Wednesday, January 19

ഗന്ധം; സാദത്ത് ഹസൻ മൻടോയുടെ കഥ ,  പരിഭാഷ : അൻസർ അലി 

പരിഭാഷ : അൻസർ അലി 

ഇത് പോലെ മഴയുള്ള ഒരു ദിവസം. ജാലകത്തിന് പുറത്ത് ഇതേപോലെ മഴയില്‍ കുളിക്കുന്ന അരയാലിലകള്‍. അന്ന് ജനാലയിൽ നിന്ന് അല്പം  ദൂരെ  നീക്കിയിട്ടിരുന്ന ഇതേ തേക്ക് കട്ടിലില്‍ രണ്ധീറിന്റെ മാറോട് ചേര്‍ന്ന് കിടന്നിരുന്നത്  ഒരു ഘാട്ടി[1] പെണ്ണ്.

നേരം സന്ധ്യയായിക്കഴിഞ്ഞിരുന്നു. ജാലകത്തിന് പുറത്ത് നിലാവെളിച്ചത്തില്‍ ശരറാന്തലിന്റെ തൊങ്ങലുകള്‍ പോലെ ആലിലകള്‍ ഇളകുന്നു. ഇംഗ്ലീഷ് പത്രത്തിലെ വാര്‍ത്തയും പരസ്യവും പലയാവര്‍ത്തി വായിച്ചിട്ട് ആലസ്യം മാറ്റാന്‍ ബാല്‍ക്കണിയില്‍ വന്നു നില്ക്കുകയായിരുന്നു അയാള്‍. താഴെ മഴനനയാതിരിക്കാന്‍ പുളിമരത്തിന്റെ ചുവട്ടില്‍ മാറില്‍ കൈകള്‍ പിണച്ച് നില്ക്കുന്ന ചരടുണ്ടാക്കുന്ന കമ്പനിയിലെ തൊഴിലാളിയായ ഘാട്ടി പെണ്ണ്. തിമർത്ത് പെയ്യുന്ന മഴ.  അയാള്‍ ചുമച്ച് അവളുടെ ശ്രദ്ധയാകര്‍ഷിച്ചു. കൈ കൊണ്ട് ആംഗ്യം കാട്ടി, നനയാതിരിക്കാൻ മുകളിലേക്ക് വരാന്‍.

ദിവസങ്ങളായി ഏകാന്തതയുടെ മുഷിപ്പ് അയാളെ കാര്‍ന്ന് തിന്ന്കൊണ്ടിരിക്കുന്നു. ലോകമഹായുദ്ധം തുടങ്ങിയിരുന്നു.  മാനസോല്ലാസത്തിന് നിഷ്പ്രയാസം ലഭ്യമായിരുന്ന മിക്ക ആംഗ്ലോഇന്ത്യന്‍ പെണ്‍കുട്ടികളും പട്ടാളത്തില്‍ ചേര്‍ന്നിരിക്കുന്നു. ബാക്കിയുള്ളവര്‍ ഫോര്‍ട്ടില്‍ നൃത്തശാലകള്‍ തുറന്നു; അവിടെ വെള്ളപ്പട്ടാളക്കാര്‍ക്ക് മാത്രം പ്രവേശനം.

ഈയവസ്ഥയില്‍ രണ്ജീത് വളരെ ഉദാസീനനായി. ഞാന്‍ വെള്ളക്കാരെക്കാള്‍ പരിഷ്ക്കാരി, അഭ്യസ്തവിദ്യന്‍, സുമുഖന്‍, യുവാവ്. എന്നിട്ടും ഫോര്‍ട്ടിലെ എല്ലാ ക്ലബ്ബുകളും എന്റെ മുമ്പില്‍ കൊട്ടിയടച്ചിരിക്കുന്നു, കാരണം എന്റെ തൊലിയുടെ നിറം തന്നെ.

യുദ്ധത്തിന് മുമ്പ് അയാള്‍ നാഗ്പാഡയിലേയും താജ് മഹല്‍ ഹോട്ടല്‍ പരിസരത്തിലേയും പല ഗോവന്‍ തരുണികളുമായും അടുപ്പം പുലര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ രണ്‍ധീര്‍ ഗോവന്‍ പയ്യന്മാരില്‍ നിന്നും ഒരുപടി മുന്നിലായിരുന്നു. കുറേനാള്‍ റൊമാൻസ്  ഒരു ഫാഷനായി കൊണ്ട് നടന്നിട്ട് ഏതെന്കിലും ഒരു പോഴനെ വിവാഹം കഴിച്ച് കുടുംബജീവിതം തുടങ്ങുക എന്നതായിരുന്നു ഈ പെണ്‍കുട്ടികളുടെ പതിവ്.

