Monday, January 24

ആര്‍ത്തവമേ അടങ്ങൂ, അയ്യപ്പനായി…

ശബരിമല പ്രവേശനാര്‍ഹത ഈ പറയുന്നതെന്തെങ്കിലുമാണോ. കേറാനിരുന്ന കുരങ്ങന് ഏണി ചാരിയതുപോലെയും മോങ്ങാനിരുന്ന പട്ടീടെ തലയില്‍ തേങ്ങ വീണതുപോലെയുമായി കോടതി വിധി

ആര്‍ത്തവമടങ്ങാത്തവര്‍ തെരുവില്‍ ശരണവഴിയില്‍

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ തന്നെ സാംസ്കാരികമായ മുന്നേറ്റങ്ങള്‍ തുടങ്ങിയ ജനതയാണ് നാം കേരളീയര്‍. നാരായണഗുരുവും അയ്യന്‍കാളിയുമൊന്നും ചില്ലറയൊന്നുമല്ല നമ്മെ പുരോഗമനത്തിലേക്ക് നയിച്ചത്. പക്ഷെ കഴിഞ്ഞ നൂറ്റാണ്ടിന്‍റെ സമാനമായി പുതിയ നൂറ്റാണ്ടിന്‍റെ സമകാലത്ത് നില്കുമ്പോള്‍, നാം പുരോഗമനസമൂഹത്തെ പട്ടികളാക്കുന്ന മറ്റ് ചില ചിന്തകളാണ് വരുന്നത്.

കുറച്ച് കാലമായി പുരോഗമനം എന്ന വാക്ക് തകിടം മറിയുകയായിരുന്നു. ഇരുപതാം നൂറ്റാണ്ട് ആദ്യപകുതിയില്‍ പുരോഗമനവാദികള്‍ യാഥാസ്ഥിതികതയെ മറി കടക്കുന്നവരായിരുന്നു. പക്ഷെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ പുരോഗമനവാദികള്‍ കാപട്യങ്ങളെ ഒളിച്ചു കടത്തുന്നവരായി മാറി. അതിനാല്‍ പുരോഗമനം എന്നത് യാഥാസ്ഥിതികത്വത്തിന് പരിഹസിച്ച് കീഴടക്കാനുള്ള അടിവളമായി.

അതിനാല്‍ അടിവളമെന്ന നിലയില്‍ ഇട്ടുകൊള്ളട്ടെ. കുറച്ച് കാലമായി നാം ആചാരവിശ്വാസങ്ങളില്‍ അടിയുറയ്ക്കുന്നവര്‍ ആവുകയാണല്ലോ. നല്ലതു തന്നെ. അതിന്‍റെ ഭാഗമായി വിവാഹം, കുടുംബം മുതലായവയിലെങ്കിലും വ്യക്തിപരമായ വാസനാവിശേഷങ്ങളെ പുരോഗമനരീതി വിട്ട് നാം ജാതി, ജാതക, സാമ്പത്തിക ഇണകളായി പാരമ്പര്യമായി ഉന്മൂലനം ചെയ്യുകയും ചെയ്തു. പുരോഗമനം മറ്റൊരു രീതിയില്‍ മുന്നേറുകയായിരുന്നു എന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് എതിര്‍ക്കാന്‍ കഴിയുക. അതേ വിശ്വാസസംഹിതകളില്‍ നിന്ന് ചിന്തിച്ചു പോവുകയാണ്.

കാലം കന്നിമാസം.

വിശ്വാസമനുസരിച്ച്, തങ്ങളുടെ മാസമെന്ന് പ്രായോഗികമായി പട്ടികള്‍ തെരുവില്‍ കൂട്ടം ചേര്‍ന്ന് പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. പട്ടിക്കുരകളല്ലാതെ ആചാരപരമായി നാളിതുവരെയും സ്വാമി ശരണം വിളി നമ്മുടെ തെരുവില്‍ കേട്ടില്ലില്ലാത്ത പട്ടികളുടെ ലൈംഗികാചാരമാസം. പക്ഷെ പട്ടികളെ സംബന്ധിച്ചിടത്തോളം അത് വംശോദ്ധാരണവുമായി ബന്ധപ്പെട്ടതല്ലാതെ ഇപ്പോള്‍ തെരുവില്‍ സ്വാമി ശരണം മുഴക്കുന്നവരുടെ ആര്‍ത്തവചിന്തയുമായി ബന്ധപ്പെട്ടതല്ലല്ലോ. അതായത് ജീവിതസാഹചര്യങ്ങളിലെ സ്ത്രീപുരുഷസമത്വമോ ലൈംഗികതയിലെ സ്ത്രീമേല്‍കോയ്മയോ നാം പട്ടികളില്‍ നിന്നുപോലും പഠിച്ചില്ലല്ലോ എന്ന് ചിന്തിച്ചു പോവുകയാണ്. അതിന് മേല്‍ജാതി സമൂഹത്തിന് കഴിയുകയുമില്ലല്ലോ. അല്ലെങ്കില്‍ തന്നെ ചവുട്ടി പിടിച്ച് ഇല നക്കുന്ന പാഠം മേല്‍ക്കോയ്മക്കാര്‍ വിശ്വകര്‍മ്മരായ ആശാരിമാര്‍ക്ക് നമ്പൂരിഫലിതം പോലെ കല്പിച്ചു നല്കിയതുമാണല്ലോ.

