‘ഇരുട്ടടി’ എന്ന പേരിൽ എസ്.കലേഷിന്റെ ഒരു കവിതയുണ്ട്. അതിരു തർക്കമാണ് കവിതയുടെ വിഷയം. നാട്ടിൻപുറങ്ങളിൽ അരനൂറ്റാണ്ടു മുമ്പെങ്കിലും ഉണ്ടായിരുന്ന ചില നാട്ടുവിശേഷങ്ങൾ കലേഷിന്റെ കവിതകളിൽ മിക്കപ്പോഴും പ്രത്യക്ഷപ്പെടുന്നുണ്ട്. ഭൂതകാലത്തിന്റെ ഒരു ചൂട്ടുവെട്ടത്തിൽ അല്ലെങ്കിൽ പെട്രോമാക്സിന്റെ വെട്ടത്തിൽ മിന്നിത്തെളിയുന്ന നാട്ടനുഭവങ്ങളുടെ ചെത്തവും ചൂരുമാണ് പുതുകവികളുടെ കൂട്ടത്തിൽ കലേഷിന്റെ കൈമുദ്രകൾ. അലക്കുകല്ലുകളിലേക്ക് കാലുകളെടുത്ത് വെച്ച് പത്തു വിരലുകളും കൈച്ചുറ്റികയ്ക്ക് അടിച്ചു പരത്തി പുലരുംവരെയിരുന്ന് നിലവിളിക്കുന്നുണ്ട് തരവഴികാട്ടിയ അതിരുമാന്തി പണിക്കൻ . പണിക്കേനേ, തരവഴി കാണിക്കല്ലേ പണിക്കേനേ എന്ന് കവിതയിൽ ഇരുട്ടിന്റെ നിറമുള്ള ഒരുത്തി ചില്ലേലിരുന്നാടി ചോദിക്കുന്നുണ്ട്. ഇപ്പോൾ തന്റെ കവിത മോഷ്ടിച്ചവരുടെ തലയ്ക്കു മേലേ ഇരുന്ന് കവി ഒച്ച ഇടുന്നുണ്ട്.

കവിതയിലെ പ്രേതഭാഷണത്തിൽനിന്നു വ്യത്യസ്തമായി പച്ച മണക്കുന്ന കവിയുടെ ആ ഒച്ചയ്ക്കാണ് ഈ ചോരശാസ്ത്ര പടുന്യായീകരണ മാപ്പിടൽ കാലത്ത് കാവ്യാസ്വാദകർ ചെവികൊടുക്കേണ്ടത്. കുന്നന്താനത്തെ അടിമണ്ണിന്റെ താളമുള്ള കലേഷിന്റെ കവിത ചോർത്തിയെടുത്ത് വികലമാക്കി മറു പേരിൽ പ്രസിദ്ധീകരിക്കാനുള്ളതല്ല. എന്റെ കവിത എന്തിനു വികലമാക്കി നിങ്ങടെ പേരിലാക്കി എന്ന ചോദ്യത്തിന് വെളഞ്ഞ തെങ്ങിൻ കീറിന്റെ കരിയാരുകൾ പോലെ മൂർച്ചയുണ്ട്. ഈർച്ചവാളുകളുടെ കൂർപ്പിച്ച പല്ലുകൾ അടർത്തിക്കളയുംവിധം കടുപ്പമുണ്ടതിന്. കള്ളവിളയാട്ടങ്ങളെ ആട്ടിക്കളഞ്ഞിട്ട് കലേഷിന്റേതടക്കം പുതു കവികളുടെ കവിതകൾ വായിച്ചുകൊണ്ട് കുന്നോളം പൊലിയേണ്ട നേരമാണിത്. ഭാവുകത്വം പുതുക്കിയെടുക്കുകയാണ് നവോത്ഥാന കഥാപ്രസംഗങ്ങളുടെ ജിഞ്ചിലി നാദം കേൾക്കുന്നതിനേക്കാൾ നല്ല / നവ മലയാളി ചെയ്യേണ്ടത്.

