Monday, January 18

രാമക്ഷേത്രം പിന്തുണച്ചതിന് കോൺഗ്രസ്സിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത

 

അയോധ്യയിലെ രാമക്ഷേത്രശിലാസ്ഥാപനത്തെയും ക്ഷേത്രനിര്‍മാണത്തെയും പിന്തുണച്ച കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത.
കോണ്‍ഗ്രസില്‍ നിന്ന് ഇത്തരത്തിലൊരു നയം പ്രതീക്ഷിച്ചിരുന്നില്ലെന്നും അധികാരത്തിന് വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ മൃദു ഹിന്ദുത്വം പ്രയോഗിക്കുകയാണെന്നും സമസ്ത ആരോപിച്ചു. സംഘടനയുടെ മുഖപത്രമായ സുപ്രഭാതം മുഖപ്രസംഗത്തിലൂടെയാണ് സമസ്ത ആക്രമണം അഴിച്ചുവിട്ടത്.  കമല്‍നാഥിനെയും ദിഗ് വിജയ് സിംഗിനെയും കോണ്‍ഗ്രസ് ഉടൻ പുറത്താക്കണമെന്നും മുഖപ്രസംഗത്തിലൂടെ സമസ്ത ആവശ്യപ്പെട്ടു..

“കോണ്‍ഗ്രസില്‍നിന്ന് മതനിരപേക്ഷ സമൂഹം പ്രതീക്ഷിക്കാത്തതാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനെ പുകഴ്ത്തിയും പ്രശംസിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത് മതേതര ജനാധിപത്യവിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്.” മുഖപ്രസംഗത്തിൽ പറയുുന്നു.

“ജവഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസിന്റെ നെറ്റിത്തടത്തില്‍ പതിപ്പിച്ച സുവര്‍ണ മുദ്രയായിരുന്നു ഇന്ത്യന്‍ മതേതരത്വം. ആ മുദ്രയാണിന്ന് അധികാര രാഷ്ട്രീയത്തിന്റെ മാധുര്യം നുണഞ്ഞിറക്കിയ ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ മായ്ച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ എല്ലാവരുടെയും സമ്മതത്തോടെയാണ് ബാബരി മസ്ജിദ് നിന്ന സ്ഥലത്തു ക്ഷേത്രം പണിയുന്നതെന്ന കമല്‍നാഥിന്റെ പ്രസ്താവന എന്തുമാത്രം ബാലിശമാണ്.”

“ഇന്ത്യയിലെ പതിനേഴ് കോടി മുസ്ലിംകളുടെ ഹൃദയങ്ങളെ കീറിമുറിച്ചാണ് ക്ഷേത്രത്തിനു തറയൊരുക്കുന്നതെന്ന് ഏതാനും സീറ്റുകള്‍ക്കു വേണ്ടി കമല്‍നാഥ് ഓര്‍ക്കാതെ പോയി.

ബി.ജെ.പിയുടെ രാഷ്ട്രീയ അജന്‍ഡയെ തുറന്നുകാട്ടുന്നതിനു പകരം അവരോടൊപ്പം ചേര്‍ന്നുപോകുന്ന രാഷ്ട്രീയനയം സ്വീകരിക്കുക എന്നത് ആത്മഹത്യാപരമാണെന്ന് എന്തുകൊണ്ട് കോണ്‍ഗ്രസ് ചിന്തിക്കുന്നില്ല?”-മുഖപ്രസംഗത്തിലൂടെ സമസ്ത ചോദിക്കുന്നു..

Spread the love
Read Also  കോൺഗ്രസ്സ് കാവിവത്ക്കരിക്കപ്പെടുന്നോ എന്ന തരൂരിൻ്റെ ചോദ്യം വൈറലാവുന്നു