ആര്‍ത്തവമടങ്ങാന്‍ കാത്തിരിക്കുന്നവര്‍

പട്ടികളുടെ കാമം പൂക്കുന്ന കന്നിമാസത്തില്‍ ആചാരപരമായല്ലാതെ തെരുവില്‍ സ്വാമി ശരണം വിളിച്ചു നീങ്ങുന്ന ജനതയെ പറ്റി വേറെ സമാനതകളില്ലാത്തതിനാല്‍ മറ്റെന്തു ചിന്തിക്കാനാണ്. അതായത് മനുഷ്യസമൂഹം മുന്നേറിയതറിയാതെ തമ്പ്രാക്കന്മാരുടെ കാല്‍ക്കീഴില്‍ കിടക്കുകയും, അവര്‍ക്ക് നേരേ വരുന്നവര്‍ക്കു നേരേയുള്ള കുരകളുമായി കഴിയുന്നവരെ പറ്റി. അവിടെയാണ് ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യാചാരവിശ്വാസങ്ങളൊന്നുമല്ല, മറിച്ച് ചില രാഷ്ട്രീയധ്രുവീകരണശ്രമമാണ് നടക്കുന്നതെന്ന് പറയേണ്ടി വരുക. അതിനായി പയറ്റുന്ന തന്ത്രങ്ങളാണ് രസകരമാകുന്നതും.

ഭക്തിയും കാമവും പരസ്പരപൂരകമാണ്. ഭക്തിയുടെ പ്രകടനപരത നമുക്ക് യാതൊരുളുപ്പുമില്ലാത്തതാണ്. കാമം നമുക്ക് അശ്ലീലവുമാണ്. അതിനാല്‍ അതിനെ നാം ഏത് മറ ഉപയോഗിച്ചും ഒളിയ്ക്കും. അതാണ് കിട്ടാവുന്നതിലെ ഏറ്റവും പഴയ സാഹിത്യത്തെളിവുകളായ മണിപ്രവാളം മുതല്‍ നമുക്ക് ലഭ്യമാകുന്നത്. കേരളത്തില്‍ ക്ഷേത്രോപജീവികളാണ് ഭക്തിയെയും കാമത്തെയും തങ്ങളുടെ വരുതിയില്‍ നിര്‍ത്തിയിരുന്നത്. അതും ചാതുര്‍വര്‍ണ്യാധിഷ്ഠിതസമൂഹം. സിനിമാ തിയേറ്ററുകള്‍ ഇല്ലാതിരുന്ന അക്കാലം ക്ഷേത്രങ്ങളായിരുന്നു അത്തരക്കാരുടെ എല്ലാത്തരം ആസ്വാദനങ്ങളുടെയും കേന്ദ്രം. സാമാന്യജനത അവരുടെ ഓര്‍ബിറ്റിന് പുറത്തായിരുന്നതിനാല്‍ അവരെ സംബന്ധിച്ചിടത്തോളം കാമം ജൈവികമായിരുന്നു. മറുപുറത്ത് ക്ഷേത്രകലകളിലൂടെയും മറ്റും സവര്‍ണ്ണര്‍ മറ്റൊരുതരം ലൈംഗികോല്പാദനവും ആസ്വാദനവും നടത്തുകയായിരുന്നു.

