Thursday, January 20

ശബരിമലയില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ തടയുന്നു, അക്രമിക്കുന്നു

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ പ്രതിരോധിക്കുന്ന സ്ത്രീവിരുദ്ധരായ സാമൂഹ്യദ്രോഹികള്‍ രണ്ട് ദിവസം മുമ്പാണ് അഴിഞ്ഞാട്ടം തുടങ്ങിയത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനായി ശബരിമലയിലേക്ക് പോകുന്നവർക്കും   മാധ്യമപ്രവര്‍ത്തകരായ സ്ത്രീകൾക്കും മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്ന സംസ്കാരലോപമാണ് രണ്ട് ദിവസമായി ശബരിമല ബേസ് ക്യാമ്പായ നിലയ്ക്കലില്‍ നടക്കുന്നത്.

മുന്‍ വിശ്വ ഹിന്ദു പരിഷത് പ്രവീണ്‍ തൊഗാഡിയ നയിക്കുന്ന അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തും ശബരിമല സംരക്ഷണ സമിതിയുമാണ് പ്രതിരോധത്തിന്‍റെ മുന്‍നിരയിലുള്ളത്. വിശ്വാസ സംരക്ഷണമെന്ന വ്യാജസന്ദേശവുമായി സ്ത്രീകളെയടക്കം തെരുവിലിറക്കിയിരിക്കുകയാണ് ഇവര്‍. മാധ്യമപ്രവര്‍ത്തകരായ സ്ത്രീകളെയും മല കയറാനെത്തിയ വിശ്വാസികളെയും ഇവര്‍ കയ്യേറ്റം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതോ വിശ്വാസസംസ്കാരം എന്ന് യഥാര്‍ത്ഥ വിശ്വാസികളെ ഞെട്ടിക്കും വിധമാണ് ഇവരുടെ അഴിഞ്ഞാട്ടം.

നിലയ്ക്കലും പമ്പയിലും സന്നിധാനത്തും എരുമേലിയിലും ഇലവുങ്കലും സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ 41 യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ പ്രക്ഷോഭവുമായെത്തുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്‍റ്  പി എസ് ശ്രീധരന്‍പിള്ള പ്രഖ്യാപിച്ചു. തുടര്‍ന്ന അവിടേയ്ക്കെത്തിയ ആറ് യുവമോർച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഇന്ന് സംസ്ഥാനവ്യാപകമായി ബി ജെ പി നടത്തുന്ന ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നവരാത്രി ആഘോഷങ്ങള്‍ നടക്കുന്ന അമ്പലങ്ങളെയാണ് കൂടുതലും ബാധിച്ചിട്ടുള്ളത്. നവരാത്രി സംഗീതാഘോഷങ്ങള്‍ക്കായി സംഗീതപരിപാടികള്‍ക്ക് ദൂരെ ക്ഷേത്രങ്ങളിലെത്തേണ്ടവര്‍ ഹര്‍ത്താല്‍ മൂലം പരിപാടിയ്ക്ക് പങ്കെടുക്കാനാവാത്ത വിധം കഷ്ടപ്പെടുകയാണ്.

ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീം കോടതി വിധിയിലെ സാമൂഹികനീതിയോ ലംഘനമോ ചര്‍ച്ച ചെയ്യപ്പെടേണ്ടതിന് പകരം ആചാരാനുഷ്ടാനലംഘനത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയായിരുന്നു  വിശ്വാസികളെന്നവകാശപ്പെടുന്ന ഒരു വിഭാഗം  . അതിന്‍റെ പിന്നിലുള്ളതാകട്ടെ തികച്ചും ദുഷ്ട രാഷ്ട്രീയ ലക്ഷ്യങ്ങളുമാണ്. ഹിന്ദുവെന്ന പേരില്‍ ജാതിരാഷ്ട്രീയ മേല്‍ക്കോയ്മങ്ങളുടെ അധികാരസ്ഥാപനത്തിനുള്ള ശ്രമം പുരോഗമന കേരളത്തില്‍ മൂട് പിടിക്കാന്‍ പ്രയാസമെന്ന് മനസ്സിലാക്കിയ ഹിന്ദുത്വവാദ രാഷ്ട്രീയ നേതൃത്വത്തിന്‍റെ കപടതന്ത്രമാണ് ഇതെന്ന് സാംസ്കാരികകേരളം ഇതിനകം തന്നെ തിരിച്ചറിഞ്ഞ് കഴിഞ്ഞിട്ടുണ്ട്.

അയ്യപ്പധർമ്മക്കാർ കറുപ്പ്  അണിയുന്നില്ലെന്നതാണ് വിശ്വാസ വൈരുദ്ധ്യം. കറുപ്പിന്റെ ധർമ്മവസ്ത്രം പോലും ധരിക്കാതെ അടിയുണ്ടാക്കാനിറങ്ങുന്ന ഗുണ്ടാ കോസ്റ്റ്യൂമിലാണ് ഇറങ്ങിയിരിക്കുന്നത്.  അതേ കറുപ്പിനെ കാവിയാക്കാന് പെടാപാടു പെടുകയാണ് ഇവർ.

 

Spread the love
Read Also  റാഫേലിൽ കേന്ദ്രസർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി

Leave a Reply