ഇന്ത്യയിൽ വിവാദ പ്രസംഗം നടത്തി കേസുകൾ നേരിടുന്ന വിവാദമതപ്രഭാഷകൻ സാക്കിർ നായികിൻ്റെ പ്രഭാഷണങ്ങള്‍ക്ക് മലേഷ്യയില്‍ വിലക്ക്. ചൈനീസ് വംശജർക്കും ഹിന്ദു വിഭാഗങ്ങള്‍ക്കുമെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിലാണ് മലേഷ്യന്‍ സര്‍ക്കാരിന്റെ നടപടി. രാജ്യത്ത് എവിടെയും സാക്കീര്‍ നായിക്ക് മത പ്രഭാഷണം നടത്തരുത് എന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.

ദേശസുരക്ഷയും മതമൈത്രിയും ഐക്യവും നിലനിര്‍ത്തുകയെന്ന രാജ്യ താത്പര്യത്തെ മുന്‍നിര്‍ത്തിയാണ് വിലക്കെന്ന് മലേഷ്യന്‍ പൊലീസ് വ്യക്തമാക്കി. വംശീയമായ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ മൈത്രിയെ ബാധിക്കുമെന്നതിനാല്‍ നായിക്കിന്റെ പൊതു പ്രഭാഷണങ്ങള്‍ നിരോധിക്കുകയാണെന്ന് റേയല്‍ മലേഷ്യന്‍ പൊലീസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ദാതുത് അസ്മാവതി അഹമ്മദ് വ്യക്തമാക്കി.

 സാക്കിർ നായികിൻ്റെ പ്രസംഗം വിവാദമായതിനെത്തുടർന്ന്  മലേഷ്യൻ പ്രധാനമന്ത്രി അപലപിച്ചിരുന്നു . നായിക്കിൻ്റെ മലേഷ്യയിലെ വിദ്വേഷ പ്രസംഗത്തിനെതിരെ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് പരസ്യമായി പ്രതികരിക്കുകയായിരുന്നു. ഓഗസ്റ്റ് ആദ്യവാരം മലേഷ്യയിലെ കോട്ട ബാരുവിൽ നടത്തിയ വിവാദപ്രസംഗത്തിൽ ചൈനീസ് വംശജർക്കും ഹിന്ദുക്കൾക്കുമെതിരെ വംശീയപരാമർശം നടത്തിയതിനെതിരെയാണു മഹാതിർ രൂക്ഷമായി പ്രതികരിച്ചത്. ഈ പ്രസംഗം തന്നെയാണു വിലക്കിനു കാരണമായതും

മലേഷ്യയിൽ തുടരുന്ന ‘പഴയ അതിഥി’കളായ  ചൈനീസ് വംശജർ ഉടൻ രാജ്യം വിടണമെന്നും ഇന്ത്യയിലെ മുസ്‍ലിങ്ങൾക്കുള്ളതിനെക്കാൾ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കൾക്കുള്ളതെന്നുമായിരുന്നു നായിക്കിന്റെ വിവാദപരാമർശം. നായിക്ക് വംശീയരാഷ്ട്രീയം കളിക്കാനാഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പരാമർശമാണിതെന്ന് മഹാതിർ മുഹമ്മദ് പറഞ്ഞിരുന്നു. രാജ്യത്ത് രാഷ്ട്രീയപ്രസംഗമോ പ്രചാരണമോ നടത്താൻ നായികിനു അവകാശമില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി

രാജ്യത്ത് വംശീയവികാരങ്ങളെ ആളിക്കത്തിക്കാനാണ് സാക്കിർ നായിക് ശ്രമിക്കുന്നത്. മതപ്രസംഗം നടത്താനുള്ള അവകാശം നായിക്കിനുണ്ട്. എന്നാൽ, അയാളതല്ല ചെയ്യുന്നത്. വിവാദപ്രസ്താവന രാജ്യത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവാദപ്രസംഗത്തിൻ്റെ വീഡിയോ മലേഷ്യൻ പോലീസ് പരിശോധിച്ചതിനെ ത്തുടർന്നാണു വിലക്ക് വന്നത്. സംഭവത്തിൽ നായിക്കിനെ പോലീസ് പല തവണ ചോദ്യംചെയ്തതായി മലേഷ്യൻ അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച നായിക്കിന്റെ മൊഴിയെടുത്തിരുന്നു.

ഇന്ത്യയിൽ 2016 ൽ നായിക് വിവാദപരമായ മതപ്രസംഗങ്ങളിലൂടെ തീവ്രവാദത്തിനു പ്രേരണ നൽകി എന്ന ആരോപണത്തെ തുടർന്ന് രാജ്യദ്രോഹക്കുറ്റത്തിനു കേസ് എടുത്തിരുന്നു. ഇതെത്തുടർന്ന് സാക്കിർ നായിക് മലേഷ്യയിലേക്ക് കടക്കുകയായിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സാക്കിർ നായിക്കിനെ നാടുകടത്തില്ലെന്ന് മലേഷ്യ

LEAVE A REPLY

Please enter your comment!
Please enter your name here