Wednesday, January 19

തന്ത്രികൾ പടിയിറങ്ങുക; ശബരിമല ആദിവാസികളുടേത്: സന്തോഷ് കുമാർ സംസാരിക്കുന്നു

രണ്ടാം നവോത്ഥാന കാലഘട്ടം അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നും ആദിവാസികളെയും ദളിതരെയും കുടിയിറക്കലിന് വിധേയമാക്കുന്ന ഭരണകൂട ഫാസിസ്റ്റ് ശക്തികൾക്കെതിരെയും ആദിവാസികളുടെയും ദളിതരുടെയും അവകാശങ്ങൾ തിരിച്ചു നൽകുക എന്ന ആവശ്യം മുൻനിർത്തി കേരളത്തിന്റെ തെരുവുകളിലൂടെ യജമാനൻ അയ്യങ്കാളി നയിച്ച വില്ലുവണ്ടി യാത്രയുടെ തുടർച്ചയായി ഒരു രണ്ടാം നവോത്ഥാന വില്ലുവണ്ടിയാത്ര നടക്കുകയാണ്. ശബരിമല ആദിവാസികളുടേതാണ്. അത് അവർക്ക് വിട്ടു നൽകുക. തന്ത്രികൾ പടിയിറങ്ങുക എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന വില്ലുവണ്ടി യാത്രയുടെ സംഘാടകരിൽ ഒരാളായ സന്തോഷ് കുമാർ വില്ലുവണ്ടി യാത്രയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നു.

സന്തോഷ് കുമാർ

വില്ലുവണ്ടി യാത്രയെന്ന പുതിയ 
നവോത്ഥാന സമരത്തിലൂടെ...

ഡിസംബർ 13 നു അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ നിന്നും വില്ലുവണ്ടി സമര  ജാഥയുടെ തിരുവവന്തപുരം ജാഥ ആരംഭിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പലകേന്ദ്രങ്ങളിലും പര്യടനം നടത്തി വൈകിട്ട് ജില്ലാ സമാപനം ജനാധിപത്യ തെരുവെന്നു നാമകരണം ചെയ്തിട്ടുള്ള മാനവീയം വീഥിയിൽ നടക്കും. സണ്ണി എം. കപിക്കാട് നയിക്കുന്ന ജാഥയുടെ സമാപന സമ്മേളനം കവി കുരിപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. 

ദളിതരുടെ സഞ്ചാര സ്വാതന്ത്യം സ്ഥാപിച്ചെടുത്ത ഇരിങ്ങാലക്കുട കുട്ടംകുളം സമരഭൂമിയിൽ നിന്നാണ് തൃശൂർ വില്ലുവണ്ടി യാത്ര ആരംഭിക്കുന്നത്. ഡിസംബർ 15രാവിലെ 10 മണിയ്ക് ഡോ. രേഖരാജ് വില്ലുവണ്ടിയാത്ര ഉദ്‌ഘാടനം ചെയ്യും. അതുപോലെ തന്നെ വൈക്കം  പൊയ്കയിൽ യോഹന്നാൻ്റെ ആസ്ഥാന മന്ദിരം തുടങ്ങിയ സാമൂഹിക മാറ്റങ്ങൾക്ക് കാരണമായ് ദളിത് ഇടങ്ങളിൽ നിന്നുമാണ് വിവിധ യാത്രകൾ ആരംഭിക്കുന്നത്. ഇതിൻ്റെ പൊതു സമാപനം എരുമേലിയിൽ നടക്കുന്നത് ഡിസംബർ പതിനാറിനാണ്.

ശബരിമല ആദിവാസി പുനസ്ഥാപന
 സമിതിയെക്കുറിച്ച് പറയാമോ?

ശബരിമല ആദിവാസി പുനസ്ഥാപന സമിതി ഒരു കളക്റ്റീവാണ്. വിവിധ ആദിവാസി സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളുടെയും സ്ത്രീ വാദ പ്രസ്ഥാനങ്ങളുടേയും ഒരു കളക്റ്റീവ്. ഇതിൻ്റെ മുൻ നിരയിലുള്ളത് എം. ഗീതാനന്ദനും സണ്ണി എം. കപിക്കാടുമൊക്കെയുള്ള ജനകീയ പ്രവർത്തകരാണ്.

