Thursday, January 20

കുലീനതയുടെ അടിമകള്‍, നാവിലെ ക്ലാവിളക്കങ്ങള്‍

കുറെ കാലം മുമ്പാണ്,

സൂര്യകീരീടം രാവിന്‍റെ തിരുവരങ്ങില്‍ വീണുടഞ്ഞ ഒരു സന്ധ്യാനേരത്താണ് നാമജപാമൃതമന്ത്രം മലയാളിയുടെ നാവില്‍ ക്ലാവു പിടിച്ചത്. അപ്പോള്‍ നാമജപത്തിന് പകരം അഗ്നിയായി കരള്‍ നീറി മോക്ഷമാര്‍ഗ്ഗം തേടുന്നുമുണ്ടായിരുന്നു. സാംസ്കാരികമായി മോക്ഷം തേടി ഉയര്‍ന്നു വന്നതെല്ലാം ഏട്ടനും തമ്പ്രാനും നഷ്ടപ്രതാപങ്ങളെ വീണ്ടെടുക്കുന്ന നെഞ്ചുയര്‍പ്പുമായിരുന്നു. എം. ടി. വാസുദേവന്‍ നായരുടെ കഥകള്‍ വായിച്ച ദീര്‍ഘനിശ്വാസങ്ങള്‍ അടങ്ങിയിരുന്നെങ്കിലും പെണ്ണുങ്ങള്‍ അപ്പോഴും ദേവാസുരത്തിലെ രേവതിയോ ആറാം തമ്പുരാനിലെ മഞ്ജു വാര്യരോ ആയിരുന്നു.

സാംസ്കാരികമായി ഏത് അധോലോകത്ത് പ്രവര്‍ത്തിച്ചിട്ടാണെങ്കിലും പ്രതാപം വീണ്ടെടുക്കുന്ന നായ(ക)രുടെ യാഥാസ്ഥിതിക ആണധികാരം കുറെക്കാലം മുമ്പേ മുളച്ചു തുടങ്ങിയിരുന്നു. സവര്‍ണ്ണ മേല്‍ക്കോയ്മയുടെ അത്തരം മാടമ്പിക്കളികളെ സാംസ്കാരിക കേരളം തലമുറകള്‍ക്ക് മുമ്പേ തന്നെ തിരസ്കരിച്ചതായിരുന്നു. അത്തരം വീണ്ടെടുപ്പുകളുടെ വിജയങ്ങള്‍ക്കായി ഉള്ളിലെ മതവിരോധങ്ങളെ അടക്കി അറേബ്യ മുതലായ പല വിദേശരാജ്യങ്ങളിലും പലേ അധോലോകങ്ങളിലും എത്തി പണം നേടിയെങ്കിലും പലര്‍ക്കും നാട്ടില്‍ വന്ന് പൗരാണിക ആചാരങ്ങളെ വീണ്ടെടുക്കുന്നതില്‍ സംസ്കാരം തടസ്സമാകുന്നുണ്ടായിരുന്നു.

ഇരുപതാം നൂറ്റാണ്ട് ആദ്യപകുതി മുതല്‍ കേരളത്തില്‍ സംഭവിച്ച സാംസ്കാരികനവോത്ഥാന വിപ്ലവങ്ങളെ ഒരു തരത്തിലും അംഗീകരിക്കാത്തവരാണ് സവര്‍ണ്ണരെന്ന അഹങ്കാരം സ്വയം അലങ്കാരമാക്കിയവര്‍. അവരെ സംബന്ധിച്ചിടത്തോളം വിപ്ലവം ഒരിക്കലും സാധ്യമല്ലാത്തവരാണ്. അതിനാല്‍ വിപ്ലവമെന്നത് സമൂഹികാസമത്വങ്ങള്‍ ഒഴിയുന്ന പരിണാമപ്രക്രിയ ആണെന്ന് അവര്‍ ഒരിക്കലും ചിന്തിക്കില്ല. വിപ്ലവങ്ങളിലുള്ള ഭീതിയാല്‍, വിപ്ലവം നടക്കില്ല എന്ന് അവര്‍ എപ്പോഴും വാ തോരാതെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും.

