Saturday, August 8

റബ്ബർ ചരിത്രത്തിലേക്ക് പിൻവലിയുന്നു, പിന്നാലെ പാലാ കോൺഗ്രസ്സും ആർക്കൈവ്‌സിലേക്കു

കേരളത്തിൽ ഒരു കോൺഗ്രസിന് മാത്രമേ ഇനി പ്രസക്തിയുള്ളൂ.  കെ എം മാണിയുടെ വിയോഗത്തോടെതന്നെ അത് ഉറപ്പായത് തന്നെയാണ്. മാണി ജീവിച്ചിരുന്നപ്പോൾതന്നെ പിണങ്ങിപ്പിരിഞ്ഞു പുറത്തിരുന്ന പാലാ രാഷ്ട്രീയക്കൂട്ടമാണ് വീണ്ടും വലിഞ്ഞു കയറി വന്നു ഇപ്പോൾ വീണ്ടും പുറത്തായിരിക്കുന്നത് പള്ളിയുടെ, അതായത് സഭാനേതൃത്വത്തിന്റെ  ആശീർവാദത്തോടെ മിഡിൽ ക്ലാസ് കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് കേരള കോൺഗ്രസ് രൂപം കൊണ്ടത്. അതും ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ടുപോന്ന ഒരു വിഭാഗത്തിന്റേതാണ്.

1964-ൽ കോൺഗ്രസ് വിട്ട കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ രൂപം കൊടുത്ത രാഷ്ട്രീയകക്ഷിയാണ് കേരള കോൺഗ്രസ്. അന്ന് കോൺഗ്രസ് വിട്ടുപോന്നവരുടെ നേതാവായിരുന്ന മൂവാറ്റുപുഴക്കടുത്ത് വാഴക്കുളം സ്വദേശി, കെ.എം. ജോർജ്ജ് ആണ് കേരളാ കോണ്ഗ്രസ്സിന്റെ സ്ഥാപകൻ. കെ എം ജോർജിന്റെ നേതൃത്വത്തിലുള്ള 15 നിയമസഭാ സമാജികർ ശങ്കർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചാണ് കേരളാ കോൺഗ്രസ്സ് രൂപം കൊണ്ടത്. കോട്ടയമായിരുന്നു കേരളാ കോൺഗ്രസിന്റെ ആസ്ഥാനം. തന്റെ നേതൃപാടവത്തിലൂടെ കേരളാകോൺഗ്രസിനെ ഒറ്റക്കക്ഷിയായി കൊണ്ടുപോകാൻ ജോർജ്ജിനു സാധിച്ചിരുന്നു. എന്നാൽ 1976 ഡിസംബർ 11-ൽ അദ്ദേഹം അന്തരിച്ചതോടെ കേരളാ കോൺഗ്രസിന്റെ ആ കെട്ടുറപ്പ് നഷ്ടമായി . കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലായിരുന്നു ഇതിന്റെ ശക്തി കേന്ദ്രം. എന്നാൽ പിന്നീട് കോട്ടയം, ഇടുക്കി ജില്ലകളുടെ ചില മേഖലകളിൽ മാത്രം മിനിയേച്ചർ കോൺഗ്രസ് ഒതുങ്ങി. ഒടുവിൽ പിളർന്നും മുറിഞ്ഞും ഇതിനുള്ളിലെ ആൾക്കൂട്ടം ചുരുങ്ങിചെറുതായി.