തന്ത്രികൾ പടിയിറങ്ങുക, ശബരിമല ആദിവാസികൾക്ക് തിരിച്ചു നൽകുക, ഭരണഘടന സംരക്ഷിക്കുക, ലിംഗനീതി ഉറപ്പാക്കുക. സ്ത്രീ പ്രവേശനത്തെപ്പറ്റിയുള്ള സുപ്രിം കോടതി വിധി നടപ്പിലാക്കുക, എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

ലിംഗനീതിയെപ്പറ്റിയുള്ള സമരാഹ്വാനം ജാഥയുടെ 
ആദിവാസി അവകാശമെന്ന പ്രഖ്യാപിത ലക്ഷ്യത്തെ 
ദിശമാറ്റിവിടില്ലേ?

ശബരിമലയെ സംബന്ധിച്ച വിഷയങ്ങൾ ഇപ്പോൾ രൂപപ്പെട്ടു വന്നതല്ല. 2011മുതൽ സജീവമായി അതു ചർച്ചചെയ്തു വന്നിരുന്നു. പക്ഷേ ഇപ്പോഴുള്ള സവിശേഷ സാഹചര്യത്തിൽ ലിംഗ നീതിയെപ്പറ്റിയുള്ള ചർച്ചയ്ക്ക് പ്രാധാന്യമുണ്ടെന്നുള്ളതാണ് മനസിലാക്കേണ്ടത്.

പി. കെ. സജീവ് ഉൾപ്പടെ പലരും ആവശ്യപ്പെട്ടിരുന്ന ഒരു വിഷയമാണ് ശബരിമല ആദിവാസികൾക്ക് അവകാശപ്പെട്ടതാണെന്നുള്ളത്. ആദ്യമിത് പൊന്നമ്പലമേടിൽ വിളക്ക് കൊളുത്താനുള്ള അവകാശത്തിനുവേണ്ടിയുള്ളതായിരുന്നു. 1902ൽ തന്ത്രി കുടുംബത്തിൻ്റെ വരവോടെ ഗോത്രാചാരപ്രകരമുണ്ടായിരുന്ന കാനന ക്ഷേത്രത്തിൽ നിന്നും കുടിയിറക്കപ്പെട്ടവരാണവരെന്നും,  തന്ത്രി കുടുംബത്തിൻ്റെ വരവോടെയാണ് അവിടെ ബ്രാഹ്മണിക്കൾ പവർ സ്റ്റ്രക്ചറിലുള്ള ബിംബാരാധനവരുന്നതെന്നും മനസിലാക്കണം.

Read Also  നവോഥാനസമിതിയിൽ വിള്ളൽ ; വിശ്വാസസംരക്ഷണവും നവോഥാനവും ഒരുമിച്ച് പോകില്ലെന്ന് പുന്നല ശ്രീകുമാർ

ശബരിമലയിൽ താമസിച്ചിരുന്ന മലയരയരും മലമ്പണ്ടാരങ്ങളും ഊരാളികളുമുൾക്കൊള്ളുന്ന ആദിവാസി കമ്യൂണിറ്റിയെ അവിടെനിന്നും കുടിയിറക്കുകയായിരുന്നു. 1922-ൽ ദേവസ്വം ബോർഡ് വരുന്നതോടെ കുടിയിറക്കൽ ശക്തമായി. ഇവരിൽ വലിയൊരു ശതമാനം കൃസ്ത്യൻ കമ്മ്യൂണിറ്റിയിലേക്ക് പരിവർത്തനം ചെയ്തു. ക്ഷേത്രം കത്തിയപ്പോൾ മലയരയരായ കൃസ്ത്യാനികളാണതു ചെയ്തതെന്ന് ആരോപിക്കുകയും വലിയ തോതിൽ അവിടെ നിന്നും അവശേഷിച്ചവരേക്കൂടി ആട്ടിയോടിച്ചു. എഴുപതുകളിലാണ് കരിമലയുടെ അധിപനെന്നോക്കെപ്റയുന്ന മൂഴിക്കൽ കുടുംബക്കാരെയും അതുപോലെ തന്നെ ക്ലാരപ്ലാക്കൾ നാണുവിനേയും ഒക്കെ കുടിയിറക്കിയത്. ദേവസ്വം ബോർഡും വനം വകുപ്പും സവർണ്ണ സമുദായങ്ങളുമെല്ലാം ചേന്നാണ് ഇതിനു നേതൃത്വം നൽകിയത്. അതുകോണ്ട് തന്നെ ഈ ക്ഷേത്രത്തിൽ നിന്നും തന്ത്രികൾ പടിയിറങ്ങി ആദിവാസികൾക്ക് ഇതു വിട്ടുകൊടുക്കണമെന്ന ആവശ്യത്തിനു പ്രാധാന്യമേറുന്നു. അതുപോലെ തന്നെ ബ്രാഹ്മണിക്കൾ പിന്തുടർച്ചയുടെ ഭാഗം തന്നയായ സ്ത്രീ പ്രവേശനംസബന്ധിച്ച ചർച്ചയും ആർത്തവമായാലും ശുദ്ധിയും അശുദ്ധിയും സംബന്ധിച്ച ധാരണകളുമെല്ലാം ഈ പിന്തുടർച്ചയിൽ നിന്നാണുണ്ടാകുന്നത്. ശുദ്ധവാദമെന്നൊക്കെപ്പറയുന്നത് ബ്രാഹ്മണിക്കൽ പിന്തുടർച്ചയാകുമ്പോൾ സ്ത്രീ പ്രവേശനം സംബന്ധിച്ച ഇപ്പോഴത്തെ എല്ലാ സങ്കൽപ്പങ്ങളും ബ്രാഹമണിക്കൽ ആണ്. അതിനെ അഡ്രസ് ചെയ്യണമെങ്കിൽ സ്ത്രീ നീതിയെക്കുറിച്ച് സംസാരിക്കേണ്ടിവരും. അതുകൊണ്ട് ലിംഗനീതിയേപ്പറ്റിയുള്ള ഈ സമരത്തിലെ ചിന്ത ഈ സമരത്തെ ഡൈവർട്ട് ചെയ്യുകയല്ല അത് ഈ സമരത്തെ ശക്തമാക്കുകയാണ്.