ബൂര്‍ഷ്വാ സാമ്പത്തികഘടനയുടെ പ്രധാന എതിരാളിയായ മാര്‍ക്സിയന്‍ സാമ്പത്തികശാസ്ത്രമാണ് അവരുടെ ബോധത്തിലെ പ്രധാന ശത്രു. കവിതയിലൊക്കെ വായിച്ചിട്ടുള്ളതുപോലെ, വേല ചെയ്വതെക്കാളും ചെയ്യിക്കുന്നതേ ശീലമായിരുന്ന തങ്ങളുടെ തറവാടുകളെ തകര്‍ത്ത ശാസ്ത്രമാണത്. അതിനെക്കുറിച്ചുള്ള ചിന്ത തങ്ങളുടെ ബോധ്യങ്ങളുടെയും സ്ഫുരണമാണെന്ന് കാണിക്കാന്‍ ഇടയ്ക്കിടെ സാമ്പത്തികസംവരണം എന്നൊക്കെ സാമ്പത്തികശാസ്ത്രത്തിന്‍റെ അഴിച്ചുപണി ആവശ്യപ്പെടും. തുല്യനീതിയ്ക്ക് വേണ്ട ചില മാനസികവികാസങ്ങളുടെ ആവശ്യകത അത്തരക്കാര്‍ക്ക് അശേഷം ബോധ്യമില്ല. ജാതിവ്യവസ്ഥയുടെ ശ്രേണീബന്ധത്തില്‍ അത്തരം മാനസികസവര്‍ണ്ണത പടിപടിയായി എല്ലാ പടിയിലും ഉണ്ട് താനും.

തൊലിനിറത്തിന്‍റെ കാര്യത്തിലാണെങ്കില്‍ കേരളത്തിന്‍റെ ആദിമനിവാസികളില്‍ നിന്നും വേറിട്ട് സങ്കരമെന്ന് പറയേണ്ട രണ്ടും കെട്ടവരാണ് ചിന്നപ്പയലിന്‍റെ ചില പരിഷ്കൃതകൂട്ടുകാര്‍. എങ്കിലും അവരില്‍ ചിലര്‍ സവര്‍ണ്ണം, അവര്‍ണ്ണം എന്നൊക്കെ ചിന്തിക്കുന്നവരായിരിക്കുന്നു. ജനിതകഘടനകള്‍ വെളിവായിട്ടും ജാതി, മതം എന്നൊക്കെ ജീവിതരീതി ഉണ്ടാക്കുന്നവരായിരിക്കുന്നു. ഏകാത്മ മാനവവാദം എന്ന അടിസ്ഥാനര്‍ശനമാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും മുന്നോട്ടു വെക്കുന്നതെന്നും കൈകാര്യ കര്‍ത്താക്കളാണ് വിഭജിക്കുന്നതെന്നും ചിന്തിക്കാത്തവരായിരിക്കുന്നു. ജാതി, മത, രാഷ്ട്ര, വിഭാഗീയവിഭജനസങ്കല്പങ്ങളെ അവര്‍ സ്വയം അതിരുകളാക്കുന്നു.