അതെ, പുരുഷമേധാവിത്വം ആര്‍ത്തവം ഉള്‍പ്പെടെയുള്ള സ്ത്രീയുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി സ്ത്രീകളെ വീട്ടില്‍ അടക്കിയൊതുക്കി കിടത്തുകയായിരുന്നു. അല്ലെങ്കില്‍ അടിച്ചമര്‍ത്തുകയായിരുന്നു. അതേ സമൂഹത്തെ പാവ കളിപ്പിക്കാനും ആണുങ്ങള്‍ക്ക് കഴിയുന്നിടത്താണ് സ്ത്രീവിരോധം അറിയാതെ പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളാകട്ടെ അറിയാതെ ഒന്നുമല്ല ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഇത് ഉത്സവങ്ങളുടെ കെട്ടുകാഴ്ചകള്‍ക്കോ കല്യാണങ്ങള്‍ക്കോ വീടു വിട്ടിറങ്ങാന്‍ പറ്റുമ്പോഴുള്ള സന്തോഷമാണ്. അതായത് തങ്ങളുടെ കസവുടയാടകള്‍ എടുത്തണിഞ്ഞ് ഇറങ്ങാന്‍ പറ്റിയ അവസരം. മറ്റൊരു സാമൂഹ്യപ്രശ്നങ്ങളിലും തെരുവില്‍ മുദ്രാവാക്യം വിളിച്ചു നടക്കാന്‍ തങ്ങളുടെ ആണുങ്ങള്‍ അനുവദിക്കില്ല എന്നറിഞ്ഞുകൊണ്ട് കിട്ടിയ അവസരം വിനിയോഗിക്കല്‍. ജിഷ കൊല ചെയ്യപ്പെട്ടപ്പോഴും, പ്രണയത്തിന്‍റെ പേരില്‍ കെവിന്‍ കൊല ചെയ്യപ്പെട്ടപ്പോഴും, പട്ടിണി മോഷണമാരോപിച്ച് മധു കൊല ചെയ്യപ്പെട്ടപ്പോഴും പ്രതിഷേധവുമായി പൊതുനിരത്തില്‍ ഇറങ്ങാന്‍ കഴിയാതിരുന്ന കുലസ്ത്രീമാഹാത്മ്യം പൊളിക്കുകയാണ് അവര്‍. അതെ തെരുവില്‍ ഇറങ്ങി തങ്ങള്‍ക്കും ചന്തപ്പെണ്ണാവാനും താല്പര്യമുണ്ടെന്നും.

ഒറ്റ സംശയം മാത്രം. ആര്‍ത്തവസ്ത്രീകളെക്കൊണ്ട് തെരുവില്‍ സ്വാമിയേ അയ്യപ്പോ എന്ന് വിളിപ്പിക്കുന്നത് സ്വാമിയുടെ മുന്നില്‍ തങ്ങള്‍ ഉന്നയിക്കുന്ന ആര്‍ത്തവനിഷേധം പോലെ ആചാരപരമാണോ എന്ന് സംഘാടകരുടെ അയുക്തികളെ മാത്രം. അതായത് അവര്‍ ഏത് കാലത്തിലേക്കാണ് കേരളീയസമൂഹത്തെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതെന്നും. ആചാരവും ഐതിഹ്യവും അനുസരിച്ച് സമകാല സ്വാമിമാരില്‍ എത്ര പേര്‍ മല കയറാന്‍ അര്‍ഹരാകുമെന്ന് പൗരാണികവെളിവുകള്‍ വെച്ച് റിവ്യൂ ഹര്‍ജിക്ക് മുമ്പ് സമസ്തകേരള നായര്‍ സമാജമെങ്കിലും ചിന്തിക്കുന്നത് നന്നായിരിക്കും. അയ്യപ്പനും വാവരും മാളികപ്പുറവും ഒത്ത് കഴിയുന്നിടത്ത് അയല്‍വാസികളായ ദ്രാവിഡര്‍ക്കല്ലാതെ ശൂദ്രനായര്‍ക്ക് കേറാനാവുമോ എന്നും കൊട്ടാരം വിട്ട അയ്യപ്പന്‍റെ കാര്യത്തില്‍ കൊട്ടാരം ചിന്തകര്‍ക്ക് എന്ത് കാര്യമെന്നും നമുക്ക് ആലോചിക്കാം. കൊട്ടാരവും തന്ത്രിയും രാജഭരണത്തിലല്ലാതെ ജനാധിപത്യത്തില്‍ സമരാണല്ലോ.

ഇതൊന്നുമല്ല നമുക്ക് നേരിടേണ്ടി വരുന്ന സാംസ്കാരികപ്രശ്നം. കേരളീയ കുലസ്ത്രീകളെപ്പോലെ കാപട്യങ്ങളില്ലാത്തതിനാല്‍ അന്യസംസ്ഥാന സ്ത്രീകള്‍ കോടതി വിധി കേട്ട് വ്രതം തുടങ്ങുകയും വണ്ടി ബുക്ക് ചെയ്യുകയും തുടങ്ങിക്കഴിഞ്ഞു. അവര്‍ അവിടേക്ക് കയറാന്‍ വന്നാല്‍ അവരെ തടയാന്‍ ആര്‍ത്തവാശുദ്ധിക്കാരായ നമ്മുടെ കുലസ്ത്രീകള്‍ അവിടെ കേറേണ്ടി വരുമല്ലോ എന്നതാണ് സങ്കടം. അതോടെ ആര്‍ത്തവയോനികളില്‍ ബ്രഹ്മചാരി അയ്യപ്പന്മാരുടെ ബീജം കയറാതിരുന്നാല്‍ മതിയാകും.