നാട്ടിൻ പുറത്തു കേൾക്കാറുണ്ടായിരുന്ന എന്നാൽ സത്യാനന്തരകാലത്തെ ചെറുപ്പക്കാർ ഒട്ടും കേൾക്കാൻ സാധ്യതയില്ലാത്ത ചില കഥകളെ എസ്.കലേഷ് പുതുഭാവം നൽകി ആവിഷ്കരിക്കുന്നുണ്ട്. ചാ(ജാ) രക്കഥ എന്ന കവിത അങ്ങനെയൊന്നാണ്. നാട്ടുകഥയ്ക്ക് വലിയ ഒരു ഭാവ പരിസരമുണ്ട്. കുടുംബഭദ്രതയുടെ അടിവേരിൽ ചെന്നു തട്ടുന്ന സദാചാര സങ്കല്പം ചരക്കഥയിലുണ്ട്. കെട്ടിയോൾക്ക് ജാരസംസർഗ്ഗമുണ്ടോ എന്നറിയാൻ സംശയ പുരുഷു ചെയ്യുന്ന ഒരു ഞൊടുക്കുവേലയാണ് മുറ്റത്ത് ചാരം വിതറിയിടുക എന്നത്. ചാരത്തിൽ പതിഞ്ഞ അടയാളങ്ങളിൽ കാലടിപ്പാടുകളുണ്ടോന്നു തിരയുന്ന പാവം സദാചാര കുല മലയാളി ഗ്രാമീണ പുരുഷൻ .ചാരം തൊടാതെ പ്രാപിച്ചു പോകുന്ന ചാ( ജാ) ര പുരുഷന്റെ അനുബന്ധകഥ കൂടി ചേർത്താണ് കഥ പൂർണ്ണമാകുന്നത്. കവിതയിൽ കലേഷ് മറ്റൊരിടത്തു കൊണ്ട് കഥ നിർത്തുന്നു.

‘ കിടക്കപ്പായിൽ
ഇടിവെട്ടി
തുടരെ മഴ ‘

കഥ പറയും പോലെയാണ് കവിത കെട്ടുന്നതെങ്കിലും സൂക്ഷ്മതയോടെ വായിക്കുന്നവർക്കേ കവിത തിരിഞ്ഞു കിട്ടുകയുള്ളു. വാക്കുകൾ കരുതി മാത്രമേ ഈ കവി ഉപയോഗിക്കുന്നുള്ളു. വിടവുകളിലാണ് കവിതയുടെ അടകൾ ഇരിക്കുന്നത്. ശബ്ദത്തിനിടയിലെ നിശബ്ദതകളിൽ ആശയങ്ങൾ അടുക്കി വെക്കാനുള്ള വൈഭവമുള്ള കവിയാണ് എസ്.കലേഷ്.

സാഹിത്യത്തിനു സഹജമായ ഭാവനകൾ തോട്ടുവായിൽ വെക്കുന്ന മീനേ പിടിക്കാനുള്ള കൂടിലെ മടലിന്റെ പുറം പോളചീളുകൾ പോലെ അവിടവിടെ കൊരുത്തു വെച്ചിട്ട് ഒരു നാടൻ പണിക്കനെപ്പോലെ റിയലിസ്റ്റിക്കായി കവിത പറയുന്ന ഒരു സാങ്കേതിക പദ്ധതിയാണ് കലേഷിന്റെ മുതൽ. പ്ലാവ് വെട്ടി പണിയേണ്ട മേശ വലിച്ചിട്ടിരുന്ന് പ്ലാവിലേക്ക് തന്നെ നോക്കുന്നതുപോലെ. കെ.ജി.എസ്. ശബ്ദ മഹാസമുദ്രത്തിന്റെ തുടക്കത്തിൽ എഴുതി അവസാനിപ്പിച്ചിരിക്കുന്നതു പോലെ സിദ്ധാന്ത / ജ്ഞാന/ ഫാഷൻ ഗർവ്വുകളെയും കോയ്മകളെയും ഈ കവി ഗൗനിക്കുന്നതേയില്ല. ‘ ഇറങ്ങിപ്പോടാ വരത്തങ്കഴുവേറീയെന്ന തെറിയും ആ തെറിയിൽ നിന്ന് പൊതിരെ ചലിച്ചു തുടങ്ങുന്ന പെരുത്ത കൈകളും കാൽ മടമ്പുകളും ഈ മുറിക്കു പുറത്തുണ്ടെന്നറിയാം’
എന്ന മട്ടിൽ എഴുതുന്ന കവിത ഇടശ്ശേരിയിൽ വായന നിർത്തിയിട്ട് അയ്യപ്പപ്പണിക്കരുടെയും കടമ്മനിട്ടയുടെയും പാഠപുസ്തകത്തിലുണ്ടായിരുന്ന കവിത മാത്രം പഠിച്ച മലയാളം അധ്യാപകർക്ക് കവിതയാണെന്നു തോന്നണമെന്നില്ല. കവിതകളും കഥകളുമൊന്നും വായിക്കണമെന്നില്ല

