Wednesday, January 19

ഇനി വലിയ അണക്കെട്ടുകൾ നമുക്കുവേണ്ട; ‘പമ്പ് ടു സ്റ്റോറേജ് പദ്ധതി’ യാണ് ബദലെന്നു ആർ വി ജി മേനോൻ

 

പ്രതിപക്ഷം ന്യൂസ് ബ്യുറോ

പ്രശസ്ത പാരമ്പര്യേതര ഊർജ്ജവിദഗ്ധനും പരിസ്ഥിതിപ്രവർത്തകനുമായ ആർ വി ജി മേനോനുമായി കേരളത്തിന്റെ ഊർജ്ജപ്രതിസന്ധിയെക്കുറിച്ചും അണക്കെട്ടുകളുടെ ശാസ്ത്രീയതയെക്കുറിച്ചും സുസ്ഥിരപാർപ്പിടപരിഹാരങ്ങളെക്കുറിച്ചും പ്രതിപക്ഷം.ഇന്‍  നോട്  സംസാരിക്കുന്നു

അണക്കെട്ടുകളുടെ ശാസ്ത്രീയത

??വലിയ അണക്കെട്ടുകളുണ്ടായതുകൊണ്ടാണ് ഇത്രയും വലിയൊരു പ്രളയമുണ്ടായതെന്നു വാദമുയരുന്നുണ്ട്. പ്രളയവും അണക്കെട്ടുകളും തമ്മില്‍ ബന്ധമുണ്ടെന്നു പറയാനാകുമോ ?

പ്രളയവും ഡാമുകളുമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ല. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം വരുമ്പോൾ ഇവിടെ മുല്ലപ്പെരിയാർ അണക്കെട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുല്ലപ്പെരിയാർ അണക്കെട്ടു തുറന്നുവിട്ടതുകൊണ്ടു വെള്ളപ്പൊക്കമുണ്ടായി എന്ന് പറയാൻ കഴിയില്ല. ഇപ്പോൾ ഓഗസ്റ്റ് 15 നു എല്ലാ അണക്കെട്ടും ഒന്നിച്ചു നിറഞ്ഞതുകൊണ്ടു ഒരുമിച്ചു തുറന്നു. ഡാമുകൾ നേരത്തെ തുറന്നുവിടാമായിരുന്നു എന്ന് പറയാൻ കഴിയില്ല. മഴയുടെ തോത് പ്രവചിക്കാനാവില്ല. പക്ഷെ ഇവിടെ സംഭവിച്ചിരിക്കുന്നത് വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതെവന്നതാണ്. ഫ്ലഡ് പ്ലെയിൻ എന്ന് പറയും. വെള്ളം വീഴുമ്പോൾ അത് പരക്കുന്നു. ആ പരക്കുന്ന പ്രദേശത്തെല്ലാം നാം വീട് വെച്ചു. റിസോർട്ടും മാളുമുണ്ടാക്കി. വെള്ളത്തിനു പോകാൻ വഴിയില്ല. അങ്ങനെവരുമ്പോൾ അത് താഴേക്കൊഴുകില്ല. ഇതൊക്കെ അറിയാവുന്ന നാം അതിനനുസരിച്ചുള്ള ജീവിതരീതിയിലേക്ക് മാറണമായിരുന്നു. അത് ഗാഡ്ഗിൽ റിപ്പോർട്ട് വന്നപ്പോഴും നാം ചെയ്തില്ല. അതിൽ പറയുന്നത് പശ്ചിമഘട്ടം സംരക്ഷിക്കണമെങ്കിൽ റിസർവ്വ് ഫോറസ്റ്റ് എന്ന് പറയുന്ന കാട് മാത്രം സംരക്ഷിച്ചാൽ പോരാ, കാടിനും ജനവാസത്തിനും ഇടയ്ക്കുള്ള പ്രദേശംകൂടി സംരക്ഷിക്കണം എന്നുകൂടി പറയുന്നുണ്ട്. അതായത് പരിസ്ഥിതിദുര്ബലമായ പ്രദേശംകൂടി സംരക്ഷിക്കണം. അന്ന് എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഒന്നിച്ചെതിർത്തു. ഇവിടെ ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർത്ത എത്ര രാഷ്ട്രീയനേതാക്കൾ ഇത് വായിച്ചിട്ടുണ്ട് എന്ന് എനിക്ക് സംശയമാണ്.