ബുദ്ധപാരമ്പര്യം എന്ന ശബരിമലയുടെ ചരിത്രം 
തള്ളിക്കളയുകയല്ലേ അപ്പോൾ?

ബുദ്ധപാരമ്പര്യം കീഴ്ത്തട്ടിലായിരുന്നല്ലോ ഉണ്ടായിരുന്നത്. പലസ്ഥലങ്ങളിൽ നിന്നും ബുദ്ധമതത്തിൻ്റെയോ ജൈനമതത്തിൻ്റെയോ സാന്നിധ്യമുണ്ടായിരുന്നെന്നുള്ള തെളിവുകൾ കിട്ടുന്നുണ്ട്. എന്നാൽ പലേടങ്ങളിലും ഇതില്ലായിരുന്നെന്നുള്ളതും അംഗീകരിക്കേണ്ടവസ്തുതയാണ്. പല ബുദ്ധിസ്റ്റുകളും പറയുന്നപോലെ കേരളം മുഴുവൻ ബുദ്ധമതമായിരുന്നെന്നൊന്നും കരുതുന്നില്ല. അത് ബ്രാഹ്മണർ അവരുടെ വേദചരിത്രം പറയുന്നപോലെ മിത്തുകളിൽ നിന്നും രൂപപ്പെടുത്തിയെടുക്കുന്നതാണ്. എന്നാൽ ഇന്ന് ഹിന്ദുമതമെന്നറിയപ്പെടുന്ന ബ്രാഹമണ മതം പ്രബലമാകുന്നതിനു മുൻപ് ബുദ്ധമതം ഇവിടെയുണ്ടായിരുന്നു. സ്വാഭാവികമായും ഗോത്രസമൂഹങ്ങൾ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള ഗോത്രസമൂഹങ്ങൾ ഇതിനെ പിന്തുടർന്നിരിക്കാം. അപ്പോഴും നമുക്ക് പറയാം ഒരു ആദിവാസിയില്ലാതെ ആ കേന്ദ്രത്തിൽ ഒരു ബുദ്ധപാർമ്പര്യമുണ്ടാകുകയില്ലല്ലോ.?