പെണ്ണിനെ മുകളിലേക്ക് വിളിക്കുമ്പോള്‍ ഹേസലിനോട് പ്രതികാരം ചെയ്യുക എന്ന ഒറ്റ ഉദ്ദേശം മാത്രമേ അയാളുടെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ഹേസല്‍ നേരേ താഴെയുള്ള ഫ്ലാറ്റില്‍ താമസിക്കുന്നു. ഓരോ ദിവസവും രാവിലെ യൂണിഫോറം ധരിച്ച്, ക്രോപ്പ് ചെയ്ത തലയില്‍ കാക്കിനിറത്തിലുള്ള തൊപ്പി ചരിച്ച് വെച്ച് ചുറ്റ് വട്ടത്തുള്ള സകലമാന പുരുഷന്മാരും തന്റെ കാല്‍ക്കീഴിലാണെന്നമട്ടില്‍ ഒരു പ്രത്യേക താളത്തില്‍ നടന്ന്പോകുന്നു. ആവുന്നത്ര ശരീരപ്രദര്‍ശനം നടത്തിയിട്ട്, ഓ ഇതില്‍ എന്ത് കാര്യമിരിക്കുന്നു എന്ന മട്ടില്‍ ചുണ്ടുകളുടെ കോണിൽ ഒരു ചെറുപുഞ്ചിരി ഒളിച്ചു വെക്കുന്നു. സായാഹ്നങ്ങളിൽ  കോഫീഹൗസിൽ   ഗതകാലപ്രണയങ്ങളുടെ  വീരേതിഹാസകഥകള്‍ വിളമ്പുന്നു.

ആംഗ്യത്തിലൂടെ ഘാട്ടിപ്പെണ്ണിനെ മുകളിലേക്ക് വിളിച്ചപ്പോള്‍ അവളുമായി കിടക്ക പന്കിടുന്നകാര്യം അയാള്‍ സ്വപ്നേപി ചിന്തിച്ചിരുന്നില്ല. അവള്‍ ഉടുത്തിരുന്ന ചേല നനഞ്ഞൊലിക്കുന്നത് കണ്ടിട്ട് ന്യൂമോണിയ പിടിപെടുമോ എന്ന ഉല്‍ക്കണ്ഠയായിരുന്നു. അയാള്‍ക്ക്. “തുണി മാറ്റിക്കോളൂ, പനിപിടിക്കും, ” എന്ന് അയാള്‍ പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍ ലജ്ജയുടെ ലാഞ്ചന. രണ്ധീര്‍ മാറ്റാന്‍ മുണ്ട് കൊടുത്തു. അല്പനേരം സന്ദേഹത്തില്‍ മുഴുകിയിട്ട് അവൾ  തന്റെ അഴുക്ക്പിടിച്ച് നനഞ്ഞൊട്ടിയ പാവാട അഴിക്കാന്‍ തുടങ്ങി.

അഴിച്ച തുണി  ഒരു വശത്തേക്കിട്ട്  തിടുക്കത്തില്‍ അവള്‍ മുണ്ട് കൊണ്ട് ശരീരത്തിന്റെ കീഴ്ഭാഗം മറച്ചു.   നിറഞ്ഞമാറിന്റെ നിമ്ന്നോന്നതങ്ങള്‍ക്കിടയില്‍ കുരുങ്ങിയ ചോളിയുടെ കെട്ടഴിക്കാനുള്ള ഒരു ശ്രമം നടത്തി.

നനഞ്ഞത് കാരണം കെട്ട് കൂടുതല്‍ മുറുകുകയാണുണ്ടായത്. നഖം കൊണ്ട് ഒരു ശ്രമം കൂടി നടത്തി പരാജയപ്പെട്ടപ്പോള്‍ ഹതാശയായി രണ്ധീറിനോട് മറാഠിയില്‍ “എന്ത് ചെയ്തിട്ടും അഴിയുന്നില്ല” എന്ന് പറഞ്ഞു.