??കേരളത്തിലുള്ള കൂറ്റൻ അണക്കെട്ടുകൾ ശാസ്ത്രീയമാണോ? അണക്കെട്ടുകൾ പാരിസ്ഥിതികമായ ആഘാതങ്ങൾക്ക് കാരണമാകുന്നില്ലേ?

അതെ, തീർച്ചയായും അത് ശരിയാണ്. പ്രധാനമായും അണക്കെട്ടുകൾ വരുമ്പോൾ മിക്കവാറും ആളുകൾ താമസിക്കുന്ന പ്രദേശങ്ങളായിരിക്കും. അങ്ങനെയുള്ള പ്രദേശങ്ങൾ മുങ്ങിപ്പോകുന്നു. അപ്പോൾ അവർ കുടിയൊഴിക്കപ്പെടേണ്ടിവരുന്നു. നർമ്മദാ അണക്കെട്ടു വന്നപ്പോൾ ഒരു ലക്ഷത്തോളം പാവപ്പെട്ട ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. കേരളത്തെ സംബന്ധിച്ച് ഡാമുകൾ വന്നപ്പോൾ അതിനേക്കാൾ കൂടുതൽ വനപ്രദേശങ്ങൾ വെള്ളത്തിനടയിലായി . കാടുകൾ മുങ്ങിപ്പോകുമ്പോൾ സ്വാഭാവികമായിത്തന്നെ അതിന്റെ പാരിസ്ഥിതികമായ നാശമുണ്ടാകും. ഇടുക്കി പോലുള്ള വലിയ ഡാമുകൾ വന്നപ്പോൾ അതിന്റെ റിസർവോയർ പരിധിയിലുള്ള പ്രദേശത്ത് വലിയ തോതിൽ അപൂർവ്വസസ്യങ്ങളുടെ ജനുസ്സ് നശിച്ചുപോയിട്ടുണ്ട്. ഇടുക്കി റിസർവ്വോയറിന്റെ പരിധി ഏകദേശം 60 ചതുരശ്രകിലോമീറ്ററാണ്. പക്ഷെ അതിനേക്കാൾ ഭൂമി കയ്യേറ്റം കൊണ്ട് നഷ്ടപ്പെട്ടിട്ടുണ്ട്. എന്ന് മാത്രമല്ല അതോടൊപ്പം ഇടുക്കി ജില്ല രൂപീകരിച്ചു. ജില്ലയുടെ ഹെഡ്ക്വാർട്ടേഴ്‌സ് ഉണ്ടാക്കിയത് അല്പം ബാക്കിയുള്ള വനപ്രദേശത്താണ്. എന്തായാലും ഇടുക്കി അണക്കെട്ടു ഉണ്ടായിക്കഴിഞ്ഞു. ഇനി ഇതുപോലുള്ള വലിയ ഡാമുകൾ നമുക്ക് വേണ്ട എന്ന തീരുമാനം ഏതാണ്ട് ഉണ്ടായിട്ടുണ്ട്. കെ എസ് ഇ ബി യൊക്കെ അതിരപ്പള്ളി പദ്ധതിയെക്കുറിച്ചൊക്കെ പുറമെ പറയുന്നെങ്കിലും അതിന്റെ തലപ്പത്തുവരുന്ന വൈദ്യുതി മന്ത്രിമാരും ചെയര്മാന്മാരുമൊക്കെ അതിനു അനുകൂലമല്ല.

