Sunday, May 31

സംഘപരിവാർ ആചാര്യൻ പി.പരമേശ്വരനും കേരളവും ; ആർ സുരേഷ് കുമാർ എഴുതുന്നു

പി.പരമേശ്വരൻ കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ താത്വികാചാര്യനായിരുന്നു. ഹിന്ദുത്വ ദേശീയതയിൽ ജാതിവ്യത്യാസങ്ങൾക്ക് സ്ഥാനമില്ലെന്നും വാത്മീകിയും വേദവ്യാസനുമുൾപ്പെടെയുള്ള അവർണജാതിക്കാരാണ് ഹിന്ദുക്കളുടെ വിശുദ്ധഗ്രന്ഥങ്ങൾ രചിച്ചതെന്നുമുള്ള പ്രചാരണങ്ങളിലൂടെ ഈഴവർ മുതൽ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ കേരളത്തിലെ ബഹുഭൂരിപക്ഷമായ അവർണർക്കിടയിൽ ഹിന്ദുത്വ ആശയത്തിന് വേരോട്ടമുണ്ടാക്കാൻ ബൗദ്ധികനേതൃത്വം കൊടുത്ത വ്യക്തിയായിരുന്നു അദ്ദേഹം.

സജീവമായ അദ്ദേഹത്തിന്റെ ഇടപെടൽ കാലത്ത് അതിനെ പ്രതിരോധിക്കാനും ഹിന്ദുത്വമുന്നേറ്റത്തെ കേരളത്തിൽ തടഞ്ഞുനിർത്താനും ബൗദ്ധിക നേതൃത്വം നൽകിയത് സാക്ഷാൽ ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു. പേരിൽ ജാതിസ്ഥാനം ഉപയോഗിക്കാത്ത മേൽജാതിക്കാരനായ ഒരാൾ മനുസ്മൃതിയുടെ നീതിശാസ്ത്രം ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും നമ്പൂതിരിപ്പാട് എന്നതിനെ പേരിൽ നിന്ന് നീക്കാത്തയാൾ മനുസ്മൃതിയുടെ തത്ത്വങ്ങൾക്കെതിരെ പോരാട്ടം നയിച്ച് ഭൂപരിഷ്കരണമുൾപ്പെടെയുള്ള നടപടികൾക്ക് നേതൃത്വം കൊടുക്കാനും തയ്യാറായ അപൂർവതയാണ് കേരളത്തിലുണ്ടാത്. അത്തരമൊരു പ്രതിരോധം തീർക്കാൻ ഇടതുപക്ഷ ചിന്തകർക്ക് കഴിയാതെ വന്നിരുന്നുവെങ്കിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആർ.എസ്.എസ്.ശാഖകളുള്ള സംസ്ഥാനമെന്ന് അവർ പറയുന്ന കേരളം എത്രയോ കാലം മുന്നേതന്നെ രാഷ്ട്രീയമായും ഭരണപരമായും സംഘപരിവാരത്തിന്റെ വിളയാട്ടഭൂമിയായി മാറുമായിരുന്നു.

ബൗദ്ധിക മേഖലയിലെ സൗമ്യ സാന്നിധ്യമായി തുടരുകയല്ലാതെ പ്രത്യക്ഷരാഷ്ട്രീയത്തിന്റെയും മതപരമോ ജാതീയമോ ആയ സംഘർഷങ്ങളുടെയും മുന്നണിയിലേക്ക് പി.പരമേശ്വരൻ വന്നിരുന്നില്ല. അങ്ങനെ വന്നാലും കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിന്റെ ഗതിഗതിവിഗതികളെ നിശ്ചയിക്കുന്ന നിർണായക ശക്തിയായി ഹിന്ദുത്വത്തെ പ്രതിഷ്ഠിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മനസ്സിലാക്കിയിരിക്കണം. ശ്രീനാരായണഗുരു ഉഴുതുമറിച്ച് നവോത്ഥാനത്തിന്റെ വിത്ത് വിതച്ച മണ്ണിൽ അതിനുള്ള സാധ്യത കുറവായിരുന്നുവെന്നതാണ് സത്യം. എന്നാൽ ഗുരുവിനെ ആത്മീയതലത്തിൽ വ്യാഖ്യാനിച്ച്, ഹൈന്ദവവിശ്വാസ പ്രതീകമായി അവതരിപ്പിച്ച്. ഈഴവർക്കിടയിൽ ഹിന്ദുത്വ ആശയങ്ങളെ വളർത്തി സംഘപരിവാറിന്റെ ആശയഗതികളിലേക്ക് കൊണ്ടുവരാനാണ് പി. പരമേശ്വരൻ പരിശ്രമിച്ചിട്ടുള്ളത്.