രണ്ധീര്‍ അവളുടെ അടുത്തിരുന്നിട്ട് കെട്ടഴിക്കാന്‍ തുടങ്ങി. ചോളിയുടെ രണ്ടറ്റത്ത് നിന്നും ശക്തിയായി വലിച്ചപ്പോള്‍ കുരുക്ക് അയഞ്ഞു. അയാളുടെ കണ്ണുകള്‍ക്ക് മുമ്പില്‍ തുടിക്കുന്ന രണ്ട് ഉരോജങ്ങള്‍ തിളങ്ങി. ക്ഷണനേരം ഈ കാഴ്ച അയാളെ നനഞ്ഞ്കുഴഞ്ഞ മണ്ണില്‍ നിന്നും കുശവന്റെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട ഗോളാകാരങ്ങളെ ഓര്‍മ്മിപ്പിച്ചു.

കുശവന്റെ മൂശയില്‍നിന്നും പുറത്തെടുത്ത പുത്തന്‍കലങ്ങളുടെ അതേ ചൂടുള്ള തണുപ്പ്, അതേ തുടിപ്പ്, അതേ ഇക്കിളി പകരുന്ന സാന്നിദ്ധ്യം, അതേ വര്‍ത്തുളത്വം.

ചേറ്മണ്ണിന്റെ നിറമുള്ള ഇളംനെഞ്ചില്‍ നിന്നും ഒരു പ്രത്യേകതരം പ്രകാശം പുറപ്പെടുന്നുണ്ടായിരുന്നു, കുളത്തിലെ കെട്ടിക്കിടക്കുന്ന ജലത്തിന്റെ  മങ്ങിയ വെളിച്ചത്തില്‍ പൊങ്ങുന്ന തിളക്കം പോലെ.

Read Also  ജോണി ജെ പ്ലാത്തോട്ടത്തിൻ്റെ കഥ

ഇത് പോലെ മഴയുള്ള ആ ദിവസം. ജാലകത്തിന് പുറത്ത് അരയാലിലകള്‍ ഇത് പോലെ ഇളകുന്നുണ്ടായിരുന്നു. അലസമായി വലിച്ചെറിഞ്ഞ അഴുക്ക്പിടിച്ച് നനഞ്ഞ്കുതിര്‍ന്ന തുണികള്‍ തറയില്‍ ഒരു കൂനയായി കിടക്കുന്നു. അടുത്ത് കട്ടിലില്‍ ഒട്ടിച്ചേര്‍ന്ന രണ്ട് ശരീരങ്ങള്‍. അവളുടെ നഗ്നശരീരം അയാളുടെയുള്ളില്‍ വിക്ഷോഭം ഉണര്‍ത്തി. ശൈത്യദിനങ്ങളില്‍ ക്ഷൗരക്കാരുടെ മലീമസമെന്കിലും ആവി ഉയരുന്ന ഹമാമില്‍[2] കുളിക്കുന്നത് പോലെ സുഖമുള്ള അനുഭവം .

വെളുക്കുവോളം അവള്‍ രണ്ധീറിനോട് ഒട്ടിച്ചേര്‍ന്ന് കിടന്നു. കൂട്ടിക്കുഴച്ച മണ്ണ് പോലെ ഒത്തുചേര്‍ന്നിരുന്ന ഇരുവരും കഷ്ടിച്ച് ഒന്നു രണ്ട് വാക്കുകള്‍ കൈമാറിക്കാണും. പറയാനും കേള്‍ക്കാനുമുള്ളത് നിശ്വാസങ്ങളും, ചുണ്ടുകളും, കൈകളും ഏറ്റെടുത്തത്പോലെ. രാത്രി മുഴുവന്‍ അയാളുടെ കൈകള്‍ ഇളംകാറ്റ് പോലെ അവളുടെ മാറ് തഴുകിക്കൊണ്ടിരുന്നു. ഈ തഴുകല്‍ ഘാട്ടിപ്പെണ്ണിന്റെ ഗാത്രത്തില്‍ സൃഷ്ടിച്ച  കിരുകിരുപ്പില്‍ അയാളും സ്വയം പ്രകമ്പിതനായി.

