്പെടുത്താനാവില്ലെന്ന് വിവരാവകാശ കമ്മീഷന്‍

വ്യക്തിപരമായ വിവരങ്ങളുടെയും സുരക്ഷയുടെയും കാര്യമായതിനാല്‍ അമിത് ഷായ്ക്ക് നല്കുന്ന സുരക്ഷയുടെ ചിലവുകള്‍ വെളിപ്പെടുത്താനാവില്ലെന്ന് ദേശീയ വിവരാവകാശ കമ്മീഷന്‍. ഭരണാധികാരികള്‍ക്ക് നല്കുന്ന സുരക്ഷ സ്വകാര്യവ്യക്തിയ്ക്ക് നല്കുന്നതിന്‍റെ സാധുതയും അന്വേഷിച്ചുകൊണ്ടുള്ള വിവരാവകാശ അപേക്ഷയാണ് അധികാരികള്‍ നിരസിച്ചത്.

അമിത് ഷാ രാജ്യസഭാംഗം പോലുമല്ലാതിരുന്ന 2014 ജൂലൈ അഞ്ചിന് ദീപക് ജുനേജ നല്കിയ അപേക്ഷയാണ് നിരസിച്ചത്. ആര്‍ക്കൊക്കെയാണ് സര്‍ക്കാര്‍ സുരക്ഷ നല്കുന്നതെന്നും അദ്ദേഹം അന്വേഷിച്ചിട്ടുണ്ടായിരുന്നു.

ഒരു വ്യക്തിയുടെ ജീവന്‍റെയോ ശരീരത്തിന്‍റെയോ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന വിവരങ്ങള്‍ നല്കാനാവില്ലെന്ന വിവരാവകാശനിയമം സെഷന്‍ 8(1)(ജി) ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരവകുപ്പ് അപേക്ഷ നിരസിച്ചത്. ഒപ്പം വിവരാവകാശനിയമം 8(1)(ജെ)പ്രകാരം വ്യക്തിപരമായ കാര്യങ്ങളിലേക്ക് എത്തിനോക്കാനുള്ള ശ്രമങ്ങളെ പൊതുക്കാര്യങ്ങളില്‍ പെടുത്താന്‍ കഴിയില്ലെന്നും ആഭ്യന്തരവകുപ്പ് പറയുന്നു.

ജി.ജെ.പി. ദേശീയ പ്രസിഡന്‍റ് ആയപ്പോള്‍ 2014 ജൂലൈ മുതല്‍ അമിത് ഷായ്ക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് നല്കുന്നത്. അന്ന് അദ്ദേഹം രാജ്യസഭാമെമ്പര്‍ പോലുമായിരുന്നില്ല. സര്‍ക്കാര്‍ തലത്തിലുള്ള ഒരു ഓഫീസും അദ്ദേഹത്തിന് ഉണ്ടായിരുന്നുമില്ല.

സുരക്ഷ നല്കുന്ന ആളുകളുടെ പേരുവിവരം പുറത്തു വിടുന്നതു പോലും വ്യക്തിപരമായ സുരക്ഷയുടെ പ്രശ്നമാണെന്നതിനാല്‍ ഇത്തരം വിവരങ്ങള്‍ പുറത്ത് പറയാനാകില്ലെന്നാണ് വിവരാവകാശ കമ്മീഷന്‍ ഉരുണ്ട് കളിക്കുന്നത്.

സുരക്ഷ നല്കുന്നവരുടെ ജീവന്‍ ഇപ്പോള്‍ തന്നെ അതീവ അപകടാവസ്ഥയിലാണെന്നും അതിനാല്‍ വന്‍ സുരക്ഷ ആവശ്യമാണെന്നുമാണ് മുന്‍ ഇന്‍റലിജന്‍സ് ബ്യൂറോ ചീഫ് ആസാദ് പറയുന്നത്.

രാഷ്ട്രീയ നിയമരംഗങ്ങളില്‍ സുരക്ഷ നല്കപ്പെടുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ 2015 ഡിസംബര്‍ 9ന് രാജ്യസഭയില്‍ ആഭ്യന്തരവകുപ്പിനെ കുറിച്ചുള്ള ചോദ്യത്തില്‍ വെളിവാക്കിയിട്ടുള്ളതാണെന്നും അത് ഇനി വെളിവാക്കാനാവില്ലെന്നുമാണ് ആസാദ് ആവര്‍ത്തിക്കുന്നത്.

Spread the love