Friday, May 27

ശബരിമല വിഷയത്തിൽ പിണറായി സർക്കാർ സ്വീകരിച്ചത് ആർഎസ്എസ് നിലപാട്

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം പിണറായി വിജയൻ സർക്കാർ സ്വീകരിച്ചത് ആർഎസ്എസ് അനുകൂല നിലപാട്. സുപ്രീം കോടതി വിധി വന്ന നാളിതു വരെയായി വാചക കസർത്തിനപ്പുറം കാര്യമായി പ്രവൃത്തികൾ ഒന്നും ചെയ്യാതെ ആർഎസ്എസ് സംഘപരിവാർ നിലപാടുകളോട് ഐക്യപ്പെടുകയാണ് സർക്കാർ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാചക കസർത്ത് കൊണ്ട് മാത്രം കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകാം എന്നാണ് ഇക്കാര്യത്തിൽ സിപിഐഎം സ്വീകരിച്ചിരിക്കുന്ന നിലപാട്.

സുപ്രീം കോടതി വിധിയ്ക്ക് ശേഷം ശബരിമല ദർശനത്തിനെത്തിയ സ്ത്രീകളെ തിരിച്ചയക്കുന്നത് വഴി പിണറായി സർക്കാരിന്റെ നിലപാടുകൾ ഇക്കാര്യത്തിൽ കൂടതൽ വ്യക്തമാണ്. ആക്ടിവിസ്റ്റുകൾ ശബരിമലയിൽ കയറിയാൽ അത് ശബരിമല അശുദ്ധമാവുമെന്ന നിലപാട് പുരോഗമന പ്രസ്ഥാനമെന്ന് സ്വയം വിശേഷിപ്പിക്കുന്ന സിപിഐഎം എങ്ങനെ എടുത്തു എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ശബരിമലയിൽ ദർശനത്തിന് വരുന്ന സ്ത്രീകളെ കൗൺസിലിംഗ് നടത്തി തിരിച്ചയക്കുന്ന കേരള പോലീസിനെ നിയന്ത്രിക്കുന്നത് പോലീസ് വകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയന് പകരം സംഘപരിവാർ ആണെന്നാണ് ഇന്ന് നടന്ന സംഭവങ്ങളിലൂടെ കൂടതൽ വ്യക്തമാവുന്നത്. ദർശനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് പകരം പോലീസ് ശബരിമലയിൽ ചെയ്യുന്നത് സ്ത്രീകളെ കൗൺസിലിംഗിന് വിധേയമാക്കി തിരികെ അയപ്പിക്കുക എന്ന സമീപനമാണ്. ഇതാണ് ശബരിമല വിഷയത്തിൽ സർക്കാർ നിലപാട്.

ഒരു വശത്ത് കൂടെ സർക്കാരിന് സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ട ബാധ്യത ഉണ്ടെന്നും സ്ത്രീ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് ഇതെന്നും പറയുമ്പോൾ തന്നെ മറുവശത്ത് കൂടെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് ഒന്നും ചെയ്യാതെ ആർഎസ്എസിന് കുഴലൂത്ത് നടത്തുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കരി ശബരിമലയിൽ ക്രമസമാധാനം നിയന്ത്രിക്കുന്നത് വരെ അത് എത്തി. പോലീസ് കയ്യും കെട്ടി ആർഎസ്എസ് നേതാവിന്റെ മുന്നിൽ നിൽക്കുക മാത്രമാണ് ചെയ്തത്.

ശബരിമല ക്രസമാധാനത്തിന് നിയോഗിച്ച വനിതാ പോലീസുകാരിൽ നിന്ന് തന്നെ സർക്കാർ നിലപാട് വ്യക്തമാണ്. 50 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളെ ശബരിമല സന്നിധാനത്ത് കൃത്യനിർവഹണത്തിന് വിനയോഗിക്കുക വഴി ഈ നാട്ടിലെ ഭൂരിഭാഗം വരുന്ന ഹിന്ദു സമുദായത്തിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മുന്നിൽ ഇടത് സർക്കാർ അമ്പേ പരാജയപ്പെടുകയായിരുന്നു. സുപ്രീം കോടതി വിധി നിലവിലുള്ളപ്പോൾ ഈ സർക്കാർ കവലകൾ തോറും സിപിഐഎമ്മിന്റെ പേരിൽ ന്യായികരണ പ്രസംഗങ്ങൾ നടത്തുന്നതിന് പകരം ശബരിമലയിൽ 50 വയസ്സിന് താഴെയുള്ള വനിതാ പോലീസിനെ നിയോഗിക്കുകയായിരുന്നെങ്കിൽ കേരളത്തിലെ മതേതര ജനാധിപത്യ സമൂഹം ഇരുകയ്യും നീട്ടി സർക്കാർ നിലപാടുകളെ സ്വീകരിക്കുമായിരുന്നു. എന്നാൽ സിപിഐഎം നേതൃത്വം നൽകുന്ന സർക്കാരിന് വാചക കസർത്തുകൾക്കപ്പുറം ഇക്കാര്യത്തിൽ ഒന്നും തന്നെ ചെയ്യാനില്ലെന്നാണ് മനസ്സിലാവുന്നത്.

