Sunday, September 20

നിലാവും ‘മ്മ ‘ യും ; ജി പ്രതാപന്റെ ചിത്രങ്ങളെക്കുറിച്ച്.

എസ്. ജോസഫിന്റെ കവിതകളുടെ ഒരു സവിശേഷത ഒരു പാട് ഉൾനാടൻ ചിത്രങ്ങൾ മങ്ങിയ നിറങ്ങളിൽ അവയിൽ വരഞ്ഞു കിടക്കുന്നുണ്ട് എന്നതാണ്. ചിത്രകലയുമായി നല്ല പരിചയമുള്ള കവിയാണ് ജോസഫ്. ‘കട്ടക്കളങ്ങൾക്കപ്പുറം’ എന്ന കവിതയിലാണ് ‘ ഉപ്പന്റെ കൂവൽ വരയ്ക്കുന്നു എന്ന അസാധാരണവും ചാരുതയാർന്നതുമായ മൊഴികൾ ജോസഫ് വിതറിയിട്ടത്. ചിത്രം വരച്ചു കഴിയുന്ന ഒരു കൂട്ടുകാരനെക്കുറിച്ചുള്ള ആ കവിതയിൽ നിറയെ ചിത്രങ്ങളാണ്. ‘ചൂളയ്ക്കു വച്ച കട്ടകൾ പുക കൊണ്ടൊരു മരം വരയ്ക്കുന്നു ‘ എന്ന് എഴുതിയ കൈവിരലുകളിൽ ചുംബിക്കാൻ കൊതി തോന്നും. കവിത ഇങ്ങനെ അവസാനിക്കുന്നു.

‘അതു കണ്ട് കരിമ്പുകളും ബ്രഷ്
വെളുപ്പിൽ മുക്കി വരയ്ക്കുന്നു.
കാട്ടുകോഴികളും പെൻസിൽ കാലുകൊണ്ടു വരയ്ക്കുന്നു.
ഒട്ടൽക്കൂട്ടം കാറ്റിൽ പെട്ട്
ഉപ്പന്റെ കൂവൽ വരയ്ക്കുന്നു’

ക്രിസ്തുവിന്റെ കുരിശാരോഹണത്തിന്റെയും ഉയിർപ്പിന്റെയും ഓർമ്മ നാളുകളിൽ പെയിന്റിംഗുകൾ വന്ന് മനസ്സിൽ നിറയാറുണ്ട്. ആ ദിവസങ്ങളിൽ ദു:ഖവും പ്രതീക്ഷകളും തിരയടിച്ചെടുത്തുന്ന ലോകോത്തരങ്ങളായ ചിത്രങ്ങൾ കണ്ട് ധ്യാനിക്കാറുമുണ്ട്.

അങ്ങനെ ഇരിക്കെയാണ് ജി. പ്രതാപൻ എന്ന ചിത്രകാരനെ കാണുന്നത്. കോന്നിയ്ക്കടുത്ത് കൊക്കാത്തോട് എന്ന കാടിനു തൊട്ടുള്ള ഗ്രാമമാണ് പ്രതാപന്റെ ജന്മദേശം. കൊക്കാത്തോട് സർക്കാർ സ്കൂളിൽ പഠിക്കുമ്പോൾ പ്രതാപനും സഹോദരനും ചില കൂട്ടുകാരും മൽസരിച്ച് ചിത്രം വരയ്ക്കുമായിരുന്നെങ്കിലും ഉപജില്ലാ കലോത്സവങ്ങൾക്കുപോലും അവരെ പങ്കെടുപ്പിക്കാനാകാത്ത വിധം അപര്യാപ്തതകൾ നിറഞ്ഞതായിരുന്നു സ്കൂൾ അന്തരീക്ഷം. അക്ഷരങ്ങളോട് കൂട്ടുകൂടാതെ പ്രതാപൻ വരച്ചുകൊണ്ടിരുന്നു. ചിത്രകലയോടുള്ള പ്രണയവും ആസക്തിയും പ്രതാപനെ നിരന്തരം പിന്തുടർന്നുകൊണ്ടിരുന്നു.

ചിത്രകലയിലെ പഠനവും രാഷ്ട്രീയ പ്രവർത്തനവുമൊക്കെ കഴിഞ്ഞതിനു ശേഷം പ്രതാപൻ ചിത്രങ്ങൾ വരയ്ക്കുന്നതിൽ മുഴുവൻ സമയവും മുഴുകിത്തുടങ്ങി. ‘ നിഷേധിക്കുന്ന മാതൃത്വം ‘ എന്ന ചിത്രത്തിന് 2010 ലെ ലളിതകലാ അക്കാദമി അവാർഡ് കിട്ടിയതോടെ പ്രതാപന്റെ പെയിന്റിംഗുകൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. കോഴിമുട്ട വിരിയാൻ വെക്കുന്ന സ്ഥലത്ത് നിസ്സഹായതയോടെ നിൽക്കുന്ന കോഴിയമ്മമാരുടെ ചിത്രം സൂക്ഷ്മ ധ്വനികളടങ്ങുന്നതാണ്. ഹാച്ചറിയിലെ വെളിച്ചമൊക്കെ ആവിഷ്കരിക്കുന്നിടത്ത് ജാഗ്രതയും പ്രതിഭയുമുള്ള ഒരു ചിത്രകാരന്റെ നിഴലാട്ടം പ്രകടമാണ്.

വട്ടവഞ്ചി ചിത്രങ്ങളാണ് പ്രതാപന്റെ മറ്റൊരു ചിത്രസഞ്ചയം. കുട്ടവഞ്ചികൾ ദിശയില്ലാതെ കറങ്ങുന്നവയാണ്. എങ്ങോട്ടും അവ പോകാം. ഇത്തരം വട്ടവഞ്ചിയുമായി ഇന്ത്യയിലുടനീളം അലഞ്ഞ് ജലാശയങ്ങളിൽ – വിശേഷിച്ച് കായലുകളിലും നദികളിലും – മീൻപീടിച്ച് അതിജീവനം നടത്തുന്ന നാടോടികൾ ഒരു സവിശേഷ വർഗ്ഗമാണ്. അവർക്ക് വീടോ നാടോ ഇല്ല. അവരുടെ ജീവിതം വട്ട വഞ്ചികളിലാണ്. വെള്ളപ്പൊക്കം മൂലമോ മറ്റോ അവർക്ക് കൂട്ടത്തോട് ജീവനാശം വന്നാൽ അതൊന്നും സർക്കാർ കണക്കിൽ വരില്ല. ഇത്തരം ജിപ്സികളായ മീൻപിടുത്തക്കാരുടെ വാഹനമായ വട്ടവഞ്ചികൾ വിവിധ തലങ്ങളിൽ പ്രതാപന്റെ ചിത്രങ്ങളിൽ വരുന്നു. പ്രപഞ്ചത്തിന്റെ തന്നെ രൂപകമായി വട്ടവഞ്ചി ഈ ചിത്രങ്ങളിൽ മാറുന്നു.

Read Also  ആറന്മുള ഐതിഹ്യവും ചരിത്ര സത്യങ്ങളും ; ആറന്മുളയെക്കുറിച്ചൊരു ചരിത്രഗ്രന്ഥം

കച്ചിത്തുറുകൾ ആണ് പ്രതാപന്റെ മറ്റൊരു ചിത്ര മേഖല. കച്ചിത്തുറുകൾക്ക് പിന്നിലായി നെല്ലു മുളച്ചുപൊന്തുന്ന വിശാലമായ പാടങ്ങളുമുണ്ട്. കർഷകന്റെ അദ്ധ്വാനപൂർണ്ണമായ ജീവിതവും പശു ഉൾപ്പടെയുള്ള ജീവജാലങ്ങളുമായുള്ള മമതാ ബന്ധവും ഉൾത്തുടിക്കുന്ന ചിത്രങ്ങളാണിത്.

അർത്ഥവത്തായ പ്രകൃതിദൃശ്യങ്ങൾ വരഞ്ഞ് വരഞ്ഞ് പ്രതാപൻ കടലിലെത്തി. കടലിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ, പ്ലാസ്റ്റിക് ,പെട്രോളിയം വിഷങ്ങൾ എങ്ങനെ ഈ ലോകത്തെ അപകടപ്പെടുത്തുന്നു എന്ന് ബോധവൽക്കരിക്കുന്ന കടലഴുക്കുകളുടെ ചിത്രങ്ങൾ . ഫിൻലാൻഡിലെ ഫിനാലേയിൽ ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.

പ്രതാപൻ വരച്ചു കൊണ്ടേയിരിക്കുകയാണ്. വരകളും വർണ്ണങ്ങളിലും കുടുങ്ങിപ്പോയിരിക്കുന്നു പ്രതാപൻ. മലയാളികൾ ചിത്രകലയെ മുമ്പെ ന്നെത്തേക്കാളുമേറെയായി അനുശീലനം ചെയ്യുന്ന കാലമാണിത്. ജി. പ്രതാപന്റെ ചിത്രങ്ങൾ നിങ്ങൾ കാണാതെ പോകരുത്.

 ഉപ്പന്റെ കൂവൽ വരയ്ക്കുന്നതിനെക്കുറിച്ചാണ് ഈ കുറിപ്പ് തുടങ്ങിയത്. നിലാവ് എന്ന പ്രതാപന്റെ ചിത്രത്തിൽ ഉപ്പനെ കാണാം. മലയാള അക്ഷരങ്ങളിലേക്കും സംസ്കൃതിയിലേക്കുമുള്ള ഒരു വിഹഗ നോട്ടമാണ് ഈ ചിത്രം. ഉപ്പൻ തനി മലയാളിത്തമുള്ള പക്ഷിയാണ്. മണ്ണിനോടു വലിയ പ്രിയമുള്ള ഈ പക്ഷി മിക്കപ്പോഴും ഭൂമിയോടു പറ്റിയാണ് കഴിയുന്നത്. ഐശ്വര്യദായകമാണ് ഈ പക്ഷികളുടെ ദർശനം എന്നാണ് പൗരാണിക സങ്കല്പം. പെണ്ണുടലുമായി ഉപ്പന് ചില സാദൃശ്യങ്ങൾ ചിത്രകാരന്റെ മൂന്നാം കണ്ണിൽ പ്രത്യക്ഷപ്പെടുന്നു. പ്രതാപന്റെ ചിത്രങ്ങളിലെ ഉപ്പൻ പെൺപക്ഷിയാണ്. ആൺ ഉപ്പനെ പ്രതാപൻ വരയ്ക്കുന്നില്ല. രണ്ട് ചകോരങ്ങൾ ചേർന്നിരുന്നാൽ മ്മ എന്ന അക്ഷരമാകുമെന്ന് ചിത്രകാരൻ . ‘മ്മ ‘ അമ്മ തന്നെ. പക്ഷിയിലും കടലിലും ജീവദായകിയും സംരക്ഷകയുമായ അമ്മയെ കാണുന്ന സാഗര ഭാവനയിൽ നിന്നാണ് പ്രതാപന്റെ ചിത്രങ്ങൾ ഉടലെടുക്കുന്നത്. അമ്മയെ കൊല്ലരുത് എന്ന് നിശബ്ദമായി പറയുന്നവയാണ് ആ ചിത്രങ്ങൾ.

exp certi0006.PDF

 

Spread the love

19 Comments

Leave a Reply