അവനവന്‍റെ കളപ്പുരകളില്‍ ചിന്താശേഷി നഷ്ടപ്പെട്ടവര്‍ വേറെ മനഃസുഖമന്വേഷിച്ചു. വിപ്ലവത്തിന്‍റെ മറുപുറത്തുള്ള വിശ്വാസം രക്ഷയ്ക്കെത്തി. രാഷ്ട്രീയമായി ഇടമറുകിനെ വിട്ടു, ഫിലിപ്പ് എം പ്രസാദിനെപറ്റി പറഞ്ഞു. പണ്ടാരോ തട്ടുമ്മേലെറിഞ്ഞ ആചാരാനുഷ്ഠാനങ്ങളെ പൊടി തട്ടിയെടുത്തു. പൊടിയേറ്റ ശ്വാസം മുട്ട് മാറാന്‍ ആശുപത്രിയില്‍ പോയി, വയറു നിറയെ ഗുളിക തിന്നു. മനപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള മാറാരോഗങ്ങള്‍ക്ക് മരുന്ന് ഏല്ക്കില്ലെന്നായപ്പോള്‍ അമ്പലം പ്രാപിച്ചു. അതിന് മാര്‍ഗ്ഗം ഭക്തിയായി. എല്ലാം അലിയുമല്ലോ എന്നാണ് ഞായം.

പക്ഷെ ഭക്തിയുടെ നിറവിലും ഉള്ളിലെ വിഭാഗീതകള്‍ അവരെ വിട്ടൊഴിഞ്ഞില്ല. അത് കൂടുതല്‍ സവര്‍ണ്ണതയുടെ എടുപ്പുകളുള്ള തിടമ്പുകള്‍ ഉയര്‍ത്തുകയായിരുന്നു. ഇസ്ലാം വിരോധം കേരളീയാന്തരീക്ഷത്തില്‍ വിജയിക്കില്ല എന്ന തിരിച്ചറിവ് അറബിക്കായുടെ വരവിലുണ്ടാകാവുന്ന ബോധത്താല്‍ അവര്‍ക്കുണ്ടായതാണ്. പക്ഷെ ദളിതരോട് അവജ്ഞയും വിരോധവും ആയാല്‍ ആരെന്ത് ചോദിക്കാന്‍ എന്ന തരത്തില്‍ സജീവമായ മാടമ്പിത്തരത്തെയും ദളിത് വാദങ്ങളാല്‍ അംബേദ്കറിയന്‍ ഉത്തരാധുനികകേരളം സാംസ്കാരികമായി മറി കടന്നിരുന്നു. കെ കെ കൊച്ചൊക്കെ അയ്യന്‍കാളിയ്ക്കും അംബേദ്കറിനും ഒപ്പം ചിന്തിച്ച് വളരുന്നതൊക്കെ അവരെ വിഷമിപ്പിച്ചു. സവര്‍ണ്ണം കരി പുരണ്ടതാകയാല്‍ അതു കൊണ്ടരിശം തീരില്ലല്ലോ.

ഉത്തരാധുനികതയുടെ ചിന്താപരിസരങ്ങളില്‍ തന്നെയായിരുന്നു സവര്‍ണ്ണതയും മുളച്ചു തുടങ്ങിയത് എന്നതാണ് വൈരുദ്ധ്യം. തമസ്കരിക്കപ്പെട്ട സവര്‍ണ്ണവൈകല്യങ്ങളെ പുനരുദ്ധരിക്കാന്‍ അവര്‍ ആദ്യം പ്രകൃതിയ്ക്ക് മേല്‍ തന്നെയാണ് കൈ വെച്ചത്. ഇടിഞ്ഞു പൊളിഞ്ഞ് കാട് മൂടിക്കിടന്നിരുന്ന അമ്പലങ്ങളെല്ലാം നാടു നീളെ ഫ്ലക്സ് ബോര്‍ഡ് വെച്ച് ഫണ്ട് പിരിച്ച് നവീകരിക്കുകയും ഇല്ല ബ്രാഹ്മണരെ കൊണ്ടു വന്ന് ഇല്ലാത്ത ദേവപ്രശ്നവും ശുദ്ധികലശവും സപ്താഹവും നടത്തുകയും ചെയ്തു. അവര്‍ പറഞ്ഞ പ്രകാരം വിഗ്രഹപ്രതിഷ്ഠയും പൂജാകര്‍മ്മങ്ങളും നടത്തി. അപ്പോഴൊക്കെ, അതൊരുതരം സവര്‍ണ്ണ നവോത്ഥാനമാണെന്ന് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാതെ സവര്‍ണ്ണവിപ്ലവപ്പാര്‍ട്ടിക്കാര്‍ അമ്പലക്കമ്മിറ്റികളില്‍ കടന്നു കൂടി ഭക്തിമാര്‍ഗ്ഗക്കാരാവുകയായിരുന്നു. അവിടെ വിപ്ലവചിന്തയ്ക്കും വീര്യത്തിനും മതപരിവര്‍ത്തനം തുടങ്ങുംകയും ചെയ്തു.