ഇതിന് മുമ്പും ഈ കമ്പനം അയാള്‍ അനുഭവിച്ചിട്ടുള്ളതാണ്. അനേകം പെണ്കുട്ടികളുടെ കോമളവും എന്നാല്‍ ഉറച്ചതുമായ ഇളംമാറുകള്‍ തന്റെ മാറോട് ചേര്‍ത്ത് ഇത് പോലെ എത്രയോ രാത്രികള്‍ ചിലവഴിച്ചിരിക്കുന്നു. ജീവിതത്തെക്കുറിച്ച് തികച്ചും അജ്ഞരായ നിഷ്കളന്കരായ കുമാരിമാരുമായും ബന്ധപ്പെട്ടിട്ടുണ്ട്. അന്യരോട് പറയാന്‍ പറ്റാത്ത വീട്ട്കാര്യങ്ങള്‍ വരെ അവര്‍ അയാളോട് പറയും .

മറ്റ് ചിലരാകട്ടെ, ക്രീഡകളില്‍ സ്വയം മുന്‍കൈയെടുത്ത്  അയാളെ കായികാദ്ധ്വാനത്തില്‍ നിന്നും ഒഴിവാക്കും.

ഈ ഘാട്ടിപെണ്ണ് അവരില്‍നിന്നെല്ലാം വ്യത്യസ്തയായിരുന്നു. രാത്രി മുഴുവന്‍ അവളുടെ ദേഹത്ത്നിന്നും ഒരു പ്രത്യേക ഗന്ധം ഉതിരുന്നുണ്ടായിരുന്നു. ഒരേ സമയം സുഗന്ധവും ദുര്‍ഗ്ഗന്ധവുമായി തോന്നിയ ഈ മണം അയാള്‍ വെളുക്കുവോളം കോരിക്കുടിച്ചു. അവളുടെ കക്ഷത്തില്‍ നിന്നും, മാറില്‍ നിന്നും, തലമുടിയില്‍നിന്നും, രോമകൂപങ്ങളില്‍ നിന്ന് വരെ നാറ്റവും നറുമണവുമായ ഈ ഗന്ധം ഉതിര്‍ന്ന് രണ്ധീറിന്റെ ശരീരത്തിലാകെ ലയിച്ചു. അയാള്‍ക്ക് തോന്നി ഘാട്ടിപ്പെണ്ണിന്റെ ശരീരത്തില്‍ ഈ ഗന്ധമില്ലായിരുന്നുവെന്കില്‍ അവളുടെ സാമീപ്യം ഇത്രയും അനുഭവപ്പെടില്ലായിരുന്നുവെന്ന്. ഗന്ധം അയാളുടെ മസ്തിഷ്ക്കത്തിലെ ഓരോ അണുവിലും നുഴഞ്ഞുകയറി പഴയതും പുത്തനുമായ അനുഭവങ്ങളെ നിറംപിടിപ്പിച്ചു.

ഗന്ധം രണ്‍ധീറിനേയും ഘാട്ടിപ്പെണ്ണിനേയും ഏകരൂപമാക്കിത്തീര്‍ത്തു, ഇരുവരും പരസ്പരം നിമഗ്നരായത് പോലെ. അന്തമില്ലാത്ത കയത്തിലിറങ്ങി കലര്‍പ്പില്ലാത്ത അനുഭൂതിയില്‍ മുങ്ങിത്താഴുന്ന, നൈമിഷികമെന്കിലും ഒരിക്കലും തീരാത്ത അനുഭൂതി. മാറിക്കൊണ്ടിരുന്നുവെന്കിലും, ഉറച്ചതും സ്ഥിരമായതും. ഘാട്ടിപ്പെണ്ണിന്റെ അംഗപ്രത്യംഗങ്ങളില്‍ നിന്നും ഉറവയായി പൊട്ടി വന്ന ഗന്ധം രണ്ധീറിന് ജ്ഞാതമായിരുന്നെന്കിലും നിർവചിക്കാനാവാത്തത്. ഏതാണ്ട് കന്നിമണ്ണില്‍ ആദ്യമഴത്തുള്ളികള്‍ വീഴുമ്പോള്‍ പൊങ്ങുന്ന മണം ഓര്‍മ്മിപ്പിച്ചുവെന്കിലും അതല്ല, മറ്റെന്തോ ആണെന്ന തോന്നല്‍. ലാവണ്ടറിന്റേയും അത്തറിന്റേയും കലര്‍പ്പ് ചേരാത്ത, തികച്ചും അകൃത്രിമമായ,  ശാരീരികവേഴ്ച പോലെ നേരും പവിത്രവുമായ എന്തോ ഒന്ന്. രണ്ധീറിന് വിയര്‍പ്പ് നാറ്റം ഇഷ്ടമല്ല.  കുളികഴിഞ്ഞാലുടന്‍ കക്ഷങ്ങളിലും കഴുത്തിലും ടാല്ക്കം പൗഡര്‍ കുടഞ്ഞിടും. അതിശയമെന്ന് പറയട്ടെ, ആ ദിവസം അയാള്‍ ഘാട്ടിപ്പെണ്ണിന്റെ കഴുത്തിലും രോമാവൃതമായ കക്ഷങ്ങളിലും തെരുതെരെ ചുംബിച്ചു, തെല്ലും അറപ്പില്ലാതെ. നേരേമറിച്ച് ഒരു  വിചിത്രമായ തുഷ്ടി അനുഭവപ്പെടുകയും ചെയ്തു. ഈ ഗന്ധം ചിരപരിചിതമാണ്, ഇതിന്റെ ഗൂഢാര്‍ത്ഥങ്ങള്‍ വിശദീകരിക്കാനാവില്ലെങ്കിലും സ്വയം ഗ്രഹ്യമാണ് എന്ന് തോന്നി.