എല്ലാ സൂത്രപ്പണികളും പയറ്റി തെളിഞ്ഞ എന്തിനും തയ്യാറായ വക്കീലായ മാണി എത്തിയതോടെ പാർട്ടി ഒരു വഴിയിലൂടെ സമ്പന്നമാവുകയും ചെയ്തു. മാണിയുടെ അദ്ധ്വാനവര്‍ഗ്ഗസിദ്ധാന്തം കേരള കോണ്‍ഗ്രസിന് പ്രത്യയശാസ്ത്രപരമായ അടിത്തറ തീർക്കുമെന്ന തെറ്റിധാരണയിൽ ഒരു വിഭാഗം കർഷകർ ഒപ്പം കൂടി. അത് ദല്ലാൾ രാഷ്ട്രീയം മാത്രമായി പരിണമിക്കുകയായിരുന്നു. പിന്നെ ബാറുമുതലാളിമാരുമായി സഖ്യമുണ്ടാക്കി കുറേക്കാലം പിടിച്ചുനിന്നു. റബ്ബര്‍ കര്‍ഷകര്‍ക്കും സഭാ നേതൃത്വങ്ങള്‍ക്കുമിടയില്‍ തൊഴിലാളിക്ക് ഒരു പ്രസക്തിയുമില്ലെന്നു പാവങ്ങളായ പാലാക്കാർ തിരിച്ചറിഞ്ഞത് വൈകിയാണ്. മാണി സാറിന്റെ കാലം കഴിയുന്നതോടെ കേരള കോൺഗ്രസിനും റീത്തുവെക്കാം എന്ന് യു ഡി എഫ് നേതൃത്വം പദ്ധതിയിട്ടിരുന്നതുതന്നെയാണ്. റബ്ബര്‍ കര്‍ഷകര്‍ക്കും സഭാ നേതൃത്വങ്ങള്‍ക്കുമിടയില്‍ തൊഴിലാളിക്ക് ഒരു പ്രസക്തിയുമില്ലെന്നു പാലാക്കാർ തിരിച്ചറിഞ്ഞത് വൈകിയാണ് .

മാണിയുടെ വിയോഗത്തോടെ കേരള കോണ്‍ഗ്രസിന്റെ നിലനില്‍പ് ശരിക്കും അവതാളത്തിലായി. മാണി എന്ന ഒരാളുടെ മാറാപ്പിലാണ് ആ പാര്‍ട്ടി ഞാന്നുകിടന്നതു . മകന്‍ ജോസ് കെ. മാണിക്ക് അടവുകളറിയാം എന്നായിരുന്നു ധാരണ പക്ഷെ പിഴച്ചു, രാഷ്ട്രീയം പയറ്റാനുമറിയാം. പി.ജെ. ജോസഫിനെ വെട്ടി കോട്ടയം ലോക്സഭ സീറ്റ് തോമസ് ചാഴിക്കാടന് കൊടുത്തതിന് പിന്നില്‍ ശരിക്കും കളിച്ചത് ജോസ് കെ. മാണി തന്നെയാണ്.

കേരള കോണ്‍ഗ്രസിനെ ഇനിയും ചുമക്കുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞതുകൊണ്ടാണ് നടപടിയെന്നാണ് കേട്ടുകേൾവി. അത് ശരിയുമാകാം. ജോസഫിനെയും ജോസ് കെ. മാണിയേയും രണ്ട് കേരള കോണ്‍ഗ്രസുകളായി കൂടെ നിര്‍ത്തി അധികാരം പങ്കുവെക്കുന്ന ഒരു കച്ചവടത്തിനും കോൺഗ്രസ് നിന്നുകൊടുക്കാനാവില്ല എന്നത് കോൺഗ്രസ് ഒടുവിൽ തീരുമാനിച്ചു. മാണിയുടെ മരണത്തോടെ മെലിഞ്ഞു മെലിഞ്ഞു ഇല്ലാതായ ജോസ് കെ മാണി കോൺഗ്രസിന് ഇനി അസ്തിത്വമില്ല. യു ഡി എഫ് പുറത്താക്കിയപ്പോൾ തന്നെ മുൻ എം എൽ എ സ്റ്റീഫൻ ജോർജ് ഒപ്പമില്ലെന്നു പറഞ്ഞു കഴിഞ്ഞു. ഇനിയും കൊഴിഞ്ഞുപോക്കു പിന്നാലെയുണ്ടാകും സംശയമില്ല

Read Also  ചെയർമാൻ സ്ഥാനം ഏറ്റെടുത്തതിന് പുറമെ അച്ചടക്ക നടപടികളുമായി ജോസഫ്

വയോധികനായ പി ജെ ജോസഫിന് ഇനി എത്രകാലം സജീവരാഷ്ട്രീയ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കാനാവും എന്നതും വലിയ ചോദ്യമാണ്. അതിനർത്ഥം റബ്ബർ കർഷകർക്ക് ഇനി ഒരു കേരള കോൺഗ്രസ് ആവശ്യമില്ലെന്നു തന്നെയാണ്. അതും വിപണി തകർന്നടിഞ്ഞ റബ്ബറിനെ തലയിൽ കൈവെച്ചു പിരാകുന്ന പാലാക്കാർക്കു ഇനി ഒരു പാലാ കോൺഗ്രസിനെ ചുമക്കേണ്ടതില്ല

Spread the love