Saturday, January 29

അറസ്റ്റിലായവരുടെ ‘ജാതി കണക്ക്’ പ്രചരിപ്പിക്കുന്നവരുടെ രാഷ്ട്രീയമെന്ത്?: ജെയ്‌സൺ സി. കൂപ്പർ എഴുതുന്നു

ജെയ്‌സൺ സി. കൂപ്പർ

നിങ്ങളുടെ കോണകം കാവി തന്നെയാണ് അന്ധരായ സിപിഎം വിരുദ്ധരേ. നിങ്ങളും കൂടിയാണ് ഇവിടെ ഹിന്ദുത്വ ഫാസിസ്റ്റുകൾക്ക് വെള്ളവും വളവും നൽകി വളർത്തുന്നത്.

സംസ്ഥാനവ്യാപകമായി ശബരിമല ലഹളക്കാരെ അറസ്റ്റ് ചെയ്യുന്നതിനിടെ സിപിഎം വിരുദ്ധ പ്രൊപ്പഗൻഡിസ്റ്റുകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് സിപിഎം സർക്കാർ ബോധപൂർവം സവർണരെ ഒഴിവാക്കി ദളിതരെയും പിന്നോക്കക്കാരെയും തെരഞ്ഞു പിടിച്ചു അറസ്റ്റ് ചെയ്യുകയാണ് എന്നാണ്. ഇതുവരെ ഒരു ബ്രാഹ്മണൻ മാത്രമേ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നും ഇവർ പ്രചരിപ്പിക്കുന്നു. എന്നാൽ വാസ്തവമെന്താണ്? അറസ്റ്റിലായവരുടെ ജാതി തിരിച്ചുള്ള കണക്ക് സർക്കാർ പുറത്തുവിട്ടിട്ടുണ്ടോ? അല്ലെങ്കിൽ ഏതെങ്കിലും സംഘടന ഇതിന്റെ കണക്ക് എടുത്തിട്ടുണ്ടോ? സവിശേഷമായ ദളിത് വേട്ട ഇക്കാര്യത്തിൽ നടന്നിട്ടുണ്ടോ? ഇന്ത്യൻ ഭരണകൂടത്തിന്റെ സ്വാഭാവിക ദളിത് വിരുദ്ധതയ്ക്കപ്പുറം ഇക്കാര്യത്തിൽ എന്തെങ്കിലും സവിശേഷമായി നടന്നിട്ടുണ്ടോ? അങ്ങനെ കരുതാനുള്ള ഒന്നും തന്നെയില്ല എന്ന് മാത്രമല്ല, ഈ പ്രൊപ്പഗൻഡിസ്റ്റുകളുടേത് നുണപ്രചാരണമാണെന്നതിന് വ്യക്തമായ തെളിവുകളുമുണ്ട്.

മട്ടാഞ്ചേരിയിൽ ശബരിമല ലഹളയുമായി ബന്ധപ്പെട്ട് ഏഴുപേർ അറസ്റ്റിലായതിൽ ഏഴും ബ്രാഹ്മണരാണ്. വെറുതെ അറസ്റ്റ് ചെയ്യപ്പെട്ടതൊന്നുമല്ല ഇവർ. ഈ ലഹളയിൽ പങ്കെടുത്തതിന്റെ വ്യക്തമായ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു അറസ്റ്റ്. ഒരാഴ്ചയോളം ജയിലിൽ കിടന്നു ഇപ്പോൾ പുറത്തിറങ്ങിയ ഇവർക്ക് സംഘപരിവാർ ഗംഭീര സ്വീകരണമാണ് ഒരുക്കുന്നത്.

സംസ്ഥാന വ്യാപകമായി ഇത്തരത്തിൽ അറസ്റ്റുകൾ നടക്കുന്നുണ്ട്. അതിൽ തീർച്ചയായും ദളിതരും കാണും. വിശ്വഹിന്ദു പരിഷത് മുതൽ എല്ലാ സംഘപരിവാർ സംഘടനകളിലും ദളിതർ സജീവമായി ഉണ്ട്. അവർ ഈ ലഹളയിലും ഉണ്ട്. ചില ബുദ്ധിജീവികൾ കരുതുന്നതുപോലെ അവരൊന്നും മുലകുടി മാറാത്ത കുഞ്ഞുങ്ങളൊന്നുമല്ല. അവരൊക്കെ ഇപ്പോൾ കറകളഞ്ഞ സംഘപരിവാർ തന്നെയാണ്. അവരെ നിങ്ങൾക്ക് രാഷ്ട്രീയം പറഞ്ഞും പ്രവർത്തിച്ചും അതിൽ നിന്ന് അകറ്റാൻ ശ്രമിക്കാവുന്നതാണ്. പക്ഷെ നിലവിൽ അവർ സംഘപരിവാർ ആണ്. അപ്പോൾ സ്വാഭാവികമായും പൊലീസ് നടപടി അവർക്ക് മേൽ ഉണ്ടാകും. അതിൽ നമ്മൾ എത്ര വിഷമിച്ചാലും അതൊരു യാഥാർഥ്യം തന്നെയാണ്.

സിപിഎമ്മിന്റെ രാഷ്ട്രീയത്തോട് എനിക്ക് താൽപര്യമില്ല. സിപിഎമ്മിന് ഫാസിസത്തെ ചെറുക്കാനുള്ള രാഷ്ട്രീയമുണ്ടെന്നും കരുതുന്നില്ല. ഇപ്പോൾ കേരളത്തിൽ ഇപ്രകാരം ഹിന്ദുത്വ രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണൊരുക്കുന്നതിൽ സിപിഎം രാഷ്ട്രീയത്തിന്റെ ദൗർബല്യവും ഒരു കാരണമാണ്. പക്ഷെ ആദ്യത്തെ അമ്പരപ്പിന് ശേഷം സിപിഎം ഇപ്പോൾ കൈക്കൊള്ളുന്ന നടപടികളെ ഞാൻ (വിമർശനാത്മകമായി) അംഗീകരിക്കുന്നു. ആശയപ്രചാരണത്തോടൊപ്പം ബലപ്രയോഗവും നടത്തി തന്നെയാണ് ലോകചരിത്രത്തിൽ ഫാസിസ്റ്റ് വിരുദ്ധ സമരങ്ങൾ വിജയിച്ചിട്ടുള്ളത്.

ഈ നിമിഷങ്ങളിൽ ഹിന്ദുത്വ ഫാസിസത്തിനെതിരെ സാധ്യമായ എല്ലാ ആയുധങ്ങളുമുപയോഗിച്ച് പോരാടുക എന്നതാണ് ആകെ ചെയ്യാനുള്ളത്. നുണപ്രചാരണങ്ങൾ നടത്തുന്നവരുടെ ഹിന്ദുത്വ വിരുദ്ധത കാപട്യമാണെന്ന് തന്നെ കാണേണ്ടിവരും.

Spread the love
Read Also  ജയിലിൽ നിന്നും സംഘപുത്രൻ ഭാര്യക്കെഴുതിയ കത്ത് വൈറൽ; അയ്യപ്പന് പോലും രക്ഷിക്കാൻ കഴിയില്ലെന്നാണ് സർക്കാസ്റ്റിക് കത്തിൽ

22 Comments

Leave a Reply