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകള്‍ മുതല്‍ കേരളത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിട്ടുള്ള കാവുകളുടെ എണ്ണം നോക്കിയാല്‍ ഇവര്‍ നടത്തിയ പാരിസ്ഥിതിക വിരുദ്ധതയ്ക്ക് പലരും ജയിലില്‍ ആകേണ്ടി വരും. കുടുംബസ്വത്തുക്കളുടെ മൂലകളില്‍ ആരും കേറാതെ കാടു പിടിച്ചിരുന്നത് മുതല്‍ പൊതു സ്വത്തായിരുന്ന കാവുകള്‍ വരെ വെട്ടി വെടിപ്പാക്കി സവര്‍ണ്ണ ദൈവങ്ങളുടെ വമ്പന്‍ കെട്ടിട സമുച്ചയങ്ങളുടേതാക്കി. വാസ്തുവിദ്യയൊക്കെ വീടു വെക്കുന്നവരെ വിശ്വസിപ്പിക്കാനുള്ള തട്ടിപ്പിനപ്പുറം കേരളീയ ക്ഷേത്ര നിര്‍മ്മാണ വാസ്തുവിദ്യയുടെ ഏഴയലത്തെ തൊട്ടില്ല. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തില്‍ അധിഷ്ഠിതമായിരിക്കണം ഭക്തിയുടെ ആദിമ ഉറവിടം എന്ന് പോലും ചിന്തിക്കാത്ത പണികളാണ് ഇവിടെ നടന്നത്.

കാവുകളില്‍ ഉണ്ടായിരുന്ന തനത് ദ്രാവിഡദൈവങ്ങളെ പുറത്താക്കുകയായിരുന്നു സവര്‍ണ്ണ ക്ഷേത്ര നിര്‍മ്മാണത്തിന്‍റെ രാഷ്ട്രീയോദ്ദേശ്യം എന്ന് അന്ന് ആരും ചിന്തിച്ചില്ല, പറഞ്ഞുമില്ല. ദൈവങ്ങളുടെ മതപരിവര്‍ത്തനം അവിടെ നടന്ന പ്രധാന പ്രക്രിയ ആയിരുന്നു. വെറും നാട്ടുകല്ലുകളായിരുന്ന ചാവരും മാടനുമൊക്കെ വിഗ്രഹങ്ങളില്‍ ശിവനും വിഷ്ണുവുമൊക്കയായി, കാളിയും മറുതയുമൊക്ക ലക്ഷ്മിയും സരസ്വതിയുമായി. അയ്യപ്പ സന്നിധാനത്തു നിന്നും ബുദ്ധഭിക്ഷുക്കളെ ആട്ടിയോടിച്ച് ബ്രാഹ്മണതന്ത്രിയെ അകത്താക്കിയത് തന്നെയായിരുന്നു കാവുകളുടെ ക്ഷേത്ര വല്കരണത്തിലും നടന്നത്. ദളിതരായ ഊരാളി പൂജാരികളെ മാറ്റി ഇല്ല ബ്രാഹ്മണ നമ്പൂതിരിമാരെ പൂജാരിമാരാക്കിയത് അതല്ലാതെ മറ്റെന്തായിരുന്നു.

