കർണാടകത്തിലെ രാഷ്ട്രീയം ഇപ്പോൾ ചാക്കുകളെ കേന്ദ്രീകരിച്ചാണല്ലോ മുന്നേറുന്നത്. ഭരണകൂടം എന്ന വാക്ക് ഇനി രൂപപ്പെടുന്നത് ചാക്കുകളെ യും ചണവ്യവസായത്തെയും ആധാരമാക്കിയായിരിക്കുമെന്നുറപ്പായിരിക്കുന്നു. അതായത് കർണാടകത്തിലെ മുഖ്യകഥാനായകനായി ചാക്ക് മാറി എന്നതിൻ്റെ ദൃശ്യശ്രാവ്യമധുരം നാം നുണഞ്ഞല്ലോ. കഥാനായകൻ എന്ന പുല്ലിംഗം തന്നെ പ്രയോഗിക്കണം. അല്ലെങ്കിൽ ഫെമിനിസ്റ്റുകൾ നമ്മെ തല്ലിക്കൊല്ലും. ആൺ കൂട്ടങ്ങളുടെ കുത്തക വ്യവസായമാണല്ലോ ഇത്.

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഒരു പറ്റം ചാക്കു മുതലാളിമാർ രംഗത്തിറങ്ങിയതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. ക്രമസമാധാനപ്രശ്നത്തിലേക്ക് സംഗതി എത്തിച്ചേരുന്നതിനുമുമ്പ് ചാക്കിൽ എത്ര പേർ കയറുമെന്ന് കൊണ്ടുപോകുന്ന ചിരിക്കുന്ന ഗാന്ധി നിറഞ്ഞുതുളുമ്പിയ ചാക്കുകെട്ടുകളുടെ വലിപ്പമനുസരിച്ചിരിക്കുമെന്നാണു വിവരം. ഇപ്പോൾ കേന്ദ്രത്തിലിരിക്കുന്ന ആഭ്യന്തരൻ എന്ന വിദ്വാൻ്റെ പൂർവ്വചരിത്രമൊക്കെ നമുക്കെല്ലാം വശമാണല്ലൊ. അതിയാനാണല്ലോ ഇപ്പോഴും സംഘപരിവാർ പാർട്ടിയുടെ ഷെഫ്. അദ്യത്തിൻ്റെ കുഴിഞ്ഞ ബുദ്ധിയിലാണു ചാക്കുകെട്ടുകൾ രംഗത്തിറങ്ങിയിരിക്കുന്നത്.

അതായത് ജനാധിപത്യം ഇപ്പോൾ ചാക്കുകളിൽ നിറഞ്ഞുനിൽക്കുകയാണു. ഇനി ഇന്ത്യയിൽ ഇതുതന്നെയാണു സൂചനയാണു സംഘപരിവാർ നേതൃത്വം നൽകുന്നത്.  അവരുടെ രാഷ്ട്രീയം തറയാണെന്ന് ചില വിശകലനവിശാരദന്മാർ അരുളുന്നുണ്ട്. അതിനോട് പ്രതിഷേധമുണ്ട്. കാരണം തറയെന്നത് നിലം എന്നർഥം വരുന്ന വാക്കാണു. അത് ഭൂമിയെ അപമാനിക്കലാണു. ഇങ്ങനെയൊരു ജനുസ്സ് ഭൂമിയിൽ അവതരിച്ചത് ഇതിനൊക്കെവേണ്ടിയാണെന്നാണു പ്രവാചകന്മാരൊക്കെ എഴുതിവെച്ചിരുന്നതത്രെ. ഒരു വലിയ പാചകപ്പുരയിലെ പാചകക്കാരാണവരൊക്കെ. നല്ല രുചിയുള്ള വസ്തുക്കളൊക്കെ നാട്ടാരെ കൊള്ളയടിച്ചുകൊണ്ടുവന്ന് പാചകം ചെയ്യും. ഉച്ഛിഷ്ടം പൗരന്മാർക്കും കൊടുക്കും. പ്രധാനപാചകക്കാരനെ ഷെഫ് എന്നാണു പറയുക. അങ്ങേരാണു ബുദ്ധിയെല്ലാമുപദേശിച്ചുകൊടുക്കുന്നത്

അപ്പോൾ ചിന്തിക്കേണ്ടത് ഇനി ഈ നിലയിലാണു. ചാക്കുകളിൽ കയറാൻ പരമ്പരാഗത മൂല്യങ്ങൾ പിന്തുടരുന്ന കോൺഗ്രസ്സ് തന്നെയാണു എപ്പോഴും വാർത്തകളിൽ നിറയുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത് ഉറപ്പിച്ചിരിക്കുകയാണു. കേന്ദ്രത്തിൽ സംഘപരിവാർ വീണ്ടും അധികാരത്തിലെത്തിയതോടെ ഇനി അഹിംസാപാർട്ടിയിൽ നിന്നിട്ട് ഒരു പ്രയോജനവുമില്ലെന്ന് അവർ ഉറപ്പിച്ചിരിക്കുകയാണു.