Read Also  കേരളത്തിൽ ബി ജെ പി അധികാരത്തിൽ വരുമെന്ന് ഇ ശ്രീധരൻ

സുപ്രീം കോടതി നിലപാട് ഇതാണെന്നോ സമത്വം എന്താണെന്നോ മുൻപ് സ്ത്രീകളെ അവിടെ കയറ്റിയിരുന്നോ എന്ന കാര്യത്തിലോ സർക്കാർ ധനസഹായം ഉപയോഗിച്ച് മാധ്യമങ്ങളിലൂടെ വിശദീകരണങ്ങൾ നൽകുന്നതിന് പകരം വീടുകൾ തോറും കയറി ഇറങ്ങി വിശദീകരണ മാർഗ്ഗമാണ് സിപിഐഎം സ്വീകരിച്ചത്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ ശബരിമല പ്രശ്നം കൈകാര്യം ചെയ്യുക എന്ന നിലപാടാണ് സർക്കാരും സിപിഐഎമ്മും സ്വീകരിക്കുന്നത്. ഒരേ സമയം ഹിന്ദുത്വ തീവ്രവാദികളെ സന്തോഷിപ്പിക്കുകയും സുപ്രീം കോടതി വിധിയെ ധിക്കരിക്കുന്നില്ല എന്ന് കാണിക്കാൻ കുറെ പൊലീസുകാരെ ശബരിമലയിൽ വിന്യസിക്കുകയും ചെയ്യുക എന്നതായിരുന്നു അത്. നിങ്ങൾ മല കയറുന്നവരെ തടഞ്ഞോളൂ, ഞങ്ങൾ അവരെ കൗൺസിലിംഗ് നടത്തി മല കയറാൻ താൽപ്പര്യമില്ല എന്ന് എഴുതി ഒപ്പിടിച്ചു വാങ്ങിച്ചു കൊള്ളാം എന്ന തന്ത്രം.

ഇടത് ലിബറൽ ബുദ്ധി ജീവികളും പിണറായി വിജയന് ഓശാന പാടുന്ന മാധ്യമങ്ങളും ഇക്കാര്യങ്ങളിലെ രാഷ്ട്രീയം കാണാതെ സിപിഐഎം നടത്തുന്ന കവല പ്രസംഗങ്ങളിലെ പിണറായി വിജയൻ സ്തുതികൾ ഏറ്റുപാടുക മാത്രമാണ് ചെയ്യുന്നത്. സർക്കാർ സുപ്രീം കോടതി വിധി പാലിക്കുവാൻ ഒരു കാരണവശാലും തയ്യാറല്ല എന്നത് പിണറായി വിജയൻ നേരിട്ട് പറഞ്ഞാൽ പോലും വിശ്വസിക്കാത്ത തരത്തിൽ ഈ നാട്ടിലെ ഇടത് ലിബറലുകളുടെ മസ്തിഷ്‌കം എവിടെയോ പണയം വെച്ചിരിക്കുകയാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എന്തായാലും സർക്കാരിനും കോൺഗ്രസിനും സംഘപരിവാറിനും ഒരേ നിലപാടാണ്. കോൺഗ്രസിൽ നിന്നും അത് വ്യത്യസ്തപ്പെട്ടിരിക്കുന്നത് കോൺഗ്രസ് പരസ്യമായി സംഘപരിവാറിന് ഒപ്പം നിൽക്കുമ്പോൾ പിണറായി വിജയൻ കൂടെ കൂടെ സംഘപരിവാറിനെ വിമർശിക്കുന്നുണ്ട്. അത് മാത്രമാണ് വ്യത്യാസം.

Spread the love

Leave a Reply