കേരളം ഇന്നത്തെപ്പോലെ തെക്കു വടക്ക് കേരളമല്ലാതിരുന്ന ഒരു കാലം അന്നു പാണ്ഡ്യ ചേര ചോള എന്നൊക്കെയുള്ള രാജ്യങ്ങൾ കിഴക്ക് പടിഞ്ഞാറു റിസോഴ്സ് ബസ് ഡായാണു നിലനിന്നിരുന്നത്. സ്വാഭാവികമായും പാണ്ഡ്യരാജ്യത്തിൻ്റെ ഒരു വിസ്തൃതി മധുരയിലൊക്കെ ആരംഭിച്ചു നമ്മൾ ഇന്നു കാണുന്ന ശബരിമലയുൾപ്പെടുന്ന പത്തനംതിട്ട പിന്നെ മാവേലിക്കര തുടങ്ങിയ പ്രദേശങ്ങളിലേക്ക് വ്യാപിച്ചാണ് കിടക്കുന്നത്. സ്വാഭാവികമായും ഗോത്രപാരമ്പര്യത്തിൽ നിന്നും ബുദ്ധപാരമ്പര്യത്തിലേക്ക് പിന്നീട് ബ്രാഹ്മണാധിനിവേശത്തിലേക്കു നടന്നിരിക്കാനാണ് സാധ്യതയെന്നേ കരുതാൻ കഴിയൂ. ഇതിൻ്റെ സാധ്യത കൂടുതൽ മനസിലാക്കുന്നത് ശബരിമലയിലെ ഗോത്രവർഗ്ഗക്കാരൊടു സംസാരിക്കുമ്പോൾ അവരുടെ റൂട്ട് ശരിക്കും ബന്ധപ്പെട്ടുകിടക്കുന്നത് പാണ്ഡ്യരാജ്യവുമായാണെന്നു മനസിലാകാൻ കഴിയും. നമ്മളിന്ന് പന്തളമെന്നു വിളിക്കപ്പെടുന്ന കൊട്ടാരമൊക്കെ അതിൻ്റെ പാരമ്പര്യത്തിൽ പാണ്ഡ്യരാജ്യത്തിൻ്റെ സ്വരൂപമായിരുന്നു. ചോളന്മാരുടെ ആക്രമണകാലത്ത് അവിടെനിന്നും രക്ഷപെട്ടുപോന്ന ഒരു കുടുംബം മാത്രമാണ് പന്തളം. ഒരു രാജവംശം എന്നുപോലും അതിനെ വിളിക്കാൻ പറ്റില്ല.

മതത്തിൻ്റെ കാര്യം അവിടെ നിക്കട്ടെ. തദ്ദേശിയ സമൂഹങ്ങളെ അവരുടെ സമ്പത്തിൽ നിന്നും റിസോഴ്സിൽ നിന്നും എങ്ങനെയാണ് ബ്രാഹ്മണാധിപത്യത്തിലൂടെ സംഘടിത പ്രബല സമുദായങ്ങൾ കൈയടക്കിയെന്നുള്ളതിൻ്റെ ഉദ്ദാഹരണമാണ് ശബരിമല. ഈ വിഭവങ്ങളിന്മേൽ ആ മനുഷ്യർക്ക് റൈറ്റുണ്ടാകുകയെന്നതാണ് വളരെ മർമ്മ പ്രധാനമായ ആവശ്യം. ആദിവാസികളും ദളിതരും ഇപ്പോഴും ഭൂസമരം നടത്തേണ്ടി വരുന്നതും അതുകൊണ്ടാണ്. വിഭാധികാരം അതാണ് മനുഷ്യൻ്റെ സാംസ്ക്കാരികമായ സാമ്പത്തികമായ രാഷ്ട്രീയമായ ഉയർത്തെഴുന്നേൽപ്പിൻ്റെ  അടിത്തറയുണ്ടാക്കുന്നത്. അവിടെ നമ്മൾ ഇതിനെ ശബരിമല വേണമെന്നല്ല കാണേണ്ടത്. കുറച്ചുകൂടി രാഷ്ട്രീയമായി ഇതിനെ കാണണം. അതായത് ആദിവാസികൾക്ക് അവരുടെ പതിനെട്ട് മലകളിന്മേൽ ഉണ്ടായിരുന്ന അവകാശം വിട്ടു കിട്ടണം. 2006ലെ വനാവകാശത്തിൻ്റെ പരിധിയിൽ വരുന്നതാണിതും, ആ നിയമത്തിൻ്റെ പരിരക്ഷ കിട്ടണം. ഭരണഘടന 244 ഷെഡ്യൂൾ അഞ്ച് പ്രകാരം സ്വയം ഭരണാധികാരത്തിനുള്ളിൽ വരുന്ന പരിരക്ഷ കിട്ടണം. ഇതിനകത്തുള്ള പല സാംസ്കാരിക അവകാശങ്ങളിൽ ഒന്നു മാത്രമാണ് ക്ഷേത്രാധികാരം. വിശ്വാസത്തിൻ്റെ പ്രശ്നവും അവകാശത്തിൻ്റെ പ്രശ്നവും വേർതിരിച്ചു കാണണം. മുസ്ളീമോ കൃസ്ത്യനോ ബുദ്ധിസ്റ്റോ എന്നൊക്കെപ്പറയുമ്പോൾ അവർ അതിനു മുൻപ് ആരായിരുന്നെന്നുള്ള പാരമ്പര്യത്തിൻ്റെ വശം കൂടി ചിന്തിക്കണം. മതപാരമ്പര്യത്തിനകത്ത് നിന്നുള്ള അവകാശവാദം വളരെ അപകടം പിടിച്ച ഒരു സംഗതിയാണ്. ബുദ്ധിസ്റ്റായിക്കോട്ടെ ഹിന്ദുവായിക്കോട്ടെ അതിനു മുൻപ് ജീവിച്ചിരുന്നവരുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നതിനെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