രാഷ്ട്രീയപ്രവർത്തനമെന്നാൽ സ്വയം ത്യജിക്കൽ ആണെന്നാണല്ലോ മോഹൻ ദാസ് കരം ചന്ദ് ഗാന്ധിയെപ്പോലുള്ളവർ പഠിപ്പിച്ചു തന്നിരിക്കുന്നത്. പക്ഷെ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രതിനിധിയെന്നാൽ ഒരു ചാക്ക് ദ്രവ്യം കണ്ടാൽ ഏതു കണ്ടം വഴിയും ചാടാൻ തയ്യാറാകുന്ന പാരമ്പര്യം ഇപ്പോഴും മറന്നിട്ടില്ല എന്ന് ഓർമ്മിപ്പിക്കുകയാണു കർണാടകത്തിലെ ഇടപാടുകളിലൂടെ കാണുന്നത്. കർണാടകരാഷ്ട്രീയത്തിലെ ഏറ്റവും വലിയ തിമിംഗലച്ചാക്കായ വൃദ്ധനാണു വീണ്ടും മുഖ്യമന്ത്രിയാകാൻ വേണ്ടി കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്. അതിനുവേണ്ടി എൻഫോഴ്സ്മെൻ്റും കേന്ദ്ര ആദായ നികുതിവകുപ്പുമെല്ലാം ചാക്കുകളുമായി വല വീശിയപ്പോൾ കാര്യം എളുപ്പമായിരിക്കുകയാണു.

അതാണിപ്പോഴത്തെ പുതിയ ശൈലി. ആദായനികുതി വകുപ്പിനെ ക്കൊണ്ട് ഒരു റെയ്ഡങ്ങ് നടത്തിക്കുക. അപ്പോൾ തന്നെ അവർ ആ ചൂണ്ടയിൽ കുരുങ്ങി ചാക്കുകളിലേക്ക് അടിയും. മറുകണ്ടമെത്തിയാൽ സകലസുകുമാരസുഖങ്ങളും ഓഫറുണ്ടേ..പിന്നെ ആനന്ദലബ്ധിക്കിനിയെന്തുവേണ്ടി…ഫൈവ് സ്റ്റാറല്ല പിന്നെ ടെൻ സ്റ്റാറായി ജീവിതം. പശ്ചിമഘട്ടം മുഴുവൻ തോണ്ടിമറിച്ചിട്ട ഖനികളുടെ രാജാവാണു സംഘപരിവാറിൻ്റെ ബലം..അങ്ങേർ നയിക്കുന്ന രാഷ്ട്രീയമാണു കർണാടകം വാഴുന്നത്. അവിടത്തെ ഏഴു കോടി പ്രജകളെ നയിക്കുന്നത് ഈ ഖനി രാജാവാണെന്നത് പരസ്യമായ രഹസ്യമാണു.

Read Also  തെരഞ്ഞെടുപ്പിനെ നേരിടുന്ന ഒരു സർക്കാരിനു യുദ്ധം ചെയ്യുന്നതിനെന്താണു തടസ്സം ? പി. കെ. സി. പവിത്രൻ എഴുതുന്നു

ഒരു അരിമില്ലിലെ ഗുമസ്തനിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് പിച്ച വെച്ച ഈ എടിയൂരപ്പ ഖനി രാജാവായി ഉയർന്ന ചരിത്രമൊക്കെ പ്രജകളിൽ പലർക്കും നന്നായറിയാവുന്നതാണല്ലോ. അതുകൊണ്ട് രാഷ്ട്രീയവ്യാപാരം എങ്ങനെ നടത്തിക്കൊണ്ടുപോകണമെന്ന് നല്ല പരിശീലനം കിട്ടിയിട്ടുള്ള ആളായതിനാൽ കൂടുതലൊന്നും ഉപദേശിച്ചുകൊടുക്കേണ്ട കാര്യമില്ല. പിന്നെ അങ്ങേരെ ഷെഫ് സൈന്യവും പരിവാരങ്ങളുമായി കൂടെയുണ്ടല്ലോ. അങ്ങേരാണല്ലോ രണ്ടുപേർ മാത്രമുള്ള അരുണാചലിൽ ചാക്കുജനാധിപത്യം വിജയകരമായി പരീക്ഷിച്ചത്.