??അണക്കെട്ടുകളുടെ പ്രശ്നങ്ങളെക്കുറിച്ച് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടല്ലോ ?

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍റെ ഒരു പരാമര്‍ശത്തോട് എനിക്ക് യോജിപ്പില്ല. അതില്‍ പറയുന്നത് ഇടുക്കി ഡാമുകളുടെ കാലാവധി (ഡിസൈൻ ലൈഫ് ) കഴിയുമ്പോള്‍ അത് തുറന്നുവിട്ടു അവിടെ കാടാക്കണമെന്നാണ്. അതിനോടെനിക്ക് യോജിപ്പില്ല. രണ്ടു കാരണങ്ങളുണ്ട്. ഒന്നാമതായി ഡാമിന്റെ ഡിസൈന്‍ ലൈഫ് എന്നുപറയുന്നത് വളരെ ലൂസ് ആയിട്ടുള്ള പ്രയോഗമാണ്. മുല്ലപ്പെരിയാർ 100 വര്ഷം കഴിഞ്ഞിട്ടും നിലനിൽക്കുന്നുണ്ട്. അതിനു എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിച്ചു മുന്നോട്ടു പോകാവുന്നതാണ്. രണ്ടാമതായി മുങ്ങിപ്പോയ പ്രദേശങ്ങൾ പഴയപടി സ്വാഭാവികവനമാക്കാൻ ഏതായാലും പറ്റില്ല. അവിടെ കാട് വളരും എന്നത് ശരിതന്നെ. അത്  പ്ലാന്റേഷൻ പോലെ എന്തെങ്കിലും വെച്ചു പിടിപ്പിക്കാമെന്നല്ലാതെ പഴയപടി കൊണ്ടുവരാനാവില്ല.

Read Also  നവകേരളസൃഷ്ടി: ദുര്‍ബലവിഭാഗങ്ങള്‍ക്ക് പ്രത്യേക പാക്കേജുകള്‍ ആവശ്യമാണ്‌; എം ഗീതാനന്ദനുമായി അഭിമുഖം

പു:നരുത്പാദന ഊർജ്ജപദ്ധതി

??പു:നരുത്പാദന ഊർജ്ജപദ്ധതി (Renewable energy sources ) കളെക്കുറിച്ചു നാം ചിന്തിച്ചുതുടങ്ങിയതു വെള്ളത്തിന്റെ ലഭ്യതക്കുറവുകൂടി കണക്കിലെടുത്തുകൊണ്ടുതന്നെയല്ലേ?