ക്ഷേത്രത്തിൻ്റെ ധനം ഒരു ഒരു ഘടകമല്ലേ?

അതോരു സ്റ്റേറ്റാണ്, ക്ഷേത്രങ്ങൾ സംബന്ധിച്ചു വരുമാനമുണ്ടാക്കുന്നതിനെപ്പറ്റി എനിക്കു മതിപ്പില്ല, അത് അധികാരം ഊട്ടിയുറപ്പിക്കലാണ്. സ്റ്റേറ്റ് വരുമാനമുണ്ടാക്കുന്നതെങ്ങനെയോ അതു തന്നെയാണിവിടെയും സംഭവിക്കുന്നത്. എനിക്ക് തോന്നുന്നില്ല ആദിവാസി ഗോത്രസമൂഹം ഇപ്പോൾ ഉയർത്തുന്ന അവകാശം സംബന്ധിച്ച ആവശ്യത്തിൽ ക്ഷേത്രധനം ഒരു പ്രധാനഘടകമാണെന്നു തോന്നുന്നില്ല. മറിച്ച് അവരുടെ അവകാശങ്ങൾക്ക് വേണ്ടിയാണവർ മുൻപോട്ട് വരുന്നത്. അതിനെ അങ്ങനെതന്നെ കണ്ടാൽ മതിയാകും. അതായത് കുടിയിറക്കപ്പെട്ട മനുഷ്യർക്ക് അവരുടെ അവകാശം സ്ഥാപിച്ചു കിട്ടണം. അതാണാവശ്യം.

കെ പി എം എസിൻ്റെ സാന്നിധ്യം

ഉണ്ട്. തീർച്ചയായും പുന്നലശ്രീകുമാറുൾപ്പടെയുള്ളവരുടെ പിന്തുണ ഈ സമരത്തിനുണ്ട്. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ വളരെ താത്പര്യത്തോടെയാണിതിനെ കണ്ടത്.

Read Also  തെരുവിലെ ആൾക്കൂട്ടം കണ്ടു കോടതിവിധി നടപ്പാക്കുന്നതിൽനിന്നും സർക്കാർ പിന്നോക്കം പോകരുത്: പുന്നല ശ്രീകുമാർ

സന്തോഷ് കുമാർ വളരെ തിരക്കിലായിരുന്നു. കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൽ കുടമണികിലുക്കിയ വില്ലുവണ്ടിയാത്രയുടെ പുനർനിർമ്മിതിയാണിവിടെ സന്തോഷും സണ്ണി എം കപിക്കാടും ഗീതാനന്ദനും രേഷ്മരാജുമെല്ലാം ചേർന്ന് നടത്തുന്നത്. അവകാശവും ധനവും ജീവിതവുമെല്ലാം നഷ്ടമായ മനുഷ്യർക്ക് വേണ്ടിയുള്ള ഈ ഒത്തു ചേരൽ ഒരു തുടക്കം മാത്രമാകാം. നവോത്ഥാനത്തിൻ്റെ ഈ യാത്ര ജാതി മത മതിലുകൾക്കുപരി നിലവിലെ ബ്രാഹ്മണികമായ ആചാരങ്ങളുടെ കടന്നുകയറ്റം കേരള സാംസ്കാരികചരിത്രത്തെ എത്രമാത്രം ബാധിച്ചുവെന്നതിൻ്റെയും അതിൽ നിന്നുള്ള രക്ഷപെടലിൻ്റെയും ചരിത്രം കൂടിയെഴുതിചേർക്കുമെന്ന് പ്രതീക്ഷിക്കാം.

ശബരിമലയിലെ പൂജാരി എൻ്റെ വല്യപ്പനായിരുന്നു : മലയരയ ഗോത്രത്തിലെ കല്യാണി മുത്തശ്ശിയുടെ വെളിപ്പെടുത്തലുകൾ

Spread the love

Leave a Reply