Wednesday, January 19

ശബരിമലയിൽ അന്നദാനം നടത്താൻ ആർഎസ്എസ് സംഘടനയ്ക്ക് അനുമതി നൽകി ദേവസ്വം

ശബരിമലയിൽ ദേവസ്വം ബോർഡ് നടത്തിവരുന്ന അന്നദാനം ആർഎസ്എസ് സംഘടനയായ അയ്യപ്പ സേവാ സമാജത്തിനെ ഏൽപ്പിച്ച് ദേവസ്വം ഉത്തരവായി. കഴിഞ്ഞ ദിവസം നടന്ന ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മുൻപ് വിവിധ സംഘടനകൾ നേരിട്ടായിരുന്നു ശബരിമലയിൽ അന്നദാനം നടത്തിയിരുന്നത്. എന്നാൽ ഇവർ ഭക്ഷണത്തിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അന്നദാനം നടത്താൻ ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദ്ദേശിക്കുകയായിരുന്നു. അങ്ങനെ മൂന്ന് വർഷത്തിലധികമായി ദേവസ്വം ബോർഡ് നേരിട്ട് നടത്തി വന്നിരുന്ന അന്നദാനം ആണ് ഇപ്പോൾ ആർഎസ്എസ് സംഘടനയെ ഏൽപ്പിക്കാൻ തീരുമാനിച്ചത്. അന്നദാനം നടത്താൻ മതിയായ ഫണ്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ദേവസ്വം ബോർഡിന്റെ നീക്കം. അന്നദാനം നടത്താമെന്ന് വാഗ്‌ദ്ധാനം ചെയ്‌ത് രംഗത്ത് വന്നത് അയ്യപ്പസേവാ സമാജം മാത്രമാണെന്നും അതുകൊണ്ടാണ് കരാർ നൽകിയതെന്നുമാണ് ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം.

കുമ്മനം രാജശേഖരനാണ് അയ്യപ്പ സേവാ സമാജം സ്ഥാപിക്കുന്നത്. പൂർണ്ണമായും ആർഎസ്എസ് നിയന്ത്രണത്തിലുള്ള അയ്യപ്പ സേവാ സമാജം ശബരിമല സ്ത്രീ പ്രവേശന സമരവുമായി ബന്ധപ്പെട്ട സമര രംഗത്ത് ഉണ്ടായിരുന്ന സംഘടന കൂടിയായിരുന്നു.

ബി.ജെ.പിയുടെ ശബരിമല സമരം സന്നിധാനത്ത് നിന്നും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റാനുള്ള തീരുമാനം സർക്കാരുമായുള്ള ഒത്തുതീർപ്പാണെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ദേവസ്വം ബോർഡിന്റെ നീക്കം. കോടതിയുടെ അനുമതിയില്ലാതെ ഒരു സംഘ‌ടനയ്‌ക്ക് അന്നദാന കരാർ നൽകുന്നത് സമവായ നീക്കങ്ങളുടെ ഭാഗമാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

Spread the love
Read Also  ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിട്ടത് ബിജെപി-ആര്‍എസ്എസ് സംഘടനകള്‍; മുഖ്യമന്ത്രി

Leave a Reply