Friday, May 27

ശബരിമലയിലെ ശരണം വിളിയെ ഐസിസിന്റെ തക്ബീർ വിളിയോട് ഉപമിച്ച് കോടിയേരി

ശബരിമലയിലെ സ്ത്രീ വിവേചനത്തിനെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കാതിരിക്കാൻ സംഘപരിവാർ ശബരിമലയിലും മറ്റും ശരണം വിളിക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികൾ തക്ബീര്‍ വിളിക്കുന്നതുപോലെ ചോരക്കളം സൃഷ്ടിക്കാനാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭക്തര്‍ക്ക് പുണ്യംകിട്ടാനോ വിശ്വാസികള്‍ക്ക് സൗകര്യം കിട്ടാനോ അല്ല സംഘപരിവാരം നാമജപം നടത്തുന്നത്. ശബരിമല പ്രക്ഷോഭം സംഘപരിവാറിന്റെ മൂശയില്‍ വാര്‍ത്തെടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയ സമരമാണ്. കേരളത്തില്‍ ഇതുവരെ വേരുപിടിക്കാത്ത ബിജെപിക്ക് ആളെപിടിക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടും സീറ്റും നേടാനുമുള്ള കുറുക്കുവഴിയാണ്. പ്രക്ഷോഭനായകര്‍ തന്നെ രാഷ്ട്രീയ ഉദ്ദേശ്യം വെളിപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ സംഘപരിവാര്‍ സമരത്തിന് ഒപ്പംനില്‍ക്കുന്ന മുസ്ളീം ലീഗും കോണ്‍ഗ്രസും അടങ്ങുന്ന യുഡിഎഫും നവോത്ഥാനത്തിന് സംഭാവന നല്‍കിയിട്ടുള്ള സാമൂഹികസംഘടനകളും വ്യക്തികളും വീണ്ടുവിചാരം നടത്തണമെന്നും കോടിയേരി ആവശ്യപ്പെടുന്നു.

പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ മുസ്ളീം ലീഗിനെയും കോടിയേരി കുറ്റപ്പെടുത്തുന്നു. വഴിതെറ്റലില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കല്ല. മുസ്ളീം ലീഗ് അവർക്ക് മുന്നിലാണന്നും മതസഹിഷ്ണുതയുടെ ആരാധനാകേന്ദ്രമായ ശബരിമലയെ ഹിന്ദുവര്‍ഗീയതയുടെ വിളനിലമാക്കാനുള്ള സംഘപരിവാര്‍ പ്രക്ഷോഭത്തിന് കുടപിടിക്കാന്‍ മുസ്ളീം ലീഗ് നേതൃത്വവും മടികൂടാതെ മുന്നിലുണ്ടന്നും കോടിയേരി പരിഹസിക്കുന്നു. ബിജെപി സമരത്തിന് ശക്തിപകരാനാണ് യുഡിഎഫ് നേതാക്കള്‍ ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം പ്രകടിപ്പിച്ചത്. ആ കൂട്ടത്തില്‍ മുസ്ളീം ലീഗ് നേതാവ് ഡോ. എം കെ മുനീറും മുന്നിലുണ്ടായിരുന്നു. സംഘപരിവാറിനെ വെള്ളപൂശാനും അവരുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതുമായ ഇത്തരം നടപടികള്‍ക്ക് ലീഗിന് ചരിത്രം മാപ്പ് നല്‍കില്ലന്നും കോടിയേരി പറയുന്നു. വിശ്വാസ സംരക്ഷണത്തിന് ഞങ്ങള്‍ പ്രക്ഷോഭം കൂട്ടുന്നുവെന്നാണ് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ന്യായം. അത് പ്രകാരമാണെങ്കില്‍ ബാബരി മസ്ജിദ് പൊളിച്ചതും അവിടെ രാമക്ഷേത്രം പണിയാന്‍ ഇറങ്ങിയിരിക്കുന്നതുമായ സംഘപരിവാര്‍ അതിക്രമത്തിനും മറ വിശ്വാസമാണെന്നും കോടിയേരി ലേഖനത്തില്‍ ഓര്‍മിപ്പിക്കുന്നു.

Spread the love
Read Also  ശൈലീമാറ്റം ; സഖാവിനെയും ഇങ്ക്വിലാബിനെയും തിരിച്ചുപിടിക്കുമെന്ന് സിദ്ദീഖ്

Leave a Reply