ആക്ഷേപാര്‍ഹമായ ആചാരാനുഷ്ഠാനങ്ങളിലും അനല്പമായ അഹന്തയിലും എടുത്തണിഞ്ഞിരുന്ന മേല്‍ക്കോയ്മകളുടെ മേലങ്കികളെല്ലാം അഴിഞ്ഞു പോയി നാണം കെട്ടവര്‍ ഇപ്പോള്‍ മറ്റൊരു കുടുക്കിലാണ്. അന്തസ്സും ആഭിജാത്യവുമൊക്കെയായി കുലീനത എന്ന അബദ്ധധാരണയുടെ കുടുക്കിലാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. ചിന്തകളിലെ നൈതികതയ്ക്കും ലോകവ്യാപാരത്തിലെ പൊതുബോധത്തിനും ചിത്തവൃത്തികളിലെ സംയമനാവസ്ഥയ്ക്കുമപ്പുറം എന്ത് കുലീനതയാണ് സംസ്കാരത്തിലുള്ളതെന്ന് ഇവര്‍ ചിന്തിക്കുന്നില്ല. കസവണിയുകയും ചന്ദനക്കുറി ഇടുകയും ചെയ്താല്‍ കുലീനമാവുമെന്ന തോന്നലില്‍ കൈകളില്‍ രാഖി കെട്ടി അമ്പലത്തില്‍ വരുന്ന സ്ത്രീകളുടെ ചന്തിക്കോ മുലയ്ക്കോ നോവിക്കാന്‍ വെമ്പുന്നവന് തന്‍റെ വീട്ടിലെ പെണ്ണിനെ അമ്പലം കയറ്റാതിരിക്കാന്‍ തോന്നുന്നത് സ്വാഭാവികം മാത്രം.

അത്തരക്കാരാണ് ശബരിമലയില്‍ കയറാന്‍ വരുന്ന പെണ്ണുങ്ങളെ തടയുമെന്ന് പറയുന്നത്. സ്ത്രീകള്‍ ശബരിമലയില്‍ വന്നാല്‍ അവരെ പുലിയും പുരുഷന്മാരും പിടിക്കുമെന്ന മുന്‍ ദേവസ്വം പ്രസിഡന്‍റിന്‍റെ ആഹ്വാനം തന്നെയാണ് അത്. അതേ സ്ത്രീകളെ കണ്ടാല്‍ നിയന്ത്രണം പോകുന്ന ആണധികാരികള്‍ കാമത്തെയും മോക്ഷത്തെയും ഇരുമുടിയാക്കി കെട്ടിയാണോ ശബരിമലയില്‍ പോകുന്നത്. അങ്ങനെയെങ്കില്‍ തുല്യത എന്ന മനുഷ്യാവകാശത്തിനെതിരെ തെരുവില്‍ പോരാടുന്നവരെ മനുഷ്യരായി കണക്കാക്കാനാവില്ലല്ലോ. കാടിനു വേണ്ടിയല്ല പറയുന്നത് എന്നതിനാല്‍ കാടന്മാരെന്നും. ശരണം ചരണമാകുമ്പോള്‍ പിന്നെന്ത് സ്വാമി എന്നല്ല, അയ്യപ്പന് ഇനി എന്തെല്ലാം തിന്തകത്തോം എന്ന് കാത്തിരുന്ന് കാണാം.

സ്വാമി ഗേ ആണോ, എന്ന് സ്ത്രീവിരോധവുമായി തെരുവിലിറങ്ങിയവരുടെ വിദേശത്തു നിന്നെത്തിയ കൊച്ചുമക്കള്‍ ചോദിക്കില്ലെന്ന് കരുതാം.

 

Read Also  യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കില്ല; മനിതി സംഘം തിരിച്ചിറങ്ങി; പൊലീസ് സുരക്ഷ നൽകുന്നില്ല

 

 

Spread the love

Leave a Reply