അല്ല. നമുക്ക് ഏതാണ്ട് 2200 മെഗാവാട്ടോളം വൈദ്യുതി മാത്രമേ ജലവൈദ്യുതപദ്ധതികളിലൂടെ ഉത്പാദിപ്പിക്കാൻ കഴിയുന്നുള്ളൂ. ഇത് കേരളത്തിന്റെ ആവശ്യത്തിന്റെ 40 ശതമാനം മാത്രമേ ആകുന്നുള്ളൂ. ബാക്കി മുഴുവൻ നാം മറ്റു സംസ്ഥാനങ്ങളിൽ നിന്നും വാങ്ങുകയാണ്. ഇതെല്ലാം തന്നെ താപവൈദ്യുതിനിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയാണ്. കൂടാതെ കൂടംകുളം, കൈഗ തുടങ്ങിയ ആണവനിലയത്തിൽനിന്നും വൈദ്യുതി  വാങ്ങുന്നുണ്ട്. ലോകമൊട്ടാകെ നോക്കിയാലും മൊത്തം ഉത്പാദനത്തിന്റെ 60 ശതമാനവും കൽക്കരി ഉപയോഗിച്ചുള്ളത് തന്നെയാണ്. ഇപ്പോൾ ഗ്യാസ് കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഇതിനു രണ്ടു പ്രശ്നങ്ങളുണ്ട്. ഒന്ന് ഇതിന്റെ ലഭ്യത. എണ്ണയുടെ ശേഖരം ഏതാണ്ട് തീർന്നുകൊണ്ടിരിക്കുകയാണ്. അത് ഇനി 60 വര്ഷം കൂടിയേ ഉണ്ടാവുകയുള്ളൂ. ഗ്യാസ് ഏതാണ്ട് 100 വര്ഷംവരെ ഉണ്ടാകും. കൽക്കരി പിന്നെയും കുറച്ചുകാലം കൂടിയുണ്ടാകാം. ഇന്ത്യയെ സംബന്ധിച്ച് കൽക്കരിയാണ് കൂടുതൽ ലഭ്യമായിട്ടുള്ളത്. പക്ഷെ കൽക്കരി കത്തിക്കുമ്പോൾ കൂടുതൽ
കാർബൺഡൈഓക്‌സൈഡ് ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ആഗോളതാപനത്തിനു പ്രധാനകാരണമായിത്തത്തീരുന്നു. അതുകൊണ്ടാണ് ലോകം മുഴുവൻ മാറിചിന്തിച്ചുകൊണ്ടിരിക്കുന്നത്. യൂറോപ്പിലെല്ലാം അവസ്ഥ  മാറിക്കൊണ്ടിരിക്കുന്നു. ജർമ്മനി  പുതിയ തീരുമാനമെടുത്തുകഴിഞ്ഞു. ആണവനിലയങ്ങൾ ഇനി വേണ്ട.  കൂടുതൽ പുനരുത്പാദന ഊർജ്ജത്തിലേക്ക് മാറുകയാണവർ. സൗരോർജ്ജപദ്ധതിക്കായി അവർ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഒന്നുകിൽ യൂറോപ്പിൽ തന്നെ അല്ലെങ്കിൽ ആഫ്രിക്കയിൽ, സഹാറയിൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ചൈനയും മുന്നോട്ടുവരുന്നുണ്ട്. ട്രംപ് വന്നശേഷം അമേരിക്ക മാത്രമാണ് ഇതിൽനിന്നും പിന്നോട്ട് പോയിട്ടുള്ളത്.

ഡാമുകൾ ഡീക്കമ്മീഷൻ ചെയ്യുന്ന പ്രശ്നം

??അമേരിക്കപോലുള്ള രാജ്യങ്ങളിൽ സുരക്ഷിതത്വപ്രശ്നംമൂലം ഡാമുകൾ ഡീക്കമ്മീഷൻ ചെയ്യുന്നുണ്ടല്ലോ.?

അത് നടക്കുന്നുണ്ട്. അത് പരിസ്ഥിതിപ്രശ്നം മൂലമാണ്. മൽസ്യലഭ്യതയിൽ കുറവുണ്ടാകാൻ അണക്കെട്ടുകൾ കാരണമാകുന്നുണ്ട്. കാരണം അവ മുട്ടയിടുന്നത് ഒരു സ്ഥലത്തും ഇര പിടിക്കുന്നത് മറ്റൊരിടത്തുമാണ് . അത്തരം യാത്രകളെല്ലാം അണക്കെട്ടുകൾ വരുന്നതോടെ തകർന്നുപോകുന്നു. പ്രധാനമായും അതുകൊണ്ടാണ് അവിടെ വലിയ ഡാമുകൾക്കെതിരെ വലിയ എതിർപ്പുകൾ ഉണ്ടാകുന്നത്. അവിടെയൊക്കെ നേരത്തെ കൂടുതൽ ഡാമുകൾ പണിതുകഴിഞ്ഞു.

