Monday, January 17

ഒരു വെള്ളിയാഴ്ച വൈകുന്നേരം ധ്യാനിക്കാനിരിക്കുമ്പോള്‍; സന്തോഷ് പാലായുടെ കവിത

സന്തോഷ് പാലാ
1
അഞ്ചു ദിവസത്തെ ജോലിഭാരം
ഒന്നു തണുപ്പിക്കാനായി
മുന്തിയ മദ്യത്തില്‍
മൂന്നാല് ഐസ് ക്യൂബുകളിട്ട്
ബെയ്‌സ്‌മെന്റിലെ ബാറിലിരിക്കുമ്പോള്‍
ഇതുപോലെ ജോലിഭാരം
എന്നുമുണ്ടാകണമേ
എന്ന് തോന്നിപ്പോയി.

നീ പറയാതെ പറഞ്ഞ
വാക്കുകളുടെ മുന കൊണ്ട്
നീറി നീറിയിരുന്നിട്ടുണ്ട്
എങ്കിലും എന്റെ മുതലാളീ
ഒരാഴ്ചകൂടി നീയെന്നെ
കാത്തല്ലോ/സഹിച്ചല്ലോ

‘വര്‍ക്കഹോളിക്’
‘ആല്‍ക്കഹോളിക്’
‘തിങ്കഹോളിക്’
വീട്ടില്‍ കേട്ടു ശീലിച്ചതെല്ലാം
കോഴിക്കാലു നുണഞ്ഞിരിക്കുമ്പോള്‍
മറന്നുപോകുന്നു.

അകത്തിരുന്ന് ടക്കീലയ്ക്ക്
മാര്‍ഗരിറ്റ മിക്‌സ് ചെയുമ്പോള്‍
ഉടുമുണ്ടു പറിയുന്നു.
പിള്ളേരു കാണും എന്നറിയിപ്പ് കിട്ടുന്നു.

വെള്ളിയാഴ്ച
വെളുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.
കുറച്ച് അടക്കവും ഒതുക്കവും വേണ്ടേ?
വഴി മറക്കരുത്.

2

നിങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലോ
തീവ്രവാദ പ്രസ്ഥാനങ്ങളിലോ
അംഗമായിരുന്നോ
എന്ന അമേരിക്കന്‍ പൗരത്വ അപേക്ഷാചോദ്യത്തിന്
ഇല്ല എന്ന മറുപടി കൊടുത്തുകൊണ്ട്
സുഹൃത്ത് സത്യന്‍
ലേശം ആശങ്കകളോടെ എന്നെ വിളിക്കുന്നു.

കുഴപ്പമൊന്നുമില്ലല്ലോ അല്ലേ?

എന്തു കുഴപ്പം?

യുക്തിചിന്തയും
വിപ്ലവചിന്തയും
പെട്ടന്ന് ഉപേക്ഷിച്ചാല്‍
ദൈവം ഉടനെ പ്രത്യക്ഷപ്പെടും
ഞാന്‍ പറഞ്ഞു.

ദൈവത്തില്‍ വിശ്വസിക്കുന്നുതുകൊണ്ടാണല്ലോ
എന്റെ മോഹങ്ങളെല്ലാം
വിശപ്പ് പോലെ
കയറിയിറങ്ങുന്നത്.

ഒരു ചിലന്തിവല പോലും കാണാനില്ല
എങ്കിലുമെവിടെയാണീ കുരുക്ക്?
ഒരു ചുമരിലുമില്ല പല്ലി,
ഒന്നു ചിലച്ചു സത്യം കേള്‍ക്കുവാന്‍.

അമ്പിന്റെ മുനകൊണ്ട് പരതുമ്പോള്‍
വെറുതെ അല്പായുസുകളാകുന്നു
ഡിജിറ്റല്‍ പേജുകള്‍.

3

ടിവി നാലായി പകുത്ത്
കലപിലകൂട്ടൂന്നു
ഒന്നില്‍ മള്‍ടിപ്പിള്‍ ഡെയിറ്റിങ്ങിന്റെ
ഗുണദോഷങ്ങളെപ്പറ്റി
ഒരുവള്‍ ക്ലാസെടുക്കുന്നു.
രണ്ടിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍
*ലെബ്രോന്‍ ജയിംസിന്റെ ഡങ്കിനെ
*സ്റ്റെഫ് കറി ഒരു ക്ലച്ച് ത്രീ പോയിന്റ് ഇട്ട് തകര്‍ക്കുന്നു

മൂന്നില്‍ *ഷാര്‍ക്ക് ടാങ്ക്
ബിസിനസ്സ് സംഭരകരെ
നിങ്ങള്‍ കടന്നുവരൂ എന്നു മാടിവിളിക്കുന്നു
ചാനല്‍ നാലില്‍
വേഴാമ്പല്‍ മലയാളത്തിന്
വെള്ളം കൊടുക്കുന്നു.

4
വേച്ചു പോകുന്ന ടിവിക്കും
കൂട്ടിരിക്കുന്ന
കുഴപ്പക്കാര്‍ക്കും
മുന്‍പില്‍
ഞാനുറങ്ങാതെയിരിക്കുകയാണ്

ഒരു തുടര്‍ക്കഥയുടെ
വരുംലക്കത്തിലേക്ക്
കണ്ണൂം നട്ടിരിക്കുന്നതുപോലെ
ആകാംക്ഷ അവിരാമം
പിന്തുടരുകയാണ്.

അപ്രതീക്ഷിതമായി വീണ്ടുമാ വാചകം
മുന്നില്‍ തെളിയുന്നു.
*’Map is not the territory’

ലെബ്രോന്‍ ജെയിംസ് പ്രശസ്ത അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരം
സ്റ്റെഫ് കറി പ്രശസ്ത അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരം
ഷാര്‍ക് ടാങ്ക് പുത്തന്‍ വ്യവസായ സംരഭകര്‍ക്കുള്ള ഒരു അമേരിക്കന്‍ റിയാലിറ്റി ഷോ
ആല്‍ഫ്രഡ് കൊസിബ്‌സ്‌കി യുടെ പ്രശസ്തമായ വാചകം

Spread the love

Leave a Reply