അതു കൊണ്ടാണ് മറിച്ച് പറയേണ്ടി വരുന്നത്. അയ്യപ്പധര്‍മ്മം പാലിക്കാന്‍ കേരളീയ സമൂഹത്തില്‍ കുടുംബം വിട്ടിറങ്ങിയവരല്ലാതെ ആരും അവിടേക്ക് കയറരുതെന്ന്. ഏതോ ഒരു കോണിലൂടെ ആലോചിച്ചാല്‍ ലൗകികതകള്‍ വിട്ടൊഴിയുന്ന സന്യാസമാണത്. അങ്ങനെയല്ലാത്ത ആരെ കയറ്റാന്‍ തുനിഞ്ഞാലും അയ്യപ്പ പൂങ്കാവനം അശുദ്ധമാവുകയല്ലാതെ എന്ത് സംഭവിക്കാന്‍. അതിനാല്‍ മേലില്‍ ഭാര്യ മരിച്ചവരോ ഭാര്യാബന്ധം ഉപേക്ഷിച്ചവരോ മാത്രം ശബരിമലയില്‍ കയറിയാല്‍ മതി എന്ന് വിശ്വാസി സമൂഹത്തിന് ആലോചിക്കാവുന്നതാണ്. അങ്ങനാവുമ്പോഴേ ബ്രഹ്മചര്യത്തിന് നില നില്പുണ്ടാവൂ. ഇനിയിപ്പോ എല്‍ ജി ബി റ്റി സ്വാതന്ത്ര്യനിയമം നിലവില്‍ വന്ന സ്ഥിതിക്ക് അയ്യപ്പനും നിത്യബ്രഹ്മചര്യം മുറിച്ചെന്തെങ്കിലും തോന്നിയാല്‍ കേസെടുക്കാതിരുന്നാല്‍ മതി.

അതിനാല്‍ പ്രിയപ്പെട്ടവരെ ശബരിമലയിലേക്ക് ആരും പോകാതിരിക്കുക. കാനനവാസികള്‍ക്കായി കാനനവാസിയായ അയ്യപ്പനെ വിട്ടു കൊടുക്കുക. കാനനവാസികളല്ലാത്തവരെ വിട. ആദിവാസികള്‍ നിര്‍ണ്ണയിക്കട്ടെ. ജനാധിപത്യകാലമാണ്. രാജകുടുംബത്തെയും തന്ത്രിയെയും പുറത്താക്കുക. അത്തരം അവകാശവാദങ്ങളെയും. അതെ, അയ്യപ്പധര്‍മ്മം പ്രകടനക്കാരുടേതല്ല, ഉള്ളില്‍ ഏറ്റു വാങ്ങിയവരുടേതാണ്. വിശ്വാമിത്രന്മാര്‍ക്ക് അയ്യപ്പസവിധത്തില്‍ സ്ഥാനമുണ്ടാകില്ല. ഏത് മേനക വന്നിളക്കിയാലും അങ്ങനെ ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നവരല്ലാതെ സ്ത്രീകളെ മറ്റാര്‍ക്കൊപ്പം അനുവദിച്ചാലും ഭാവിയില്‍ ശബരിമലയില്‍ നിന്നും പീഢനവാര്‍ത്തകളാവും വരിക.

അത്തരം ഒരവസ്ഥ ചിന്തിച്ചാല്‍ സര്‍ക്കാരിനും ശബരിമല വിടാം. തീര്‍ത്ഥാടനസൗകര്യമൗരുക്കുന്ന പമ്പാ പദ്ധതികളില്‍ നിന്നും പിന്തിരിഞ്ഞ് സര്‍ക്കാരിന് പ്രളയദുരിതബാധിതരില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും കഴിയും. അല്ലേല്‍ നിരവധി പെണ്ണുങ്ങള്‍ ഇനിയും അയ്യപ്പന്‍റെ പേരില്‍ തെരുവില്‍ ആര്‍ത്തവരക്തം ഒഴുക്കേണ്ടി വരും. ആണുങ്ങള്‍ പറഞ്ഞാല്‍ ഭക്തിയാല്‍ സുരക്ഷാ പാഡുകളും വര്‍ജ്ജിക്കേണ്ടി വരുന്ന ജാരമോഹികളായ പതിവ്രതകളായ കുലീനരാകയാല്‍.

 

Spread the love
Read Also  തൃപ്തി ദേശായി വെള്ളിയാഴ്ച്ച ശബരിമല ചവിട്ടും

Leave a Reply