Saturday, September 19

‘സ്പോർട്സിൻ്റെ ശക്തിയും കരുത്തും അറിഞ്ഞവർ നാം ‘ ; പുരസ്കാരം സ്വീകരിച്ചുകൊണ്ട് സച്ചിൻ

ഹൃദയത്തോട് ചേർത്ത ലോകകപ്പ് വിജയം സമ്മാനിച്ച അനുഭവം വിവരിക്കാൻ വാക്കുകളില്ലെന്നും സ്പോർട്സിന്റെ കരുത്ത് അനുഭവിച്ചവരാണ് തങ്ങളെന്നും കായിക പുരസ്കാരം നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

2011-ൽ നടന്ന ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയപ്പോൾ സഹതാരങ്ങൾ സച്ചിനെ ചുമലിലേറ്റി മുംബൈ വാംഖഡെ സ്റ്റേഡിയം വലംവെച്ച നിമിഷമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ മികച്ച കായിക നിമിഷമായി തിരഞ്ഞെടുക്കപ്പെട്ടത്. കായികരംഗത്തെ ഓസ്കർ എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്.
ലോറസ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സച്ചിൻ

ഇന്ത്യയിൽ വെച്ചു നടന്ന ആ ലോകകപ്പ് വിജയം അവിശ്വസനീയമായിരുന്നുവെന്ന് പറഞ്ഞ സച്ചിൻ അത് പറഞ്ഞറിയിക്കാൻ വാക്കുകൾ പോരെന്നും കൂട്ടിച്ചേർത്തു. വ്യത്യസ്ത അഭിപ്രായങ്ങളില്ലാതെ ഒരു രാജ്യം മുഴുവൻ ഒന്നിച്ചിരുന്ന് ആഘോഷിച്ച നിമിഷം അധികം ഉണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു. ”സ്പോർട്സിന്റെ ശക്തി എന്താണെന്നും അത് നമ്മുടെയെല്ലാം ജീവിതത്തിൽ വരുത്തുന്ന മാജിക്ക് എന്താണെന്നതിന്റെയും ഓർമപ്പെടുത്തലാണ് അത്. സ്പോർട്സിന്റെ ശക്തി എന്താണെന്ന അനുഭവിച്ചറിഞ്ഞവരാണ് ഞങ്ങൾ, ഇന്നും ആ നിമിഷം കാണുമ്പോൾ ഞാൻ ആശ്ചര്യപ്പെടാറുണ്ട്”

” എനിക്ക് 10 വയസ്സുള്ളപ്പോൾ 1983-ലാണ് എന്റെ യാത്ര ആരംഭിക്കുന്നത്, അതെക്കുറിച്ച് പറയുന്നതെന്തിനെന്നാൽ, ക്രിക്കറ്റ് ഫോളോ ചെയ്യാത്തവർക്കുപോലും 1983-ൽ ഇന്ത്യ ലോകകപ്പ് ജയിച്ചവരാണ്. 10 വയസുള്ളപ്പോൾ ലോകകപ്പ് ജയത്തിന്റെ പ്രാധാന്യമെന്തെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എല്ലാവരും ആഘോഷിക്കുന്നത് കണ്ട് ഞാനും ഒപ്പംകൂടി. എന്നാലും രാജ്യത്ത് എന്തോ പ്രത്യേക കാര്യം സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. ഒരു ദിവസം എനിക്കും അത് അനുഭവിക്കണമെന്ന് തോന്നിയിരുന്നു. അവിടെനിന്നാണ് എന്റെ യാത്ര തുടങ്ങുന്നത്”.

” ലോകകപ്പ് ഞാൻ കൈയിൽ പിടിച്ചപ്പോൾ ചിത്രത്തിൽ എന്റെ കൈയിൽ ത്രിവർണം ഉള്ളതായി കണ്ടു. അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം. ഒപ്പം 22 വർഷം പിന്തുടർന്ന് ആ സുന്ദരമായ ട്രോഫി കൈയിൽ പിടിച്ച നിമിഷവും. ഞാൻ പിന്മാറിയില്ല, പ്രതീക്ഷ കൈവിട്ടുമില്ല. എന്റെ രാജ്യത്തെ ജനങ്ങൾക്കു വേണ്ടി ആ ട്രോഫി ഉയർത്താൻ സാധിച്ചത് എനിക്ക് ഏറെ സംതൃപ്തി നൽകിയ കാര്യമാണ്. ഇന്ത്യയ്ക്കായി 24 വർഷം ക്രിക്കറ്റ് കളിക്കാൻ സാധിച്ചത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ഇതിൽ കൂടുതൽ എനിക്ക് എന്താണ് വേണ്ടത്”.

”വെറും 19 വയസുള്ളപ്പോഴാണ് എനിക്ക് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ടേലയെ കാണാനുള്ള ഭാഗ്യം സിദ്ധിക്കുന്നത്. അദ്ദേഹത്തിന് നേരിടേണ്ടിവന്ന പ്രതിസന്ധികളൊന്നും തന്നെ അദ്ദേഹത്തിന്റെ നായകത്വത്തെ ബാധിച്ചിരുന്നില്ല. മണ്ടേല നൽകിയ നിരവധി വലിയ സന്ദേശങ്ങളിൽ എനിക്ക് ഏറ്റവും പ്രധാനപ്പെട്ടതായി തോന്നിയത് ഇതാണ്, സ്പോർട്സിന് എല്ലാവരെയും ഒരുമിപ്പിക്കാനുള്ള കരുത്തുണ്ട്”.

Read Also  ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബി ജെ പിയിൽ

. ചൊവ്വാഴ്ച പുലർച്ചെ ബെർലിനിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാരം

Spread the love

Leave a Reply