Wednesday, January 19

ശബരിമല വിഷയം അയയുന്നു; മുന്നോട്ട് കൊണ്ട് പോകാൻ മാർഗ്ഗമില്ലാതെ ബിജെപി- കോൺഗ്രസ് കക്ഷികൾ

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കാതെ ഇരിക്കാൻ സമരം നടത്തുന്ന ബിജെപി, കോൺഗ്രസ് പാർട്ടികൾ തീവ്ര സമരത്തിൽ നിന്നും പിൻവലിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശബരിമലയെ സംഘർഷ ഭൂമിയാക്കുന്നതിൽ സംഘപരിവാർ കാര്യമായ ഇടപെടലുകൾ നടത്തുന്നതിനിടെയാണ് തീവ്ര സമരങ്ങൾ ഇപ്പോൾ വേണ്ടെന്ന നിലപാടിലേക്ക് ബിജെപി നേതൃത്വം എത്തിച്ചേരുന്നത്. ശബരിമലയിൽ ഭക്തരുടെ എണ്ണത്തിലുള്ള കുറവ് തങ്ങളുടെ സമരം മൂലമാണെന്ന തിരിച്ചറിവിൽ നിന്നാണ് ബിജെപി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്ന് സൂചന. മാത്രമല്ല കെ. സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി അറസ്റ്റ് ചെയ്ത ജയിലിലടച്ചിരിക്കുന്നതും പാർട്ടിയ്ക്ക് ക്ഷീണം ഉണ്ടാക്കിയതായാണ് വിലയിരുത്തലുകൾ. ബിജെപി സംസ്ഥാന നേതാക്കളെ കൂടതൽ കേസുകളിലേയ്ക്ക് വലിച്ചിഴക്കുന്നത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനടക്കമുള്ള വിഷയങ്ങളിൽ ഭാവിയിൽ പ്രശ്‌നം സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തീവ്ര സമരങ്ങളിൽ നിന്ന് പിന്മാറാൻ ബിജെപി ശ്രമിക്കുന്നത്.

തുടക്കത്തിൽ നാമജപ ഘോഷയാത്രയ്ക്ക് ബിജെപിയുടെയും സംഘ്പരിവാറിന്റെയും ഒപ്പം നിന്ന ഭക്തരായ ഹിന്ദു വിശ്വാസികൾ ഇപ്പോൾ ബിജെപിയുടെ നിലപാടുകളിലെ സ്ഥിരതയില്ലായമ കാരണം പിന്നോക്കം പോയിട്ടുള്ളതായും വിലയിരുത്തലുകൾ ഉണ്ട്. വ്യക്തമായ രാഷ്ട്രീയ മുന്നേറ്റം ശബരിമല വിഷയത്തിൽ തങ്ങൾക്കുണ്ടായിട്ടുണ്ടെന്നുള്ള ഉറച്ച വിശ്വാസത്തിൽ ആയിരുന്നു നിലപാടുകളിൽ നിന്ന് മലക്കം മറിഞ്ഞു ആർഎസ്എസ് ഉൾപ്പടെയുള്ള കക്ഷികൾ സുപ്രീം കോടതി വിധിക്കെതിരെ രംഗത്ത് വന്നത്. എന്നാൽ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരന്പിള്ളയും എ. എൻ. രാധാകൃഷ്‍ണൻ തുടങ്ങിയവരും സുരേന്ദ്രൻ എം. ടി. രമേശ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കളുടെയും നിലപാടുകൾ ഗുണത്തേക്കാൾ ഏറെ പാർട്ടിയ്ക്ക് ദോഷം ചെയ്തതായാണ് വിലയിരുത്തപ്പെടുന്നത്.

നിലവിൽ ബിജെപിയ്ക്ക് കിട്ടിയിരിക്കുന്ന പിന്തുണ നിലനിർത്തികൊണ്ട് സമാധാനപരമായി ശബരിമലയിൽ സമരം നടത്താനും സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്ന ഘട്ടത്തിൽ തീവ്ര സമര പരിപാടികളെക്കുറിച്ച് ആലോചിച്ചാൽ മതിയെന്നുമാണ് നേതൃത്വം അണികൾക്ക് നൽകിയിരിക്കുന്ന വിവരം. സ്ത്രീ പ്രവേശനം ഇല്ലത്തെ അവസരത്തിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുന്നത് ലക്ഷകണക്കിന് വരുന്ന അയ്യപ്പ ഭക്തർക്ക് അനിഷ്ടം ഉണ്ടാക്കുമെന്നും നിലവിൽ ബിജെപിയുടെ നിലപാടുകളോട് ആഭിമുഖ്യം പുലർത്തുന്നവർ തീവ്ര സമരം തുടരുകയാണെങ്കിൽ അതെന്തോ വിമുഖത കാണിക്കുമെന്നുമുള്ള വിലയിരുത്തലിൽ ആണ് സമരത്തിൽ നിന്ന് താൽക്കാലികമായി പിന്നോട്ട് പോകാൻ ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

സമാന നിലപാട് തന്നെയാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നതും. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിക്കേണ്ട പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന് മുഖ്യമന്ത്രി പോലും പറയുന്ന അവസരം ഉണ്ടായിട്ടും സുപ്രീക് കോടതി വിധിക്കെതിരെ സമരം ചെയ്യുന്നത് പാർട്ടിയ്ക്ക് ദോഷം ഉണ്ടാക്കുമെന്ന് യുവ എംഎൽഎമാർ ഉൾപ്പടെയുള്ളവർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നിലപാട് വ്യത്യസ്തമായതിനാലും ഇനി കൂടതൽ തീവ്ര സമര പരിപാടികളിലേക്ക് കടക്കേണ്ടെന്നാണ് കോൺഗ്രസ് നേതൃത്വവും തീരുമാനിച്ചിരിക്കുന്നത്.

Spread the love
Read Also  കളം മാറിക്കളിക്കുന്ന നിലപാടില്ലാത്ത വിശ്വാസത്തിന്‍റെ പ്രസിഡന്‍റ്

Leave a Reply