ഇത്പോലെ മഴപെയ്ത ഒരു ദിവസം. ഇത് പോലെ മഴയില്‍ കുളിക്കുന്ന അരയാലിലകള്‍. കാറ്റില്‍ അലിഞ്ഞ് ചേര്‍ന്ന സ്പന്ദനങ്ങളും മര്‍മ്മരങ്ങളും. ഇരുട്ടില്‍ ലയിച്ചുകഴിഞ്ഞ അവ്യക്തമായ പ്രകാശത്തില്‍ മഴത്തുള്ളികള്‍ ആകാശത്ത് നിന്നും പരശ്ശതം നക്ഷത്രധൂളികളെപ്പോലെ പതുക്കെ പതുക്കെ ഒഴുകിവീഴുന്നു. അന്ന് മുറിയില്‍ ഒരേയൊരു കട്ടില്‍ മാത്രമേ ഉണ്ടായിരിന്നുള്ളൂ. ഇന്ന് അടുത്ത് മറ്റൊരു കട്ടില്‍ കൂടി ചേര്‍ത്തിട്ടിരിക്കുന്നു. കൂടാതെ ചുമരിനോട് ചേര്‍ന്ന് ഒരു ഡ്രെസ്സിംഗ് ടേബിളും.    മഴത്തുള്ളികളോടൊപ്പം താഴേക്കിറങ്ങുന്ന നക്ഷത്രധൂളികള്‍. അന്തരീക്ഷത്തില്‍ മൈലാഞ്ചിയുടേയും അത്തറിന്റേയും കടുത്ത ഗന്ധം. അടുത്ത കട്ടില്‍ ഇപ്പോള്‍ ശൂന്യമാണ്. രണ്‍ധീര്‍ കമഴ്ന്ന് കിടന്ന് ജാലകത്തിന് പുറത്ത് നൃത്തം ചെയ്യുന്ന അരയാലിലകളെ നോക്കിക്കൊണ്ടിരുന്നു.

ഒരു പെൺകുട്ടി തന്റെ വെളുത്ത ശരീരത്തിന്റെ നഗ്നത  പാടുപെട്ട് പുതപ്പിനുള്ളില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ട് രണ്ധീറിന്റെയടുത്തേക്ക് പതുക്കെ നീങ്ങി. അടുത്ത കട്ടിലില്‍ അവളുടെ കടുംചുവപ്പ് തൊങ്ങലുകളുള്ള ചുവന്ന പട്ടുസല്‍വാറിനെ കൂടാതെ അലസമായി വാരിയെറിഞ്ഞ അടിവസ്ത്രങ്ങളും. പാലിനുവേണ്ടി കരയുന്ന കുഞ്ഞിന്റെ നിലവിളിയേക്കാള്‍ ആനന്ദദായകമായ ഒരു വിളി രണ്ധീറിന് അനുഭവപ്പെട്ടു. ഘാട്ടിപ്പെണ്ണിന്റെ ദേഹത്തില്‍ നിന്നും മണത്തറിഞ്ഞ അതേ അനുഭവം. കിനാവുകളുടെ കെട്ട്പൊട്ടിച്ച് പുറത്ത് വന്ന് നിശ്ശബ്ദതയില്‍ അലിയുന്നത് പോലുള്ള വിളി.