പി.പരമേശ്വരൻ മരിക്കുമ്പോൾ ഇന്ത്യയെമ്പാടും പൗരത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ, സമരങ്ങൾ, അടിച്ചമർത്തൽ ശ്രമം ഒക്കെ നടക്കുകയാണ്. മനുസ്മൃതിയിലെയും ഗോൾവക്കർ കൃതികളിലെയും ആശയങ്ങൾ പരോക്ഷമായി അത്തരം നിയമഭേദഗതികളിൽ കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ ഹിന്ദുസമൂഹത്തിലെ ചെറിയൊരു വിഭാഗമെങ്കിലും ഹിന്ദുത്വ ആശയങ്ങളിൽ പ്രചോദിതരായി അസഹിഷ്ണുതയുടെയും മതവിദ്വേഷത്തിന്റെയും അടിത്തറ വളർത്തിയെടുത്തുകൊണ്ട് മുന്നോട്ടു വരുമ്പോൾ പി.പരമേശ്വരനെപ്പോലുള്ളവരുടെ പതിറ്റാണ്ടുകൾ നീണ്ട ബൗദ്ധിക പ്രവർത്തനങ്ങൾ ഫലമുണ്ടാക്കിത്തുടങ്ങിയെന്നു വേണം പറയാൻ.

പി.പരമേശ്വരന്റെ മരണവാർത്ത വന്നദിവസം തന്നെ ദളിത് വംശജനായ ഒരാളെ ക്ഷേത്രനടയിൽ സോപാനസംഗീതമാലപിക്കുന്നതിൽ നിന്നും ഹിന്ദുത്വവാദികൾ തടയുന്നതായും ഭീഷണിപ്പെടുത്തുന്നതായും വാർത്ത വന്നിരിക്കുന്നു. നായാടി മുതൽ നമ്പൂതിരിമാർ വരെ ഹിന്ദുക്കളാണെന്നും അവർ ഒറ്റക്കെട്ടാകുന്ന രാഷ്ട്രവും രാഷ്ട്രീയവുമാണ് വേണ്ടതെന്നും പ്രചാരണം നടത്തിയിരുന്നവരാണ് ഇത്തരം നടപടികളിലേക്കും കടക്കുന്നത്. തങ്ങൾക്ക് ആശയപരമായ നേതൃത്വവും കാഴ്ചപ്പാടും നൽകിയ ഒരാളുടെ അവസാന നാളുകളിൽ ഇതുതന്നെയാവും അവർക്ക് നൽകാവുന്ന ആദരവ്. അന്യമതസ്ഥർ ഉണ്ടാവുമ്പോൾ മാത്രമേ ഹിന്ദുമതവും ഉണ്ടാകുന്നുള്ളു എന്നും അന്യമതസ്ഥർ ഇല്ലാതായാൽ പിന്നീട് ബ്രാഹ്മണനും നായരും ഈഴവരും ദലിതനുമൊക്കെ മാത്രമായി അവശേഷിക്കേണ്ടിവരുമെന്നും അങ്ങനെയുള്ള ഒരുസമുഹത്തിൽ എന്തൊക്കെയാണ് നടക്കേണ്ടതെന്ന് മനുസ്മൃതിയിൽ പറഞ്ഞിട്ടുണ്ടെന്നും ഹിന്ദുത്വത്തിന്റെ പേരിൽ ഐക്യം കൂടുന്നവർ തിരിച്ചറിയേണ്ടിവരും.

Read Also  ശബരിമലയിലെ ശരണം വിളിയെ ഐസിസിന്റെ തക്ബീർ വിളിയോട് ഉപമിച്ച് കോടിയേരി

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Leave a Reply

Your email address will not be published.