??രണ്ടുമൂന്നു ദശകങ്ങൾക്കുമുമ്പ് നാം പാരമ്പര്യേതര ഊർജ്ജപദ്ധതിയുടെ ഒരു സംസ്കാരം തുടങ്ങിവെച്ചിരുന്നു. അനർട്ട് പോലുള്ള സ്ഥാപനങ്ങൾ വരുകയും കൂടുതൽ ആളുകൾ ഇതേക്കുറിച്ചു ബോധാവാന്മാരുകയും ചെയ്തു. പിന്നെ ഇതിന്റെ തുടർച്ചയുണ്ടായില്ല.?

അങ്ങനെയൊരു സംസ്കാരവും ഇവിടെയില്ലായിരുന്നു. അതൊക്കെ ഡെമോൺസ്‌ട്രേഷനുവേണ്ടി കൊണ്ടുവന്ന പ്രോഗ്രാമുകളാണ്. ഇതൊക്കെ സാധ്യതയാണ് എന്ന് പറയുകയല്ലാതെ മറ്റൊന്നും ചെയ്തില്ല. അതൊരു സംസ്കാരമാകാത്തതിന് കാരണം അതിന്റെ വില തന്നെയാണ്. അന്നത്തെ കാലത്ത് സോളാർ സെല്ലിൽനിന്നും ഒരു വാട്ട് വൈദ്യുതി ഉണ്ടാക്കണമെങ്കിൽ സെല്ലിന്റെ വില 5 ഡോളറാണ്. അപ്പോൾ ഒരു കിലോവാട്ടിന് 5000 ഡോളറാകും. എട്ടോ പത്തോ ലക്ഷം രൂപ മുടക്കി ഒരു സിസ്റ്റം വെച്ചാൽ എനിക്ക് അതിൽനിന്നും മാസം നൂറോ നൂറ്റിയമ്പതോ യൂണിറ്റ് കറന്റ് കിട്ടും. അപ്പോൾ വര്ഷം 1500 എന്നുവെയ്ക്കാം. അതേസമയം ഇലക്ട്രിസിറ്റി ബോർഡിൽനിന്നും അത്രയും വൈദ്യുതി വാങ്ങുകയാണെങ്കിൽ യൂണിറ്റിന് മൂന്നുരൂപ വച്ച് കൊടുത്താൽ മതി. പക്ഷെ ചൈനയുടെ ശ്രമഫലമായി ഇന്ന് സോളാർ സെല്ലുകൾക്കു വിപണിയിൽ വലിയ തോതിൽ വില കുറഞ്ഞിട്ടുണ്ട്.

‘പമ്പ് ടു സ്റ്റോറേജ്’ സംവിധാനം

??അപ്പോൾ ഊർജ്ജം കണ്ടെത്താൻ സാധ്യമായ മറ്റു പുനരുത്പാദന ഊർജ്ജ അന്വേഷണങ്ങൾക്കായുള്ള മാർഗ്ഗങ്ങളെന്തൊക്കെയാണെന്നു പറയാമോ?

മറ്റൊരു സാധ്യതയായി നമ്മൾ കാണേണ്ടത് ‘പമ്പ് ടു സ്റ്റോറേജ്’ സംവിധാനമാണ്. അത് കേരളത്തിൽ സാധ്യമാക്കാവുന്നതേയുള്ളൂ. ഉദാഹരണമായി ഇപ്പോൾത്തന്നെ അതിരപ്പള്ളി പദ്ധതിയെക്കുറിച്ചു തർക്കം നിലനിൽക്കുന്നുണ്ട്. അതിരപ്പള്ളിക്ക് തൊട്ടു മുകളിൽ പെരിങ്ങൽക്കുത്ത് റിസർവോയറുണ്ട്. അത് ചാലക്കുടി പുഴയുടേതാണ്. അവിടെ പവർ പ്ലാന്റുമുണ്ട്. അതൊരു ചെറിയ റിസർവോയർ ആണ്. അവിടന്ന് ഇടമലയാർ റിസർവോയറിലേക്ക് അഞ്ചു കിലോമീറ്റർ ദൂരമേയുള്ളൂ. ഇത് പെരിയാർ നദിയുടേതാണ്. ഇപ്പോൾത്തന്നെ പെരിങ്ങൽക്കുത്തിൽ കൂടുതൽ വെള്ളം പൊങ്ങുമ്പോൾ അധികം വരുന്ന വെള്ളം ഡാമിൽനിന്നും ഒഴുകി നഷ്ടപ്പെടാതിരിക്കാനായി ഒരു തോട് വഴി തിരിച്ചു ഇടമലയാറിലേക്ക് വിടുന്നുണ്ട്. തോട് വഴി വരുന്നതുകൊണ്ട് അതിൽനിന്നു ഊർജ്ജം എടുക്കാൻ കഴിയില്ല. പക്ഷെ തോടിനു പകരം ഒരു ടണലും പൈപ്പും ഉപയോഗിച്ച് കൊണ്ടുവരുകയാണെങ്കിൽ അതിലൂടെ 80 മെഗാവാട്ട് വൈദുതി ഉത്പാദിപ്പിക്കാൻ കഴിയും. ഇത് വൈദ്യുതവകുപ്പിന്റെ തന്നെ പഠനത്തിൽ കണ്ടെത്തിയ കാര്യമാണ്. അപ്പോൾ പകൽ സമയത്ത് സൗരോജ്ജസ്രോതസ്സിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുകയാണെങ്കിൽ ആ വൈദ്യുതി ഉപയോഗിച്ച് ഇവിടെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ടർബൈൻ ഉണ്ട്, അതുപോലെ ടർബൈൻ കൊണ്ട് കറക്കുന്ന ജനറേറ്ററുമുണ്ട്, അതിലേക്ക് വൈദ്യുതി കൊടുത്തുകഴിഞ്ഞാൽ അത് മോട്ടോർ ആയി കറങ്ങും. ആ മോട്ടോറിനെ ടര്ബൈനുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ടർബൈൻ കറങ്ങുമ്പോൾ അത് പമ്പായി പ്രവർത്തിപ്പിക്കാൻ കഴിയും. ഇതിലൂടെ താഴെ ഇടമലയാർ റിസർവോയറിലെ വെള്ളം തിരിച്ചു വന്ന വഴിയിലൂടെതന്നെ പമ്പ് ചെയ്തു പെരിങ്ങൽക്കുത്തിലേക്ക് കയറ്റാൻ സാധിക്കും. പെരിങ്ങൽക്കുത്തിൽ നിന്നും താഴോട്ടുള്ള ഒഴുക്കിനെ അത് ബാധിക്കുന്നില്ല. ഒരേ വെള്ളംതന്നെ താഴേക്കൊഴുകുന്നു. തിരിച്ചു പമ്പ് ചെയ്തു മുകളിലേക്ക് കയറ്റുന്നു. അതിങ്ങനെ റീ സൈക്കിൾ ചെയ്തുകൊണ്ടേയിരിക്കും. ഇതിന്റെ ഒരു ഗുണം എന്താണെന്ന് പറഞ്ഞാൽ അവിടെ രണ്ടിടത്തും ഡാമുമുണ്ട് റിസർവോയറും ഉണ്ട്. ഇതിനായി പുതിയ അണക്കെട്ടു കെട്ടേണ്ട കാര്യമില്ല. പുതിയ റിസർവോയറും വേണ്ട. റിസർവോയർ മൂലമുള്ള പാരിസ്ഥിതികാഘാതം ഒഴിവാക്കാനാകും. ടണൽ കുഴിക്കുന്നതിന്റെയും പൈപ്പിടുന്നതിന്റെയും ആഘാതങ്ങളുണ്ടാകും. അത് മറ്റേതിനെ അപേക്ഷിച്ചു താരതമ്യേന കുറവായിരിക്കും. ഇതിനേക്കാൾ ആവേശമുണ്ടാക്കുന്ന മറ്റൊന്നുണ്ട്. പെരിങ്ങൽക്കുത്തിൽ നിന്നും കുറച്ചുകൂടി മുകളിലേക്ക് പോകുകയാണെങ്കിൽ ഷോളയാർ റിസർവോയർ ഉണ്ട്. ഷോളയാറിൽനിന്നും വെള്ളം തിരിച്ചു ഇതുപോലെ ഇടമലയാറിലേക്ക് കൊണ്ടുവരാം. ഇങ്ങനെ 900 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും. അതുപോലെതന്നെ തിരിച്ചു പമ്പ് ചെയ്തു കയറ്റാനും സാധിക്കും. കെ എസ് ഇ ബി തന്നെ ഒരു പ്രാഥമിക പഠനം കേരളത്തിൽ നടത്തിയിട്ടുണ്ട്. കൂടാതെ പെരിയാറിലും ഒന്നിനുപിറകെ ഒന്നായിട്ടു ഡാമുകളും റിസർവോയറുകളും ഉണ്ട്. അവിടെയെല്ലാം പമ്പ് ടു സ്റ്റോറേജ് പദ്ധതിയിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും. ഇത് വളരെ പഴയ സാങ്കേതികവിദ്യയാണ്, പമ്പ് ചെയ്തു സ്റ്റോർ ചെയ്യുന്ന രീതി. സൗരോർജ്ജവുമായി ബന്ധപ്പെട്ട് വൈദ്യുതി സ്റ്റോർ ചെയ്യുന്നതിന് ഇത് വിദ്യ ഉപയോഗിച്ചിട്ടുണ്ട്. ആ അർത്‌ഥത്തിൽ ഇത് പുതുമയുള്ളതാണ്. ഇതുപോലെയുള്ള സാധ്യതകൾ പെരിയാറിന്റെ റിസർവോയറിൽ നിലനിൽക്കുന്നു. അപ്പോൾ ഇങ്ങനെ കേരളത്തിൽ മൊത്തത്തിൽ 5000 മെഗാവാട്ട് വൈദ്യുതി പമ്പ് ടു സ്റ്റോറേജ് ലൂടെ ഉത്പാദിപ്പിക്കാൻ കഴിയും.