Read Also  ബി പി എൽ ; വി. കെ. അജിത് കുമാറിൻ്റെ കഥ

രൺധീര്‍ ജാലകത്തിന് പുറത്തേക്ക് നോക്കിക്കിടന്നു. വളരെയടുത്ത് ഒരു പ്രത്യേകതാളത്തില്‍ ഇളകുന്ന അരയാലിലകള്‍. ഉന്മത്തമായ ഇളക്കങ്ങൾങ്ങപ്പുറം മേഘക്കെട്ടുകളില്‍ ലയിച്ചുചേര്‍ന്ന പ്രത്യേകതരം വെളിച്ചം. ഘാട്ടിപ്പെണ്ണിന്റെ വക്ഷസ്സില്‍ കണ്ട, രഹസ്യം പറച്ചില്‍ പോലെ അമര്‍ന്നതും എന്നാല്‍ സ്പഷ്ടവുമായ അതേ തിളക്കം. അയാളുടെ ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന സുന്ദരിയായ പെണ്ണ്. അവളുടെ ശരീരം പാലും നെയ്യും ചേര്‍ത്ത് കുഴച്ച ഗോതമ്പ് മാവ് പോലെ മൃദുലം. സുഷുപ്തിയിലാണ്ട ദേഹത്തില്‍ നിന്നും പുറപ്പെട്ട മൈലാഞ്ചിയുടേയും അത്തറിന്റേയും ഇടകലര്‍ന്ന പരിമളം, തളര്‍ന്ന് വശായ വികാരത്തിന്റെ അന്ത്യശ്വാസം വലിക്കല്‍ പോലെ അയാള്‍ക്ക് തോന്നി. ആവേശത്തിന്റെ അതിരുകളില്‍ ചെന്ന് തട്ടിനിന്ന ഈ സുഗന്ധം അയാളില്‍ ജുഗുപ്സയുണര്‍ത്തി. അജീര്‍ണ്ണതയുടെ ഏമ്പക്കത്തില്‍ നിന്നും വരുന്ന പുളിപ്പ് പോലെ വര്‍ണ്ണരഹിതവും നിരുന്മേഷവും അസ്വസ്ഥവുമായ സൗരഭ്യം.

രൺധീര്‍ അടുത്ത് കിടന്നിരുന്ന പെണ്ക്കുട്ടിയെ നോക്കി. അവളുടെ ദുഗ്ദ്ധധവളമായ ദേഹത്ത് നിറയെ പാടുകള്‍, പാല് പിരിഞ്ഞതിന് ശേഷം വേര്‍പെട്ട് വെള്ളത്തില്‍ ഒഴുകുന്ന വെളുത്ത പാടകള്‍ പോലെ. മൈലാഞ്ചിയുടെ അസംഗതമായ സുഗന്ധം. അയാളുടെ മസ്തിഷ്ക്കത്തിലാകെ ഘാട്ടിപ്പെണ്ണിന്റെ ശരീരത്തില്‍ നിന്നും നിര്‍ബ്ബാധം പുറത്ത് വന്നിരുന്ന ഗന്ധമായിരുന്നു. മൈലാഞ്ചിയുടെ സുഗന്ധത്തേക്കാള്‍ ലാഘവമുള്ള, രസപ്രദമായ ഗന്ധം. ഘ്രാണിക്കാതെ തന്നെ അന്തരാളങ്ങളിലേക്ക് സ്വയം കടന്ന് ചെല്ലുന്ന മണം.

അവളുടെ കറുത്ത വേണിയില്‍ അങ്ങിങ്ങായി രജതനിറമുള്ള കണങ്ങള്‍ ഒട്ടിപ്പിടിച്ചിരുന്നു. മുഖത്ത് തേച്ച ചുവന്ന പൗഡറും തിളങ്ങുന്ന വെള്ളിനിറമുള്ള കണങ്ങളും ചേര്‍ന്ന് ഒരു വല്ലാത്ത നിറപ്പകിട്ട് സൃഷ്ടിച്ചിരുന്നു. പാല് പോലെ വെളുത്ത വക്ഷസ്സില്‍ നേര്‍ത്ത നീലച്ഛവി. രോമരഹിതമായ കക്ഷത്തിനും ഇളം നീല നിറം.

അവളെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ അയാള്‍ക്ക് തോന്നിയത് മരത്തിന്റെ പെട്ടിയില്‍ നിന്നും ആണിയിളക്കി പുറത്തെടുത്ത പുത്തൻസാമാനമെന്നാണ്. പുസ്തകങ്ങളിലും കളിമണ്‍പ്പാത്രങ്ങളിലും സാധാരണ കാണുന്നത് പോലുള്ള നേരിയ പോറലുകള്‍ ആ   ശരീരത്തിലും കാണാനുണ്ടായിരുന്നു.

രൺധീര്‍ അവളുടെ ഇറുക്കിക്കെട്ടിയിരുന്ന അടിവസ്ത്രത്തിന്റെ കെട്ടഴിച്ചപ്പോള്‍ പൃഷ്ഠഭാഗത്തും മാറിടത്തിലും മാംസളമായ ഞൊറിവുകള്‍ ദൃശ്യമായി. കഴുത്തിന് താഴെ നെക്ലേസിന്റെ   മുന മൃദുമേനിയിലുയര്‍ത്തിയ ചുവന്ന തിണർപ്പ്.

അത് പോലെ ഇന്നും  ഒരു  വര്‍ഷകാലം. അരയാലിന്റെ തളിരിലകളില്‍ മഴത്തുള്ളികള്‍ വീഴുന്ന സ്വരലയം. മുമ്പ് ഒരു രാത്രി മുഴുവന്‍ ശ്രവിച്ചുകൊണ്ടിരുന്ന അതേ ഈണം. മനോജ്ഞമായ അന്തരീക്ഷം. തണുത്തകാറ്റില്‍ ലയിച്ച മൈലാഞ്ചിയുടെ തീക്ഷ്ണഗന്ധം.

രണ്‍ധീറിന്റെ കൈകള്‍ വളരെ നേരം അവളുടെ പാല് പോലെ വെളുത്ത മാറിടത്തില്‍ ഒഴുകി നടന്നു. അവളുടെ ശരീരത്തിലാകമാനം ഓടിനടന്ന  സ്ഫുലിംഗങ്ങളെ അയാളുടെ വിരലുകള്‍ അറിഞ്ഞു. ആ മൃദുലതയില്‍ നിന്നും പുറത്തുവന്ന കമ്പനങ്ങളും  ഇന്ദ്രിയങ്ങൾക്ക്  ഗോചരമായി. മാറോട് ചേര്‍ത്ത് അണച്ചപ്പോള്‍ അവളുടെ ശരീരത്തിലെ പ്രകോപിക്കപ്പെട്ട വീണക്കമ്പികളില്‍ നിന്നും പുറപ്പെട്ട നാദവും അയാള്‍ കേട്ടു. പക്ഷേ ആ ശബ്ദം എവിടെ?

രണ്‍ധീര്‍ അറ്റകൈ എന്ന നിലക്ക് അവളുടെ ശരീരത്തെ തഴുകിയുണര്‍ത്താന്‍ ശ്രമിച്ചുവെന്കിലും അനുരണനങ്ങളൊന്നും വന്നില്ല. ഫസ്റ്റ്ക്ളാസ്സ് മജിസ്റ്റ്രേറ്റിന്റെ പുത്രിയും ബീ ഏ കാരിയും കോളേജില്‍ അനേകം യുവാക്കളുടെ ഹൃദയസ്പന്ദനവുമായിരുന്ന നവവധുവിന് അയാളിലെ ചേതനയെ തൊട്ടുണര്‍ത്താന്‍ കഴിഞ്ഞില്ല. രണ്‍ധീര്‍ മൈലാഞ്ചിയുടെ സുഗന്ധത്തില്‍ ഇത് പോലെ മഴത്തുള്ളികള്‍ ആലിലകളെ കുളിപ്പിച്ച വര്‍ഷകാലത്ത് ഘാട്ടിപ്പെണ്ണിന്റെ ശരീരത്തില്‍ നിന്നും പുറപ്പെട്ട ഗന്ധം തിരയുകയായിരുന്നു.

 

 

 

 

 

 

 

 

 

[1] ഘാട്ടി : പശ്ചിമമഹാരാഷ്ട്രയിലെ മലമ്പ്രദേശങ്ങളില്‍ (ഘാട്ട്) നിന്നും വരുന്നവര്‍ക്കെതിരെ ഉപയോഗിക്കുന്ന സംജ്ഞ

 

[2] ഹമാം  : സാമൂഹ്യ സ്നാനഗൃഹം 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply