Monday, July 6

മലഞ്ചെരുവില്‍ നീ ഇളംകാറ്റായ് പാ‍ടി ; എസ് ജോസഫിൻ്റെ കവിത

മലഞ്ചെരുവില്‍ നീ ഇളംകാറ്റായ് പാ‍ടി

എസ്.ജോസഫ്                                                                                                       വര : ശാരിക അജിത് 

മലഞ്ചെരുവില്‍ നീ ഇളംകാറ്റായ് പാ‍ടി
കിളിവാതിൽപ്പാളി തുറന്നുനീ പാടി

അതുകേട്ടു കാട്ടുകിളികളും പാടി
അതുകേട്ടു കാട്ടുപുഴകളും പാടി

ഒരു മലമേലേയൊരുഗ്രാമം പെട്ടി-
യടുക്കിവച്ചപോൽ ചെറുകുടിലുകൾ

പകലവയെല്ലാം മിഴി തുറക്കുന്നു
ഇരവിലോ കൂർക്കം വലിച്ചുറങ്ങുന്നു

കുറുക്കന്മാരുടെ ഒരുകൂട്ടം നിന്നി-
ട്ടിരവിലോരിയിട്ടുയർത്തുന്നു ശൌര്യം

ഒരു ചിഹ്നംവിളിയതിനെ തൊട്ടുപോയ്
കരിമ്പാറകളിലുരസിനിൽക്കയാം

കറുത്തകാടിന്റെ മകൻതുറന്നിട്ട
ജനൽപ്പാളിപോലെ ചിരിച്ചുനിൽക്കുന്നോൻ

വിദൂരെ ഗ്രാമത്തിൻ വിശാലതവിട്ടു
നഗരത്തിലെത്തി ഒരു കിനാവുപോൽ

പഠിക്കുവാൻ മാത്രം, പഠിച്ചുയരുവാൻ
വിദൂരഗ്രാമത്തിൻ വിളക്കാകാൻ മാത്രം

“അറിഞ്ഞിട്ടില്ലേ ഈ നഗരത്തെ? അതിൻ
വഴികൾ ചുറ്റിച്ചുവലയ്ക്കുമെന്നുനീ

പകച്ചിട്ടില്ലേ നീ പുറപ്പെട്ട സ്ഥല-
ത്തലഞ്ഞു നാം വീണ്ടും തിരിച്ചെത്തുമെന്ന്

അറിഞ്ഞിട്ടില്ലേ നാം നടന്നുപോകുമ്പോൾ
ഒരുനിഴൽ പിന്നിൽ പതിയുമെന്നു നീ

അതേ നിഴൽ നിന്നെ കൊലപ്പെടുത്തവേ
ഒരു നിലവിളി,യതിന്റെ മറ്റൊലി

വിദൂരെ സഹ്യന്റെ ചെവിയിൽ തൊട്ടുവോ?
അതിന്റെ സങ്കടം മഴയായ് പെയ്തുവോ?

അതിന്റെ വെളളത്താൽ നഗരം മുങ്ങുമോ?
അതിലൊലിക്കുമോ കവിതപോലുമേ? 

*പ്രതിപക്ഷം. ഇൻ ‘ഖലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ച വാര്ഷികപ്പതിപ്പിലെ കവിതയാണിത്. 2020 ജനുവരി ഒന്നാം തീയതി പ്രസിദ്ധീകരിച്ച സാഹിത്യപ്പതിപ്പിന്റെ ലിങ്ക് ഇതോടൊപ്പമുണ്ട്. കഥകളും കവിതകളും സാഹിത്യക്കുറിപ്പുകളുമടങ്ങുന്ന ഒറ്റ ലിങ്ക് ആണ്. ഇത് ഒരുമിച്ചു ലോഡ് ചെയ്യുന്നതിൽ പ്രയാസം നേരിടുന്നതായി വായനക്കാരായ ചില സുഹൃത്തുക്കൾ പറഞ്ഞിരുന്നു. വളരെ വേഗം ലിങ്ക് ഓപ്പൺ ചെയ്തു വായിക്കാനാഗ്രഹിക്കുന്ന സുഹൃത്തുക്കൾക്കായി ഈ കവിത വീണ്ടും പ്രസിദ്ധീകരിക്കുന്നു.

 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ഷംനാദ് റസൂലും ഞാനും ... ; ഷംനാദ് റസൂൽ എഴുതിയ കവിത

Leave a Reply