Read Also  തലയിൽ മുണ്ടിട്ട് നവോത്ഥാനം കൊണ്ടുവന്ന മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് പ്രീതി നടേശൻ

ഇങ്ങനെ ആവർത്തനസാങ്കേതികവിദ്യയിലൂടെ ഊർജ്ജോത്പാദനം നടത്തുമ്പോൾ അത് ഉൽപ്പാദിപ്പിച്ചാൽ മാത്രം പോരാ ഊർജ്ജം സ്റ്റോർ ചെയ്യാനും കഴിയണം. അതാണ് ഈ രീതിയിലൂടെ സാധ്യമാകുന്നത്. ഇത് കേരളത്തിന്റെ സാഹചര്യത്തിൽ സാങ്കേതികമായിട്ടും സാമ്പത്തികമായിട്ടും പ്രായോഗികമാക്കാൻ കഴിയുന്ന പദ്ധതിയാണ്. ഞങ്ങൾ പല സെമിനാറുകളിലും ഇത് അവതരിപ്പിച്ചതാണ്. വൈദ്യുതിവകുപ്പിനും ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിച്ചതാണ്. പക്ഷെ ഇതുവരെ ഈ ദിശയിലേക്ക് ഒരു നീക്കവും മുന്നോട്ടു പോയിട്ടില്ല. കേരളത്തിന്റെ ഭാവി വൈദ്യുത ഊർജ്ജപദ്ധതി ഇതുതന്നെയാണെന്നതിൽ തർക്കമില്ല.

(തുടരും )
രണ്ടാം ഭാഗം: പാരമ്പര്യേതര ഊർജ്ജപദ്ധതി - വെല്ലുവിളികൾ
Spread the love