Read Also  വാങ്ക്, കിതാബ്, ചോരണം, ഒപ്പാചാരം ; കെ രാജേഷ് കുമാര്‍ എഴുതുന്നു

പി.എസ്.സി. പരീക്ഷ ജയിക്കാൻ, പുസ്തകത്തിന്റെ പേരുകളും ഗ്രന്ഥകർത്താക്കളുടെ നാമങ്ങളും ചേരുംപടി ചേർക്കാൻ കാണാതെ പഠിച്ചാൽ മതി. ( ഇത് ജോലി കിട്ടിയതിനുശേഷം പുസ്തകം വായന ഉപേക്ഷിച്ച അധ്യാപകരെ കുറിച്ചു മാത്രമാണ്. നല്ല അധ്യാപകർ ഒരുപാടുണ്ട്. അവരെക്കുറിച്ചല്ല ഈ ആരോപണം. അവർ ക്ഷമിക്കുക. ഈ വംശത്തിൽ ഏതോ തരം മണ്ഡരിബാധ ഏറ്റിട്ടുണ്ട്. ) ‘ രാത്രി സമരം’  ഒരു രാഷ്ട്രീയ കവിതയാണ്. ഇടങ്ങൾ നഷ്ടപ്പെട്ടവരുടെ രാത്രി സമരത്തിന്റെ പിന്നണിയിൽ നിൽക്കാൻ എങ്ങനെയൊ എത്തപ്പെട്ടയാളാണ് ഈ കവിതയിലെ ഞാൻ. ‘ പക്ഷേ , പുറത്തടിയേൽക്കുമ്പോൾ എട്ടുകാലികൾ നെഞ്ഞിൽനിന്നു പറിച്ചെടുത്ത് വിതയ്ക്കും കുഞ്ഞുങ്ങൾ ഉലഞ്ഞകാലുകൾ പതിച്ചിട്ട് പലവഴി ചിതറിയോടുമ്പോൾ അടിയാവർത്തനത്തിന് ഒരു കൈ തികയില്ല.’

അടിച്ചമർത്തലുകൾ അതിജീവിച്ച് ഉയിരെടുക്കുന്ന ഒരു ജനതയെ സ്വപ്നം കാണുന്നുണ്ട് ഈ കവി. പുല്ല്, പുഴു, പഴുതാര, പക്കി പറവകൾ തുടങ്ങി നായും നരനും ഒന്നായി ഈ കവിയുടെ കവിതകളിൽ നിറയുന്നുണ്ട്. മണ്ണിരയും തവളയും കാക്കയും പന്നിയും കഥാപാത്രങ്ങളാകുന്നു. മനുഷ്യരും മൃഗങ്ങളും തമ്മിൽ അന്തരമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും ആ കാലത്തെ അവ തമ്മിലുള്ള സ്നേഹത്തിന്റെ മരണാനന്തര സ്മരണയിൽ മനുഷ്യനു കാവൽ തുടരുന്ന ഒരു പട്ടി ‘വയൽക്കരയിലെ ആൺ പട്ടി’ എന്ന കവിതയിൽ ഉണ്ട്. ചത്തവരുടെ ഒരു ലോകം എസ്. കലേഷിന്റെ കവിതയുടെ നിഴൽപ്പാടുകളാണ്. അടിച്ചുമാറ്റി വികലമാക്കപ്പെട്ട കവിതയും ഒരു മരണ കവിതയാണല്ലോ. ഒരാൾ നിശബ്ദനാക്കപ്പെടുമ്പോൾ കേട്ടുതുടങ്ങുന്ന ശബ്ദങ്ങളുടെ ശബ്ദങ്ങളുടെ ശബ്ദങ്ങളുടെ ശബ്ദമഹാസമുദ്രം എന്ന കല്പന വിതച്ച എസ്. കലേഷിന്റെ കവിതകൾ നല്ല കവിതാസ്വാദകരുടെ പത്തേമാരികളെ കാത്തുകിടക്കുന്നു. പുതിയ തലമുറക്കാരേ പോരിക പോരിക.

LEAVE A REPLY

Please enter your comment!
Please enter your name here