അതുകൊണ്ട് കോൺഗ്രസ്സുകാർക്ക് ഇനി ചാക്ക് കണ്ടാൽ പനിക്കുമെന്ന് സാക്ഷാൽ രാഹുലെന്ന പയ്യനുതന്നെ മനസ്സിലായതുകൊണ്ടാണു ടിയാൻ മരവുരിയൊക്കെ അണിഞ്ഞ് വാനപ്രസ്ഥത്തിനു തക്കം നോക്കിനിൽക്കുന്നത്. കോൺഗ്രസ്സുകാരെന്നാൽ ഇങ്ങനെയൊക്കെയാണെന്ന് മനസ്സിലാക്കാൻ അങ്ങേരിക്ക് അധികം സമയമൊന്നും വേണ്ടിവന്നില്ല എന്നതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ലല്ലോ. വോട്ടുകൊടുക്കുന്ന കഴുതകളും കൂടി അത് ആലോചിക്കേണ്ടിയിരിക്കുന്നു. ഒരു ചാർട്ടേർഡ് വിമാനത്തിലാണത്രെ ആവശ്യമുള്ള ചാക്കുകൾ ബംഗലുരുവിലെത്തിയത്. എന്തൊരു തള്ളായിരുന്നു അതിൽ കയറിപ്പറ്റാനുള്ള കോൺഗ്രസ്സുകാരുടെ നിര.

നിരനിരയായി അടുക്കിവെച്ചിരിക്കുന്ന ചാക്കുകളുടെ അടിത്തട്ടിലും തനി വൈലറ്റ് ചിക്ക്ലി തന്നെയാണെന്ന് കൈകടത്തി പരിശോധിച്ചിട്ടാണു സൂത്രശാലികൾ കയറാനൊരുങ്ങുന്നത്. അതുകൊണ്ട് പ്രിയ പൗരന്മാരെ ഇനി ഇന്ത്യയിൽ ചാക്കുജനാധിപത്യത്തിൻ്റെ വസന്തകാലമാണു വരാൻ പോകുന്നതെന്നതിൻ്റെ വിളംബരമാണു ബംഗലുരുവിൽ നടന്നത്. കേരളത്തിലും അതിൻ്റെ തുടർച്ചയുണ്ടാകും. അടുത്ത കേന്ദ്ര ബജറ്റിൽ ചാക്കുകൾക്ക് നികുതിയിളവുണ്ടാകുമെന്നു പ്രതീക്ഷിക്കാം. ചണവ്യവസായത്തിനു പാകമായ അസംസ്കൃതവസ്തുക്കളില്ലെങ്കിൽ ചൈന നമ്മെ സഹായിക്കും. അവർക്ക് അയൽക്കാരുടെ ചാക്കുയുഗത്തിൽ സന്തോഷമേ ഉണ്ടാവാനിടയുള്ളൂ. ഇനി കേരളത്തിലെ ജനവും പോളിംഗ് ബൂത്തുകളിലേക്കിറങ്ങി കൈപ്പത്തിയിലേക്കടിക്കാൻ ഒരുങ്ങുന്നവർ മനസ്സിൽ ചാക്കുകളുടെ ഇമേജ് കൂടി മനസ്സിൽ കണ്ട് കുത്തണമെന്ന ജാഗ്രതയുണ്ടാവുന്നത് നന്നായിരിക്കും.

നമ്മുടെ പ്രിയപ്പെട്ട രാഹുൽജി ഇനി ഇറങ്ങുന്നതിനു മുമ്പ് വന്ദ്യവയോധികനായ വോറജിജിയോട് ഒരു കാര്യം ഉപദേശിക്കുന്നതു നന്നായിരിക്കും. അദ്ദേഹം ഇറങ്ങുന്നതിനുമുമ്പ് ഈ ചാക്ക് കോൺഗ്രസ്സിനെയങ്ങ് ഭംഗിയായി പിരിച്ചുവിടണം. രാഹുൽജി ഒരു പുതിയ ഇടതുപക്ഷസ്വഭാവമുള്ള പാർട്ടിയുടെ ആലോചനയിലാണെന്നൊക്കെ കേട്ടിരുന്നു. അങ്ങനെയൊരു പരിപാടിയൊണ്ടെങ്കിൽ അതിനുമുന്നോടിയായി ഈ ചാക്കുപസ്ഥാനത്തെ പിരിച്ചുവിടാനുപദേശിക്കുകയെങ്കിലും ചെയ്യാമോ ? ദൃശ്യങ്ങൾ കണ്ട് മടുത്തു ജീ…മടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here